Sunday, September 29, 2013

മോളിക്കുട്ടിയും എട്ടാം ക്ലാസ്സുകാരനും....

രാവിലെ കട്ടന്‍ ചായ നിറച്ച ഗ്ലാസ്സുമായി വീടിന്റെ മുന്‍ വശത്തുള്ള
ഭിത്തിയില്‍ ചാരി നില്‍ക്കുമ്പോള്‍ അടുത്ത വീട്ടിലെ മുറ്റമടിച്ചുകൊണ്ടിരിക്കുന്ന മോളികുട്ടി എന്നോട് വിളിച്ചുചോദിക്കാറുണ്ട് ,ആ കസേരയില്‍ ഇരുന്നു
ചായ കുടിച്ചാലെന്താണെന്ന് ?...ആ ചോദ്യത്തിന് രണ്ടു അര്‍ത്ഥതലങ്ങളുള്ളതായി
പലപ്പോഴുംഎനിക്ക് തോന്നിയിട്ടുണ്ട്...
ഒന്നുകില്‍ കസേരയില്‍ “ ഇരുന്നു” ചായ കുടിക്കുമ്പോള്‍ കുനിഞ്ഞു നിന്ന്
മുറ്റം അടിക്കുന്ന അവരുടെ ശരീര വടിവുകള്‍ , ഇടം കണ്ണിട്ടു നോക്കുന്ന എന്റെ
ആസ്വാദന കലയെ അരയോളം ഉയര്‍ന്നു നില്‍ക്കുന്ന മുറ്റത്തെ മതിലുകൊണ്ട് മറക്കുക
എന്നതാവാം , അല്ലെങ്കില്‍ എഴുത്ത് വശമില്ലാത്ത അവര്‍ക്കുവേണ്ടി വല്ലപ്പോഴും
പഞ്ചയാത്തിലേയോ വില്ലേജു ആപ്പീസിലേയോ ആവശ്യത്തിനായി ഞാന്‍ പൂരിപ്പിച്ചു കൊടുക്കുന്ന അപേക്ഷ ഫാറങ്ങളുടെ കടപ്പാടുകൊണ്ടുമാവാം...

കയ്യില്‍ ചായ ഗ്ലാസ്സുമായി ഞാന്‍ നോക്കി നില്‍ക്കാറുള്ളത് മോളികുട്ടിയുടെ എട്ടാം
ക്ലാസ്സില്‍ പഠിക്കുന്ന മകനെ നോക്കിയാണ്.ആ വാര്‍ഡിലെ എല്ലാ വീടുകളിലും രാവിലെ തന്നെ പത്രം എത്തിച്ചു തിരികെ സ്കൂളില്‍ പോകുന്ന ഒരു നിഷ്കളങ്കന്‍....

രാവിലെ കൂലി പണിക്ക് പോകാറുള്ള സ്ത്രീകളെല്ലാം ഒത്തു കൂടുന്ന ബസ്
സ്റ്റോപ്പിനടുത്തുള്ള പീടിക തിണ്ണയില്‍ മോളികുട്ടിയെ പോലുള്ള അനേകം പേരുണ്ട്.
ഭര്ത്താ്വിന്റെ കള്ളുകുടിയോ,പണി സ്ഥലങ്ങളിലെ മുതലാളിമാരുടെ എല്ലു തുളയുന്ന
നോട്ടത്തെക്കുറിച്ചോ അല്ലെങ്കില്‍ തലേ ദിവസം കണ്ട സീരിയലിനെക്കുറിച്ചോ ആവാം ബസ് വരുന്ന സമയം വരെ അവര്‍ ഗഹനമായി ചര്‍ച്ച ചെയ്യുന്നത്......

അതുവഴി നടന്നു പോകുന്ന മധ്യവസ്കരും അടുത്ത കടകളിലിരുന്ന് കുശലം പറയുന്ന
ചെറുപ്പക്കാരും കൂലിപണിക്കാരായ ഈ സ്ത്രീ സമൂഹത്തെ മനസ്സില്‍
കാമാര്ത്തിയോടെയും പുറമേ പുച്ചത്തോടെയും നോക്കാറുണ്ട്. നേരം പോക്കിന് അവര്‍ പറയുന്ന സാങ്കല്പിക നിശാകഥകളിലെ നായികമാരില്‍ കൂടുതലും ഇവരൊക്കെ തന്നെയുമായിരുന്നു..

തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന മോളിക്കുട്ടിയുടെ മുറ്റത്തെ അയകളില്‍
ദിവസവും അലക്കി ഉണങ്ങാനിടുന്ന തുണികള്‍ എല്ലാം തന്നെ വില കൂടിയവയും പല
നിറത്തിലും ഡിസൈനുകളുള്ളവയും ആയിരുന്നു. അത് തന്നെയാണ് സാധാരണക്കാരായ അയല്‍ വാസികളില്‍ അതിശയമുണര്ത്തിയതും നിശാസഞ്ചാരിണിയെന്ന ദുഷ്പേര് അവര്‍ക്ക് സമ്മാനിച്ചതും.......

ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളിയില്‍ വരുന്ന മോളിക്കുട്ടിയുടെ സമീപത്തായി വിശുദ്ധരെന്നു നാട്ടുകാരെ വിശ്വസിപ്പിക്കുന്ന ഇടവക പ്രമാണിമാരുടെ ഭാര്യമാരാരും തന്നെ ഇരിക്കാറില്ലായിരുന്നു.അള്‍ത്താരയുടെ ഇടതു വശത്തുള്ള രൂപക്കൂടിനു മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥീക്കുമ്പോള്‍ മോളിക്കുട്ടിയുടെ അടിപ്പാവാടയുടെ തൊങ്ങലു കണ്ട് മദോന്മത്തരാവുന്ന ഇടവക വിശ്വാസികള്‍കള്‍ക്കും പകല്‍ വെളിച്ചത്തില്‍ അവള്‍ ഒരു തീണ്ടാപ്പാട് അകലെതന്നെയായിരുന്നു......

മാര്‍ക്ക് ലിസ്റ്റു അറ്റസ്റ്റു ചെയ്യുവാനായി അല്പം അകലെയുള്ള
സര്‍ക്കാര്‍ ആശൂപത്രിയുടെ പടിക്കല്‍ ഒരിക്കല്‍ എനിക്ക് പോകേണ്ടതായി വന്നിരുന്നു. സര്‍ട്ടിഫിക്കറ്റു കോപ്പി സ്റ്റാമ്പ് ചെയ്യുന്നതിനായി വാര്‍ഡിന്റെ വരാന്തയിലൂടെ അട്മിനിസ്ട്രെറ്റീവ് ഓഫീസിലേക്ക് പോകുന്ന വഴിയാണ് , അകത്തെ മുറിക്കുള്ളില്‍ നിര്‍ദ്ധനരായ രോഗികളോട് രോഗ വിവരങ്ങള്‍ അന്വേഷിച്ച് കുശലം പറഞ്ഞ് തന്റെ ബാഗില്‍ നിന്നും അലക്കി ഉണങ്ങിയ തുണികള്‍ ഓരോരുത്തര്‍ക്കായി വിതരണം ചെയ്യുന്ന മോളിക്കുട്ടിയേയും എട്ടാംക്ലാസ്സുകാരനായ തന്‍റെ മകനെയും കണ്ടത്.....

ബന്ധുക്കളുപെക്ഷിച്ച് ആശുപത്രി വരാന്തയില്‍ കിടന്നിരുന്ന വൃദ്ധക്ക്‌ തന്റെ കയ്യിലിരുന്ന പൊതിച്ചോറില്‍ നിന്നും ഒരു പിടി ചോറ് ഉരുട്ടി വായില്‍ വച്ചു കൊടുക്കുന്ന ആ എട്ടാംക്ലാസ്സുകാരന്റെ മനസ്സു നിറഞ്ഞ പ്രവൃത്തിയുടെ മുന്നില്‍ എന്‍റെ കയ്യിലിരുന്ന ഡിഗ്രി സര്ട്ടിഫിക്കറ്റിന് അവന്‍ ദിവസവും മുറ്റത്തെക്കെറിയുന്ന പത്രക്കടലാസിനോളംപോലും വിലയില്ലാത്തതായി എനിക്ക് തോന്നി.....

