Tuesday, August 19, 2014

ഷൈനറാക് ...


വിഷം കലര്‍ത്തിയ ചോറും കറിയും വിളമ്പി വച്ച് അപ്പനും അമ്മയും ഞങ്ങളെ അത്താഴം കഴിക്കാന്‍ വിളിക്കുമ്പോള്‍, സംശയം തോന്നിയ വല്യമ്മച്ചി അത് തട്ടി തെറിപ്പിച്ച് ഞങ്ങളുടെ അവസാനത്തെ അത്താഴം മുടക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. 

വീടും പറമ്പും ബാങ്കില്‍ പണയപ്പെടുത്തി രണ്ട് അര്‍ബുദ രോഗികളെ ചികല്സിച്ചു കുടുംബത്തെ സന്തോഷകരമായി നയിച്ചപ്പോള്‍, ജപ്തി നടപടിക്കായി ബാങ്കുകാര്‍ കൊട്ടും കുരവയുമായി എത്തുന്നതിന്‍റെ രണ്ട് നാള്‍ മുന്‍പാണ് ലാസ്റ്റു സപ്പറിന്റെ നടപടി ക്രമങ്ങള്‍ അപ്പനും അമ്മയും ചേര്‍ന്ന് രൂപകല്‍പന ചെയ്തത്.

തുച്ഛമായ വിലക്ക് അയല്‍വാസിക്ക് പുരയിടം തീറെഴുതി വാടക വീട്ടിലേക്ക് താമസം മാറുമ്പോള്‍ ജപ്തി നടപടിയില്‍ നിന്നും ഒഴിവാകുക മാത്രമല്ല ഭൂമിയുടെ അവകാശിയെന്ന മേല്‍വിലാസംകൂടിയാണ് അന്ന് നഷ്ടമായത്...

സുഹൃത്തായ സുനിലിന്റെ ചിലവില്‍ അവനോടൊപ്പം എഞ്ചിനീറിംഗ് എന്‍ട്രന്സ് പരീക്ഷ എഴുതി അഡ്മിഷന് ലഭിക്കുമ്പോള്‍ അവന്റെ അമ്മ എന്‍റെ കീശയില്‍ നിക്ഷേപിച്ച പോക്കറ്റ് മണിയുമായാണ് ഞാന്‍ ആദ്യദിനം കോളേജില്‍ എത്തിചേര്‍ന്നത്‌.പിന്നീട് സഹപാഠിയായ ഷീജിത്ത് ഒരു രക്ഷകര്‍ത്താവ് എന്ന പോലെ എന്റെ സാമ്പത്തിക ചിലവുകളില്‍ സഹായി ആയതുമെല്ലാം , ഞാന്‍ പണിത സ്വപ്ന ഗൃഹത്തിന്റെ അടിത്തറയുടെ മൂലകല്ലുകളാണ്.

പഠനം പൂര്‍ത്തിയാക്കി ഗള്‍ഫിലേക്ക് വണ്ടികയറുമ്പോള്‍ മനസ്സിലാകെയുണ്ടായിരുന്നത് ഭൂമിക്കു അവകാശിയെന്നു പറയുവാന്‍ ഒരഞ്ച് സെന്റു സ്ഥലം വാങ്ങുക എന്ന സ്വപനം മാത്രമായിരുന്നു.

ആഗ്രഹവും നിറവേറ്റി പിന്നീട് ഞാന്‍ ജോലി ചെയ്യുവാന്‍ പോയത് കസാക്കിസ്ഥാന്‍ എന്ന ഹിമപാളികളാല്‍ മൂടപ്പെട്ട തണുപ്പേറിയ രാജ്യത്തേക്കാണ്.ഏറെക്കാലത്തെ എന്റെ സ്വപ്നമായ സ്വന്തമായ ഒരു വീടും അതിനേക്കാള്‍ സ്വന്തമായി ഈ ഭൂമിയില്‍ ഒരു മേല്‍വിലാസം എന്ന ആഗ്രഹവും നിറവേറ്റിയത്, കമ്പനിയുടെ ജോലിക്കാര്‍ക്കുവേണ്ടി നല്‍കിയ ഷൈനറാക് വില്ലേജ് എന്ന വീട്ടില്‍ താമസിച്ചുകൊണ്ടായിരുന്നു.

കസാക്കി ഭാഷയില്‍ ഷൈനറാക് എന്ന വാക്കിന്‍റെ അര്‍ത്ഥം തറവാട് എന്നതായിരിക്കെ, ആ വാക്ക് കടമെടുത്ത് ഞാനും സ്വന്തം നാട്ടില്‍ ഷൈനറാക് എന്ന തറവാട് പണിയുകയായിരുന്നു...

