Sunday, November 17, 2013

ത്രേസ്സ്യാമ്മ ചേടത്തിയുടെ മുലകള്‍...

ത്രേസ്യാമ്മചേടത്തിയുടെ മുലകള്‍ക്കിടയില്‍ ചുരുണ്ട് കിടന്നിരുന്ന കൊന്തയിലെ ചെറിയ ഇരുമ്പു കുരിശു എന്‍റെ കവിളില്‍ ചെറു വേദനയോടെ കുത്തി നോവിച്ചപ്പോഴായിരുന്നു വെളുപ്പാന്‍ കാലത്തെപ്പോഴോ ഉറക്കത്തിനിടയില്‍ ഞാന്‍ കണ്ണ് തുറന്നത്. തൊട്ടാല്‍ അമരുന്ന പഞ്ഞി കിടക്കമേല്‍ ചട്ടയും മുണ്ടും ധരിച്ച ത്രേസ്യാമ്മ ചേടത്തിയെ കെട്ടിപ്പിടിച്ചു കിടന്ന ഞാന്‍ ഞെട്ടി ഉണരൂമ്പോള്‍ ; തലേരാത്രി ഉറങ്ങാന്‍ കിടന്നത് കൊട്ടന്‍ ചുക്കാതി കുഴമ്പിന്റെ മണമുള്ള വല്യമ്മച്ചിയോടൊപ്പം ചാണകം മെഴുകിയ തറയില്‍ തഴപ്പായ വിരിച്ചായിരുന്നല്ലോയെന്നു മനസ്സില്‍ വിചാരിച്ചിരുന്നു . കിടക്കയില്‍ കൈ കുത്തി എഴുന്നേല്‍ക്കാനൊരുങ്ങിയപ്പോള്‍ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നുറങ്ങിയ ചേടത്തി നേരം വെളുത്തില്ലടായെന്നു പിറുപിറുത്തുകൊണ്ട് വീണ്ടുമെന്നെ തന്‍റെ മാറോട് ചേര്‍ത്തു കിടത്തിയിരുന്നു..

മുറ്റത്ത് നിന്ന വരിക്ക പ്ലാവിന്‍റെ ശിഖരത്തിലൊന്ന് കോരിച്ചോരിയുന്ന മഴയത്ത് ഇടിമിന്നലിനൊടോപ്പം ഓലപ്പുരയുടെ നെറുകയിലേക്ക് വീണപ്പോള്‍ , പാതിരാത്രിയില്‍ ഉറങ്ങിക്കിടന്നിരുന്ന എന്നെയും പെങ്ങളെയും മടിയിലിരുത്തി അമ്മയും വല്യമ്മച്ചിയും മുറ്റത്തെ കോണിലുള്ള പശുതൊഴുത്തിന്റെ ഇറയത്ത്‌ നേരം വെളുക്കുന്നതും നോക്കി കുത്തിയിരിക്കുകയായിയിരുന്നു. ഒടിഞ്ഞു വീണ ശിഖരത്തിന്നടിയില്‍ പനയോലയില്‍ നെയ്തെടുത്ത ഞങ്ങളുടെ കൊട്ടാരം തകര്‍ന്നടിഞ്ഞ ശബ്ദം അയല്‍വാസികളുടെ കാതില്‍ പതിഞ്ഞപ്പോള്‍ ഇരുട്ടിലൂടെ ആദ്യം ഓടിയെത്തിയ ത്രെസ്സ്യാമ്മ ചേടത്തിതന്നെയായിരുന്നു ആ രാത്രിയില്‍ തന്‍റെ കിടക്ക പങ്കിടുവാന്‍ ഞങ്ങളെയും കൂടെ കൂട്ടിയത്.....

അക്കാലത്ത് ലോറിയും ജീപ്പും സ്വന്തമായുണ്ടായിരുന്ന വളരെ ചുരുക്കം ചില മുതലാളിമാരില്‍ ഒരാളായിരുന്ന ചേടത്തിയുടെ ഭര്‍ത്താവ് വൈകുന്നേരങ്ങളില്‍ കള്ളുകുടിച്ചു അവരുടെ അടിവയറിന് ചവിട്ടുമ്പോള്‍ , അടുക്കള വശത്തെ കയ്യാലയിലേക്ക് ചാരിവച്ച മരക്കുരിശു കണക്കെ തെറിച്ചു വീഴുന്നത് ...... അക്കരെയുള്ള പൊളിഞ്ഞു വീണ കാട്ടുകല്ലിന്റെ വേലിക്കു മുകളില്‍ കയറി നിന്നു ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. അപ്പോളും പേടിച്ചു നിലവിളിച്ചു കരയുന്ന സണ്ണികുട്ടിയേയും അവനു താഴെയുള്ള മറ്റ് നാല് മക്കളെയും വേദന കടിച്ചമര്‍ത്തി ചെറു പുഞ്ചിരിയോട്‌ കൂടി ചേടത്തി ആശ്വസിപ്പിച്ചിരുന്നത് എങ്ങിനെയെന്ന് , അവരോടൊപ്പമിരുത്തി കഴുകിയ തേക്കിലയില്‍ ചക്കപ്പുഴുക്ക്‌ വിളമ്പിതരുമ്പോള്‍ തെല്ലൊരു അത്ഭുതത്തോടെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്....