പണിക്കു പോകുന്ന വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഒന്നോ രണ്ടോ തവണ ഇട്ടു പഴകിയ വസ്ത്രങ്ങള്‍ കഴുകി മുറ്റത്തെ അയകളില്‍ ഉണക്കാനിടുന്നത് അനാഥരായ രോഗികള്‍ക്ക് വിതരണം ചെയ്യുവാന്‍ വേണ്ടിയായിരുന്നെന്ന് അപ്പോഴാണ്‌ ഞാന്‍ അറിഞ്ഞിരുന്നത്..
നേരമ്പോക്കിനുവേണ്ടി സാങ്കല്‍പിക കഥകള്‍ മെനഞ്ഞുണ്ടാക്കുമ്പോള്‍ സമൂഹത്തില്‍ ഇതേപോലെ ഒറ്റപ്പെടുന്നതും വാക്കുകളെക്കാള്‍ പ്രവൃത്തികളില്‍ നന്മ നിറക്കുന്ന എത്രെയോ സ്ത്രീകലുണ്ടാവുമെന്ന് ചിന്തിച്ചുകൊണ്ടാണ് ഞാന്‍ ആശൂപത്രിയുടെ പടവുകള്‍ ഇറങ്ങിയത്.

പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ രാവിലെ ചായ കുടിച്ചിരുന്നത്‌ ഇറയത്ത്‌ ഇട്ടിരുന്ന കസേരയില്‍ ഇരുന്നു കൊണ്ട് മാത്രമായിരുന്നു..പത്രവുമായി വരുന്ന ആ എട്ടാം ക്ലാസ്സുകാരനെ കാണുമ്പോള്‍ അറിയാതെ ഞാന്‍ എണീറ്റ്‌ നില്ക്കുവാന്‍ തുടങ്ങിയതും മനസ്സില്‍ എവിടെയോ ഉറവയെടുത്ത ബഹുമാനം കൊണ്ടുമാത്രമാവണം........

Monday, September 23, 2013

ഒരു കൌമാരക്കാരന്റെ ബസ് യാത്ര..

ഭാര്യയും കുട്ടിയുമായി ആശുപത്രിയിലേക്ക് യാത്ര ചെയ്തത് വിദ്യാര്ഥികളെയും കൊണ്ട് തിങ്ങി നിറഞ്ഞ ഒരു സര്ക്കാര്‍ ബസിലായിരുന്നു.ബസിനുള്ളില്‍ സ്ത്രീകളുടെ ശരീരത്തില്‍ മുട്ടി ഉരസി രസിക്കാനായി തിരക്ക് കൂട്ടുന്ന ഒരു പറ്റം ചെറുപ്പക്കാര്‍.പുസ്തകക്കെട്ടുകളുമായി സീറ്റിന്റെ കമ്പിയില്‍ പിടിച്ചു ചേര്ന്ന് നില്ക്കു ന്ന സ്കൂള്‍ കുട്ടികളും തിരക്കിനിടയിലും പുതിയതായി റിലീസ് ചെയ്ത സിനിമയെക്കുറിച്ച് അവലോകനം ചെയ്യുന്ന കോളേജു വിദ്യര്ത്ഥിികളുമൊക്കെ വളരെ നാളുകള്ക്കു ശേഷം ഒരു നീണ്ട യാത്ര ചെയ്യുന്ന എന്നെ പഴയകാല കോളേജു ജീവിതം ഓര്മപ്പെടുത്തി.

ഇതിനിടയില്‍ ഏതോ ഒരു വിരുതന്റെ കരവിരുതില്‍ അലോരസപ്പെടുന്ന ഒരു സ്ത്രീ പിന്നിലേക്ക്‌ നോക്കി ചെറുപ്പക്കാരെ ഒന്നാകെ ചീത്ത പറയുന്നുണ്ടായിരുന്നു.
ശല്യം സഹിക്ക വയ്യതാവുമ്പോള്‍ സ്ത്രീകള്‍ പറയുന്ന ഈ വാചകങ്ങള്‍ക്ക് വര്ഷങ്ങളായിട്ടും ഒരു മാറ്റവുമില്ലല്ലോയെന്നു ഞാന്‍ അതിശയത്തോടുകൂടി ചിന്തിക്കുമ്പോള്‍ ഈ സംഭവം എന്നെ ഒരിരുപതു വര്ഷം പിന്നിലേക്ക്‌ കൊണ്ടുപോയി...
അന്ന് ഇപ്പോഴുള്ളിടത്തോളം ബസുകള്‍ ഇല്ലായെന്നതിനാല്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞാണ് എപ്പോഴും യാത്ര ചെയ്യേണ്ടി വരിക..
ആന വണ്ടിയില്‍ കയറിയാല്‍ ഏറ്റവും പിന്നിലെ നീളമുള്ള സീറ്റിലായിരുന്നു സ്ഥിരമായി ഇരിക്കാറുള്ളത്‌. അതിനുള്ള കാരണം മുന്നിലുള്ള സീറ്റുകളില്‍ സ്ത്രീകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ ഇരിക്കുക പിന്നിലുള്ള ഈ സീറ്റിലായിരിക്കും..
പതിവ് പോലെ നേരെത്തെ തന്നെ ബസ്‌ സ്റാണ്ടില്‍ എത്തി കയ്യിലിരുന്ന ബുക്ക് പിന്‍ സീറ്റില്‍ വച്ചു സീറ്റ് റിസര്‍വ് ചെയ്തു വെളിയില്‍ ഇറങ്ങി പുറം കാഴ്ചകള്‍ കണ്ടു മാറി നില്ക്കും ..വണ്ടി പോകാനൊരുങ്ങുമ്പോള്‍ ഓടി വന്നു ബുക്ക് എടുത്തു മാറ്റി അവിടെ ഇരിക്കുകയാണ് പതിവ്.

അന്ന് എന്റെ സമീപമുള്ള സീറ്റില്‍ ഇടം പിടിച്ചത് കാണുവാന്‍ അത്ര മോശമല്ലാത്ത സാരിയുടുത്ത ഒരു സ്ത്രീ ആയിരുന്നു.അവരുടെ തോളത്തു ഉറങ്ങി കിടന്നിരുന്ന കൊച്ചു കുഞ്ഞിനെ വെളുത്ത നീളമുള്ള ഒരു ടവ്വല്കൊണ്ട് തലവരെ മൂടിപുതപ്പിച്ചിരുന്നു....കാറ്റത്ത് പറന്നു പോകാന്‍ ശ്രമിക്കുന്ന ആ വെള്ളനിറമുള്ള ടവ്വല്‍ അവിടെത്തന്നെയുണ്ടെന്നു ഇടയ്ക്കിടയ്ക്ക് അവര്‍ ഉറപ്പു വരുത്തുമുണ്ടായിരുന്നു..

ദൈന്യത നിറഞ്ഞ ആ സ്ത്രീയുടെ മുഖത്തേക്കാള്‍ കൌമാരക്കാരനായ എന്നെ ഏറെ രസിപ്പിച്ചത്‌ ചുക്കി ചുളിഞ്ഞ അവരുടെ സാരിയും അടുക്കില്ലാതെ വാരി ചുറ്റിയ ഡ്രസ്സിംഗ് രീതിയുമായിരുന്നു. ബസ് സ്റ്റാന്റില്‍ നിന്നും ഇറങ്ങി ഒന്ന് രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ് വീതി കുറഞ്ഞ ഇടവഴിയിലൂടെ പ്രവേശിക്കാറായി..പിന്നീടു അങ്ങോട്ടേക്ക് റോഡില്‍ വളവുകളുടെ എണ്ണം കൂടുതലാണ്. ഒരു കൈ തന്റെ കുഞ്ഞിന്റെ ദേഹത്തിട്ട ടവ്വലില്‍ അമര്‍ത്തിപിടിച്ചു യാത്ര ചെയ്യുന്നതിനാല്‍ ഓരോ വളവിലും ആ സ്ത്രീ എന്നെ ശരീരത്തിലേക്ക് ചരിഞ്ഞു വീഴുന്നുണ്ടായിരുന്നു..
ഒരു സാധാരണ കൌമാരക്കാരന്‍ എന്ന നിലയില്‍ അവരുടെ ശരീരത്തിലെ ഓരോ സ്പര്ശനനവും എന്നെ പറഞ്ഞറിയിക്കാനാവാത്ത ഒരു വൈകാരിക സുഖത്തിലേക്ക് എത്തിച്ചു. ആ സുഖത്തിന്റെ പ്രതിഫലനം എന്നോണം ഞാന്‍ എന്റെ കൈമുട്ട് അവരുടെ മൃദുലമാര്ന്ന ഇടുപ്പില്‍ ചേര്ത്തു വച്ചിരുന്നു...ഓരോ സ്പര്ശനത്തിലും അവര്‍ കണ്ണുകളടച്ച് നിശബ്ദമായിരുന്നത് കൌമാരക്കാരനായ എന്റെ പൌരുഷത്തിന് മുന്നില്‍ അവര്‍ പരവശയായി എന്ന തോന്നല്‍ ഉളവാക്കി . കൂടുതല്‍ ആവേശം ഉണര്ന്നരപ്പോഴേക്കും ആ സ്ത്രീക്കും കുഞ്ഞിനും ഇറങ്ങാനുള്ള സ്ഥലം എത്തിയിരുന്നു.

