Tuesday, October 29, 2013

നേത്ര സുരതം പഠിപ്പിച്ചത്.... 1. നിയോണ്‍ ബള്ബിന്റെ മങ്ങിയ വെളിച്ചത്തില്‍ മുകളിലേക്കുയരുന്ന പുകച്ചുരുളിനെ വകഞ്ഞു മാറ്റി ഒരു കയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ തന്റെ ശരീര വടിവിനെ വെല്ലുന്ന രൂപ സാദൃശ്യമുള്ള ലിക്വര്‍ ഗ്ലാസ്സുമായി അവള്‍ നടന്നു വരുമ്പോള്‍ പശ്ചാതലത്തിലുയരുന്ന സംഗീതത്തിന്റെ താളത്തിനോപ്പം അവിടെയിരുന്ന ഓരോ ചെറുപ്പക്കാരും അവളുടെ ഉടലൊന്നാകെ മിഴികളാലുഴിഞ്ഞു നെടുവീര്പ്പിടുകയായിരുന്നു.

  സുഹൃത...്തുക്കള്ക്കൊപ്പം മരുഭൂമിയിലെ വീക്കെണ്ട് ആഘോഷിക്കാന്‍ അബുദാബിയിലെ ഡാന്സ്ബാറിലേക്ക് നടക്കുമ്പോള്‍, പത്രത്താളുകളിലെ ചെറു കോളങ്ങളില്‍ ഇടയ്ക്കു വായിക്കാറുള്ള നിശാക്ലബുകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതത്തെക്കുറിച്ച് അടുത്തറിയണമെന്ന ഒരാഗ്രഹം കൂടി മനസ്സിലുണ്ടായിരുന്നു.
  ആഹാരവുമായി മേശക്കരികിലെത്തുമ്പോള്‍ കാല്മുട്ടുകൊണ്ട് തൊട്ടു നോക്കുന്നവരെയും വിയര്പ്പിന്റെ ഗന്ധം ശ്വാസത്തിലൂടെ ആവാഹിക്കുന്നവരെയും നേത്രത്താല്‍ സുരതം ചെയ്യുന്നവരെയും ഒരേ പുഞ്ചിരിയാല്‍ അടക്കി നിര്ത്തി , വിസ തട്ടിപ്പിനിരയായി നാട്ടിലേക്ക് മടങ്ങാനാവാതെ ശരീരം പ്രദര്ശനത്തിനു വച്ചിരിക്കുന്ന കുറെ ജന്മങ്ങളെ ഞാന്‍ കണ്ടറിഞ്ഞു.

  ലാസ്യഭാവത്തോടുകൂടി ഗ്ലാസ്സിലേക്ക്‌ മദ്യം പകരുമ്പോള്‍ ആ ഹാളിലിരുന്ന ചെറുപ്പക്കാര്‍ ആസ്വദിച്ചിരുന്നത് , കണ്ണുകളില്‍ വിരിയിച്ച പരമാനന്ദത്തേക്കാള്‍ കൂടുതല്‍ സാരി തലപ്പുകൊണ്ട് മൂടിയിട്ട അവളുടെ ശരീരത്തിലെ ക്ഷേത്രഗണിത രൂപങ്ങളെയായിരുന്നു. ഓരോ മേശയിലും ഓടി നടന്നു മദ്യം വിളമ്പി മടുക്കുമ്പോള്‍ മുറിയുടെ കോണിലുള്ള പ്ലാസ്റ്റിക്ക് വൃക്ഷത്തിന്റെ മറവില്‍ അല്പ‍ നേരം വിശ്രമിക്കുന്ന അവരുടെ കണ്ണുകളിലെ ആവേശവും മുഖത്തെ ലാസ്യഭാവവും ഒരു നിമിഷം അപ്രതക്ഷ്യമാവുന്നത് കുടിക്കുന്ന ഓരോ പെഗ്ഗിന്റെ ഇടവേളകളിലും എനിക്ക് വ്യക്തമായി കാണാമായിരുന്നു

  കൂടെ വന്ന സുഹൃത്തുക്കള്‍ മേശകളുടെ ഇടവഴിയില്‍ നിശാസംഗീതത്തിനൊപ്പം ചുവടുവെക്കുമ്പോള്‍ തനിയെ ഇരുന്ന എന്റെ മനസ്സ്‌ അല്പം പിന്നിലേക്ക്‌ യാത്രചെയ്തു...

  പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ പഠനം കഴിഞ്ഞു വൈകുന്നേരങ്ങളില്‍ വഴിയോരത്തുള്ള പാടവരമ്പില്‍ ഞാന്‍ സ്ഥിരമായി വന്നിരിക്കാറുണ്ടായിരുന്നു. റബറിന്റെ വാര്ചെതരുപ്പ് അഴിച്ച് വരമ്പത്ത് വച്ചിട്ട് ചേറിനുള്ളില്‍ കാല്‍ പൂഴ്ത്തിയിരിക്കുന്നേരം , പാടത്ത് കുനിഞ്ഞു നിന്ന് കാല്‍ മുട്ടില്‍ കയ്യൂന്നി ഞാറ് നടുന്ന പണിക്കാരു പെണ്ണുങ്ങളുടെ തൂങ്ങികിടക്കുന്ന മുലകള്‍ കണ്ട് നിര്‍വൃതിയടയുന്ന വയലിന്റെ മുതലാളി ഇടക്കിടക്ക് എന്നെ കണ്ണ് വെട്ടിച്ചു നോക്കുമ്പോള്‍ ആ തുറിച്ചു നോട്ടത്തിന്റെ ആനന്ദരസം തിരിച്ചറിയാനുള്ള പ്രായം അന്ന് എനിക്കില്ലായിരുന്നു....പക്ഷെ ആ ചേറിനുള്ളില്‍ ജീവന്‍ വയ്ക്കുന്ന ഇളം പച്ച നിറമാര്ന്ന ഞാര്‍ ചെടികള്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന മുലകളില്‍ ഒരു ജോഡി , വൈകുന്നേരം വിശപ്പടക്കാനുള്ള പലഹാരപ്പൊതിയുമായി ഈ കൈതുമ്പ് പിടിച്ച് നടന്നുപോകുന്ന , ചേറിന്റെ വിയര്പ്പ് മണമുള്ള എന്റെ അമ്മയുടെതായിരുന്നു.. സ്ത്രീ ശരീരങ്ങളില്‍ മിഴികള്‍ കൊണ്ട് സുരതം ചെയ്യുമ്പോള്‍ നെഞ്ചില്‍ തറക്കുന്ന കാരമുള്ളിന്റെ വിഷം കലര്ന്ന വേദന ഞാനാദ്യമായറിഞ്ഞത് ഒരുപക്ഷെ അവിടെ നിന്നുമായിരിക്കണം....

  പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അപ്പനും അമ്മയ്ക്കുമൊപ്പം കയ്യാളായി നിന്ന് ചുറ്റികക്ക് അടിച്ചുപൊട്ടിച്ചിടുന്ന കരിങ്കല്‍ ചീളുകള്‍ ലോറിയിലേക്ക് ചുമന്നിടുമ്പോള്‍ , കുമ്പിട്ടിരുന്നു കൊട്ടയിലേക്ക് കരിങ്കല്‍ ചീളുകള്‍ വാരിയിടുന്ന അമ്മയുടെ മാറിലേക്ക്‌ ചൂഴ്ന്നു നോക്കി ആശ്വാസം കണ്ടെത്തിയിരുന്ന , കരിങ്കല്‍ മിറ്റലിനായി വന്ന നാട്ടുകാരാണ് പിന്നീട് എന്നെ തുറിച്ചുനോട്ടത്തിന്റെ അടുത്ത അദ്ധ്യായം പഠിപ്പിച്ചത്..

  നിത്യ ജീവിതത്തിനുള്ള വരുമാനത്തിനായി വിയര്പ്പ് ഒഴുക്കേണ്ടിവരുമ്പോള്‍ നേരിടേണ്ടി വരുന്ന ഇത്തരം തുറിച്ചു നോട്ടങ്ങളെ മനുഷ്യര്‍ കടിച്ചു തുപ്പിയ എല്ലിന്‍ കഷണത്തിന് വേണ്ടി കണ്ണ് ചിമ്മാതെ നമ്മെ നോക്കിയിരിക്കുന്ന കാവല്‍ നായകളോടെന്നപോലെ ദയനീയതയോടുകൂടി കാണണമെന്നു എന്നെ പഠിപ്പിച്ചതും അതേ അമ്മ തന്നെയായിരുന്നു..

  താളചുവടുകള്ക്കു ശേഷം സുഹൃത്തുക്കള്‍ വന്നു അവസാന പെഗ്ഗ് കഴിക്കുമ്പോള്‍ നേരം ഒരുപാട് വൈകിയിരുന്നു..ഗ്ലാസ്സിലെ നുരഞ്ഞുപൊന്തുന്ന ലഹരിക്കൊപ്പം അവളുടെ ശരീരവും അപ്പോള്‍ മുറിയിലെ എല്ലാ മേശകളില്‍ നിന്നുമുള്ള ദൃഷ്ടികള്കൊണ്ടു മൂടപ്പെട്ടിരുന്നു..

  പോരാനിറങ്ങുമ്പോള്‍ കൂടെ വന്ന സുഹൃത്തു കാണാതെ അവളുടെ കൈകളില്‍ ഞാന്‍ ഒന്നമര്ത്തി പിടിച്ചു. ആവേശം വിരിയിച്ച അവളുടെ കണ്കളില്‍ ഞാന്‍ കണ്ടത് പാടവരമ്പത്തിരുന്ന എട്ടുവയാസ്സുകാരുടെ വയറു നിറക്കാന്‍ മാറത്തേറ്റ നേത്ര സുരതത്തെ വിയര്പ്പു കൊണ്ട് തടഞ്ഞുനിര്‍‍ത്തിയ അനേകായിരം അമ്മമാരെയാണ്..അമര്ത്തിപ്പിടിച്ച് ആ കയ്യില്‍ ഞാന്‍ ചുരുട്ടി വച്ചത് നാട്ടില്‍ ഒരുപക്ഷെ അവളുടെ വരവിനായി പ്രാര്ഥ്നയോടെ കാത്തിരിക്കുന്ന മറ്റൊരു എട്ടുവയസ്സുകാരനുള്ള ടിപ്പ് മാത്രമായിരുന്നു....

Sunday, October 27, 2013

ലിംഗ വിവേചനം....

മുറ്റത്തെ പേരമരത്തിന്റെ ചുവട്ടിലിരുന്നു കുടിലുകെട്ടി കളിക്കുമ്പോഴായിരുന്നു ഏഴാം തരത്തില്‍ പഠിച്ചിരുന്ന അക്കരെ വീട്ടിലെ കളികൂട്ടുകാരി പേടിച്ചരണ്ടു നിലവിളിച്ചുകൊണ്ടോടിപ്പോയത്.....അവളുടെ കാല്‍പ്പാടുകളെ പിന്‍തുടര്‍ന്ന ചോരക്കറകള്‍ കണ്ടു ആ നിലവിളികള്‍ക്കൊപ്പം ഞാനും പങ്കുചേര്‍ന്നു. പിന്നീടു പൊന്നും പുടവയും കാഴ്ചവെച്ച് വിരുന്നുവന്നവര്‍ തിരികെ മടങ്ങുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു . പേരമരം പോലെ അവളും പൂത്തു തളിര്ത്തെന്നു പിന്നീടു ആരോ പറയുന്നത്‌ കേട്ടു ....

അക്കരെ വീട്ടിലെ സുന്ദരിയായ അക്ക കുമ്പിട്ടു നിന്ന് മുറ്റമടിക്കുമ്പോള്‍ പേരമരത്തിന്റെ ചില്ലകളിലോന്നിലെ തുടുത്ത പേരക്കാപ്പഴം പറിക്കാന്‍ തുടകളുരുമ്മി മുകളിലേക്ക് കയറുമ്പോഴായിരുന്നു ആദ്യമായി അനുവാദമില്ലാതെ എന്‍റെ അടിവസ്ത്രം നനഞ്ഞത്. ചോരക്കറകളില്ലാതെ നിലവിളികളില്ലാതെ തുടുത്ത പേരക്കപ്പഴവുമായി ഞാന്‍ താഴെയിറങ്ങുമ്പോള്‍ ആദ്യമായി അനുഭവിച്ച നിര്‍വൃതി കണ്ടിട്ടാവണം പേരമരം ചില്ലകളിളക്കി മെല്ലെ പുഞ്ചിരിച്ച് എന്നോട് പറഞ്ഞു..... നീയും പൂത്തു തളിര്ത്തുവെന്ന് ...

പൊന്നും പുടവയും വിരുന്നുകാരാരും ഇല്ലാതെ ഏകനായി നില്‍ക്കുമ്പോള്‍ ലിംഗ വിവേചനമെന്ന ആദ്യപാഠം ഞാന്‍ പഠിക്കുകയായിരുന്നു...

Saturday, October 19, 2013

ഭ്രാന്തി....