മക്കള്‍ വലുതായി ജോലിക്കാരോക്കെ ആയപ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി
ചേടത്തിയും കുടുംബവും കവലക്കടുത്തായി വലിയൊരു വീട് വച്ച് താമസം മാറ്റിയിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ചേടത്തിയുടെ പുതിയവീടിന്നടുത്തുകൂടി പോകേണ്ടി വന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ പുതുക്കുവാന്‍ ഞാന്‍ അവിടെക്കൊന്നു എത്തി നോക്കി. മാറുന്ന അയല്‍വക്ക സംസ്കാരത്തിനൊപ്പം സ്വയം മാറ്റപ്പെടാന്‍ പറ്റാത്തതുകൊണ്ടാവണം വീട്ടിലെ പുതുതലമുറയുടെ ആവശ്യപ്രകാരം ചേടത്തിയുടെ ചലനങ്ങള്‍ ആ നാല് ചുവരുകള്‍ക്കുള്ളില്‍ നിജപ്പെടുത്തിയിരുന്നു.

പണ്ട് മരംപെയ്ത സന്ധ്യയില്‍ അവരോടൊത്ത് കിടന്ന ആ രാത്രിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ചുരുണ്ടുകൂടി കിടന്ന കൊന്തയും കുരിശും അവിടെ തന്നെ ഉണ്ടോ എന്നറിയുവാന്‍ ത്രേസ്സ്യാമ്മ ചേടത്തിയുടെ മാറിലേക്ക്‌ ഞാന്‍ സൂക്ഷിച്ചുനോക്കിയിരുന്നു. ദേഹത്തു വിരിച്ചിരുന്ന ഷാള്‍ എടുത്തുമാറ്റി ചട്ടയുടെ അഗ്രം മുകളിലേക്ക് ഉയര്ത്തുമ്പോള്‍ ഉള്ളില്‍ തരിശു ഭൂമി പോലെ നിരപ്പായിരുന്നു...സ്തനാര്ബുധത്തിനു പ്രതിവിധിയെന്നോണം രണ്ട്‌ മുലകളും നീക്കം ചെയ്യുമ്പോള്‍ ചേടത്തി അറിഞ്ഞിരുന്നില്ല നഷ്ടപ്പെട്ട മുലകള്‍ക്കൊപ്പം തീറെഴുതിയത് ..... ആ പാനപാത്രത്തിനുള്ളില്‍ ഒരുക്കി വച്ചിരുന്ന ജീവാമൃതം രുചിച്ചു വളര്‍ന്ന മക്കളുടെ സ്നേഹം കൂടിയായിരുന്നെന്നു..

അടച്ചിട്ടമുറിക്കുള്ളില്‍ അല്‍പനേരംകൂടി സംസാരിച്ചിരിക്കുവാന്‍ ഇനിയും വരാമെന്ന് ഉറപ്പുകൊടുത്ത് പിരിയുമ്പോള്‍ വല്യമ്മച്ചി പലപ്പോഴും എന്നോട് പറയാറുള്ളത്‌ ഞാന്‍ ഒര്മിച്ചിരുന്നു. നിത്യചിലവിനായി അമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ വിശന്നു കരയുന്ന എന്നെ പകലത്രെയും മുലയൂട്ടിയിരുന്നത് ഇതേ ത്രേസ്സ്യാമ്മ ചേടത്തി ആയിരുന്നത്രെ. മുറിച്ചുമാറ്റിയ മുലകള്‍ക്കൊപ്പം നഷ്ടമായത് എന്‍റെ ശ്വാസം കൂടിയായിരുന്നു.....
............................................................................................................................
മുണ്ടും ചട്ടയും -- ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകളുടെ പാരമ്പര്യ വേഷം.
തേക്കില -- കപ്പയും ചക്കയും പുഴുങ്ങുമ്പോള്‍ പാത്രം കഴുകുന്നത് ഒഴിവാക്കുവാനും തേക്കുമരത്തിന്റെ ഇലയില്‍ കിഴക്കന്‍ ഗ്രാമങ്ങളില്‍ കഴിക്കുമായിരുന്നു..