പൂത്തു നിന്ന ഒരു കൊന്നമരം പിന്നിട്ടു തൊട്ടടുത്തുള്ള ഒരു കൊച്ചു വീടിന്റെ മുന്നിലായാണ് വണ്ടി നിര്ത്തി്യത്. ആ സ്ത്രീയും കുഞ്ഞും എത്തുന്നത് പ്രതീക്ഷിച്ചാവണം കുറച്ചാളുകള്‍ അവിടെ കൂടി നിന്നിരുന്നു.
ബസ് നിര്ത്തിയതും താഴെ ഇറങ്ങിയ ആ സ്ത്രീ എന്റെ പോന്നു മോനെയെന്നു വിളിച്ചു ഉയര്ന്ന് ശബ്ദത്തില്‍ തന്റെ കുഞ്ഞിനെ നെഞ്ചോട്‌ ചേര്ത്തു പിടിച്ചു ഉറക്കെ കരയുകയായിരുന്നു..

ഒന്നും മനസ്സിലാവാത്ത ബസിനുള്ളില്‍ നിന്നും യാത്രക്കാര്‍ എല്ലാവരും അവരെ ഉറ്റു നോക്കുമ്പോള്‍ ഡ്രൈവര്‍ ബസ് സൈഡിലേക്കു അല്പം ഒതുക്കിയിട്ടു കാര്യങ്ങള്‍ തിരക്കുകയായിരുന്നു....
ഒന്നര വയസ്സായ തന്റെ കുഞ്ഞിനു ന്യുമോണിയ കൂടിയതിനാല്‍ അ സ്ത്രീ തന്റെ കുഞ്ഞിനേയും കൊണ്ട് സിറ്റിയിലേക്കുള്ള ആശുപത്രിയില്‍ പോയതായിരുന്നു.എന്നാല്‍ ബസില്‍ നിന്നും ഇറങ്ങി ആശുപത്രിയില്‍ എത്തും മുന്പേ ആ കുഞ്ഞു അവരുടെ മടിയില്‍ കിടന്നു മരണമടഞ്ഞിരുന്നു.
തിരിച്ചു പോരുവാനായി ടാക്സി വിളിക്കുവാന്‍ പണം ഇല്ലാതിരുന്ന ആ സ്ത്രീക്ക് തിരികെ വരുവാന്‍ ബസ് അല്ലാതെ മറ്റൊരു മാര്ഗ്ഗം ഇല്ലായിരുന്നു.
മരിച്ച കുട്ടിയുമായി ബസില്‍ യാത്ര ചെയ്യാന്‍ ബസ് ജീവനക്കാര്‍ സമ്മതിക്കില്ല എന്നറിയാമായിരുന്ന ആ അമ്മ തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്തു കിടത്തി ഉറങ്ങുന്നതുപോലെ കയ്യിലിരുന്ന വെള്ള ടവ്വല്‍ ഇട്ടു പുതപ്പിക്കുകയായിരുന്നു. ഉള്ളില്‍ ആര്ത്തി്രമ്പിയ കണ്ണീര്ക്കടല്‍ തന്റെ ക൯പോളകളില്‍ തടഞ്ഞു നിര്ത്തി ആ സ്ത്രീ ഇത്രയും ദൂരം യാത്ര ചെയ്തത് സമീപത്തിരുന്ന ഞാനൊ മറ്റുള്ളവരുമോ അറിഞ്ഞിരുന്നില്ല..
വെളുത്ത ടവ്വല്‍ മാറ്റിയപ്പോള്‍ ആ കുരുന്നിന്റെ മുഖം ബസില്‍ ഇരുന്നു കൊണ്ട് ഞാനുള്പ്പെ്ട്ട യാത്രക്കാര്‍ വീക്ഷിക്കുമ്പോള്‍ അവന്റെ കുഞ്ഞുകൈവിരല്‍ ചുണ്ടുകള്ക്കി ടയില്‍ അമര്ന്നിരിക്കുകയായിരുന്നു..
അവിടെ നിന്നും മുന്നോട്ടു യാത്ര ചെയ്യുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഒഴുകിയെത്തിയ കണ്ണ് നീരുകളില്‍ നിന്നും ഒരു സത്യം ഞാന്‍ മനസ്സിലാക്കി..ഈ ഭൂമിയില്‍ ഓരോ മനുഷ്യരും യാത്ര ചെയ്യുന്നത് അവരുടെ മനസ്സില്‍ താങ്ങാനാവാത്ത പല വേദനകളും പേറിയാണ്. അവരുടെ ശരീരത്തില്‍ മുട്ടിയുരുമി വൈകാരികത ആസ്വദിച്ചു യാത്ര ചെയ്യുന്ന കൌമാരകാലത്തെ അറിവില്ലായ്മയെ ഞാന്‍ മനസ്സാല്‍ ശപിച്ചു.,
ഉള്ളില്‍ തിരതല്ലിയ കണ്ണീര്ക്കടലിനെ കണ്പോളകളില്‍ തടഞ്ഞു നിര്ത്തി യാത്ര ചെയ്ത ആ അമ്മയും കുഞ്ഞും എന്നെ പഠിപ്പിച്ചത് ഒരു പുതിയപാഠമായിരുന്നു..

ഇന്നു സ്വന്തം കുഞ്ഞിനെ നെഞ്ചോട്‌ ചേര്ത്ത് നെറുകയില്‍ മുത്തം നല്കുമ്പോള്‍ ഞാന്‍ അറിയുന്നു ജീവനറ്റ മകനുമായി മണിക്കൂറുകള്‍ തനിയെ യാത്ര ചെയ്യേണ്ടി വന്ന ആ അമ്മ അനുഭവിച്ചിരുന്ന വേദന..

Wednesday, September 18, 2013

ഒരു നേഴ്സിന്റെ ഡയറിക്കുറിപ്പ്. 28 ഫീമയില്‍ കോട്ടയം..



എഴുപതുകാരന്റെ അരക്കെട്ട് മെല്ലെ ഉയര്‍ത്തി പഴുപ്പും ചോരയും ഇടകലര്‍ന്ന മലവും മൂത്രം തുടച്ചു നീക്കുമ്പോള്‍ തൊട്ടടുത്ത കട്ടിലില്‍ കിടന്നിരുന്ന , തുടയെല്ല് പൊട്ടിയ ആ ചെറുപ്പക്കാരന്‍ എക്സ്റെയേക്കാള്‍ മൂര്‍ച്ചയുള്ള തന്റെ കണ്ണുകള്‍ കൊണ്ട്  സാരിയുടെ വിടവിലൂടെ എന്റെ വയറും മാറിടവും സ്കാന്‍ ചെയ്യുന്നത്  കണ്ടിട്ടും  ഞാന്‍  കണ്ടില്ലായെന്നു നടിച്ചുനിന്നു...കാരണം എന്നെ സംബന്ധിച്ച് ആ ചെറുപ്പക്കാരന്റെ വികലമായ മനസ്സും എഴുപതുകാരന്റെ പഴുപ്പും ചോരയുംകലര്‍ന്ന മലവും  തമ്മില്‍ യാതൊരുവിധ അന്തരവും  തോന്നിയിരുന്നില്ല..

