Sunday, June 30, 2013

നക്ഷത്രങ്ങളില്‍ ഒളിച്ച അപ്പൂപ്പന്‍..

സന്ധ്യ സമയങ്ങളില്‍ ആകാശത്തേക്ക് നോക്കിയിരിക്കുന്നത് അന്നും ഇന്നും എനിക്ക് രസകരമായ ഒരനുഭൂതിയാണ് .പ്രണയ കഥകളിലെ നവ്യാനുഭൂതി നല്കുന്ന നീലാകാശത്തെക്കള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് കവികള്‍ വര്ണിക്കാറുള്ള ആകാശത്തിന്റെ "നിശീഥിനി " എന്നാ ഭാവത്തെയാണ്. നക്ഷത്രങ്ങള്‍ തിങ്ങി നിറഞ്ഞ രാത്രികള്‍ ഞാന്‍ ഇഷ്ടപ്പെടുവാന്‍ കാരണമുണ്ട്..
എങ്ങിനെയാണ് ഞാന്‍ ഉണ്ടായത് എന്ന് ചെറുപ്പത്തില്‍ ചോദിക്കുമ്പോള്‍ അമ്മയും അമ്മൂമ്മയും പറയുമായിരുന്നു ആകാശത്തില്‍ നിന്ന് നിന്നെ നൂലില്‍ കെട്ടിയിറ ക്കിയതാണത്രെയെന്ന് . പിന്നീട് മരണത്തിന്‍റെ തീരങ്ങള്‍ തേടിപ്പോയ പൂര്‍വ്വികരെക്കുറിച്ചു പറയുമ്പോഴും കൈകള്‍ നീണ്ടത് നക്ഷത്രങ്ങളുടെ നേര്‍ക്കായിരുന്നു.

ജനിക്കാനിരിക്കുന്നവരും മരിച്ചു കഴിഞ്ഞവരും നക്ഷത്രങ്ങളായി നിറയുന്ന താരാപഥം.....

ടൗണില്‍ ജോലി ചെയ്യുമ്പോള്‍ സുഹൃത്തിന്‍റെ അപ്പൂപ്പനെ സന്ദര്‍ശിക്കുകയെന്നത് എന്റെ ഒരു വിനോദമായിരുന്നു.അദ്ദേഹം സമീപത്തെ ഒരു കോളേജില്‍ നിന്നും റിട്ടയറായ ലൈബ്രെറിയനാണ്. മുറിക്കുള്ളിലെ അലമാരകളില്‍ അടുക്കി വച്ചിരിക്കുന്ന പുസ്തക ശേഖരത്തില്‍ നിന്ന് നക്ഷത്രങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്ന തടിച്ച ബുക്ക് തുറന്നു എന്നോട് സംസാരിക്കുമ്പോള്‍ നരച്ച പുരികങ്ങള്‍ക്ക് താഴെ വിടര്‍ന്നു വരുന്ന ആ മിഴികള്‍ കാണുവാന്‍ മനോഹരമായിരുന്നു..
ഭൂമിയിലെ ഓരോ ജന്മങ്ങള്‍ക്കും സമാനമായി അങ്ങകലെ നക്ഷത്രങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനചലനങ്ങലെക്കുറിച്ചു അദ്ധേഹം വാചാലനാകുമ്പോള്‍ എന്‍റെ ചിന്തകളത്രയും എനിക്ക് അവകാശപ്പെട്ട നക്ഷ്ത്രത്തിന്റെ തല്‍സമയ അവസ്ഥയെക്കുറിച്ചാണ്.
പിന്നീടു അവിടെ നിന്നും പോരുമ്പോള്‍ എന്‍റെ കൈകളില്‍ എല്‍പിക്കുന്ന ഓരോ പുസ്തകങ്ങളും , അത് വായിക്കുന്നതിനെക്കാളേറെ തിരിച്ചുകൊടുക്കുവാന്‍ ഞാന്‍ അവിടെ എത്തുമെന്നുള്ള പ്രതീക്ഷകളായിരുന്നു അയാളെ സന്തോഷിപ്പിച്ചത്‌.
എന്നോടൊത്തു ചിലവിട്ട നിമിഷങ്ങളില്‍ ഞാനറിയാതെ ശേഖരിച്ചെടുത്ത വിവരങ്ങള്‍ വച്ചു അദ്ദേഹം എഴുതികൂട്ടിയ ജാതകം ഏല്‍പ്പിക്കുമ്പോള്‍ പുരോഗമന ചിന്തയില്‍ മാത്രം താല്പര്യമുള്ള ഞാന്‍ അപ്പൂപ്പന്റെ ഓര്‍മ്മക്കായി അതെന്‍റെ പുസ്തകകൂട്ടങ്ങളില്‍ ഒളിപ്പിച്ചുവച്ചു.