Friday, November 8, 2013

കുമുദിനി ടീച്ചര്‍

അതിരാവിലെ എണീറ്റ്‌ പല്ല് തേക്കാതെ, കുളിക്കാതെ ,ഒന്ന് മൂത്രം പോലും ഒഴിക്കാതെ രണ്ടു മുറികളെയും വേര്‍തിരിക്കുന്ന അലമാരക്കിടയിലുളള ഒരു ചെറു ദ്വാരത്തിലൂടെ അടുത്ത മുറിയിലേക്ക് നോക്കി കണ്ണും നട്ട് ഇരിന്നിരുന്നു ,.അടുത്ത മുറിയില്‍ നിന്നും കുളികഴിഞ്ഞു ഈറനായി ഇറങ്ങി വരുന്ന പുതിയതായി വന്ന വാര്‍ഡന്‍റെ നഗ്നത നിറഞ്ഞ ശരീരം കാണുവാനായി.ഇനി തന്റെ ഊഴമാണെന്ന് പറഞ്ഞു കൂടെ താമസിക്കുന്ന അട്ടയും മസ്കുവും (ഹോസ്റലില്‍ ചേര്‍ന്ന് കഴിയുമ്പോള്‍ ജ്ഞാനസ്നാനം ചെയ്തിടുന്ന പേരുകള്‍) എന്നെ തള്ളി മാറ്റുമ്പോള്‍ ,അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറുന്ന പാക്കിസ്ഥാന്‍ തീവ്രവാദികലോടുള്ള ദേഷ്യമായിരുന്നു എന്റെ മനസ്സു നിറയെ..

നാട്ടകം പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ മുടിയന്മാരായ വിദ്യാര്‍ഥികളെ മെരുക്കുവാന്‍ കഴിയാനാവാതെ ആണായി പിറന്ന വാര്‍ഡന്മാരെല്ലാവരും തലകുനിച്ചു തോറ്റ് പിന്മാറിയപ്പോഴായിരുന്നു ആ ദൗത്യം സ്വയം ഏറ്റെടുത്ത് തല ഉയര്‍ത്തിപ്പിടിച്ച സിംഹത്തിന്റെ ശൌര്യവുമായി ഒരു അധ്യാപിക ഹോസ്റ്റലിന്റെ പടികള്‍ കടന്നെത്തിയത്....

ദ്വാരങ്ങള്‍ വീണ, നിറം മങ്ങിയ ഷഡികള്‍ കൊണ്ട് തോരണം കെട്ടിയ ജനല്‍ കമ്പികളും സിനിമാ
വാരികകളിലെ നടുപേജിലെ തുണിയുടുക്കാത്ത സിനിമാ നടികളുടെ ചിത്രങ്ങളും കൊണ്ട്
അലന്കൃതമായ ഹോസ്റ്റലിനുള്ളിലേക്ക് ഒരു സ്ത്രീ, വാര്‍ഡനായി വരുകയാണന്നറിഞ്ഞപ്പോള്‍ ജാള്യത നിറഞ്ഞ അത്ഭുതത്തോടൊപ്പം കൌമാരത്തില്‍ കാണുവാന്‍ കൊതിക്കുന്ന ജിജ്ഞാസാവഹമായ പല കാഴ്ചകളും കാണുവാന്‍ കഴിയുമെന്നോര്‍ത്തുള്ള കുളിരോടുകൂടിയുമാണ്‌ അവിടത്തെ അന്തേവാസികളെല്ലാം ആ വാര്‍ത്ത സ്വീകരിച്ചത്....

ഓരോ രണ്ടു മിനിട്ടിലും പരസ്പരം തള്ളി മാറ്റി അലമാരയുടെ താഴെ തട്ടിലുള്ള ചെറിയ
ദ്വാരത്തിലൂടെ ഒളിച്ചു നോക്കുമ്പോള്‍ ഞങ്ങളെല്ലാവരെയും നിരാശരാക്കി ആ അധ്യാപിക തന്‍റെ മുറിയോട് ചേര്‍ന്നുള്ള ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വന്നത് പൂര്‍ണ വസ്ത്ര ധാരിണിയായി കോളേജിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പില്‍ തന്നെയായിരുന്നു... തന്‍റെ മുറിയില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ എല്ലാ ഭിത്തികളിലെയും വാതിലും ജനലുകളും പരിശോധിച്ച് ചെറുദ്വാരങ്ങളുടെ സ്ഥാനങ്ങള്‍ തിട്ടപ്പെടുത്തിയിരുന്നെന്ന് അന്ന് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞെത്തിയ ഉടനെ അലമാരയിലെ സുക്ഷിരം ഞങ്ങളെക്കൊണ്ട് തന്നെ അടപ്പിക്കുമ്പോള്‍ ബുദ്ധിമതിയായ ടീച്ചര്‍ പറഞ്ഞിരുന്നു....