ശരീരം മറയ്ക്കുവാനെന്നപോലെ അഴുക്കുപുരണ്ട സാരി ഉടലൊന്നാകെ വാരി വലിച്ചു ചുറ്റി ആ സ്ത്രീ ദിവസവും രാവിലെ റോഡിലൂടെ അതി വേഗത്തില്‍ നടന്നു പോകാറുണ്ടായിരുന്നു.തുന്നല്‍ അഴിഞ്ഞ അവളുടെ പഴകിയ ബ്ലൌസിന്നിടയിലൂടെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന മാംസ ഭാഗങ്ങള്‍ വീണ്ടും തിരിഞ്ഞു നോക്കി വീര്‍പ്പടക്കി നടന്നകലുന്ന നല്ലവരായ ചില വഴി യാത്രക്കാരും അവള്‍ കടന്നുപോകുമ്പോള്‍ രണ്ടടി ദൂരം മാറി വഴിവക്കില്‍ വളര്‍ന്നു നില്‍ക്കുന്ന കാട്ടുചേമ്പിനെ ചവിട്ടി മെതിച്ചു നടന്നകലുന്ന ചില സ്ത്രീകളും സ്കൂള്‍ വിദ്യാര്‍ഥിനികളും രാവിലെ എട്ടരയോടു കൂടി ഞാന്‍ പതിവായി കാണുന്ന കാഴ്ചകളില്‍ ചിലതായിരുന്നു..

രാവിലെ കുളിച്ചൊരുങ്ങി സ്കൂളില്‍ പോകുവാനായി കൂട്ടുകാര്‍ വരുന്നത് വരെ വീടിന്‍റെ മുറ്റത്തോട് ചേര്‍ന്നുള്ള കയ്യാലയുടെ വക്കില്‍ വഴിയിലൂടെ പോകുന്ന യാത്രക്കാരെയും വാഹനങ്ങളെയും നോക്കി ഞാന്‍ നില്‍ക്കാറുണ്ട്.

അനുസരണക്കേട്‌ കാട്ടുന്ന കുഞ്ഞുങ്ങളെ അമ്മമാര്‍ മര്യാദ പഠിപ്പിക്കുന്നത്‌ ഈ സ്ത്രീയുടെ കയ്യിലുള്ള ഭാണ്ടകെട്ടിനുള്ളില്‍ ശ്വാസം മുട്ടി കിടപ്പുണ്ടെന്ന് പറയപ്പെടുന്ന ഇല്ലാത്ത കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞു ഭയപ്പെടുത്തിയായിരുന്നു.ആരോ തന്നെ കാത്തു നില്‍ക്കുന്നെവെന്ന രീതിയില്‍ അതിവേഗം നടന്നകലുന്ന ആ സ്ത്രീ പലപ്പോഴും ഉയര്‍ന്ന ശബ്ദത്തോടെ ശകാര വാക്കുകള്‍ വര്‍ഷിക്കുന്നത് ഒരു പക്ഷെ തന്റെ ജീവതത്തില്‍ അനുവാദമില്ലാതെ കടന്നു വന്നരോടുള്ള അമര്‍ഷം കൊണ്ടാവാം.......

വൈകുന്നേരങ്ങളില്‍ സ്കൂള്‍ കഴിഞ്ഞു വീടിന്റെ മുറ്റത്തുള്ള കയ്യാലയില്‍ വഴിയിലെ കാഴ്ചകള്‍ കണ്ടിരിക്കുമ്പോള്‍ ആ സ്ത്രീ അങ്ങോട്ടേയ്ക്ക് പോയ അതേ വേഗതയില്‍ , അതേ ശകാര വാക്കുകള്‍ പുലമ്പി തിരിച്ചു വരുന്നത് അന്തിമയങ്ങുന്നതിനുമുന്നുള്ള എന്റെ വഴിയോര കാഴ്ചകളിലൊന്നായിരുന്നു..തിരിച്ചു വരുമ്പോള്‍ അവര്‍ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റിക് പൂക്കളോ വക്കും മൂലയും പൊട്ടിയ പ്ലാസ്ടിക് കളിപ്പാട്ടങ്ങളോ നടപ്പിന്റെ വേഗത ഒട്ടും കുറയാതെ തന്നെ ഞാനിരിക്കുന്ന കയ്യാലയിലേക്ക് എറിഞ്ഞു തന്നിട്ടു ഒരു ചെറുപുഞ്ചിരിയോട്‌ കൂടി അവര്‍ നടന്നകലുന്നത് ഭ്രാന്തമായ ആവേശത്തോട്‌ കൂടി ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു..വഴിവക്കില്‍ ആരൊക്കെയോ ഉപേഷിച്ച ആ പ്ലാസ്ടിക് വേസ്റ്റുകള്‍ കളിപ്പാട്ടങ്ങളായി അവര്‍ എനിക്കായി സമ്മാനിച്ചപ്പോള്‍ , എന്നെ സംബന്ധിച്ച് അത് എനിക്കേറ്റവും വിലയേറിയ കളിപ്പാട്ടങ്ങള്‍ തന്നെയായിരുന്നു..

നാളുകള്‍ക്ക് ശേഷം ആ സ്ത്രീയുടെ നടപ്പിന്റെ വേഗത കുറഞ്ഞുവരുന്നതും അവരുടെ വയറിന്റെ വലുപ്പം കൂടി വന്നതും എന്നെപ്പോലെ തന്നെ നാട്ടിലെ മറ്റുള്ളവര്‍ക്കും അത്ഭുതകരമായ ഒരു കാഴ്ചയും പ്രധാന സംസാര വിഷയവുമായിത്തീര്‍ന്നു.എന്‍റെ കണ്‍മുന്നിലൂടെ നടന്നകലുന്ന ആ സ്ത്രീ ആറോ ഏഴോ കിലോമീറ്റര്‍ ദൂരത്തിനപ്പുറമുള്ള ഒരു പഞ്ചായത്ത് വെയിറ്റിംഗ് ഷെഡിലാണ് അന്തിയുറങ്ങുന്നതെന്നും രാത്രിയില്‍ വിശന്നു വലഞ്ഞ മാന്യനായ അതെ നാട്ടുകാരന്‍ തന്നെ അനുവാദം ചോദിക്കാതെ അവളുടെ ഭാണ്ടക്കെട്ട് തുറന്നു വിശപ്പ്‌ മാറ്റിയെന്നും നാട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത്‌ ഞാന്‍ കേട്ടിരുന്നു.. ...

പിന്നീടുള്ള ദിവസങ്ങളില്‍ ഉന്തിയ വയറുമായി അവര്‍ റോഡിലൂടെ നടന്നകലുന്നത് അവരെപ്പോലെ തന്നെ വേദനയോടെ മുറ്റത്തെ കയ്യാലപ്പുരത്തിരുന്നു ഞാനും നോക്കി നില്‍ക്കാറുണ്ടായിരുന്നു. നിറഞ്ഞ വയറുമായി വഴി വക്കില്‍ കുനിഞ്ഞു നിന്നു പ്ലാസ്റിക് വേസ്റ്റുകള്‍ പെറുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാവണം പിന്നീടുള്ള രണ്ടു മൂന്നു മാസങ്ങളില്‍ സ്ഥിരമായി ഞാനിരിക്കുന്ന കയ്യാലയിലേക്ക് എറിഞ്ഞിടാറുള്ള കളിപ്പാട്ടങ്ങളുടെ എണ്ണം കുറഞ്ഞു വന്നതും മെല്ലെയത് തീര്‍ത്തും ഇല്ലാതായതും..