കുറച്ചുനാളുകള്‍ക്ക്‌ ശേഷം അദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് സുഹൃത്തിന്റെ ഫോണ്‍ വന്നിരുന്നു. മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞു ഞങ്ങള്‍ രണ്ടുപേരും ആ മുറികളിലെ പുസ്തകങ്ങള്‍ എല്ലാം അടുക്കി വൃത്ത്തിയാക്കുമ്പോളായിരുന്നു ഒരു ചെറിയ കുറിപ്പട ലഭിച്ചത്.താന്‍ മരിക്കെണ്ടുന്ന സമയവും അതിനു ശേഷം ചെയ്യേണ്ടുന്ന കുറച്ചു നേര്‍ച്ചകളുടെ വിവരണവുമായിരുന്നുവത്..
ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതിനുശേഷം ഡോക്ടറുടെ കഴിവുകൊണ്ട് ഐ,സി,യുവില്‍ കിടന്ന കുറച്ചു മണിക്കൂറുകള്‍ കിഴിച്ചാല്‍ ആ കുറിപ്പടയില്‍ പറഞ്ഞിരുന്നത് സത്യമായിരുന്നുവെന്നത് എനിക്ക് ഇന്നും വിശ്വസിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്..
ഇന്നും രാത്രികളില്‍ ഞാന്‍ മാനത്ത് നോക്കാറുണ്ട്. പുസ്തക താളില്‍ കുറിപ്പട ഒളിപ്പിച്ച അപ്പൂപ്പന്‍ നക്ഷത്രകൂട്ടങ്ങളില്‍ എവിടെയോ ഒളിച്ചിരിപ്പുണ്ട്...എന്റെ അനുവാദം ചോദിക്കാതെ അപ്പൂപ്പന്‍ എഴുതിതയവയെല്ലാം സംഭവിച്ചുകൊണ്ടേയിരിക്കുന്നുവെന്നു വിളിച്ചുപറയുവാന്‍.......