വിവിധ ഭൂഖണ്ടങ്ങളിലെ പത്തോളം രാജ്യങ്ങളില്‍ ജോലി ചെയ്തും അന്തിയുറങ്ങിയും അവരുടെ ജീവിത സംസ്ക്കാരങ്ങള്‍ ഉള്‍ക്കൊണ്ടും ഇന്നും ഞാന്‍ ജൈത്രയാത്ര തുടരുന്നത് , വിഷം കലര്‍ത്തിയ അത്താഴം തട്ടിത്തെറിപ്പിച്ച് മുന്നോട്ടു ജീവിക്കുവാന്‍ വല്യമ്മച്ചി കാണിച്ച ചങ്കൂറ്റം ഒന്നുകൊണ്ട്തന്നെയാണ്....

###വായിക്കുന്ന ഒരാള്‍ക്കെങ്കിലും തന്റെ ജീവിതം പൂജ്യത്തില്‍ നിന്നും മുന്നോട്ടു നയിക്കുവാനുള്ള ആത്മധൈര്യം ഉണ്ടാകട്ടെയെന്നുള്ള ആഗ്രഹത്താലാണ് ഈ തുറന്നെഴുത്ത്..

Tuesday, July 22, 2014

ശിഖണ്ടി പറഞ്ഞ കഥ....


മാട്ടുംഗയിലെ പബ്ലിക് പാര്‍ക്കിലിരുന്ന് ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ വായിക്കുമ്പോഴായിരുന്നു അവള്‍ അതുവഴി നടന്നു വന്നത് .തല്‍ക്കാലം അവള്‍ എന്ന് വിളിക്കാം. അലസമായുടുത്ത സാരിയുടെ കൂന്താണി മാറില്‍ നിന്നും ഉടനെ  തെന്നിവീഴും എന്ന പോലെ പടര്‍ത്തിയിട്ട്‌ ,  മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെ  അടുത്ത്‌ വരുമ്പോള്‍ ആളുകള്‍ അവരുടെ ശിരസ്സ്‌  അല്പം പിന്നിലേക്ക്‌ ചരിച്ചു, അറപ്പോടുകൂടി  എന്തെങ്കിലും ചില്ലറകൊടുത്തു ഒഴിവാക്കുന്നത് മുംബൈ നഗരിയിലെ സ്ഥിരം കാഴ്ചകളായിരുന്നു.

രണ്ടാഴച്ച മുന്നെയൊരിക്കല്‍ ഉച്ചയൂണ് കഴിഞ്ഞ ഒരു ഇടനേരത്താണ്  ഇതുപോലെ ഒരുവള്‍ ഓഫീസ് പടിക്കല്‍ വന്നു കൈകള്‍ കൂട്ടിയടിച്ച്‌ ഒരു പ്രത്യേക താളത്തിലുള്ള ശബ്ദമുണ്ടാക്കി എന്റെ നേരെ കൈ നീട്ടിയത്. . ഓരോ പത്തു രൂപയിലും അവളുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാം  എന്ന് പറയുമ്പോള്‍ വിവാഹം കഴിയാത്ത എന്നെ സംബന്ധിച്ച് ഒരു ശിഖണ്ടിയുടെ മര്‍മ്മ സ്ഥാനം  എങ്ങനെ ഉണ്ടാവുമെന്നറിയാന്‍ ഏറെ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും .കാലിയായ കീശയില്‍ നോക്കി തല്‍ക്കാലം നിവൃതിയടയാനെ  കഴിഞ്ഞിരുന്നുള്ളൂ..

ഉദ്യാനത്തിലേക്ക് നടന്നു വന്ന അവള്‍ ഞാനിരുന്ന നീളമുള്ള കസേരയുടെ അങ്ങേ തലക്കലിരുന്ന് തന്റെ സാരിതുമ്പിലുള്ള കിഴിക്കെട്ടു തുറന്നു അന്നത്തെ വരുമാനം എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ സുര്യന്‍ അസ്തമിക്കുകയും കടലക്കാരന്‍ ചെറുക്കന്‍ ചെറുതായോന്നു വിളിച്ചു കൂവി എന്‍റെ മുന്നിലൂടെ നടന്നുപോവുകയും ചെയ്തിരുന്നു...