പുറത്ത് മഴ ചാറിയ ഒരു രാത്രിയില്‍ തുറന്നിട്ടിരുന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ അതിനടുത്തായി ഉറങ്ങി കിടന്നിരുന്ന എന്‍റെ മുതുകത്ത് , ഹോസ്റ്റലിന്റെ മുറ്റത്ത്‌ കാട് കയറി കിടന്ന കമ്മ്യുണിസ്റ്റ് പള്ളയുടെ കമ്പ് കൊണ്ട് കുത്തി എഴുന്നെല്പ്പിക്കുമ്പോഴായിരുന്നു ഞാനും ആ സ്ത്രീയുമായുള്ള വൈകാരികമായ ബന്ധത്തിനു തുടക്കമിടുന്നത്.അവധി ദിവസമായ വെള്ളിയും ശനിയും തിരുവനന്തപുരത്തുള്ള തന്‍റെ ഭര്‍ത്താവിനെയും മക്കളെയും കണ്ടു മടങ്ങി തിരിച്ചു നാട്ടകത്തെ ഹോസ്റ്റലില്‍ എത്തുമ്പോള്‍ പാതിരാത്രിയോടടുക്കുമായിരുന്നു.

അത്താഴം കഴിഞ്ഞു നാല് പെഗ്ഗ് അടിച്ചു കൂര്‍ക്കം വലിച്ചുറങ്ങുന്ന സെക്ക്യുരിറ്റിക്കാരനെ വിളിച്ചെഴുന്നെല്‍പ്പിച്ചു ടീച്ചറെ ഹോസ്റ്റലിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് എന്നില്‍ മാത്രം നിക്ഷിപ്തമായിരുന്ന ചുമതലയായിരുന്നോയെന്നു ഇതേ സംഭവം പലതവണ ആവര്‍ത്തിക്കുമ്പോള്‍ എനിക്ക് തോന്നാതിരുന്നില്ല.

പിന്നീട് ഹോസ്റ്റലിലെ അന്തേവാസികളെല്ലാം മൂടിപ്പുതച്ച് ഉറങ്ങുന്ന സമയത്ത് കാന്റീനിലിലെ പലക വാതില്‍ ശബ്ദമുണ്ടാക്കാതെ തള്ളിതുറന്നു മലര്ത്തിയിടുമ്പോള്‍ അതിനിടയിലൂടെ ഊളിയിട്ട് അടുക്കളയില്‍ കയറി വെള്ളം ഒഴിച്ചിട്ടിരിക്കുന്ന ചോറ് കലത്തില്‍ നിന്നും രണ്ടു തവി കഞ്ഞി , വക്ക് ചളുങ്ങിയ സ്റ്റീല്‍ പാത്രത്തിലിട്ട് ഇറങ്ങി വരുമ്പോള്‍ ഞാനോരുക്കില്‍ അവരോടു ചോദിച്ചിരുന്നു “ പാതിരാത്രിയില്‍ ഇത്രയും ദൂരം യാത്ര ചെയ്തു ഒറ്റയ്ക്ക് വരുവാന്‍ ടീച്ചര്‍ക്ക് ഭയമില്ലെയെന്നു..”

അതിനു മറുപടിയായി അവര്‍ ,അച്ചാറിന്റെ രക്ത നിറം അലിഞ്ഞിറക്കുന്ന കഞ്ഞി പാത്രം ആഹാര ശകലങ്ങളുടെ അഴുക്കുകള്‍ അവശേഷിപ്പിച്ച, അരികുകള്‍ അടര്‍ന്നു വീണ സിമന്റു മേശയില്‍ വച്ചിട്ട്, തന്റെ മാറിലെ സാരിതലപ്പിന്റെ മേല്‍പ്പാളി അല്പം മാറ്റി ബ്രേസ്സിയറിനുള്ളില്‍ നിന്നും മൂന്നായി മടക്കിയ ചെറു പിച്ചാത്തി പുറത്തെടുത്തു എന്നോട് പറഞ്ഞു.
.” നോക്ക് , ഇതും അല്പം ചങ്കുറപ്പും മാത്രം മതി ,ഏതു പാതിരാത്രിയിലും എവിടെയും ഒറ്റയ്ക്ക്
പോകുവാന്‍ “.