കുറച്ചു നാളുകള്‍ക്ക് ശേഷം അവരെ അത് വഴി കാണാതായപ്പോള്‍ എന്റെ കുഞ്ഞു മനസ്സില്‍ വേദനപോലെയെന്തോ തോന്നിയിരുന്നു..പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുന്നതുപോലെ..എങ്കിലും പതിവായി ഞാന്‍ സ്കൂള്‍ യുണിഫോം ധരിച്ചു അതെ സമയങ്ങളില്‍ വഴിയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നു. അകലെനിന്നും അവരുടെ ശകാരശബ്ദം കേള്‍ക്കുവാന്‍ കാത് കൂര്‍പ്പിച്ചു കാത്തിരുന്നു..

മുറ്റത്തെ കോണിലെ മൂല കീറിയ ചണചാക്കില്‍ നിന്നും അവര്‍ തന്ന കളിപ്പാട്ടങ്ങള്‍ എടുത്തു കളിച്ചുകൊണ്ടിരുന്ന ഒരു ശനിയാഴ്ചയായിരുന്നു വീണ്ടും അവരെ ഞാന്‍ കാണുന്നത്.കയ്യില്‍ അഴുക്കു പുരണ്ട ഭാണ്ടകെട്ടിന് പകരം , നല്ല വെളുത്തു തുടുത്ത ഒരു കൈകുഞ്ഞുമായി അവര്‍ റോഡിലൂടെ നടന്നു വരുന്നു .അവരെ കാണുവാനുള്ള കൊതിയുമായി ഞാന്‍ കയ്യാലയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ മുന്നിലെത്തി കയ്യിലിരുന്ന തന്റെ കുഞ്ഞിന്‍റെ ഓമനത്തമുള്ള മുഖം എന്നെ കാണിച്ചു തന്നു. ഒരു പുഞ്ചിരിയോട്‌ കൂടി അവര്‍ നടന്നകലുന്നതും നോക്കി ഞാന്‍ നില്‍ക്കുമ്പോള്‍ നാട്ടുകാരിലെല്ലാം ആ കുഞ്ഞിന്റെ മുഖച്ഛായയുള്ള നാട്ടുകാരനെ കണ്ടു പിടിക്കുന്നതിലുള്ള വെപ്രാളത്തിലായിരുന്നു...

രണ്ടാഴ്ചകള്‍ക്ക് ശേഷമാവണം ഭ്രാന്തിയായ ആ അമ്മ ഒഴിഞ്ഞ കയ്യുമായി നഷ്ടപ്പെട്ട തന്റെ മകളെത്തേടി കരഞ്ഞുകൊണ്ട്‌ ആ റോഡിലൂടെ അലഞ്ഞു നടപ്പുണ്ടായിരുന്നു.അമ്മയും മകളും അന്തിയുറങ്ങിയ അതെ പഞ്ചായത്ത് വെയിറ്റിംഗ് ഷെഡില്‍ നിന്നും അവരുടെ അനുവാദമില്ലാതെ വിശപ്പ്‌ മാറ്റിയതുപോലുള്ള മറ്റൊരു രാത്രിയില്‍ ഏതോ ഒരു മാന്യന്‍ ആ കൈകുഞ്ഞിനെയും കൊണ്ട് കടന്നു കളഞ്ഞിരുന്നുവന്നു വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത് ഞാനും വേദനയോടെ കേട്ടിരുന്നു...
ശരിക്കുള്ള ഭ്രാന്ത് ആ സ്തീക്കായിരുന്നോ അതോ മാന്യരായ സമൂഹത്തിനായിരുന്നുവോയെന്നു
ഭ്രാന്തി സമ്മാനിച്ച കളിപ്പാട്ടങ്ങള്‍കൊണ്ട് ബാല്യം ആസ്വദിച്ച എനിക്കു പിന്നീട് പലപ്പോഴും തോന്നാതിരുന്നില്ല..പേറ്റുനോവ് ആറും മുന്നേ നഷ്ടപ്പെട്ട കുഞ്ഞിനെ വഴിവക്കില്‍ തിരിയുന്ന ഭ്രാന്തിയായ ആ അമ്മ എന്നെ പഠിപ്പിച്ചത് ഭ്രാന്ത് ഇല്ലാത്ത ജീവിതത്തിന്റെ ചില നന്മയുടെ മൂല്യങ്ങളായിരുന്നു.

Sunday, October 13, 2013

സ്വയംവരത്തെ പ്രണയിക്കുന്നവള്‍.....

തലയില്‍ വെള്ളമോഴിക്കുമ്പോള്‍ നിര്ജീവ്വമായ മനസും ശരീരവും അല്പം പ്രസരിപ്പോടെ ഉണര്ന്നെണീറ്റതായി തോന്നാതിരുന്നില്ല...മുടിയിഴകള്‍ നെറുകയില്‍ ചുറ്റി കെട്ടി ഉടയാത്ത മാറിലൂടെ ഉടലാകെ സോപ്പ് തേക്കുമ്പോള്‍ കഴിഞ്ഞ ഒന്പതു തവണയും ദൃഷ്ടികൊണ്ട് മലിനമായ ശരീരം ഒന്ന് ശുദ്ധമാകട്ടെയെന്നു മനസ്സില്‍ വിചാരിച്ചു.കാരണം പുരുഷന്മാര്‍ ഏറെ ഇഷ്ടപ്പെടുന്നത് സ്ത്രീയുടെ അശുദ്ധമാകാത്ത മനസ്സിനെക്കാളുപരി ലഹരിയുണര്ത്തുന്ന പുറം തൊലി മാത്രമാണല്ലോ....

“ ഒന്ന് പെട്ടെന്നിറങ്ങി വാടീ .. അവര്‍ എത്താന്‍ സമയമായി...” അമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറയുമ്പോള്‍ എന്റെ മനസ്സത്രയും വഴിവക്കില്‍ പഴവര്ഗ്ഗങ്ങള്‍ വില്ക്കു ന്ന വാണിഭകാരിയുടെ അവസ്ഥയിലായിരുന്നു. നേരമ്പോക്കിനു വെറുതെ വിലപേശി നടന്നകലുന്ന യാത്രക്കാരെ പുഞ്ചിരിയോടെ നേരിടുന്ന വാണിഭക്കാരിയെപോലെ..