ക്ലാസ്സ്മേറ്റ്സ്
കാവിയുടുത്ത്‌  ദീക്ഷ നീട്ടിവളര്‍ത്തി അയാള്‍ വാതില്‍ കടന്നു അകത്തേക്ക് പ്രവേശിച്ചപ്പോള്‍ ഞാന്‍ മാത്രമല്ല ക്ലാസ്സില്‍ ഇരുന്ന മറ്റു പലരും ആ അപരിചിതനെ തുറിച്ചു നോക്കി . ഒറ്റ കൊളുത്തില്‍ തൂങ്ങി നിന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ നേര്‍ത്ത വെളിച്ചത്തില്‍ അയാളുടെ മുഖത്തെ ദയനീയ ഭാവം വ്യക്തമായിരുന്നു.
പത്താം തരത്തിലെ പഠനം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം എല്ലാവരും ഒരു കൂട്ടയ്മയെക്കുറിച്ചു ചിന്തിച്ചതിനു പിന്നില്‍ ക്ലാസ്സ്മേറ്റ്സ് എന്ന ഹിറ്റ്‌  സിനിമയുടെ പ്രേരണയായിരുന്നു .
ബോര്‍ഡു പരീഷക്ക് തൊട്ടുമുന്നേയായിരുന്നു അപ്പനും അമ്മയും സ്കൂളില്‍ നിന്ന് അവനെ കൂട്ടികൊണ്ട് പോയത്. മന്ത്രവാദമെന്ന ദുരാചാരങ്ങളില്‍ ഉറച്ചു വിശ്വസിച്ച് ജീവിതം ഹോമിച്ചിരുന്ന ആ കുടുംബത്തിനു നഷ്ടപ്പെട്ടത് പഠിത്തത്തിലും കലാ രംഗങ്ങളിലും ഉയര്ന്നുവരേണ്ടിയിരുന്ന നല്ലയൊരു മകനെയായിരുന്നു..
കല്യാണം കഴിഞ്ഞോയെന്ന എന്‍റെ ചോദ്യത്തിന് നിഷെധാത്മകമായി അയാള്‍ ശിരസ്സ്‌ ചലിപ്പിച്ചപ്പോള്‍ കാവി വസ്ത്രത്തിനും നീട്ടിയ ദീക്ഷക്കും ഇടയില്‍ സന്യാസ ജീവിതത്തെ  ഒളിപ്പിച്ച ആ സത്വികനേ ഞാന്‍ ഒരുവേള ആദരിച്ചു.
കൂട്ടായ്മ കഴിഞ്ഞു പണി തീരാത്ത വീടിനെക്കുറിച്ചു അയാള്‍ വാചാലനായപ്പോള്‍ പഴയ ആ സഹപാഠിയുടെ കാല്‍പാടുകളെ ഞാനും അനുഗമിച്ചു...പണി തീരാത്ത വീട് ഒരു നോക്ക് കാണുവാന്‍..
അടര്‍ന്നു വീണ ഇഷ്ടിക കഷണങ്ങള്‍ക്ക് മുകളിലൂടെ ഒരു കോണിലുള്ള പടുതയിട്ടു മറച്ച ഒറ്റമുറിയെ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു..മൂലകല്ല് ഇളകിയ അടിത്തറയില്‍ നിന്നും മേല്‍ക്കൂരയിലെക്കുള്ള യാത്ര ആ കാവിയുടുത്ത സാത്വികന് നിറവേറനാവാത്ത ഒരു സ്വപ്നം മാത്രമാണെന്ന് ഞാനറിഞ്ഞു..
അയാള്‍ നല്‍കിയ ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ കീശയില്‍ തിരികി ഞാന്‍ തിരികെ നടക്കുമ്പോള്‍ പടുതക്ക് താഴെ ഒറ്റമുറിയില്‍ അങ്ങിങ്ങായി ചിതറി കിടന്ന ടിവിയും,ഫ്രിഡ്ജും, ഡിവിഡി പ്ലെയറും എന്നെ തെല്ലൊന്നു ആശ്ചര്യപ്പെടുത്താതിരുന്നില്ല..
അല്പം ദൂരെയായി കണ്ട പെട്ടികടയില്‍ കയറി ഒരു ഗ്ലാസ്‌ നാരങ്ങവെള്ളം കുടിക്കുമ്പോള്‍ തോളില്‍ കിടന്ന തുവര്‍ത്തുകൊണ്ട് മേശമേല്‍ വീണ വെള്ളം തുടച്ച് കടക്കാരന്‍ എന്നോട് ചോദിച്ചു.....സാറ് ഇവിടെ ആദ്യമായിട്ടാണല്ലേ. സുഹൃത്തു തന്ന ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ കളയാതെ കീശയിലുണ്ടല്ലോ അല്ലെ..?
വെള്ളം കുടിച്ച ഗ്ലാസ്‌ താഴെ വച്ചുകൊണ്ട് ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു....ചേട്ടന് എങ്ങിനെ മനസ്സിലായി..
അദ്ദേഹം ചിരിച്ചു കൊണ്ട് തുടര്‍ന്നു.....ഓ..അതിപ്പം എന്നാ മനസ്സിലാക്കാനാ. അഞ്ചു വര്‍ഷമായി ഞാന്‍ സ്ഥിരം കാണുന്നതല്ലയോ.. വിദേശത്തുള്ള ആര് വന്നാലും കൂട്ടികൊണ്ടുവന്നു പൊളിച്ചിട്ട ആ വീട് കാണിച്ചു കാശ് മേടിക്കും..വൈകുന്നേരം കള്ള് കുടിച്ചു കഞ്ചാവും വലിച്ചു ഈ കടയുടെ മുന്നിലൂടെയല്ലേ പോകുന്നത്....വീട് പണിയാന്‍ ബാങ്കില്‍ നിന്നും ലോണെടുത്ത കാശിനാണ് ടിവിയും ഫ്രിഡ്ജും വാങ്ങി വച്ചിരിക്കുന്നത്....കഞ്ചാവ് വലിച്ച ലഹരിയില്‍ ഒരു പത്തുവയസ്സുകാരിയെ തോണ്ടിയത്തിനു അയാള്‍ പോലിസ് സ്റെഷനിലായിരുന്നു..കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്..
ക്ലാസ്സ്മേറ്റ്സ്  എന്ന ഹിറ്റ്‌ സിനിമയുടെ ക്ലൈമാക്സ് സീനില്‍ ഇങ്ങനെയൊരു രംഗം ഇല്ലല്ലോയെന്നു മനസ്സില്‍ ചിന്തിച്ചു അവിടെ നിന്നും ഞാന്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ , ആ വ്യാജ സാത്വികന്‍ എന്‍റെ ഓട്ടത്തിന്റെ അര്‍ത്ഥം പിടികിട്ടാതെ പടുത്ത വിരിച്ച ഒറ്റമുറിയുടെ വാതില്‍ക്കല്‍ വിദൂരതയിലേക്ക് നോക്കി നില്പുണ്ടായിരുന്നു...