ഹോസ്റ്റലിലെ ബെഡിന്നടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന കൊച്ചു പുസ്തകങ്ങള്‍ (കമ്പി പുസ്തകങ്ങളെന്നു ഹോസ്റ്റല്‍ ഭാഷ്യം )വായിച്ചു നിര്‍വൃതിയടഞ്ഞു കിടന്നുറങ്ങുമ്പോള്‍ സ്വപ്നത്തില്‍ വരുന്ന കഥാനായിക സമ്മാനിച്ച , ബെഡ്ഷീറ്റിലെ നനഞു വെളുത്ത വട്ടത്തിലുള്ള പാണ്ടുകള്‍ ഞാന്‍ എല്ലാ ദിവസവും അലക്കി വൃത്തിയാക്കാന്‍ തുടങ്ങിയത് , ടീച്ചര്‍ വൈകുന്നേരങ്ങളില്‍ എല്ലാ മുറികളിലൂടെയും സ്ഥിരമായി റൌണ്ടിങ്ങിനു വരുമ്പോള്‍ ചിലപ്പോഴൊക്കെ എന്റെ ബെഡ്ഡില്‍ ഇരുന്നു സംസാരിക്കാറുള്ളത് കൊണ്ട് മാത്രമായിരുന്നു....

ഒരിക്കല്‍ ഹോസ്റ്റല്‍ അന്തേവാസികള്‍ ആരാധനയോടെ നോക്കിയിരുന്ന കോളേജിലെ പ്രധാനിയും രാഷ്ട്രീയ നേതാക്കളില്‍ ഒരുവനുമായിരുന്ന “ കടുവ തമ്പി” യെന്ന സുഹൃത്ത് ചെറു തമാശയെന്നോണം വൈകിട്ട് കറണ്ട് പോയ സമയത്ത് മുറിയിലൂടെ റൌണ്ടിങ്ങിനു വന്ന ടീച്ചറെ പുറത്ത് നിന്നും പൂട്ടിയിടുമ്പോള്‍ , അല്പം വ്യസനത്തോടെ ഒരിക്കല്‍ അവര്‍ എന്നോട് പറഞ്ഞു.......
” ആണ്‍കുട്ടികള്‍ മാത്രമുള്ള ഈ ഹോസ്റ്റലില്‍ വാര്‍ഡനായി എത്തിയത് നിങ്ങളോയെക്കെ സ്നേഹിച്ചു എനിക്ക് ആണ്‍ സന്തതികളെ നല്‍കാത്ത ദൈവത്തോടുള്ള വാശി തീര്‍ക്കാനാണ്‌.”

ഒരു അവധി ദിവസം അവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ടു സുഹൃത്തുക്കളോടൊപ്പം എന്നെയും കൂട്ടികൊണ്ട് ഒരിക്കല്‍ ഏറ്റുമാനൂരുള്ള ശിവക്ഷേത്രത്തില്‍ പോയി. പ്രാര്‍ത്ഥന കഴിഞ്ഞു വെളിയില്‍ വരുമ്പോള്‍ കയ്യിലിരുന്ന പ്രസാദം എന്റെ നെറുകയില്‍ ചാര്ത്തികൊണ്ട് അവര്‍ പറഞ്ഞിരുന്നു.
” മൂന്നാം വയസ്സില്‍ ദൈവം തിരികെയെടുത്ത എന്‍റെ മകന്‍റെ പിറന്നാള്‍ ദിനമാണ് ഇന്ന്.”

അമ്പലത്തിന്‍റെ ചുറ്റുമതിലിനു വെളിയിലെക്കിറങ്ങുമ്പോള്‍ ഇടവഴിയിലൂടെ അതിവേഗതയില്‍ പോയ കാര്‍ തട്ടിയിട്ട ഒരു നായകുട്ടി, കാലൊടിഞ്ഞു വഴിയോരത്തേക്കു തെറിച്ചു വീണിരുന്നു. ഉടുത്തിരുന്ന സാരിയുടെ തുമ്പ് വലിച്ചു കീറി നായകുട്ടിയുടെ കാലില്‍ കെട്ടിവെച്ചു അതിന്റെ എഴുന്നേല്‍പിച്ചു നടത്തിച്ചു വിടുമ്പോള്‍ എന്നെപ്പോലെ തന്നെ കൂടെ വന്ന അവരുടെ മറ്റ് രണ്ടു സഹപ്രവര്‍ത്തകരും അക്ഷമരായി മുഖത്തോടുമുഖം നോക്കി നിന്നിരുന്നു..

സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരം സെന്‍ട്രല്‍ പോളിയിലേക്ക് പോകുമ്പോള്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇല്ലാതിരുന്നതിനാലാവണം തിരക്കേറിയ ജീവിതത്തിന്നിടയില്‍ ടീച്ചറുമായുള്ള ബന്ധം ഇടയ്ക്കു വച്ചു നഷ്ടപ്പെട്ടിരുന്നത്.......