കിട്ടിയ പിരിവുകളത്രയും അവള്‍ മൂന്നായി വീതിച്ചുവച്ചു ദൂരെക്ക് നോക്കി എന്തോ ചിന്തിച്ചിരിക്കുമ്പോള്‍ കൊളറാ കാലത്തെ പ്രണയത്തിലെ നായകനും നായികയും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന ഭാഗം വായിച്ചു പുസ്തകം ഞാന്‍  മടക്കുകയായിരുന്നു..മുംബെയിലെ ഓരോ ട്രെയിനുകളിലും ട്രാഫിക് ബ്ലോക്കുകളിലും  കൂട്ടമായി പ്രത്യക്ഷപ്പെടുമ്പോള്‍ വെറുപ്പോടെ ഇവര്‍ ആട്ടിയോടിക്കപ്പെടുന്നത് , നിര്‍ണ്ണയിക്കപ്പെടുവാന്‍  അര്‍ഹമായ ഒരു അവയവത്തിന്റെ  കുറവ് മാത്രമായിരുന്നോയെന്നു ഞാന്‍ പല തവണ ചിന്തിച്ചിട്ടുണ്ട്. സ്വശരീരം രാത്രികാലങ്ങളിലെ ഒഴിഞ്ഞ മുറികളില്‍ പ്രദര്‍ശനത്തിനു വയ്ക്കുവാന്‍ നിരത്തിന്‍റെ ഇരുവശങ്ങളിലുമായി ഇണയെ ആകര്‍ഷിക്കുന്ന ഇവരുടെ ആംഗ്യപ്രകടനം  ഞാന്‍ തിരിച്ചറിഞ്ഞത് ജോലി കഴിഞു തിരികെ വരുമ്പോള്‍ കാണുന്ന പതിവ് കാഴ്ചകളിലൂടെയായിരുന്നു.

മൂന്നായി വീതിച്ച  തന്റെ ദിവസ സമ്പാദ്യത്തിലൊന്ന് ,സ്വന്തം അനുജത്തിയുടെ വിവാഹത്തിനു സമ്മാനിക്കുവാനുള്ള സ്വര്‍ണ്ണമാലക്കു വേണ്ടിയായിരുന്നെന്ന് പറയുമ്പോള്‍ അവളുടെ  മിഴികളില്‍ നനവ്‌ പടര്‍ന്നത്  ,ശിഖണ്ടിയെന്ന ലേബലില്‍ ജനിക്കപ്പെട്ടതുകൊണ്ട് തമിഴ്നാട്ടിലെ ഏതോ തെരുവുകളില്‍ ഉപേക്ഷിച്ച തന്റെ വീട്ടുകാരുടെ ക്രൂരതയെ ഓര്‍മിച്ചതുകൊണ്ടായിരുന്നിരിക്കണം. തലമുറ കാക്കുവാന്‍ മക്കളെ നല്‍കാത്ത തങ്ങളുടെ കൂട്ടായ്മയിലെ വൃദ്ധര്‍ക്കുള്ള ചികിത്സ നിധിയിലെക്കായിരുന്നുവത്രേ അവള്‍ മാറ്റി വച്ചിരുന്ന അതിലെ മറ്റൊരു വീതം...

ശിഖണ്ടിയെ മുന്നില്‍നിര്‍ത്തി  യുദ്ധം ജയിച്ച പാണ്ടവരെപ്പോലെ, രാത്രിയില്‍ വഴിയോരങ്ങളില്‍ നിന്ന് ഇണയെ ആകര്‍ഷിക്കുന്ന എന്നെപ്പോലെയുള്ളവരുടെ  ശരീരത്തിന്‍റെ മറവിലാണ് , ഞങ്ങളെ ആട്ടിയോടിക്കുന്ന പലരുടെയും പെണ്മക്കളും ഭാര്യമാരും ഭയമില്ലാതെ രാത്രിയില്‍ ഈ നിരത്തിലൂടെ യാത്ര ചെയ്യുന്നതെന്ന് അവള്‍ പറഞ്ഞപ്പോള്‍ , അതിലെ ചെറിയൊരു നേരിനെ ഞാന്‍ തിരിച്ചറിഞ്ഞു,

ഭര്‍ത്താവും കുട്ടികളുമടങ്ങുന്ന കുടുംബമെന്നത്  ഞങ്ങളെ സംബന്ധിച്ച് സ്വപ്‌നങ്ങള്‍ മാത്രമാണെന്ന് മുന്നിലൂടെ നടന്നുപോയ ചെറിയ കൂട്ടത്തെ  നോക്കി അവള്‍ പറയുമ്പോള്‍ ഗര്‍ഭമെന്ന വരദാനം  നല്‍കാത്ത ദൈവത്തെ അവള്‍ പഴിക്കുന്നുണ്ടായിരുന്നു..

കൈകള്‍ ചേര്‍ത്ത് പ്രത്യേക താളത്തില്‍ ശബ്ദമുണ്ടാക്കി അവള്‍ നടന്നകലുമ്പോള്‍ മതത്തിനോ നിറത്തിനോ രാഷ്ട്രീയ ചിന്താഗതിഗള്‍ക്കോ വേര്‍തിരിക്കാനാവാത്ത ശിഖണ്ടികള്‍ എന്ന മുന്നാം വര്‍ഗ്ഗത്തെ സ്നേഹിക്കുവാന്‍ ഞാന്‍ പഠിക്കുകയായിരുന്നു..


Friday, July 18, 2014

അച്ഛനാവുക.....