Tuesday, June 25, 2013

തെമ്മാടിക്കുഴിയിലെ സുവിശേഷങ്ങള്‍ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു അമ്മയുടെ കുഴിമാടത്തില്‍ ചെന്ന് അതാതു ആഴ്ചകളിലെ സംഭവവികാസങ്ങള്‍ അപ് ഡേറ്റ് ചെയ്യാറുണ്ട് . സിമന്റു കുഴിക്കുള്ളില്‍ മാര്‍ബിള്‍ പുതച്ചുകിടക്കുന്ന അമ്മക്ക് കേള്‍ക്കുവാന്‍ ഞാന്‍ പഴയതുപോലെ വിളിച്ചുകൂവേണ്ടതില്ല..ഒന്ന് ചുണ്ടനക്കിയാല്‍ മതി .പുള്ളിക്കാരിക്ക് കാര്യം മനസ്സിലാവും. ഭൌതിക ശാസ്ത്രം പറയുന്നതുപോലെ ശബ്ദ വികിരണങ്ങള്‍ വളഞ്ഞുപുളഞ്ഞു മാര്‍ബിളിനിടയില്‍ക്കൂടി കടന്നു കുഴിമാടത്തിന്റെ അടിത്തട്ടില്‍ എത്തുന്നുണ്ടാവാം.
കല്ലറക്കുമുകളില്‍ ചിതറിക്കിടന്ന പഴയ പൂക്കളൊക്കെ തുടച്ചുമാറ്റിയിട്ടു പുത്തിയതായി കൊണ്ടുവന്ന റോസയും സൂര്യകാന്തിയും മഞ്ഞകോളാമ്പി പൂവും ഞാന്‍ നിരത്തിവച്ചു.എന്നും ചെയ്യാറുള്ളതുപോലെ മൂന്നു റോസാപൂക്കള്‍ മൂന്നു ദിക്കിലേക്ക് ദര്‍ശനം കിട്ടുന്നമാതിരി ഒന്നായി ചേര്‍ത്തുവച്ചു ഏകദേശം ഹൃദയ ഭാഗത്തായിത്തന്നെ.
കൊച്ചുവര്ത്തമാനങ്ങളൊക്കെ കഴിഞ്ഞു ഞാന്‍ ചുറ്റിനും കണ്ണോടിച്ചു..പുതിയ അയല്‍ക്കാര്‍ ആരെങ്കിലും വന്നിട്ടുണ്ടോയെന്നറിയാന്‍..ഉണ്ടെങ്കില്‍ തീര്‍ച്ചയായും കത്തിത്തീര്‍ന്ന മെഴുകുതിരിയുടെ അവശിഷ്ടങ്ങളും മുകുളങ്ങള്‍ പൊട്ടിവിടര്‍ന്ന പുതിയ പൂക്കളും പിന്നെ കൂട്ടംകൂടി നിന്ന് കരഞ്ഞുതീര്ത്ത കുറെ കാല്പാടുകളും അവശേഷിച്ചിരിക്കും...