എങ്കിലും ഇന്നും അവരെക്കുറിച്ച് അറിയാവുന്നവരോടൊക്കെ ഞാന്‍ ചോദിക്കാറുണ്ട് .. “കുമുദിനി ടീച്ചറിനെക്കുറിച്ച് വല്ല വിവരവും ഉണ്ടോയെന്ന്” ...ചില ജന്മങ്ങള്‍ അങ്ങിനെയാണ് ....തെല്ലു നേരത്തേക്ക് വന്ന് സ്നേഹം ചൊരിഞ്ഞു പോയിമറയും. മായാത്ത സ്നേഹക്ഷതങ്ങള്‍ ഹൃദയത്തില്‍ ഏല്‍പ്പിച്ചിട്ട്‌........

Tuesday, November 5, 2013

ആത്മഹത്യകള്‍ ഉണ്ടാവുന്നത്..

പതിവ് പോലെ വൈകുന്നേരം ട്യുഷന്‍ പഠിപ്പിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ആ വീട്ടില്‍ എത്തിയത്.. അടച്ചിട്ട വാതിലില്‍ തട്ടി വിളിക്കുമ്പോള്‍ അകത്തു നിന്നും ആള്പെരുമാറ്റം ഒന്നും തന്നെ കേട്ടിരുന്നില്ല,,വീട് അടച്ചിട്ട് എല്ലാവരും ഒരുമിച്ച് പുറത്ത് പോകാറുള്ളപ്പോള്‍ സാധാരണ എന്നെ മുന്‍‌കൂര്‍ അറിയിക്കുകയാണല്ലോ പതിവെന്ന് മനസ്സില്‍ വിചാരിച്ചു ഒന്ന് കൂടി ഞാന്‍ വിഷ്ണു എന്ന് ഉറക്കെ വിളിച്ചു കതകില്‍ തട്ടി.....അപ്പോള്‍ അകത്തു നിന്നും സ്റ്റൂള്‍ മറിഞ്ഞു വീഴുന്നതോടൊപ്പം വാതില്ക്കലേക്ക് ആരോ നടന്നു വരുന്ന ശബ്ദവും അടുത്തുവരുന്നത് കേള്ക്കാമായിരുന്നു...

വാതില്‍ തുറന്നു അകത്തേക്ക് പ്രവേശിക്കുമ്പോള്‍ പൊട്ടി കരഞ്ഞുകൊണ്ട്‌ അവന്‍ എന്റെ മാറിലേക്ക്‌ ചേര്ന്ന് കെട്ടിപിടിച്ചിരുന്നു...അപ്പോഴും പിന്നില്‍ മറിഞ്ഞു വീണ കസേരക്ക് മുകളിലായി മേല്ക്കൂരയില്‍ ഫാനിനായി ഘടിപ്പിച്ച ഇരുമ്പു കമ്പിയില്‍ കോര്ത്തിട്ടിരിക്കുന്ന അവന്റെ അമ്മയുടെ സാരിതുമ്പും എനിക്ക് വ്യക്തമായി കാണാമായിരുന്നു..

എട്ടാംക്ലാസ് വിദ്യാര്ഥിയായ അമല്‍ രാഘവിനെ ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌ വിഷ്ണു എന്നായിരുന്നു..ഞാന്‍ പഠിച്ചിരുന്ന അതേ കോളേജില്‍ ജോലി ചെയ്തിരുന്ന അവന്റെ അമ്മയും നാട്ടിലെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അവരുടെ ഭര്ത്താവും മാത്രമായിരുന്നു ആ വീട്ടിലെ മറ്റ് അംഗങ്ങള്‍. സയന്സും കണക്കും പഠിപ്പിക്കുവാനായി ഒരു ട്യുഷന്‍ അദ്ധ്യാപകന്റെ വേഷവുമായി ഞാന്‍ അവിടെ പ്രത്യക്ഷപ്പെട്ടിരുന്നത് എന്റെ കോളേജു പഠനത്തിന്റെന ചിലവിനോപ്പം കൂട്ടുകാരോടൊത്തു ചിലവഴിക്കാനുള്ള ചില്ലറകള്‍ക്കുവേണ്ടിയുമായിരുന്നു. ഭര്ത്താ വും ഭാര്യയും ഏക മകനും മാത്രമുള്ള ഒരു ചെറിയ കുടുംബം സന്തോഷത്തോടെ ജീവിക്കുന്നതെങ്ങിനെയെന്ന് ഞാന്‍ പഠിച്ചതും അവരില്‍ നിന്നായിരുന്നു....