ഇന്നു പത്താം തവണയാണ് അണിഞ്ഞൊരുങ്ങി നില്‍ക്കേണ്ടി വരുന്നത്‌..ആദ്യമൊക്കെ കാഴ്ചക്കാരായി വരുന്നവര്ക്ക് മുന്പില്‍ ഉടുത്തൊരുങ്ങി നില്ക്കുമ്പോള്‍ മനസ്സില്‍ അവരേന്നെ ഇഷ്ടപ്പെടുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു.അതുകൊണ്ട് തന്നെ നടത്തത്തിലും സംസാരത്തിലും ഞാന്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു .വാര്ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്ഥികളെപ്പോലെ...കാരണം ഞാനൊരു ഉല്പ‍ന്നവും അവര്‍ ഉപഭോക്താവുമാണല്ലോ. പിന്നെ രണ്ടു നാള്‍ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു ,ഒരു പക്ഷെ ഇണയെ കണ്ടുകിട്ടൂമല്ലോയെന്ന പ്രതീക്ഷയാവണം......

യാഥാര്ത്ഥ്യം തിരിച്ചറിയുമ്പോള്‍ അടുത്ത തയ്യാറെടുപ്പാണ്....ഓരോ തവണയും സ്വപങ്ങളിലെ നായകന്റെ മുഖം മാറികൊണ്ടെയിരുന്നു..ഒന്പാതു തവണയും പ്രതീക്ഷകള്‍ എന്നെയും മറികടന്നു നടന്നകലുന്നത് കണ്ടു നില്ക്കുമ്പോഴാണ് മനസ്സില്‍ ആദ്യമായി അപകര്ഷ്താബോധം ഉടലെടുത്തത്..ഒരു പുരുഷന്റെയും മനസ്സില്‍ ഇടം ലഭിക്കാന്‍ യോഗ്യമല്ലാത്തവളെന്ന തോന്നല്‍ എന്നെ മനസിനെ വലിഞ്ഞു മുറുക്കിയത്....

മോളെയെന്നു സ്നേഹപൂര്‍വം വിളിച്ചിരുന്ന അപ്പനും അമ്മയും പോലും ഇപ്പോള്‍ എന്നെ വെറുക്കന്‍ തുടങ്ങിയിരിക്കുന്നു..നോട്ടത്തിലും വാക്കുകളില്‍ പോലും അകല്ച്ചെ വ്യെക്തമാണ്..ഒരു പക്ഷെ തോന്നലുകള്‍ മാത്രമായിരിക്കാം..എനിക്ക് ജന്മം നല്കാന്‍ വേണ്ടിമാത്രമായിരുന്നോ അവര്‍ വിവാഹം കഴിച്ചതും ആ രാത്രിയില്‍ ഒത്തു ചേര്ന്നതും ? .എന്ന് മുതലാണ്‌ അവരേന്നെ സ്നേഹിച്ചു തുടങ്ങിയത്.. ഞാനൊരു ഭ്രൂണമായി അമ്മയുടെ വയറ്റില്‍ മുളയിട്ടത് മുതല്‍ക്കോ അതോ എന്റെ കരച്ചിലുകള്‍ അന്തരീക്ഷത്തില്‍ ഉയര്ന്ന നിമിഷം മുതല്മാ‌ത്രമോ...?.

എത്രയോ ഭ്രൂണങ്ങള്‍ ഈ ലോകത്ത് ഓരോ നിമിഷവും രൂപപ്പെടുന്നു..അതില്‍ എന്നെപ്പോലെയുള്ളവര്‍ ഒരു പെണ്ണായി പിറന്നത് എന്റെയും അവരുടെയും കുറ്റമല്ലല്ലോ..

വീണ്ടുമൊരു ഞായറാഴ്ച വന്നെത്തിയിരിക്കുന്നു.ഞായറാഴ്ചകളെ എനിക്ക് ഭയമാണ്.അതിലേറെ വെറുപ്പും.. കാഴ്ചക്കാര്‍ കൂടുതല്‍ വന്നുപോകുന്നതും ഇന്നേ ദിവസമാണല്ലോ..

വാടക കാറുകളിലെത്തുന്ന ഗള്ഫുകാര്‍ അവശേഷിപ്പിച്ചു പോകുന്ന അത്തറിന്റെ നറുമണവും പൊങ്ങച്ചവും യൂറോപ്പിലെ കുളിര്കാറ്റടിച്ച പുതുപ്പണക്കാരന്റെ ജാഡ കലര്‍ന്ന ഇന്ഗ്ലിഷും ഇപ്പോഴെന്നില്‍ മനം പുരട്ടല്‍ ഉളവാക്കുന്നു..പിന്നെയോരല്പം ആശ്വാസമായിരുന്നത് കിണറ്റിലെ തവളയെപ്പോലെ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാതെ ലോക കാര്യങ്ങളില്‍ വീമ്പിളക്കുന്ന സര്ക്കാ്ര്‍ ജീവനക്കാരായിരുന്നു.

പാതിചാരിയ വാതില്‍പ്പഴുതില്‍ പ്രതീക്ഷകളുടെ വീര്പ്പുരമുട്ടലുമായി നിക്കുന്ന അമ്മയുടെ മുഖഭാവവും കുടുംബ പാരമ്പര്യവും സാമ്പത്തിക പശ്ചാത്തലവും ആവര്ത്തന വിരസതയോടുകൂടി ആവര്ത്തിച്ചു ചൊല്ലുന്ന അച്ഛന്റെ ദൈന്യതയും കാണുമ്പോള്‍ എന്റെ കണ്ണുകളില്‍ നനവും ഇരുട്ടും മാത്രമാണ്..ഇപ്പോള്‍ എന്നെ കാണുവാന്‍ വരുന്നവരുടെ മുഖമെല്ലാം ഒരുപോലെയിരിക്കുന്നതായി തോന്നുന്നു.. മുന്നിലിരിക്കുന്നവരുടെ മുഖം എനിക്ക് വ്യക്തമല്ല..നേരിയ മൂടല്‍ മാത്രം....

ഇനി ഞാന്‍ അണിഞ്ഞോരുങ്ങട്ടെ.ഒരു പക്ഷെ ഈ ഞായറാഴ്ച അവസാനത്തെതാവാം .കാഴ്ചക്കാര്ക്കുവേണ്ടി എന്റെ ശരീരം ദൃശ്യവിരുന്നൊരുക്കാന്‍ സമയമായി.മനസ്സില്‍ ഒരു ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ..സ്വയം വരത്തിന്റെ നാളുകള്‍ വീണ്ടും വന്നണയുമോ...ഒരിക്കലെങ്കിലും..എനിക്കുവേണ്ടി.....