പണ്ട് അമ്മയെ കാണാന്‍ ആദ്യം കുഴിമാടത്തില്‍ വന്നപ്പോള്‍ പുള്ളിക്കാരി പറഞ്ഞതോര്‍മ്മയുണ്ട്‌....എന്നെ നിങ്ങളോക്കെകൂടി ഈ കുഴിയില്‍ അടിച്ചിട്ട് പോയ ആദ്യത്തെ രാത്രിയില്‍ ഒന്നു മയങ്ങാന്‍ ഞാന്‍ കുറെ കഷ്ടപ്പെട്ടു.ജീവിതത്തില്‍ നിന്നും മരണമെന്ന നിത്യതയിലേക്ക് ദ്രുതഗതിയിലുള്ള ചുവടുമാറ്റമല്ലേ..ഒന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ കുറച്ചു സമയമെടുത്തത്രേ.ഗര്‍ഭപാത്രത്തില്‍ നിന്നും ആദ്യമായി വെളിച്ചത്തേക്കും പിന്നെ സ്വന്തം വീട്ടില്‍ നിന്നു ഭര്‍ത്താവിന്റെ വീട്ടിലേക്കു മുറിച്ചുമാറ്റപ്പെട്ടപ്പോഴും ഇതേപോലെ അഡ്ജസ്റ്റ് ചെയ്യുവാന്‍ കുറച്ചു സമയമെടുത്തിരുന്നു.അപ്പോളും എനിക്ക് ആശ്വാസമായിരുന്നത് നിങ്ങള്‍ ഈ കുഴിമാടത്തിനു ചുറ്റും അവശേഷിപ്പിച്ചുപോയ കാല്‍പാടുകളായിരുന്നു.പിന്നീടു നിങ്ങളുടെ വരവിന്റെ ദൈര്‍ഘ്യം കുറയുന്തോറും കാല്‍പാടുകള്‍ മാഞ്ഞുതുടങ്ങുകയും എന്റെ ഏകാന്തതയുടെ ദൈര്‍ഘ്യം കൂടിക്കൊണ്ടുമിരുന്നു....
ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത കുഴിമാടങ്ങളില്‍ നിന്ന് ചെറിയ ശബ്ദങ്ങളെനിക്കു കേള്‍ക്കാം.അയല്‍വാസികളാണ്. പുതിയ വിശേഷങ്ങള്‍ അറിയാന്‍ അവര്‍ക്കും ആഗ്രഹങ്ങളുണ്ടാകുമല്ലോ. അമ്മയുടെ തൊട്ടടുത്ത്‌ കിടക്കുന്നത് ഏതോ ഒരു ചാക്കോ അബ്രഹാമാണ്.മക്കളെല്ലാം വിദേശങ്ങളിലായതുകൊണ്ടാകാം പുള്ളിക്കാരന്റെ മാര്‍ബിള്‍ പുതപ്പ് അവിടെ ചെളിയും പൂപ്പലും പിടിച്ചു ആകെ വൃത്തിഹീനമാണ്.അദേഹത്തിന്റെ ജീവിതത്തിന്റെ അവസാന കാലങ്ങളും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് അങ്ങിനെ തന്നെ ആയിരുന്നത്രെ.