രണ്ടാഴ്ച മുന്‍പായിരുന്നു ബൈക്കില്‍ നിന്നും വീണ് ഗുരുതരാവസ്ഥയില്‍ ആ ചെറുപ്പക്കാരനെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തത്. എമെര്‍ജെന്‍സി യുണിറ്റിലേക്ക് അയാളെ സ്ട്രെക്ച്ചറില്‍ കിടത്തി തള്ളികൊണ്ട് വരുമ്പോള്‍ സെക്കണ്ടുകള്‍ക്ക്‌ മുന്‍പ് പിറന്നു വീണ പിഞ്ചു കുഞ്ഞിനെപ്പോലെ കണ്ണുകള്‍ ഇറുക്കിയടച്ചു അയാള്‍ നിലവിളിക്കുന്നാണ്ടായിരുന്നു.
ചോരയില്‍ കുതിര്‍ന്ന അവന്റെ ഡ്രെസ്സുകള്‍ ഊരിമാറ്റി പൊട്ടിയതുടയെല്ല് കൂട്ടി ചേര്‍ത്തു സ്റ്റിച്ച് ഇടുമ്പോഴെല്ലാം അവന്‍ കണ്ണുകള്‍ അടച്ചു കരഞ്ഞുകൊണ്ടേയിരുന്നു.പിന്നീടു ഒരാഴ്ചകഴിഞ്ഞു മുറിവിലെ അഴുക്കുകള്‍ തുടച്ചു വൃത്തിയാക്കുമ്പോള്‍ അവന്‍ പറയുമായിരുന്നു ...സിസ്റ്റര്‍ പതുക്കെ ചെയ്യണം...വേദന സഹിക്കുവാന്‍ പറ്റുന്നില്ല..
പിന്നീടുള്ള ഓരോ ദിവസങ്ങളിലും ആ ചെറുപ്പക്കാരന്റെ വേദന കുറയുന്നത് തുറന്നിരിക്കുന്ന അവന്‍റെ കണ്ണുകള്‍ എന്റെ ശരീരഭാഗങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്നതിലൂടെ ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു......
പുരുഷന്റെ തുറന്ന മിഴികളെക്കാള്‍  കൂടുതല്‍   വേദനയോടെ അടഞ്ഞിരിക്കുന്ന അവന്‍റെ മിഴികളെ ഞാന്‍  സ്നേഹിക്കാന്‍ തുടങ്ങിയതും അന്ന് മുതല്‍ക്കായിരുന്നു ... ...സുരക്ഷിതത്തിനുവേണ്ടിയാണെങ്കിലും...

നേഴ്സുമാരെന്നാല്‍  ആ ചെറുപ്പകാരനെ സംമ്പച്ചിടത്തോളം കാമം തീര്‍ക്കുവാന്‍  മൊബൈല്‍ ഫോണില്‍ സൂക്ഷിക്കേണ്ട നമ്പറിന്റെ ഉടമയോ അല്ലെങ്കില്‍ ഇന്‍ജക്ഷനും മരുന്നുകളുമായി രോഗിയുടെ സമീപത്തു വരുമ്പോള്‍ ഒരു ഒരു സ്പര്‍ശനത്തിലൂടെയോ ദര്‍ശനത്തിലൂടെയോ തന്റെ അടിവസ്ത്രത്തില്‍ നനവ്‌ വരുത്താനുള്ള ഉപാധിയൊ മാത്രമായിരുന്നു..

അശൂപത്രിയില്‍ നിന്നും ഡിസ്ചാര്‍ജു ചെയ്യുന്നതിന് രണ്ടു ദിവസം മുന്‍പായിരുന്നു കാല്‍മുട്ടിനു മുകളിലെ ബാന്ടെജു നീക്കം ചെയ്യുന്നതിനായി അവന്‍ കിടന്നിരുന്ന കട്ടിലിന്റെ സമീപം ഞാന്‍ എത്തിയിരുന്നത്..ബാന്ടെജ് അഴിച്ചുമാറ്റി മെഡിക്കല്‍ സ്പിരിറ്റും കോട്ടനും കൊണ്ട് ഉണങ്ങിയ മുറിവ് തുടച്ചു വൃത്തിയാക്കുമ്പോഴാണ്  അടിവസ്ത്രത്തെ തുളച്ചുമാറ്റി പത്തി വിടര്‍ത്തി കൊണ്ട് എണീറ്റ്‌ വരുന്ന അവന്റെ സര്‍പ്പ ലിംഗം എന്റെ ശ്രദ്ധയില്‍പ്പെട്ടത്...

രണ്ടാഴച്ച മുന്‍പ് സ്ട്രെക്ച്ചരില്‍ കിടത്തി ഇവിടെ കൊണ്ടുവരുമ്പോള്‍  ചോരയില്‍ കുളിച്ചു കിടന്ന നിന്റെ ഇതേ  അവയവം ഊച്ചിയ അട്ടയേപ്പോലെ ചുരുണ്ടു കിടന്നത് ഞാന്‍ ഓര്‍മ്മിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആ സര്‍പ്പം  സെക്കണ്ടുകള്‍ക്കകം പത്തിമടക്കി ചുരുണ്ടു കിടന്നു..
പുനര്‍ജ്ജന്മം കൊടുത്ത അതേ കൈകളില്‍ തിരികെ കൊത്തുന്ന വിഷ പാമ്പുകളെയും വഹിച്ചു കൊണ്ട് നടക്കുന്ന പുരുഷവര്‍ഗ്ഗത്തെ ഞാന്‍ തിരിച്ചറിഞ്ഞതും വെറുക്കുവാന്‍ തുടങ്ങിയതും  അന്ന് മുതല്‍ക്കായിരുന്നു...
തെല്ലൊരു കുറ്റബോധത്തോടെ ആ ചെറുപ്പകാരന്‍  സോറി എന്ന്  പറയുമ്പോള്‍ ഞാന്‍ അവനോടായ് പറഞ്ഞു.......
സമൂഹത്തില്‍ ഇടത്തരവും അതില്‍ താഴെയുമുള്ള കുടുംബത്തില്‍ ജനിച്ച ഞാനും എന്നെപ്പോലെയുള്ള മറ്റ് പെണ്‍കുട്ടികളും നേഴ്സിംഗ് എന്നാ ജോലി തിരഞ്ഞെടുക്കുന്നത് ആ ജോലിയോടുള്ള താല്പര്യത്തെക്കാളുപരി എളുപ്പത്തില്‍ സ്ഥിരവരുമാനം  കിട്ടുവാനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയിലാണ്.
ഇരുപതു വര്‍ഷംകൊണ്ട് ലക്ഷങ്ങള്‍ ലാഭം തരുന്ന തെക്കിനെക്കാളും ഈട്ടിയെക്കാളും വെറും ആര് വര്‍ഷം കൊണ്ട്  പതിനായിരങ്ങള്‍ തരുന്ന റബര്‍ കൃഷി എന്നപോലെയാണ് നേഴ്സിംഗ് ജോലി..