അതേ കോളേജിലെ സന്യാസിവര്യനായ ഒരദ്ധ്യാപകന്റെ കാമം ഉദ്ധീപിപ്പിക്കുന്ന പ്രണയലേഖനം വിഷ്ണുവിന്റെ അമ്മയുടെ പേരില്‍ എത്തുന്നതോടെയായിരുന്നു ആ വീടിന്നുള്ളിലെ സന്തോഷകരമായ ജീവിതത്തിനുമേല്‍ അശാന്തിയുടെ നിഴല്‍ വീണത്‌..ഭര്ത്താവിന്റെ ആദ്യ താക്കീത് അവഗണിച്ചുകൊണ്ട് ആ സ്ത്രീയുടെ ഓരോ ശരീര ഭാഗങ്ങളെയും ഒന്നൊന്നായി പുരാണങ്ങളിലെ നായികമാരോട് ഉപമിച്ചു അവരെ പ്രാപിക്കാന്‍ താന്‍ കാത്തിരിക്കുന്നുവെന്ന് ആ അദ്ധ്യാപകന്‍ രണ്ടാം തവണയും കത്ത് അയക്കുമ്പോഴായിരുന്നു ഭാര്യയും ഭര്ത്താ വും ഒരുമിച്ചു അടുത്തുള്ള പോലീസ് സ്റെഷനില്‍ അയാള്ക്കെതിരെ പരാതിയുമായി പോയത്....

അടുത്ത ദിവസം രാവിലെ പത്രം തുറക്കുമ്പോള്‍ കണ്ടത് അധ്യാപകന്റെ പീഡനത്തിനു ഇരയാകേണ്ടി വന്ന ആ സ്ത്രീയുടെ പരാതിയെക്കുറിച്ചുള്ള പത്രവാര്ത്തവയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ നാട്ടിലും കോളേജിലും ചര്ച്ചാ്വിഷയമായിരുന്നത്‌ അവരുടെ ചാരിത്ര്യ ശുദ്ധിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളായിരുന്നു....

കേസിന്റെ ആവശ്യത്തിനായി ഭര്ത്താവും ഭാര്യയും പുറത്ത് പോയപ്പോഴായിരുന്നു ആ വീട്ടിലെത്തി ഞാന്‍ കതകില്‍ മുട്ടിയത്...

പെറ്റമ്മയുടെ ചാരിത്ര്യശുദ്ധിയെ കുറിച്ചുള്ള കെട്ടുകഥകള്‍ പറഞ്ഞു ചിരിച്ച സ്കൂള്‍ കുട്ടികള്ക്ക് മുന്നില്‍ അപഹാസ്യനായപ്പോഴായിരുന്നു വിഷ്ണു എന്ന അവരുടെ മകന്റെ മനോനില തെറ്റിയത് .അതുവരെ ചിരിച്ചുകളിച്ചു കുശലം പറഞ്ഞിരുന്ന ആ കുട്ടിക്ക് മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് സംഭവിച്ച മാറ്റങ്ങള്‍ വേദനാജനകമായിരുന്നു.

ആഹാരം കഴിക്കാനാവാതെ സ്കൂള്‍ വിട്ടു വന്നു അടിച്ചിട്ട മുറിക്കുള്ളില്‍ കഴിയേണ്ടി വന്ന വിഷ്ണുവിന് അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്ഷകങ്ങള്‍ തീര്ച്ചയായും അവന്റെ പ്രായത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു..കൂട്ടുകാരുടെപരിഹാസങ്ങളില്‍ മനംമടുത്ത് ആല്മ്ഹത്യക്കുവേണ്ടി അവന്‍ ശ്രമിക്കുമ്പോള്‍ കഴുത്തില്‍ കുരുക്കിടുന്നതെങ്ങിനെയെന്നു അറിയാനാവാതെ ചിന്തിക്കുമ്പോഴായിരുന്നു ആ കതകില്‍ ഞാന്‍ തട്ടിയതും വിഷ്ണുവെന്നു ഉറക്കെ വിളിച്ചതും .ഒരു ട്യുഷന്‍ അദ്ധ്യാപകനേക്കാളുപരി നല്ലൊരു ഏട്ടനായും സുഹൃത്തായും ആ കൊച്ചു മനസ്സില്‍ എനിക്കൊരു സ്ഥാനം ഉണ്ടായിരുന്നതു കൊണ്ട് മാത്രമായിരുന്നു എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ ആ കതകു തുറക്കാന്‍ തോന്നിയതെന്ന് പിന്നീടൊരിക്കല്‍ എന്നോടവന്‍ പറഞ്ഞിരുന്നു ...

Saturday, November 2, 2013

ചുവന്ന പട്ടുസാരി.......