തെക്കുവശത്ത് കുറച്ചു മാറിയാണ് തെമ്മാടിക്കുഴി,ഏതോ പുതിയ താമസക്കാര് അവിടെ എത്തിയുണ്ട്. പള്ളിപ്രമാണത്തിനു എതിരേനടന്ന തെമ്മാടികളും ആത്മഹത്യ ചെയ്ത ഭീരുക്കളുമാണ് അവിടെ തങ്ങാറ്.
അമ്മയോട് പറഞ്ഞിട്ട് ആ പുതുമുഖത്തെ പരിചയപ്പെടാന്‍ ഞാന്‍ തിങ്ങി നിറഞ്ഞ മാര്‍ബിള്‍ തട്ടുകള്‍ടയിലൂടെ മറിഞ്ഞു വീഴാതെ തെക്കോട്ട്‌ നടന്നു. മാര്‍ബിളിനു മുകളിലൂടെ നടക്കാന്‍ പാടില്ലാഞ്ഞിട്ടല്ല ....താഴെ വിശ്രമിന്നവര്‍ മുകളിലേക്ക് ദര്‍ശനമായി കിടക്കുമ്പോള്‍ അതിനു മുകളിലൂടെ നടക്കുന്നത്തിനുള്ള ഔചിത്യമില്ലായ്മകൊണ്ടാണ്...
ഇളകിക്കിടന്ന പച്ചമണ്ണിനുമുകളില്‍ ഒരു റോസാപ്പൂ ഒഴികെ മറ്റൊന്നും ഞാന്‍ കണ്ടില്ല..സാധാരണ പുതിയ താമസക്കാര്‍ വരുമ്പോള്‍ പച്ചമണ്ണ് കാണുവാന്‍ കഴിയാത്തവിധം പൂക്കളും അലങ്കാരങ്ങളുംകൊണ്ട്‌ മൂടിയിട്ടുണ്ടാവും. ഒരു ദളം മാത്രം അടര്‍ന്നു വീണ ആ റോസാപുഷ്പത്തെ ഞാന്‍ തുറിച്ചു നോക്കുമ്പോള്‍ സെമിത്തേരിയുടെ ചുറ്റ്മതിനുവെളിയില്‍ വൈകുന്നേരത്തെ കുര്ബാനക്കുള്ള മണി മുഴങ്ങുന്നുണ്ടായിരുന്നു. അല്‍പസമയത്തിനുള്ളില്‍ തന്നെ റോസ ദളം ചെറുതായിഅനങ്ങുന്നതും മേല്‍മണ്ണ് അല്‍പാല്‍പമായി മാറി കുഴിമാടത്തിനുള്ളില്‍ നിന്നും പെട്ടിയുടെ മൂടി തുറന്നു അമ്പതിനോടടുത്ത് പ്രായം വരുന്ന ആ സ്ത്രീ എന്നെ നോക്കി ചിരിക്കുന്നത് , കഞ്ചാവിന്റെ ലഹരിയിലമര്‍ന്ന ചെറുപ്പക്കാരന്റെ മായിക ഭ്രംസം എന്നപോലെ ഞാനറിയുന്നുണ്ടായിരുന്നു...

അവര്‍ക്ക് എന്നോട് പറയാനുള്ളതെന്തെന്നു ഞാന്‍ കാതോര്ത്തു......
ഞാന്‍ റോസിലി,പേരുകേട്ട തറവാട്ടിലെ ഏകമകള്‍..സമ്പത്തിന്റെ മടിത്തട്ടില്‍ നിന്നും ഒരുനാള്‍ ഞാന്‍ ഇറങ്ങിനടന്നു...ഉണ്മയുടെ ജീവിതം തേടി,കല്ലും മുള്ളും നിറഞ്ഞ പാതകള്‍ താണ്ടി..സുഖ ശീതിളമയില്‍ ജീവിച്ചതല്ല യഥാര്‍ത്ഥ ജീവിതമെന്ന ഉള്‍വിളിയില്‍ നിന്നുമുള്ള ഒരു യാത്ര..പച്ചയായ ജീവിതം തേടി..കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ഥ രാജകുമാരനെപ്പോലെ.