Friday, October 11, 2013

വൃദ്ധദമ്പതികള്‍......

ജോലിത്തിരക്കിനിടെയാണ് പഴയ ആ സഹപാഠിയുടെ കോള്‍ എന്‍റെ മൊബൈലിലെത്തിയത്. അടുത്ത മാസം നാട്ടില്‍ വരുന്ന അവന്‍ വിശേഷങ്ങള്‍ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഫോണ്‍ അഞ്ചു വയസ്സുള്ള തന്‍റെ മകന് കൈ മാറിയത്.....”അങ്കിള്‍ ഞങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ ഇങ്ങോട്ടേക്കു കൊണ്ടു പോരുവാനായി എനിച്ച്‌ ഒരു അമ്മൂമ്മയെ വേണം....” അവന്‍ ചിണുങ്ങി ചിണുങ്ങി എന്നോട് പറഞ്ഞു....

വൈകുന്നേരം വീട്ടിലേക്കു തിരിക്കുവാന്‍ ബസില്‍ ഇരിക്കുമ്പോള്‍ രാവിലെ പത്രത്തില്‍ വായിച്ച വാര്‍ത്തകള്‍ മനസിലേക്ക് ഓടിയെത്തി. വൃദ്ധയെ കസേരയില്‍ കെട്ടിയിട്ടു മര്‍ദിച്ച മകനെയും ഭാര്യയെക്കുറിച്ചും..മക്കള്‍ വളരെ ദൂരെയല്ലാഞ്ഞിട്ടും നാല്പതുനാള്‍ വീടിനുള്ളില്‍ മരിച്ചു കിടന്ന വൃദ്ധമാതാവിനെക്കുറിച്ചുമൊക്കെ.. ഇത്തരം വാര്‍ത്തകള്‍ക്കിടയിലും കളിപ്പാട്ടത്തിന് പകരം അമ്മൂമ്മയെ ആവശ്യപ്പെട്ട ആ അഞ്ചു വയസ്സുകാരന്‍ എന്നെ തെല്ലൊന്നുമല്ല അതിശയപ്പെടുത്തിയത്..
അങ്ങനെയിരിക്കെ മനസ്സിലേക്ക് സുഹൃത്ത്തിനെക്കുറിച്ചുള്ള പഴയ ഓര്‍മ്മകള്‍ ഓടിയെത്തി...

പലപ്പോഴും സ്കൂളില്‍ നിന്നും ടൂറിനു പോകുമ്പോള്‍ കൂട്ടുകാരോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാമ്പത്തികസ്തിഥി അനുവദിക്കാറില്ലായിരുന്നതുകൊണ്ടു തന്നെ അവന്‍ ആ കാര്യം അതുവരെ വീട്ടില്‍ അവതരിപ്പിച്ചിട്ടുമുണ്ടായിരുന്നില്ല. പത്താംതരത്തില്‍ എത്തിയപ്പോഴാണ് കൂട്ടുകാരുമൊത്ത് ഒരു യാത്ര എന്ന തോന്നല്‍ ആദ്യമായി മനസ്സില്‍ ഉദിച്ചത് ...അത് അപ്പോള്‍ തന്നെ വീട്ടില്‍ അവതരിപ്പിക്കുകയും ചെയ്തു..........

ദൈനംദിന ജീവിത ചിലവുകള്‍ കണ്ടെത്താന്‍ വിഷമിക്കുന്ന കൂലിപ്പണിക്കാരായ അവന്റെ അപ്പനും അമ്മയ്ക്കും നിരാശയോട് കൂടിയാണെങ്കിലും മകന്‍റെ ആഗ്രഹം സ്നേഹത്തോടെ തന്നെ
നിരസിക്കേണ്ടിവന്നു........

ശാരീരിക അസ്വസ്ഥതമൂലം കിടപ്പിലായിരുന്ന അവന്‍റെ വല്യമ്മച്ചി അത് കട്ടിലില്‍
കിടന്നുകൊണ്ട് കേട്ടിട്ട് , കൊച്ചു മകനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാവാം, ക്ഷീണം മറച്ചുവെച്ച് അവര്‍ അടുത്ത ദിവസം തന്നെ അടുത്തുള്ള വയലില്‍ പണിക്കു പോകുകയായിരുന്നു ..മൂന്നു ദിവസം വെയിലിന്റെ കാഠിന്യം വകവെയ്ക്കാതെ ഞാറ് നട്ടും കൊട്ടയില്‍ മണ്ണ് ചുമന്നും അവര്‍ അദ്ധ്വാനിച്ചു.

ടൂറിനു പോകേണ്ടുന്ന ദിവസം വൈകുന്നേരം സ്കൂളിലേക്ക് പോകുവാന്‍ സുഹൃത്തിനെ തേടി വീടിന്റെ മുന്നില്‍ എത്തുമ്പോള്‍ അവന്‍ പണി കഴിഞു വരുന്ന വല്യമ്മയെ കാത്തു നില്‍ക്കുകയായിരുന്നു. ആ വൃദ്ധയുടെ മുന്നു ദിവസത്തെ അദ്ധ്വാനം കയ്യില്‍ ചുരുട്ടി
പിടിച്ചു...... തോളില്‍ തൂക്കിയ പഴകിയ ലെതര്‍ ബാഗുമായി അവന്‍ എന്റെ കൂടെ നടന്നു നീങ്ങി...തിരിഞ്ഞു നിന്ന് യാത്ര ചോദിച്ചുകൊണ്ട് കൈ വീശുമ്പോള്‍ വീടിന്റെ മുറ്റം അവസാനിക്കുന്ന കോണിലുള്ള ഒരു ഏത്തവാഴയുടെ ചുവട്ടില്‍ ആ വല്യമ്മ നിറകണ്‍ ചിരിയുമായി നിക്കുന്നുണ്ടായിരുന്നു..കൊച്ചു മകന്റെ സന്തോഷം സാധിച്ചു കൊടുക്കുവാന്‍
കഴിഞ്ഞതിലുള്ള സംതൃപ്തിയുമായ്‌....
നാളുകള്‍ക്കുശേഷം ഒരിക്കല്‍ അവന്റെ വീട്ടില്‍ ‍ ചെല്ലുമ്പോള്‍ അതി വിദൂരതയിലല്ലാത്ത മരണത്തെ വരവേല്‍ക്കുവാനായ് അണിഞ്ഞൊരുങ്ങി കിടക്കുന്ന ആ വൃദ്ധയെ മടിയില്‍ കിടത്തി സ്പൂണില്‍ നേര്‍ത്ത കുഴമ്പുപോലത്തെ ആഹാരം , ഒരു കൊച്ചുകുഞ്ഞിനോടെന്നപോലെ വായിലെക്കൊഴുച്ചു കൊടുക്കുന്ന സുഹൃത്തിന്റെ അമ്മയെയാണ് ഞാന്‍ കാണുന്നത്..