അതുകൊണ്ട് തന്നെയാണ്  മധ്യകേരളത്തിലെ റബര്‍ മരങ്ങള്‍ക്ക് ഒപ്പം നേഴ്സുമാരുടെ എണ്ണവും ആ മേഖലകളില്‍ കൂടി വന്നത് .കൂലിപ്പണികാരും കര്‍ഷകരുമായ അപ്പനും അമ്മയും കൊടുത്ത വിയര്‍പ്പിന്‍റെ വിലയാണ് എന്നെപ്പോലെയുള്ള  ഒരു സാധാരണ പെണ്‍കുട്ടിയുടെ നേഴ്സിങ്ങ്‌ സര്‍ട്ടിഫിക്കറ്റുകള്‍. അത് ഏതെങ്കിലും പ്രൈവറ്റ് ആശുപത്രികളില്‍ പണയം വച്ചു മൂന്നു വര്‍ഷം ആശുപത്രി വരാന്തകളില്‍ക്കൂടി ഓടി നടന്നു കിട്ടുന്ന തുച്ഛമായ തുക കൂട്ടി വച്ചാണ് ഞങ്ങള്‍ വിദേശ നാടുകളില്‍ ജോലിക്ക് പോകുന്നത്..അപ്പോളും നാട്ടില്‍ അപ്പനും അമ്മക്കുമൊപ്പം അവശേഷിക്കുന്നത് നനഞ്ഞൊലിക്കുന്ന വീടും പഠിച്ചു കൊണ്ടിരിക്കുന്ന അനിയനോ അനുജത്തിയൊ ആയിരിക്കും...
ഇരുപത്തി അഞ്ചാം വയസ്സില്‍ ഗളിഫില്‍ കാലു കുത്തുന്ന ഞങ്ങള്‍ അയച്ചു കൊടുക്കുന്ന തുകകൊന്ടാണ് താഴെയുള്ളവര്‍ പടിപ്പു പൂര്ത്തിയാക്കുന്നതും നനഞ്ഞ് ഒലിച്ചു കിടന്നിരുന്ന വീട് അല്പം പുതുക്കി പണിയുന്നതും,,,
ആദ്യമൂന്നു വര്‍ഷത്തെ അദ്ധ്വാനം കൊണ്ട് കുടുംബം അല്പം കരകയറുമ്പോഴാണ്  മുന്നോട്ടു മാത്രം കുതിക്കുന്ന പ്രായത്തെക്കുറിച്ച് ഞങ്ങള്‍  ചിന്തിക്കുന്നത്. പിന്നീടുള്ള ഒന്നോ രണ്ടോ  വര്ഷം അധ്വാനിക്കുന്ന ശമ്പളം തിരിച്ചു നാട്ടില്‍ ചെന്ന് എന്നെ കെട്ടാന്‍ വരുന്നവന് കൊടുക്കുവാനുള്ള സ്ത്രീ ധനതുകയാണ്..
അങ്ങനെ ഇരുപത്തെട്ടോ മുപ്പതോ വയസ്സില്‍ വിവാഹ കമ്പോളത്തില്‍ കെട്ടാചരക്കായി നില്‍ക്കുമ്പോള്‍ നിന്നെപ്പോലുള്ള മനുഷ്യരുടെ മുന്‍പില്‍ ഞങ്ങള്‍ ഒരു പരിഹാസ്യ കഥാപാത്രമാവുകയാണ്...ആപ്പോഴും ഉള്ളില്‍ കരയുന്ന എന്നെപ്പോലെയുള്ള എല്ലാ നേഴ്സുമാരും ആശ്വസിക്കുന്നത് പടിപ്പു പൂര്‍ത്തിയാക്കിയ ഇളയ സഹോദരങ്ങളെയും മഴയില്‍ ചോര്‍ന്നോലിക്കാത്ത വീടിനെയും നോക്കി സമാധാനിച്ചുകൊണ്ടാണ്..
എരിയുന്ന മനസ്സിനെ പുഞ്ചിരി കൊണ്ട് മറച്ചു നിന്നെ പ്പോലെയുള്ള രോഗികളുടെ മുപില്‍ വരുമ്പോള്‍  ഓര്‍ക്കുക സഹോദര നിന്റെ അടി വസ്ത്രം നനക്കാനല്ല മറിച്ച് മുറിവ് ഉണക്കുവാനും കണ്ണുനീര്‍ തുടക്കുവാനാണ് ഞങ്ങള്‍ വരുന്നത് ....

വികലമായ മനസ്സിനുള്ളില്‍ കാമത്തിന്റെ വെരോടുമ്പോള്‍ മനസ്സിലാക്കുക,,,ഭൂമിയില്‍ ഓരോ പുതു ജീവനും പിറന്നു വീഴുന്നത് ഞങ്ങളുടെ കൈകളിലെക്കാണ് ..അമ്മയുടെ പ്രസവപാത്രത്തില്‍ നിന്നും പ്ലസന്ടയെന്ന നേര്‍ത്ത പുറംതോടോടുകൂടി  നീ പിറന്നു വീഴുമ്പോള്‍ .....അതുപൊട്ടിച്ചു നിന്നെ ലോകം കാണിച്ച  ഈ കൈകളില്‍ തന്നെ കൊത്തുവാതിരിക്കാന്‍ അടക്കി വക്കുക  ചീറ്റുന്ന ആ വിഷ പാമ്പിനെ....
പിന്നീട് അയാള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജു ചെയ്യപ്പെട്ട് കുറച്ചു നാളുകള്‍;ക്ക് ശേഷമാണ് എന്നെ കാണുവാന്‍ കയ്യിലൊരു കല്യാണക്കുറിയുമായ് ആശുപത്രിയുടെ പടികടന്നെത്തിയത്..കെട്ടുവാന്‍ പോകുന്ന പെണ്ണിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഒരു ചെറു പുഞ്ചിരിയോടുകൂടി പറഞ്ഞു..അവളും ഒരു നേഴ്സാണ്...  28 ഫീമയില്‍ കോട്ടയം..

Sunday, September 15, 2013

ദൈവം....



വാള്‍സ്ട്രീറ്റിലെ
പൊങ്ങി താഴുന്ന ഗ്രാഫുപോലെ
ഉയര്‍ന്നു താഴുമ്പോള്‍
അവള്‍ പറഞ്ഞു
നീയൊരു കാളകൂറ്റന്‍....

പാതി ചാരിയ വാതില്‍പ്പഴുതിലൂടെ
ഇരുളിന്‍റെ മറവില്‍
പതിയെ നടന്നകലുമ്പോള്‍ 
നാട്ടാര് പറഞ്ഞു
നീയൊരു പെരുച്ചാഴി......

അന്തിമയങ്ങുന്നേരം
രണ്ടു കുപ്പി കാലിയാക്കി
വഴി വക്കില്‍ കിടക്കുമ്പോള്‍
നാട്ടാര് പറഞ്ഞു
നീയൊരു പെരുപാമ്പ്‌

ഒരേ സമയം ഞാന്‍
കാളയും എലിയും,സര്‍പ്പവുമാണന്നു
നിങ്ങള്‍ പറയുമ്പോള്‍.......
ഞാനും നിങ്ങടെ ദൈവമല്ലേ..
പൂജ്യനായ ദൈവം....

Wednesday, September 4, 2013

നീല ഷട്ടറിട്ട കട....





നീല ഷട്ടറിട്ട ആ കടക്കു മുന്നിലൂടെയാണ്‌ ഞാന്‍ എല്ലാ ദിവസവും സ്കൂളില്‍ പോയി വന്നുകൊണ്ടിരുന്നത്‌. നാട്ടിലെ ഏക സിനിമ കൊട്ടകയായിരുന്ന ശക്തി തിയേറ്ററില്‍ നിന്നും ഇരുന്നൂറു മിറ്റര്‍ അകലെയായി കവലയുടെ ഒരു കോണിലായി തിരക്കൊഴിഞ്ഞ സ്ഥലത്തായിരുന്നു ആ കടയുടെ സ്ഥാനം. രാവിലെ ഒന്‍പതു മണിയ്ക്കും  വൈകുന്നേരം അഞ്ചുമണിക്ക് ശേഷവും മാത്രം  തുറക്കുന്ന ആ കട എന്‍റെ കഥക്ക് പ്രാധാന്യം നല്‍കുവാനുള്ള കാരണം അതിന്‍റെ ഉടമസ്ഥനും പ്രോപ്രൈറ്ററുംആയ വ്യക്തി എന്നെയും എന്നെപ്പോലെ മൂടു കീറിയ നിക്കറിട്ടു, വീതിയുള്ള റബര്‍ ബാന്റുനിള്ളില്‍ പുസ്തകകെട്ടുകള്‍ കെട്ടിമുറുക്കി  സ്കൂളില്‍ പോകുന്ന അനേകം കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനും ആയിരുന്നുവന്നതാണ്...

വെളുത്ത മുണ്ടും വെളുത്ത ഷര്‍ട്ടും മാത്രം ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് ചെറിയ കൊമ്പന്‍ മീശയും ഉടുമുണ്ടിന്റെ തുമ്പ്  കൈകൊണ്ട്‌ അല്പം ഉയര്‍ത്തിപിടിച്ചു വടിപോലെ  നിവര്‍ന്നു മാത്രമേ നടക്കുമായിരുന്നുള്ളൂ. സ്കൂള്‍ കോമ്പൌണ്ടില്‍ പ്രവേശിച്ചാല്‍ അധികമായിട്ടുള്ളത് ഒരു ചൂരല്‍ വടിയുമായിരുന്നു...അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഞങ്ങളെ ഇങ്ഗ്ലിഷിനൊപ്പം കണക്കും പഠിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു..അദേഹത്തിനു കണക്ക് പടിപ്പിക്കുന്നതിനോട് ഒരു പ്രത്യേകം കഴിവും താല്പര്യമുണ്ടായിരുന്നു എന്നത്  വിസ്മരിക്കാനാവില്ല. അതിനൊരു കാരണവുമുണ്ടായിരുന്നു. അക്കാലത്ത് നാട്ടില്‍ പേര്കേള്‍ക്കപ്പെട്ട  പലിശക്കു കാശ് കടം കൊടുക്കുന്ന പഞ്ചായത്തിലെ മുഖ്യ ബ്ലേഡ്കാരനുമായിരുന്നു അദ്ദേഹം..