പ്രസവ ശുശ്രൂഷക്ക് സഹായിക്കാന്‍ വന്ന ചേടത്തി അടിയന്തരമായി തിരികെപ്പോയപ്പോള്‍ ,പിറന്നിട്ടു പത്തു നാള്‍ മാത്രമായ എന്റെ മാലാഖ കുഞ്ഞിനേയും സിസേറിയന്‍ കഴിഞ്ഞ ഭാര്യയെയും ഒറ്റക്ക് എങ്ങിനെ പരിചരിക്കുമെന്ന് ചിന്തിച്ച് ഒരുവേള ഞാന്‍ അമ്പരക്കാതിരുന്നില്ല.

ഒരു ഹോം നേഴ്സിനെ കൊണ്ടുവന്നു ആ പ്രശ്നം പരിഹരിക്കാമായീരുന്നിട്ടുകൂടി അത് വേണ്ടായെന്നു ചിന്തിച്ചത് പരിപൂര്‍ണ്ണമായ ഒരച്ഛനാവുകയെന്ന എന്‍റെ ആഗ്രഹം കൊണ്ടുമാത്രമാണ്..
പ്ലാസ്റ്റിക് ഷീറ്റില്‍ കിടത്തി എണ്ണ തേച്ച്‌ കുളിപ്പിക്കുമ്പോള്‍ അവള്‍ കുഞ്ഞ് മിഴികള്‍ കൊണ്ട് ഇമ ചിമ്മാതെ നോക്കിയും ഇടക്കിടക്ക് വെള്ളത്തിന്റെ തണുപ്പേറുമ്പോള്‍ ചെഞ്ചുണ്ട് കൂട്ടിച്ചേര്‍ത്ത് കരയാന്‍ ശ്രമിച്ചും അവളെന്നെ അനുസരണയുള്ള ഒരച്ഛനാക്കാന്‍ ശ്രമിക്കുകയായിരുന്നു.
മത്സ്യം കണക്കെ പിടക്കുന്ന കുഞ്ഞിനെ മുത്തശ്ശിമാര്‍ അനായാസം ചെയ്യുന്നതുപോലെ ഇടതു കയ്യില്‍ ബാലന്‍സ് ചെയ്തു കുളിപ്പിക്കുകയെന്നത് ചെറിയൊരു കാര്യമല്ലയെന്നു മനസ്സിലായത്‌ ആ ദിവസങ്ങളില്‍ മാത്രമായിരുന്നു..

കണ്ണെഴുതി പൊട്ട് തൊട്ട്, നെറുകയില്‍ മുത്തം നല്‍കിയും വെള്ളത്തുണി കോണോട് കോണ്‍ മടക്കി അവളുടെ കുഞ്ഞരയില്‍ കെട്ടി കൈത്തണ്ടയിലെടുത്ത് ഇല്ലാത്ത പാട്ടുകള്‍ പാടിയുറക്കിയും ഒരച്ഛനാവുകയെന്ന ബാലപാഠം ആ ദിവസങ്ങളില്‍ ഞാന്‍ മെല്ലെ പഠിക്കുകയായിരുന്നു.

മഞ്ഞപ്പാലൊഴുക്കിയ മൂത്ര തുണികള്‍ കഴുകിയുണക്കിയപ്പോള്‍ ഓര്‍മ്മ വന്നത് വിവാഹത്തിനു മുന്‍പ് വരെ അടുത്ത വീടുകളില്‍ കുട്ടികളുടെ അപ്പിതുണികള്‍ കഴുകി ഉണങ്ങാനിടുമ്പോള്‍ അത് കണ്ടു ഒരറപ്പോടുകൂടി അല്പം മാറി നടന്നുപോയ ദിവസങ്ങലെക്കുറിച്ചാണ്.

കരയുന്ന കുഞ്ഞിനെ കൈമാറ്റം ചെയ്തും, "എടിയേ കുഞ്ഞ് അപ്പിയിട്ടു" എന്നുറക്കെ വിളിച്ചുകൂവി അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് തടി തപ്പിയും, ഫ്ലാസ്കില്‍ ചായയുമേന്തി ആശുപത്രിയിലെ ബില്ലുകളടച്ചും നടക്കുന്ന ഒരു സാധാ അച്ഛനാവാതെ അവളുടെ ഓരോ ശ്വാസങ്ങളിലെ ഉള്‍തുടിപ്പുകളറിയുന്ന ഒരച്ഛനാവുകയെന്ന ആഗ്രഹങ്ങളായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍ നിറവേറ്റിയത്..

എഴുപതു ദിവസത്തെ പരിചരണങ്ങള്‍ പൂര്‍ത്തിയാക്കി ഈ മരുഭൂമിയിലേക്ക് ഞാന്‍തിരികെയെത്തിയപ്പോള്‍ മനസ്സില്‍ നിറഞ്ഞ് നിന്നത് അവളെന്നെ ഒരച്ഛനാക്കിയ മായാത്ത ഓര്‍മ്മകളായിരുന്നു. ആറുവയസ്സുകാരികളുടെ പീഡനകഥകള്‍ പത്ര താളുകളില്‍ വായിക്കുമ്പോള്‍ കണ്ണ് നിറയുന്നതും അതുകൊണ്ട് തന്നെയാവണം...