വാര്‍ദ്ധക്യത്തെ ഇന്നലെ പിറന്നു വീണ കുഞ്ഞിനോടെന്നപോലെ കരുതലോടെ പരിപാലിച്ച ആ അമ്മയും മകനും ആ കുടുംബവും എനിക്ക് നല്‍കിയത് മനസ്സില്‍ മറക്കാനാവാത്തെ ജീവിതത്തിന്റെ ഒരു നേര്ചിത്രമായിരുന്നു..
ഇന്ന് രാവിലെ ആ അഞ്ചു വയസ്സുകാരന്‍ ഒരു അമ്മൂയെ വേണമെന്ന് നാട്ടിലുള്ള എന്നോട് ആവശ്യപ്പെടുമ്പോള്‍ തീര്‍ച്ചയായും നേരത്തെ വിട ചൊല്ലിയ അവന്‍റെ വല്യമ്മമാര്‍ മുകളിരുന്നു സന്തോഷിക്കുന്നുണ്ടാവണം..
വീടിന്റെ ഐശ്വര്യമായി കത്തി നിക്കുന്ന നിലവിളക്കുപോലെ എന്‍റെ വീട്ടിലും ഒരു അപ്പൂപ്പനും അമ്മൂമയും വേണമെന്നു ഞാനും അപ്പോള്‍ മനസ്സിലുറപ്പിച്ചു..എന്റെ കുട്ടികളെയും കഥകള്‍ പറഞ്ഞുറക്കാനും..വാര്‍ദ്ധക്യത്തെ കരുതലോടെ പരിപാലിക്കുന്നത് എന്റെ മക്കളും കണ്ടു പഠിക്കെണ്ടിയതിനു എനിക്കും വേണമൊരു വൃദ്ധദമ്പതികളെ......

Wednesday, October 9, 2013

വിയര്പ്പ് വില്ക്കുന്നവര്‍.....

വീടിന്റെ മുന്നില്‍ തൂക്കിയിട്ടിരുന്ന കോളിംഗ് ബെല്ലില്‍ വിരലമര്ത്തു്മ്പോള്‍ ജനലിന്റെ കര്ട്ടന്‍ മെല്ലെ വകഞ്ഞു മാറ്റി ആ സ്ത്രീ മുറ്റത്തെക്ക് നോക്കുന്നത് എനിക്ക് കാണാമായിരുന്നു.സുഹൃത്തു പറഞ്ഞതനുസരിച്ച് വണ്ടി കുറച്ചു ദൂരെ മാറ്റി പാര്ക്ക് ചെയ്ത് സമീപവാസികള്‍ ആരും ശ്രദ്ധിക്കുന്നില്ലായെന്ന ഉറപ്പിന്മേലാണ് വീടിന്റെ മുറ്റത്തേക്ക് കയറിചെന്നത്.......
കോളേജില്‍ പോകുമ്പോള്‍ ബുക്കുകള്ക്കിടയില്‍ ഒളിപ്പിച്ച ചെറിയ പുസ്തകങ്ങള്‍ വായിച്ചും പിന്നീട് കൂട്ടുകാരോടോപ്പമിരുന്നു ആസ്വദിച്ച വീഡിയൊ കാസറ്റുകളില്‍ നിന്നുമാണ് ആ കഥകളിലെ നായകനെപ്പോലെ കല്യാണത്തിനു മുന്പ് ഏതെങ്കിലും സ്ത്രീക്കൊപ്പം ഒരു രാത്രി ചിലവഴിക്കണമെന്ന ചിന്ത മനസ്സില്‍ തോന്നി തുടങ്ങിയത്.....
അല്പം സമയത്തിനു ശേഷം അവര്‍ വന്നു വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചു. മുഖത്തെ പേടിയും ജിജ്ഞാസയും മറച്ചു വെയ്ക്കുവാനെന്നവണ്ണം കുടിക്കുവാനായി ഒരു ഗ്ലാസ്സ് വെള്ളം ഞാന്‍ ആവശ്യപ്പെട്ടിരുന്നു.. എന്റെ മുഖത്തെ ജാള്യത കണ്ടിട്ടാവണം വെള്ളവുമായി വന്ന ആ സ്ത്രീ തന്നെ ആദ്യം സംസാരിച്ചു തുടങ്ങിയത്...
നാടും വീടും വീട്ടുകാരെയും കുറിച്ച് അവര്‍ വിശദമായി അന്വേഷിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് മനസ്സില്‍ തോന്നാതിരുന്നില്ല ....ഇങ്ങനെയൊരാവശ്യത്തിന് വരുന്നവരോടെന്തിനാണ് ഇവര്‍ ഇത്രമാത്രം ചോദ്യങ്ങള്‍ ആവര്ത്തിക്കുന്നതെന്ന്...കുറച്ചുനേരത്തെ മൌനത്തിനുശേഷം നേരിയ രോഷത്തോടെ അവര്‍ എന്നോടായി പറഞ്ഞു....അപ്പനും അമ്മയും വിയര്പ്പൊ ഴുക്കി കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് നിന്നെപ്പോലെയുള്ള കുട്ടികളെ പഠിപ്പിക്കാനയക്കുന്നത് അവര്ക്ക് നടക്കാതെ പോയ സ്വപ്‌നങ്ങള്‍ പൂര്ത്തികരിക്കാനാണ്. ആ പണം കൊണ്ട് നിന്നെപ്പോലെയുള്ളവര്‍ ഇവിടെ വന്നു എന്റെ ശരീരത്തിനു വിലപറയുമ്പോള്‍ ഞാനും നീയും അവരോടു ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് പറഞ്ഞു എന്നെ അവിടെ നിന്നും വീടിനു വെളിയിലെക്കിറക്കി വിട്ടു.....

റെയില്‍വേ സ്റ്റെഷനുകളിലും ബസ് സ്റ്റാന്റുകളിലും മുല്ലപ്പു ചൂടി ഇണകളെ ആകര്ഷി ക്കുന്ന അനേകം സ്ത്രീകളെ കാണാറുണ്ട്‌.വാങ്ങിയ പണത്തിനു വൈകാരിക സുഖം അളന്നു തൂക്കി വില്ക്കുന്ന വേശ്യകള്‍ എന്നാ തലക്കെട്ടില്‍ നിന്നും വേറിട്ട്‌ നില്ക്കുന്ന ഈ സ്വഭാവ സവിശേഷതകള്‍ കൊണ്ടാവും ലക്‌ഷ്യം നിറവേറ്റാനാവാതെ തിരികെ പോരേണ്ടി വന്നിട്ടും ആ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ എന്റെ പെഴ്സിനുള്ളില്‍ അവശേഷിച്ചിരുന്നത്....