പലിശക്ക് പണം കടം കൊടുത്താല്‍ അത് കൃത്യ സമയത്തിനുള്ളില്‍ തിരിച്ചുകൊടുത്തില്ലെങ്കില്‍ ഗുണ്ടായിസ്സവും ക്വട്ടെഷന്‍ സംഘവും ഇല്ലാതെ തന്നെ നല്ല  പുളിച്ച പച്ച തെറികൊണ്ട് മാത്രം അത് തിരിച്ചു വാങ്ങുവാന്‍ മാഷിനുള്ള കഴിവ് അപാരമായിരുന്നു...

തലേ ദിവസം തന്നിരുന്ന ഹോം വര്‍ക്ക് ചെയ്തു കൊണ്ട് വരാത്തത്തിന്റെ പേരില് ക്ലാസ് മുറിയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് എന്‍റെ ചന്തിക്കിട്ട് അടിക്കുവാന്‍ ഒരുങ്ങുമ്പോഴാണ്‌ അയാള്‍ (കറുത്ത സത്യം എന്ന് എഴുത്തുകാരൊക്കെ പറയുന്നതുപോലെ) പിന്‍ വശം കീറിയ നിക്കറിനുള്ളിലൂടെ  എന്റെ ഇരുണ്ട കുണ്ടി കണ്ടത് .എന്നാല്‍ എന്നെ അടിക്കാതെ വീട്ടിലെ സാമ്പത്തിക സ്ഥിതിയെ ക്കുറിച്ചും മറ്റും വിശദമായി അന്വേഷിച്ചത് എന്നെപ്പോലെ ക്ലാസ്സിലെ മറ്റു കുട്ടികളെയും അത്ഭുതപ്പെടുത്തിയിരുന്നു...
അടുത്ത ദിവസം അദ്ദേഹം ക്ലാസ്സില്‍ പ്രത്യക്ഷപ്പെട്ടത് അഞ്ചു ജോടി ഷര്‍ട്ടും നിക്കറിന്റെയും തുണിയുമായിട്ടായിരുന്നു..എന്ന് വെച്ചാല്‍ എന്നെ കൂടാതെ കുണ്ടി കീറിയ വേറെയും നാല് പേരുകൂടി ഉണ്ടായിരുന്നു എന്നര്‍ത്ഥം.
അഞ്ചാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞു വേനലവിധിക്ക് എല്ലാവരും വേര്‍പിരിയുന്ന അവസാന ദിവസം അദ്ദേഹം ക്ലാസില്‍ ഒരു അറിയിപ്പ് നടത്തിയിരുന്നു..നാളെ എല്ലാവരും ശക്തി തിയേറ്ററിന്റെ അടുത്തുള്ള തന്റെ നീല ഷട്ടറിട്ട കടയില്‍ ഉച്ചകഴിഞ്ഞ് രണ്ടര മണി ആകുമ്പോള്‍ എത്തിച്ചേരണം.നമുക്കെല്ലാവര്‍ക്കും തിയേറ്ററില്‍ പോയി ഒരു സിനിമ കണ്ടു മടങ്ങാം.ക്ലാസ്സില്‍ നിന്ന് പിരിയുമ്പോള്‍ എല്ലാ കുട്ടികളുടെയും കയ്യില്‍ ഓരോ മടക്കിയ പേപ്പര്‍ കഷണം കൊടുത്തിരുന്നു.അത് മറ്റൊന്നുമായിരുന്നില്ല. സിനിമ കാണുവാന്‍ കുട്ടികളെ അയക്കേണ്ടിയതിനു വീട്ടിലെ കാരണവന്‍മാര്‍ക്കുള്ള ലെറ്റര്‍ ആയിരുന്നു.
മാഷ്‌ പറഞ്ഞതുപോലെ തന്നെ  ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും പറഞ്ഞ സമയത്തുതന്നെ ആ നീല ഷട്ടറിട്ട കടയില്‍ എത്തിച്ചേര്‍ന്നു.ഞങ്ങള്‍ക്കുവേണ്ടി അദ്ദേഹം അടുത്തുള്ള ചായക്കടയില്‍ നിന്നും വരുത്തിച്ച ഏത്തക്കബോളിയും ചായയും കഴിക്കുമ്പോള്‍ പുറത്ത് തിയേറ്ററില്‍ നിന്നും റിക്കാര്‍ഡ് മുഴങ്ങി കേള്‍ക്കാമായിരുന്നു......
.......പ്രപഞ്ചം നയിക്കുന്ന ചൈതന്യമേ ...എന്ന് തുടങ്ങുന്ന ഒരു ഭക്തി ഗാനമായിരുന്നു ആ സിനിമാ കൊട്ടകയില്‍ നിന്നും ആദ്യം ഉയര്‍ന്നു കേട്ടിരുന്ന റിക്കാര്‍ഡ് പാട്ട്. ആ പാട്ട് കേട്ടു തുടങ്ങുമ്പോഴായിരുന്നു സമീപ വാസികള്‍ എല്ലാവരും സിനിമ കാണുവാന്‍ വീട്ടില്‍ നിന്നും ഇറങ്ങിതിരിച്ചിരുന്നത്....
പിന്നീടു സിനിമ കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും വീണ്ടും   കടയില്‍ തിരികെയെത്തി..കടക്കുള്ളില്‍ അവിടിവടങ്ങളായി കൂട്ടിയിട്ടിരുന്ന ചുക്ക്, കുരുമുളക് റബര്‍ ഷീറ്റ് എന്നിവയുടെ മുകളിലായി എല്ലാവരും കുത്തിയിരുന്നു. കുട്ടികളുടെ ജീവിതത്തെക്കുറിച്ചും
മാതാപിതാക്കളെ അനുസരിക്കെണ്ടാതിന്റെ ആവശ്യകതെയെ കുറിച്ചും അയാള്‍ വാചാലനായി.

ഒരു ക്ലാസ്സ് ടീച്ചര്‍ എന്നതിനേക്കാള്‍ ഉപരി അദ്ദേഹം സ്നേഹവും വാല്‍സല്യവുമുള്ള നല്ല ഒരു പിതാവായി ഞങ്ങള്‍ക്കനുഭവപ്പെട്ടു..അടുത്ത വര്ഷം നിങ്ങള്‍ മറ്റ് ക്ലാസ്സുകളില്‍ പോയി പഠിക്കേണ്ടി വന്നാലും സാമ്പത്തികമായി എന്തെങ്കിലും പ്രയാസം ഉള്ളവര്‍ മടിക്കാതെ എന്‍റെ അടുത്ത്‌ വരണമെന്ന് പറഞ്ഞു എല്ലാവരുടെയും നെറുകയില്‍ ചുംബിച്ചു അദ്ദേഹം ഞങ്ങളെ യാത്രയാക്കിയിരുന്നു. ക്ലാസ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും അദ്ദേഹം എപ്പോഴോ ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു....

കാലങ്ങള്‍ കഴിഞ്ഞു .ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഒരുനാള്‍ അദേഹത്തെ കാണുവാന്‍ പോയിരുന്നു..അനേകം ശിഷ്യഗണങ്ങളുടെ ഹൃദയത്തില്‍ ഇടം തേടിയ സാറിന്റെ ചില സ്വകാര്യ ദുഖത്തെ കുറിച്ച് അയാള്‍ അപ്പോള്‍ മനസ്സു തുറന്നു.കഞ്ചാവിനു അടിമപ്പെട്ട തന്‍റെ മകനെക്കുറിച്ചും അപ്പനേക്കാള്‍ കൂടുതല്‍ തന്റെ സമ്പാദ്യത്തെ സ്നേഹിക്കുന്ന മക്കളെയും മരുമക്കളെയും കുറിച്ച് വേദനയോടെ പറയുമ്പോള്‍ എല്ലു ഉന്തിയ ആ കൈകളില്‍ ഒന്ന് ചേര്‍ത്ത് പിടിച്ചു താങ്കളെ സ്നേഹിക്കുന്ന ശിഷ്യരായ അനേകം മക്കള്‍ ഉണ്ടെന്നു പറഞ്ഞു ഞാന്‍ആശ്വസിപ്പിച്ചു..
വിദേശത്ത് ജോലികിട്ടി അവധിക്ക് നാട്ടില്‍ പോയ ഒരുനാള്‍ കൂടി എനിക്ക് ആ നീല ഷട്ടറിട്ട കടയില്‍ പോകേണ്ടി വന്നിരുന്നു ..കടക്കു മുന്നില്‍ തടിച്ചു കൂടിയ ജനക്കൂട്ടതിനോപ്പം ഞാനും കടയ്ക്കുള്ളിലേക്ക് എത്തി  നോക്കുമ്പോള്‍ പാതി പൊങ്ങിയ ഷട്ടറിന്റെ അടിയിലൂടെ തൂങ്ങിയാടുന്ന അദ്ധേഹത്തിന്റെ കാലുകള്‍ മാത്രമേ കാണുവാന്‍ സാധിച്ചിരുന്നുള്ളൂ.....
പിന്നീടു നാട്ടുകാരില്‍ നിന്നും അറിയാന്‍ സാധിച്ചത് വീട്ടില്‍ നിന്നും മക്കള്‍ ആട്ടിയിറക്കിയ   അദ്ദേഹം കുറച്ചുനാളായി ആ നീല ഷട്ടറിനുള്ളില്‍ ഏകനായിരുന്നുവന്നതായിരുന്നു...