Monday, July 14, 2014

മാതൃകാ ഭര്‍ത്താവ്...


വീടിന് പിന്നിലുള്ള മരച്ചീനി ചെടികളുടെ  തലകള്‍ ഇളകിയാടുന്നത്‌ കണ്ടിട്ടു ,വൈകിട്ട് കഞ്ഞിക്കലം കഴുകിയ വെള്ളം കളയാന്‍ മുറ്റത്തേക്കിറങ്ങിയ അമ്മച്ചി പേടിച്ച് നില വിളിക്കുമ്പോള്‍ , അതൊന്നുമറിയാതെ നിഷ്കളങ്കനായ ഞാന്‍ ഇളകിയാടിയ  അതേ മരച്ചീനി ചെടികളുടെ  ചോട്ടിലിരുന്ന് , തൊട്ടപ്പുറത്തെ പറമ്പില്‍ കുളിക്കാനൊരുങ്ങുന്ന ശോശാമ്മ ചേച്ചിയുടെ കുളി സീന്‍ കാണുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അത്താഴം വിളമ്പി വച്ചിട്ട്, ഇത്രനേരം ഇവിടെ പഠിച്ചുകൊണ്ടിരുന്നവന്‍ ഇത്രപെട്ടെന്ന് എവിടെ പോയെന് ചോദിച്ചു കൊണ്ട് , വീടിനുള്ളിലൂടെ അമ്മ എന്നെ  പരതി നടക്കുമ്പോള്‍ ,അപ്പുറത്തെ കിണറ്റുകരയില്‍ ശോശാമ്മ ചേച്ചി മെഴുകുതിരി കത്തിച്ചുവച്ച്, നൈറ്റിയുടെ കൊളുത്ത്  അഴിക്കുവാന്‍ തുടങ്ങുന്നതെയുണ്ടായിരുന്നുള്ളൂ.

വൈകുന്നേരം കവലയിലുള്ള പീടിക തിണ്ണയിലിരുന്നുകൊണ്ട് കൂട്ടുകാര്‍ ഇരുവരും ആനശ്ശേരിയില്‍ ശോശാമ്മക്ക് രണ്ടു അമ്മിഞ്ഞകള്‍ ഇല്ലെന്നും, അല്ല ഉണ്ടെന്നും പന്തയം വക്കുമ്പോള്‍ അവര്‍ക്ക് മദ്ധ്യസ്ഥത വഹിക്കുവാനായ് രാത്രിയില്‍ ആ മരച്ചീനികള്‍ക്കിടയില്‍  ഇരിക്കേണ്ടിവന്നത് എന്‍റെ നിയോഗമായിരുന്നിരിക്കാം.

 നിലവിളി കേട്ട് മറു വശത്തുകൂടി  ഞങ്ങള്‍ വീട്ടിലേക്കു  ഓടി ചെല്ലുമ്പോള്‍, പിന്‍ വശത്തെ മരചീനികളുടെ തലകള്‍ ഇളകിയാടിയ കഥ അമ്മ വര്‍ണ്ണിക്കുകയായിരുന്നു.തെക്കേ പറമ്പിന് അപ്പുറത്തുള്ള കാവില്‍ നിന്നും വൈക്കിട്ട് ദേവനും ദേവിയും രഥത്തില്‍ പോകാറന്ടെന്നുള്ള വല്യമ്മച്ചിയുടെ വിശ്വാസവുമായി മരച്ചീനിയുടെ ഇളക്കത്തെ ഞങ്ങള്‍ ബന്ധിപ്പിച്ചിരുന്നു.
അന്തിക്ക് വീട്ടില്‍ വന്ന കൂട്ടുകാരെ അത്താഴം കൊടുക്കാതെ വിടരുതെന്നും പറഞ്ഞ് അമ്മച്ചി ചോറ് വിളമ്പി മുന്നില്‍ വക്കുമ്പോള്‍, പിന്നാമ്പുറത്ത് കുളികഴിഞ്ഞ  ശോശാമ്മമ്മ ചേച്ചി  തുരുമ്പെടുത്ത ആ ഇരുമ്പുതൊട്ടി കമഴ്ത്തി വയ്ക്കുന്ന ഒച്ച കേള്‍ക്കാമായിരുന്നു....

അസുഖം മൂലം ആശുപത്രിയില്‍ കിടന്നിരുന്ന ശോശാമ്മമ്മ ചേച്ചിയെ ജീവനോടെ തിരികെ നല്‍കണെയെന്ന് പള്ളികളായ പള്ളികളോക്കെയും നേര്‍ച്ച നേര്‍ന്ന തോമസ്‌  മാഷിന്‍റെ ഭാര്യാ സ്നേഹം നാട്ടിലുള്ള എല്ലാവര്‍ക്കും മനപാഠംമായിരുന്നു.