പിന്നിട് എപ്പോഴൊ ഫോണിലൂടെ വളര്ന്ന സൗഹൃദ സംഭാഷണങ്ങളിലോന്നില്‍ ആ സ്ത്രീ ഒരു കഥ പറഞ്ഞിരുന്നു...ഒരിക്കല്‍ തന്റെ വിയര്പ്പിന്‍റെ ഉപ്പും മണവും രുചിച്ചറിയാന്‍ വിരുന്നു വന്ന ഒരു പതിനെട്ടുകാരന്റെ കഥ.....
പതിനെട്ടാം വയസ്സിലും വീടിന്റെ പിന്നാമ്പുറങ്ങളില്‍ ഉണങ്ങാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രം കാണുമ്പോള്‍ മനസ്സിനുള്ളില്‍ രതിസുഖം അലതല്ലുന്ന ഒരു ചെറുപ്പക്കാരന്‍.മനസ്സിനുള്ളില്‍ അടിഞ്ഞു കൂടിയ ആ വൈകല്യത്തില്‍ നിന്നും രക്ഷപ്രാപിക്കുവാനത്രേ അന്ന് ഈ ശരീരം തേടി അവനെത്തിയിരുന്നത്....ബാല്യത്തില്‍ നിന്നും കൌമാരത്തിലെക്കുള്ള യാത്രയില്‍ എല്ലാ ആണ്കു്ട്ടികളിലും ആദ്യമായ് ലൈഗികത എന്ന വികാരം മുളയെടുക്കുന്നത് സ്വന്തം കുടുംബ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ ശരീര ദര്ശനങ്ങളില്‍ നിന്നുമാണെന്ന് ആ കൌമാരക്കാരന്‍ പറഞ്ഞപ്പോള്‍ തന്നെ സംബന്ധിച്ച് ഭൂമിയില്‍ മനുഷ്യോലപാദനത്തിന്റെ സൃഷ്ടി രഹസ്യത്തെക്കുറിച്ചുള്ള പുതിയൊരറിവായിരുന്നു..ക്രമേണ ആ വികാരം മുതിര്ന്ന പ്രയത്തിലുള്ള അന്യ സ്ത്രീകളിലെക്കും തുടര്ന്ന് സമാന പ്രായത്തിലുള്ള പെണ്കുട്ടികളിലെക്കു പകര്ന്നാടുമ്പോഴേക്കും അവന്‍ കൌമാരത്തില്‍ നിന്നും യൌവ്വനത്തിലേക്ക് എത്തിയിട്ടുണ്ടാവും, ഭൂമിയില്‍ സൃഷ്ടിയുടെ ചങ്ങലകളില്‍ ഒരു കണ്ണിയാകുവാനെന്നോണം ..നിര്ഭാഗ്യവശാല്‍ ആ പകര്ന്നാട്ടം നിലച്ചുപോകുന്നവരാകാം ഒരു പക്ഷെ പ്രായഭേദമന്യേ ലൈഗിക കുറ്റങ്ങളില്‍ അകപ്പെട്ടു പോകുന്നതും..

വര്ഷങ്ങള്ക്കു ശേഷമാണ് പ്രൈമറി വിദ്യാര്ഥികളായ മക്കളുമൊന്നിച്ചു ഞാന്‍ ദൂരെയുള്ള റിഹാബിലിറ്റെഷന്‍ സെന്റരിലേക്ക് ഒരു യാത്രപോയത്..വെന്മ നിറഞ്ഞ വസ്ത്രങ്ങളണീഞ്ഞു വീട്ടില്‍ നിന്നു സ്കൂളിലേക്കും അവിടെ നിന്നും വീട്ടിലേക്കും യാത്ര ചെയ്യുന്ന അവരെ സംബന്ധിച്ച് ഈ ലോകം സന്തോഷിക്കുന്നവരുടെയും ചിരിക്കുന്നവരുടെയും മാത്രമായിരുന്നു. എന്നാല്‍ ഭൂമിയില്‍ വേദനകളുടെ മറ്റൊരു ലോകം കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് അങ്ങനെയൊരു യാത്ര തിരഞ്ഞെടുത്തത്..

വാര്ഡ് സൂപ്രണ്ടിന്റെ പെര്മിഷനോടുകൂടി അകത്തളങ്ങളിലൂടെ നടന്നു നീങ്ങുമ്പോള്‍ സ്വന്തം വീടുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അടിച്ചിറക്കപ്പെട്ട അനേകം മനുഷ്യ ജന്മങ്ങളെ കണ്ടിരുന്നു.രോഗങ്ങളാല്‍ അവശരായവരും ശാരീരിരിക വൈകല്യങ്ങല്കൊണ്ട് പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടെണ്ടി വന്നവരും....അതിനിടയിലാണ് , യദൃശ്ചികമായി ആ പഴയ സ്ത്രീയുടെ മുഖം ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു രാത്രിയുടെ വില ചോദിച്ചതിനു ഒരു മനുഷ്യ ജീവിതത്തിന്റെഞ മുഴുവന്‍ മൂല്യങ്ങള്‍ ചൊല്ലിതന്ന അതേ മുഖം....

പഴയ സ്വഭാവങ്ങള്‍ എല്ലാം നിര്ത്തിയില്ലേയെന്ന എന്റെ ചോദ്യ രൂപത്തിലുള്ള നോട്ടം കണ്ടിട്ടാവണം അവര്‍ തന്നെ ഉത്തരം നല്കി്യിരുന്നു....അതാ ആ കട്ടിലില്‍ കിടക്കുന്ന ശരീരത്തിന്റെ പാതി ചലനമറ്റ ചെറുപ്പക്കാരനെപ്പോലെ ഒരു മകന്‍ എനിക്ക് മുണ്ടായിരുന്നു..അവന്റെ ശരീരത്തിലെ രക്തത്തിന്റെ വിലയ്ക്ക് വേണ്ടിയാണ് അന്ന് എന്റെ ശരീരത്തിലെ വിയര്പ്പിന് ഞാന്‍ വിലയിട്ടത്....അവനെ എന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടപ്പോള്‍ ഈ ശരീരം മറ്റുള്ളവര്‍ ഒഴിവാക്കിയ ഈ അനാഥര്‍ര്ക്കുതവേണ്ടി ഞാന്‍ മാറ്റി വച്ചു......
മക്കളുമായി വീട്ടിലേക്കു തിരിക്കുമ്പോള്‍ മനസ്സ് നിറയെ ചിന്തകളായിരുന്നു..വിയര്പ്പ് വില്ക്കുന്നവരെയും വിയര്പ്പ് ആസ്വദിക്കുന്നവരും തമ്മിലുള്ള അന്തരത്തെക്കുറിച്ച്....