Tuesday, September 3, 2013

ഓഫ്‌ ഷോര്‍ - കടല്‍പ്പരപ്പിലെ ഏറുമാടം..


അടുത്ത വീട്ടിലെ കേടായ പമ്പ് സെറ്റ് നന്നാക്കികൊണ്ടിരിക്കുമ്പോഴാണ് വീട്ടില്‍ നിന്നും അമ്മ വിളിച്ചു കൂവുന്നത്.എടാ കോച്ചേ ഇങ്ങോട്ട് വന്നേടാ..ഫോണില്‍ ആരോ വിളിക്കുന്നുണ്ട്...എന്തോ മറുഭാഷയാ പറയുന്നേ .....മലയാളം മാത്രം സംസാരിക്കുന്ന അമ്മക്ക് മറ്റ് ഭാഷകളെല്ലാം മറുഭാഷകളാണ്.....

കോളേജിലെ പഠിത്തം കഴിഞ്ഞു നേരെ വണ്ടികയറിയത് ഗുജറാത്തിലെ ഓയില്‍ കമ്പനിയിലേക്കാണ്.അവിടെത്തു പണിയൊക്കെ കഴിഞ്ഞു ഗള്‍ഫിലേക്ക് ഊളിയിടാനുള്ള മോഹവുമായി പാസ്പോര്‍ട്ട്‌ ഒരു ബോംബെ എജെന്‍സിയെ എല്‍പ്പിച്ചിട്ടാണ് നാട്ടിലേക്ക് വണ്ടികയറിയത്.
അയല്‍വക്കത്തെ വീടുകളിലെ കേടായ ബള്‍ബുകള്‍ മാറിയിടുക, പമ്പ് സെറ്റ് നന്നാക്കുക, തേപ്പ് പെട്ടിയുടെ കോയില്‍ മാറ്റിയിടുക ഈ വക ലൊട്ടുലൊടുക്ക് വേലകള്‍ അവര്‍ കടയില്‍ കൊടുത്തു ചെയ്യിക്കാറില്ല. ഒരു ഗ്ലാസ്‌ ചായയും രണ്ടു കഷണം ബിസ്കറ്റും തന്നു എന്നെകൊണ്ട്‌ ചെയ്യിക്കുന്നത് എന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടല്ല പോക്കറ്റില്‍ നിന്നും കാശ് ഇറക്കാനുള്ള മടികൊണ്ടാണ്...
ഓടി ചെന്ന് ഫോണ്‍ അറ്റെണ്ട്‌ ചെയ്യുമ്പോള്‍ അങ്ങേ തലക്കല്‍ നിന്നും ഹിന്ദിക്കാരി പറയുന്നുണ്ടായിരുന്നു വിസ റെഡിയായി . നാല് ദിവസത്തിനുള്ളില്‍ യാത്ര തിരിക്കണം. ആഫ്രിക്കയിലുള്ള അങ്കോളയിലെക്കാണ് പോകേണ്ടത്‌. ജോലി കരയിലല്ല ഓഫ്‌ഷോറിലാണ് എന്നുപറഞ്ഞു അവര്‍ ഫോണ്‍ കട്ട് ചെയ്തു...

ഓഫ്‌ ഷോര്‍ ജോലി ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല കടലിനു മുകളില്‍ ഏറുമാടം കെട്ടി അതിലുള്ള ജോലിയും ജീവിതവും എന്നെ സമ്പത്തിച്ചു പുതുമ നിറഞ്ഞതാണ്‌. നല്ല ഒഴുക്കുള്ള ഒരു തോട്ടില്‍ പോലും ഇറങ്ങാന്‍ ധൈര്യമില്ലാത്ത, നീന്തല്‍ അറിയാന്‍ പാടില്ലാത്ത ഞാന്‍ എങ്ങിനെ കടലിനു മുകളില്‍ പോയി ജോലി ചെയ്യും എന്ന് വിചാരിച്ചു ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
നേരം വെളുത്തു കണ്ണുതിരുമ്മി എണീറ്റ്‌ വരുമ്പോള്‍ കയ്യില്‍ നീണ്ട ഒരു ലിസ്റ്റുമായി അമ്മ രാവിലത്തെ ഭക്ഷണം റെഡിയാക്കി എന്നെ കാത്തിരിക്കുന്നു. സാധാരണ ശനിയാഴ്ചകളില്‍ ചന്തക്ക് പോകുമ്പോള്‍ മാത്രമാണ് ഇങ്ങനെ ഒരു ലിസ്റ്റ് പുള്ളിക്കാരി തയ്യാറാക്കാറുള്ളല്ലോ എന്ന് ചിന്തിച്ചുകൊണ്ട് അത് വാങ്ങി ഓടിച്ചോന്നു നോക്കി..
കോട്ടയം ജില്ലയിലെ ഒരുവിധം പള്ളികളുടെ ലിസ്ടാണ്. വിസ അടിച്ചുകിട്ടുവാന്‍ പുള്ളിക്കാരത്തി നേര്‍ച്ച നേര്‍ന്ന ആരാധനാലയങ്ങളുടെ ലിസ്റ്റ്.
ഭാഗ്യം ഇന്ന് വിസ വന്നതുകൊണ്ട് പതിനഞ്ചു പള്ളികളെയുള്ളൂ ഇനിയും താമസിച്ചിരുന്നെങ്കില്‍ ലിസ്റ്റിന്റെ നീളം കൂടിയേനെ എന്ന് മനസ്സില്‍ വിചാരിച്ചു പേപ്പര്‍ മടക്കി പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ യാത്ര തിരിച്ചു.....
അങ്ങനെ നാലാം ദിവസം എത്തി. എല്ലാവരോടും യാത്രപറഞ്ഞു ഫ്ലൈറ്റില്‍ കയറി. ആദ്യം ബോംബെ.അവിടെന്നു അടുത്ത വിമാനത്തില്‍ എത്യോപ്യ.അവിടെയിറങ്ങി അടുത്ത വണ്ടി പിടിച്ചു അങ്കോളയുടെ തലസ്ഥാനമായ ലുവണ്ടയിലേക്ക്. അവിടെ നിന്നും വീണ്ടും ഇരുപത്തിയാറുപേര്‍ക്ക് മാത്രം ഇരിക്കാവുന്ന ചെറു വിമാനത്തില്‍ സോയോ എന്ന ഒരു കൊച്ചു ദ്വീപിലേക്ക്.അങ്ങനെ കരയില്‍ നിന്നും കരയിലേക്കുള്ള യാത്ര അവസാനിച്ചു . ഇനിയുള്ളത് ഞങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഓഫ് ഷോറിലെക്കുള്ള യാത്രയാണ്. അതിനു രണ്ടു രീതികളാണ് ഉപയോഗിക്കുന്നത്. ചോപ്പര്‍ എന്ന് ചെല്ലപ്പേരില്‍ വിളിക്കുന്ന ഹെലി കോപ്ടര്‍ അല്ലെങ്കില്‍ സര്‍ഫര്‍ എന്ന് അറിയപ്പെടുന്ന ചെറു യാത്രാ ബോട്ട്.

ആദ്യ യാത്രയില്‍ എന്നെ കാത്തിരുന്നത് സര്‍ഫര്‍ വഴി കടലിന്റെ വിരിമാറിലൂടെ തിരമാലകള്‍ക്കൊപ്പം നൃത്തം ചെയ്ത് ദൈവത്തിന്റെ മറ്റൊരു സൃഷ്ടിയായ ജല ജീവികളോടു സംവദിച്ചുള്ള യാത്രയായിരുന്നു. പിന്നുടുള്ള പല യാത്രകളിലും ഡോള്ഫിനും തിമിങ്ങലവും വരെ നടുക്കടലില്‍ ഞങ്ങളെ അകമ്പടി സേവിക്കാറുണ്ടായിരുന്നു. മുങ്ങാക്കുഴിയിട്ടു ചാടി ചാടി പോകുന്ന ഡോളഫിനുകളെക്കാള്‍ യാത്രക്കാരുടെ ശ്രദ്ധ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് തലയുടെ മുകള്‍ഭാഗം അല്പവും പിന്നെ കുറച്ചു ദൂരം മാറി വാലിന്‍റെ അറ്റവും മാത്രം കാണിച്ചു ഒരു മായാ ജാലക്കാരന്റെ കരവിരുതുപോലെ വേഗത്തില്‍ അപ്രത്യക്ഷമാവുന്ന തിമിഗലം തന്നെയാണ്.