കുളിമുറിയുടെ വാതില്‍ തുറന്ന് അവള്‍ ഇറങ്ങി വരുന്നത് നോക്കി വൈകുന്നേരങ്ങളില്‍ 
വീടിനു മുന്നിലുള്ള പൂക്കള്‍ക്കിടയില്‍ ഞാന്‍ നിlല്‍ക്കാറുണ്ട്,ചെടികള്‍ക്ക് 
വെള്ളം ഒഴിക്കുന്നുവെന്നപോലെ .അയാളുടെ കൈപിടിച്ച് റോഡിനപ്പുറമുള്ള ആ 
കൊച്ചു വീട്ടിലേക്കു ആദ്യമായി കടന്നു വരുമ്പോള്‍ , അവള്‍ ഉടുത്തിരുന്നത് 
സ്വര്‍ണ്ണ നൂലിന്റെ ബോര്‍ഡറുള്ള ഒരു ചുവന്ന പട്ട് സാരിയായിരുന്നു.മുപ്പത്തഞ്ചു 
വര്‍ഷങ്ങള്‍ കടന്നു പോയെങ്കിലും ആ വീടിന്റെ ഇറയത്തോടു ചേര്‍ന്നുള്ള
അടര്‍ന്നു വീഴാറായ കുളിമുറിയില്‍ നിന്നും അവള്‍ ഇറങ്ങി വരുമ്പോള്‍ ഈറനണിഞ്ഞ
നരച്ച മുടിയിഴകളും വെളുത്ത ബ്ലൌസിനുള്ളില്‍ ചുരുങ്ങിയമര്‍ന്ന മാറിടവും ആ
ചുവന്ന പട്ടുസാരിക്കാരിയെന്നപോലെ ഇന്നും ഞാന്‍ ആസ്വദിക്കാറുണ്ട്.

ചെറിയ വീടിനോട് ചേര്‍ന്നുള്ള ഒരു തുണ്ട് മണ്ണിലാണ് അവള്‍ക്കും മുന്നേ
നടന്നകന്ന ഭര്‍ത്താവും മകനും അന്തിയുറങ്ങുന്നത്.ഏകയായ് ഈ വാര്‍ദ്ധക്യത്തിലും
വിറകടുപ്പിലെ പുകയൂതി മടുക്കുമ്പോള്‍ അടുക്കളയുടെ തിണ്ണയില്‍ വന്നിരുന്നു
അവള്‍ പലപ്പോഴും ആവലാതി പറയുന്നത്‌ കാണാറുണ്ട്‌, ആറടിക്കപ്പുറം
കാവലിരിക്കുന്ന തന്‍റെ പ്രിയതമനോടും മകനോടും.ഒരു പക്ഷെ ഇന്നലെയവള്‍
പറഞ്ഞിരുന്നത് തന്‍റെ കുടിലിന്റെ അതിര്‍ത്തിയില്‍ വളര്‍ന്നു വരുന്ന
കൊണ്ക്രീറ്റു കൂനകളെക്കുറിച്ചും നാളെ ജെ സി ബിയുമായി വന്നു തന്റെ
പ്രിയപ്പെട്ടവരുടെ അസ്ഥിമാടം നെടുകെക്കീറി കൈവശപ്പെടുത്താനിറങ്ങിയിരിക്കുന്ന
അയല്‍വാസികളായ ഭൂമാഫിയകളെക്കുറിച്ചുമായിരുന്നിരിക്കണം.

ഇന്നു രാവിലെ കൂട്ടം കൂടി നിന്ന ആളുകള്‍ക്കിടയിലൂടെ ആ വൃദ്ധയുടെ ജീവനറ്റ ശരീരം
മുന്‍സിപ്പാലിറ്റിയുടെ ആമ്പുലന്സിലേക്ക് എടുത്തു വയ്ക്കുമ്പോള്‍ അവളെ
പുതപ്പിച്ചിരുന്നത് ആ ചുവന്ന പട്ടുസാരിതന്നെയായിരുന്നു.റോഡിനിപ്പറമുള്ള വീടിന്റെ
തിണ്ണയില്‍ പ്രായം പാതി തളര്‍ത്തിയ ശരീരവുമായി ഞാനിരിക്കുമ്പോള്‍
തിരിച്ചറിയുന്നു അവള്‍ ഒരു ജന്മാന്തരം ഒറ്റക്ക് നെഞ്ചിലേറ്റിയ വേദന..മുറ്റത്തെ
പൂച്ചെടികള്‍ക്കിടയില്‍ നിന്നും ആ പട്ടുസാരിയോടുള്ള പ്രണയാര്ദ്രമായിമായി ഞാന്‍ നട്ടു
വളര്‍ത്തിയ ചുവന്ന റോസാ ചെടിയും അപ്പോള്‍ വാടികൊഴിഞ്ഞിരുന്നു...