ഒരു ദുഖവെള്ളിയാഴ്ച പാറേല്‍ മാതാവിന്‍റെ പള്ളിയില്‍ നിന്നും തന്നോളം വരുന്ന ഒരു മരക്കുരിശും ചുമന്നു കുറിഞ്ഞിമലകയറി തന്‍റെ ശരീരത്തില്‍ ആണിയടിപ്പിച്ച് അയാള്‍ കുരിശില്‍ തൂങ്ങിയത്‌ ,ഈര്‍ക്കിലി കൊണ്ടുണ്ടാക്കിയ കുരിശും ചുമന്ന് മല കയറിയ അല്‍പ വിശ്വാസികള്‍ക്കും മുന്തിരി വീഞ്ഞിന്‍റെ കൊഴുപ്പിളക്കാന്‍ മലമുകളിലെത്തിയ പാതിരിമാര്‍ക്കും മുന്നില്‍ കഷ്ടാനുഭവം അഭിനയിക്കാനല്ലായിരുന്നെന്നും , മറിച്ച് പിറ്റേ ദിവസം ഓപ്പറേഷന് വിധേയയാകേണ്ട തന്‍റെ പ്രിയപത്നിയുടെ ജീവന്‍ തിരികെ ലഭിക്കേണ്ടതിനുള്ള നേര്‍ച്ചയായിരുന്നെന്നും അമ്മച്ചി വല്യമ്മച്ചിയോട് പറയുമ്പോള്‍ ഞങ്ങള്‍ അത്താഴം കഴിച്ച് വീടിന്റെ തിണ്ണയില്‍ മുഖത്തോടു മുഖം നോക്കി ഇരിക്കുകയായിയിരുന്നു..

രാവിലെ പശുവിനെ കറന്നു അയല്‍വാസികള്‍ക്കു  വിതരണം ചെയ്യുമ്പോള്‍   ശോശാമ്മക്കുള്ള പാലില്‍ വെള്ളം ചേര്‍ക്കണ്ടായെന്നു വല്യമ്മച്ചി പറഞ്ഞിരുന്നത് അമ്മിഞ്ഞ കുടിക്കാനാവാത്ത അവരുടെ കുരുന്നുകള്‍ ആരോഗ്യത്തോടെ വളര്‍ന്നോട്ടെയെന്ന സ്നേഹം കൊണ്ടായിരുന്നെന്ന് അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌,

കഷ്ടാനുഭവ നാളിലെ ആണിപ്പാടുള്ള ശരീരവുമായി മുലകുടി മാറാത്ത കുഞ്ഞുങ്ങളും ഭാര്യയുമൊത്ത് ചിരിച്ച് കളിച്ചു  ഒരു പൂര്‍ണ്ണഭര്‍ത്താവായി തോമസ് മാഷ്‌ ജീവിക്കുമ്പോള്‍  അയാളൊരു നാടിന്‍റെ മാതൃക ഭര്‍ത്താവായി മാറ്റപ്പെടുകയായിരുന്നു..

Monday, July 7, 2014

മുത്തശ്ശിക്കഥ...


മകനൊരു കുട്ടിസൈക്കിള്‍ വാങ്ങുവാന്‍ ഞാനും ഭാര്യയും കൂടി സൈക്കിള്‍ കടയില്‍ കയറുമ്പോഴായിരുന്നു എഴുപതിനോടടുത്ത ഒരു മുത്തശ്ശിയും അവരുടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചുമോനും കൂടി ആ കടയിലേക്ക് കയറിവന്നത്. 

വഴിയിലൂടെ പോകുന്ന ഓരോ സൈക്കിളും നോക്കി പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വന്ന അവര്‍ , കടക്കാരനോടൊപ്പം അവിടെ നിരത്തി വച്ചിരുന്ന സൈക്കിളുകളുടെ വിലചോദിക്കുമ്പോള്‍, തന്‍റെ മടിയിലിരിക്കുന്ന പേഴ്സിലെ ചെറിയ തുകയിലേക്ക് നോക്കി ഇടക്കിടക്ക് നെടുവീര്‍പ്പിട്ടു.ഓരോ സൈക്കിളിന്റെയും വില കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന നിരാശയുടെ അളവ് മടിയിലിരിക്കുന്ന പേഴ്സില്‍ എന്ത് തുകയുണ്ടാവുമെന്നു കാണുന്നവര്‍ക്ക് ഊഹിക്കുവാന്‍ സാധിക്കുമായിരുന്നു..