ഭൌതിക സുഖങ്ങള്‍ വെടിഞ്ഞു ജീവിതത്തിന്റെ യാഥാര്‍ഥ്യം ഞാന്‍ തേടിയത്‌ സന്യാസത്തിന്റെ പാതയിലായിരുന്നു.ശരീരവും ശിരസ്സും ശിരോവസ്ത്രങ്ങളില്‍ ഒളിപ്പിച്ച്‌ ഞാന്‍ പാലും തേനും ഒഴുകുന്ന കാനാദേശത്തിനു വേണ്ടി മുട്ടിന്‍മേല്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ മനസ്സു അത്രയും പുറത്ത് ഒരു നേരം ഭഷണമില്ലാതെ അലയുന്ന യാചകര്‍ക്കൊപ്പമായിരുന്നു.പ്രാര്‍ത്ഥനാ ശീലുകള്‍ക്കപ്പുറത്തുനിന്നും ഇരുട്ടിന്റെ മറവില്‍ ശീല്‍ക്കാര ശബ്ദങ്ങള്‍ ഉയര്ന്നുതുടങ്ങുമ്പോള്‍ കഴുത്തില്‍ തൂങ്ങിയ കൊന്തയിലെ കുരിശില്‍നിന്നും രക്തകണങ്ങള്‍ ഇറ്റ് വീണുകൊണ്ടിരുന്നു..
ഭാണ്ടാരകുറ്റികളില്‍ കുമിഞ്ഞുകൂടിയ സ്വര്‍ണനാണയത്തുട്ടുകള്‍ക്ക് പുറത്ത് ആരാധനാലയങ്ങള്‍ ദൈവത്തെക്കാള്‍ വലുതായി പുതുക്കി പണിയുമ്പോള്‍ ദൈവം നിശബ്ദനായി യാചകര്‍ക്കൊപ്പം ഇറങ്ങിപ്പോയിരുന്നു.
ശിരോവസ്ത്രം ഊരിയെറിഞ്ഞു ഞാന്‍ നടകളിറങ്ങുമ്പോള്‍ ഉണ്മതേടിയുള്ള യാത്രയുടെ രണ്ടാം ഘട്ടമായിരുന്നു...
ലൌകിക ജീവിതത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍ മണവാട്ടിയുടെ വേഷമണിഞ്ഞത്..രാത്രികളില്‍ ഉയര്‍ന്നുപൊങ്ങുന്ന താളലീലകള്ക്കു ശേഷം അയാള്‍ ഇരുട്ടിനോട്‌ ചെര്ന്നലിയുമ്പോള്‍ ഞാന്‍ ഏകയായി കണ്ണുകളടച്ചു കിടക്കുമായിരുന്നു.തുടച്ചുമാറ്റിയ വിയര്‍പ്പുകണങ്ങള്‍ക്കൊപ്പം വികാരത്തിന്‍റെ വേലിയേറ്റം ഒലിച്ചുപോകുമ്പോള്‍ എനിക്ക് നഷ്ടമായത് എന്റെ സ്വത്വത്തെയാണ്‌....

അവിടെ നിന്നും അഭിസാരികയിലെക്കുള്ള ദൂരം അതി വിദൂരത്തായിരുന്നില്ല. അടച്ചിട്ട ചുമരുകള്‍ക്കുള്ളില്‍ മാറിമാറി ശ്വസിച്ച വിയര്‍പ്പു ഗന്ധങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് പണക്കാരന്റെയും പാവപ്പെട്ടവന്റെയും കറുത്തവന്റെയും വെളുത്ത്തവന്റെയും തോട്ടിയുടെയും മന്ത്രികുമാരന്മാരുടെയും തോല്‍വിയുടെ കഥകളായിരുന്നു.
ഒരു തലോടലില്‍ സായുജ്യമടഞ്ഞവര്‍, ദര്‍ശന സുഖത്തില്‍ സ്വര്‍ഗ്ഗരാജ്യം ലഭിച്ചവര്‍, പിന്നെ മൃഗത്തിന്‍റെ കാടത്തത്തില്‍ ആനന്ദലബ്ധി നിറവേറ്റിയവര്‍ ...
അങ്ങനെ ഉണ്മയെ തേടിയലഞ്ഞ എനിക്ക് തുറക്കുവാന്‍ അവസാനമായി ഒരു കവാടം കൂടി അവശേഷിച്ചിരുന്നു .ജീവിതം സ്വയം ഹോമിച്ചു ഞാന്‍ ആ വാതിലും തുറന്നെത്തി നില്‍ക്കുകയാണ് ഈ തെമ്മാടിക്കുഴിയില്‍.......
ഉറക്കെയുള്ള ശബ്ദം കേട്ടുകൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ശിരോ വസ്ത്രം ധരിച്ച തപസ്വിനികളും സമൂഹത്തിലെ ഉന്നതരായ പള്ളി പ്രമാണികളും വൈകുന്നേര കുര്‍ബാന കഴിഞ്ഞു നടന്നകലുന്നു.
പറുദീസയുടെ അവകാശികളെന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍...
അമ്മയോട് യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ എന്‍റെ ചെവിയില്‍ മുഴങ്ങിയിതത്രയും തെമ്മടിക്കുഴിയിലെ സുവിശേഷങ്ങള്‍ ആയിരുന്നു...