അങ്ങനെ കടലിലൂടെയുള്ള നാല് മണിക്കൂര്‍ യാത്രക്കു ശേഷം ഓയിലും ഗ്യാസും ഒഴുകുന്ന കാനാന്‍ ദേശത്ത് ഞാനെത്തി ചേര്‍ന്നു. കടലിന്റെ ഒത്ത നടുക്കായി നാല് കാലുകളില്‍ ഉയര്‍ത്തി നില്‍കുന്ന അഞ്ചു നിലയുള്ള ഒരു ഏറു മാടം. പണ്ട് ഇടുക്കിയിലേക്കും മൂന്നാറിനും ടൂര്‍ പോയപ്പോഴായിരുന്നു ആദ്യമായി ഏറുമാടം കണ്ടിരുന്നത്‌.അതും ശാഖകള്‍ നിറഞ്ഞ മരത്തിന്റെ മുകളില്‍. എന്നാല്‍ ഇത് നീല ജലാശയത്തിനു മുകളില്‍ കടലിന്റെ അടിത്തട്ടില്‍ നന്നും അറുപതു മീറ്റര്‍ ഉയരത്തിലായി ഇരുമ്പ് തൂണില്‍ തീര്‍ത്ത കൂറ്റന്‍ കെട്ടിടം.

ഇതും ഒരു ലോകമാണ് .കടലിനും കരക്കുമിടയില്‍ മനുഷ്യനാല്‍ തീര്‍ത്ത മറ്റൊരു ലോകം. നാടും വീടും ഉപേക്ഷിച്ചു ഒരുമിച്ചു ജോലി ചെയ്യുവാന്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരത്തിലധികം വരുന്ന മനുഷ്യര്‍.അവര്‍ക്ക് നിറഭേദമില്ല , ജാതിഭേദമില്ല, ഭാഷാഭേദമില്ല. അപ്പനെയും അമ്മയയൂം സഹോദരങ്ങളെയും വിട്ടിട്ടു വന്നവര്‍, ഭാര്യയെയും, മക്കളെയും വീട്ടിലാക്കി വന്നവര്‍ ..എല്ലാവര്ക്കും ഒരേ ലക്ഷ്യമേയുള്ളൂ..ജോലി ചെയ്യുക, വീട്ടിലുള്ളവരെ സുരക്ഷിതരായി പോറ്റുക....

എന്നെ സംബന്ധിച്ച് ഇതൊരു മൂന്നാം ലോകമായിരുന്നു.അഞ്ചു സെന്റ്‌ സമചതുരം .അതിന്റെ അതിരുകളില്‍ അരയോളം ഉയരത്തില്‍ കൈവരി വച്ചു ചുറ്റപ്പെട്ടിരിക്കുന്നു.മൂന്നുമാസം തള്ളി നീക്കെണ്ടിയത് ഈ അഞ്ചു സെന്ടിനുള്ളിലാണ്. അതിനപ്പുറം..തിരമാലകളും കടലിലെക്കിറങ്ങി തിരകളെ മുത്തം വയ്ക്കുന്ന ആകാശവും. സന്തോഷം വരുമ്പോള്‍ ചിരിക്കേണ്ടതും സങ്കടം വരുമ്പോള്‍ കരയെണ്ടതും ഈ കൈവരികളില്‍ പിടിച്ചു താഴെയുള്ള തിരമാലകളെ നോക്കിയാണ്. ഞങ്ങള്‍ ചിരിക്കുമ്പോള്‍ ഓരോ തിരകളും സന്തോഷത്തില്‍ പങ്കുചര്‍ന്ന് ആര്‍ത്തട്ടഹസിക്കാറുണ്ട് ...ഞങ്ങളുടെ സങ്കടങ്ങളില്‍ ചിലപ്പോള്‍ അതേ തിരകള്‍ ശാന്തരായി ഒഴുകാറുമുണ്ട് , മിഴികളില്‍ നിന്നും അടര്‍ന്നു വീണ തുള്ളികള്മായി ദൂരേക്ക്...

ഒരിക്കല്‍ രാവിലെ ഞാന്‍ ഏറ്റവും താഴെയുള്ള പ്ലാറ്റ്ഫോമില്‍ വിശ്രമിക്കുമ്പോഴാണ് വീട്ടില്‍ നിന്നും സന്തോഷ വാര്‍ത്തയുമായ് ഫോണ്‍കോള്‍ വന്നത് .ഭാര്യ പ്രസവിച്ചു ..പെണ്കുട്ടിയാണത്രേ.ആ സന്തോഷം ഞാന്‍ പങ്കു വച്ചത് കൈവരിയില്‍ പിടിച്ചു തൊട്ടു താഴെ ശാന്തമായി ഒഴുകിയിരുന്ന കടലിനോടായിരുന്നു. അല്പം സമയത്തിനുള്ളില്‍ തിരകലുയര്‍ന്നു വന്നു അടിയിലുള്ള ബംബറില്‍ തട്ടിതെറിപ്പിച്ചു എന്റെ ശരീരമാകെ നനച്ചിട്ട് അവള്‍ ഒഴുകിയൊഴുകി പോയ്‌ കൊണ്ടേയിരുന്നു..പിന്നീടൊരിക്കല്‍ കൂടെ ജോലി ചെയ്ത ഒരു അമേരിക്കകാരനും മറ്റൊരു കോങ്ഗോ സ്വദേശിയും ജോലിക്കിടയില്‍ അപകടപ്പെട്ടു മരിച്ചു വീണപ്പോഴും ഞങ്ങള്‍ നിറകണ്ണുകളോടെ യാത്രയാക്കിയതും അതേ കൈവരിയില്‍ പിടിച്ചുനിന്ന് കൊണ്ടായിരുന്നു....
എന്റെ സുഹൃത്തും ഒരേ മുറിയില്‍ താമസിച്ചിരുന്ന മറാഠിയുമായ മഹേഷിന്റെ രണ്ടരമാസമുള്ള മോന്‍ മരിച്ചുവെന്നറിയിച്ചു ഫോണ്‍ വരുമ്പോള്‍ ഞങ്ങള്‍ ഡ്യുട്ടിയിലായിരുന്നു.അവന്‍ ജോലിക്ക് പോന്നതിനു ശേഷം ജനിച്ച ആ കുഞ്ഞിനെ ജീവനോടെ കാണുവാന്‍ കഴിയാതിരുന്ന ആ സുഹൃത്തിന് പിന്നീടു അഞ്ചു ദിവസം കാത്തിരിക്കേണ്ടി വന്നു ഫ്രീസറില്‍ മരവിച്ചിരുന്ന തന്‍റെ ശ്വാസമറ്റ കുഞ്ഞിനെ ഒന്ന് ചുംബിക്കുവാന്‍.......

സമ്പത്തിനും സന്തോഷത്തിനുമൊപ്പം ഈ കടലിലെ ആടുന്ന ജീവിതം നല്‍കുന്നത് നിനച്ചിരിക്കാത്ത ചില സങ്കടങ്ങളുമാണ്...
വെക്കേഷനുവേണ്ടി കയ്യില്‍ തൂക്കിയ ബാഗുമായ്‌ ഹെലിക്പ്ടറില്‍ കയറുമ്പോള്‍ കറങ്ങുന്ന ബ്ലേഡുകള്‍ക്കൊപ്പം ചങ്ക് ഒന്ന് പിടക്കാറുണ്ട് . പിന്നെ കൈകള്‍ നെഞ്ചെത് വച്ചു പ്രാര്‍ഥിക്കും...മനസ്സില്‍ നിറയെ അപ്പോഴും പടിക്കലെത്തുമ്പോള്‍ ഓടിയെത്തുന്ന മക്കളും പിന്നെ വാതിലിന്റെ പടിയില്‍ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു നില്‍ക്കുന്ന അപ്പനും അമ്മയും... ഭാര്യയും......