കയ്യിലുള്ള കാശിന് ആനുപാതികമായി അതില്‍ ഏറ്റവും വിലകുറഞ്ഞ സൈക്കിളില്‍ നിന്നും ഊരിമാറ്റുവാന്‍ പറ്റാവുന്നത്രയും ഭാഗങ്ങള്‍ വേര്‍പെടുത്തി, ബാക്കി വന്ന സൈക്കിളുമായി ആ മുത്തശ്ശിയും കൊച്ചുമകനും യാത്രയാകുമ്പോള്‍ ,അവരുടെ കണ്ണില്‍ നിന്നും സന്തോഷത്തിന്റെ ഒരിറ്റു നീര് വീണത്‌ എനിക്ക് വ്യകതമായി കാണാമായിരുന്നു. നാല് മാസത്തെ പെന്‍ഷന്‍ തുക സമാഹരിച്ചു വാങ്ങിയ ആ സൈക്കിള്‍ ഓടിച്ചുവേണം തന്‍റെ കൊച്ചുമകന് ഇനി മുതല്‍ എന്നും രാവിലെ സ്കൂളില്‍ പോകുന്നതിനു മുന്പായി എല്ലാ വീട്ടിലും പത്രം വിതരണം ചെയ്യേന്ടെതെന്ന് പോകുന്നതിനുമുന്പായി അവര്‍ പറയുന്നുന്ടായിരുന്നു...

പണ്ട് സ്കൂളില്‍ നിന്നും ടൂറിന് പോകുവാന്‍ തക്ക സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്നതിനാല്‍ വിഷമിച്ചു നടന്ന എന്നെ സന്തോഷിപ്പിക്കുന്നതിനായി , വയലില്‍ ഞാറ് നടാന്‍ പോയികിട്ടിയ കൂലിയുടെ ഒരു ഭാഗം കൊണ്ട്‌ വഴിയരുകില്‍ നിന്ന് വാങ്ങിയ ഒരു ഷര്‍ട്ടുമായി ഒരിക്കല്‍ വല്യമ്മച്ചി വീട്ടിലെത്തിയിരുന്നു.. ടൂറിനു അടക്കാനുള്ള ഫീസിനൊപ്പം ഇട്ടുകൊണ്ട് പോകുവാന്‍ ആ ഷര്‍ട്ടും കൂടി എനിക്ക് സമ്മാനിച്ചപ്പോള്‍ , അല്‍പം മുന്‍പ് സൈക്കിള്‍ കടയില്‍ കണ്ട അതെ കണ്ണ് നീര്‍ അന്നും കണ്ടതായി എനിക്കോര്‍മ്മ വന്നു..

കാലിയായ പെഴ്സിനുള്ളില്‍ വാത്സല്യം നിറച്ച് ആ മുത്തശ്ശിയും കൊച്ചുമകനും യാത്രയാകുമ്പോള്‍ സമ്മാനമായി കൊടുത്ത സൈക്കിളില്‍ തുടിച്ചു നിന്നത്, ഒരു പക്ഷെ ഒരായുസ്സു മുഴുവന്‍ മകനുവേണ്ടി അവര്‍ നെഞ്ചിലെറ്റിയ സ്നേഹവും ജീവന്‍റെ തുടിപ്പുമായിരുന്നിരിക്കണം.

അന്യം നിന്നുപോകുന്ന ഇത്തരം വാര്‍ദ്ധക്യ സമ്മാനങ്ങള്‍ ലഭിച്ച ആ ഭാഗ്യവാനായ കുട്ടിയെ നോക്കി അപ്പോള്‍ എന്‍റെ മകന്‍ ചോദിക്കുന്നുണ്ടായിരുന്നു “അപ്പാ അതുപോലൊരു മുത്തശ്ശിയെ എനിക്കും തരുമോയെന്നു”....
കുഴിമാടത്തില്‍ കിടക്കുന്ന മുത്തശ്ശിയെ സമ്മാനിക്കാനാവത്തതിനാല്‍ , നിന്റെ മക്കള്‍ക്കായി തരാമെന്ന് ഉറപ്പു നല്‍കി ഞങ്ങളും അവിടെ നിന്ന് വാങ്ങിയ കുട്ടിസൈക്കിളുമായി തിരികെപോന്നു..

Saturday, July 5, 2014

ബ്രേസ്സിയര്‍ പഠിപ്പിച്ചത്..കുളിമുറിയുടെ വാതിലില്‍ തൂക്കിയിട്ടിരുന്ന അഴുക്കു പുരണ്ട വെളുത്ത ബ്രേസ്സിയറുമായി ഞാന്‍ നേരെ ഓടിയത് രണ്ടാം നിലയിലുള്ള  പതിനെട്ടാം നമ്പര്‍ മുറിയിലേക്കായിരുന്നു.

വെള്ള പേപ്പറില്‍ പെങ്ങളുടെ നഗ്ന ചിത്രം വരച്ചു ശരീര ഭാഗങ്ങള്‍ അടയാളപ്പെടുത്താന്‍ ആവശ്യപ്പെട്ട സീനിയര്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ കരഞ്ഞുകൊണ്ട്‌ നിന്നപ്പോള്‍ , അതിനു പകരമായി അവര്‍ എനിക്ക് തന്ന ശിക്ഷയായിരുന്നു ,കോളേജു കാന്റീനില്‍ അരി വയ്ക്കുന്ന ഗീതമ്മ ചേച്ചിയുടെ ബ്രേസ്സിയര്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അവര്‍ക്ക് മുന്നില്‍ സബ്മിറ്റ് ചെയ്യുകയെന്നത്..

കോളേജു ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ കൌമാര രതി വൈകൃതങ്ങള്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ അനുഭവിച്ചവരാകാം കാന്റീനിലെ അരി വപ്പുകാരിയായ ഗീതമ്മ ചേച്ചിയും അവരുടെ ഭര്‍ത്താവും ഹോസ്റ്റല്‍ സെക്യുരിറ്റിയുമായ രാമചന്ദ്രന്‍ ചേട്ടനും.

ഒതുങ്ങിയ അരക്കെട്ടും ആരെയും ആകര്‍ഷിക്കുന്ന നിറഞ്ഞു തുളുമ്പിയ മാറിടവുമുള്ള ചേച്ചിയെ ആരെയും ഭയപ്പെടാതെ അവിടെ ജോലി ചെയ്യാന്‍ സഹായിച്ചത് , കീറിമുറിഞ്ഞ മേല്ച്ചുണ്ടിലൂടെ തന്‍റെ മൂക്കിന്‍റെ അഗ്രത്തോട് സ്വകാര്യം പറയുന്ന രണ്ട് കൊമ്പന്‍ പല്ലുകളായിരുന്നു..

അടച്ചിട്ട കുളിമുറിക്കുള്ളില്‍ നിന്നും വൈകുന്നേരങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയെന്നപോലെ സ്ഥിരം കേള്‍ക്കാറുള്ള പരനാറി കീര്‍ത്തനം , കുളിസീന്‍ ഒളിഞ്ഞ് നോക്കുവാന്‍ വരുന്ന കുട്ടികളെ ആട്ടിയോടിക്കുന്നത്തിന്റെ ഭാഗമായിരുന്നെന്ന് ആ ഹോസ്റ്റലില്‍ ചേര്‍ന്നതിന്റെ രണ്ടാം ദിവസം മുതല്‍ ഞാന്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു..

ഒളിച്ചു നോട്ടത്തെക്കാള്‍ കൂടുതല്‍ അവരെ വിഷമിപ്പിച്ചത് , കിട്ടുന്ന ശമ്പളത്തിന്‍റെ പാതിയും ചിലവഴിക്കേണ്ടി വരുന്നത് ബ്രേസ്സിയര്‍ വാങ്ങുവാന്‍ മാത്രമായിരുന്നുവെന്നതാണ്‌.
അവസാന വര്‍ഷ പരീക്ഷ സമയത്ത് ഹോസ്റ്റല്‍ കാന്‍റീനിന് അവധി ആയിരുന്നിട്ടുകൂടി , രണ്ടാഴച്ച കാലം ശമ്പളമില്ലാതെ ഞങ്ങള്‍ക്ക് വച്ചു വിളമ്പി തന്നപ്പോഴായിരുന്നു, ആ ദമ്പതികളെ കൂടുതല്‍ അടുത്തറിയുവാന്‍ കഴിഞ്ഞിരുന്നത്..

അടിച്ചു മാറ്റിയ ബ്രെസ്സിയറിനുള്ളിലെ ആന്തരികാവയവങ്ങള്‍ക്കുമതീതമാണ് അവരുടെ മാതൃത്വമെന്ന് രണ്ടാഴ്ചകള്‍കൊണ്ട് ആ ദമ്പതികള്‍ ഞങ്ങളെ പഠിപ്പിച്ചു തന്നിരുന്നു. ഹോസ്റ്റലിലെ നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികള്‍ കാട്ടികൂട്ടിയ കൌമാര വിക്രിയകള്‍ സ്വന്തം മക്കളുടെ അനുസരണകേടായി കണ്ട്‌ പൊറുക്കുവാന്‍ തയ്യാറായ ആ ദമ്പതികള്‍ തന്നെയാണ് ഇന്നും എന്‍റെ മുന്നിലെ മാതൃകാ ദമ്പതികള്‍...


Wednesday, July 2, 2014

ചില ഹരിത ചിന്തകള്‍...

പൂക്കള്‍ക്ക് ഇലകളോട് പ്രണയമുണ്ടോ.,
ഇലകള്‍ക്ക് തന്ടിനോടും.
തണ്ടിന് വേരിനോടും.?
ഇല്ല, സാധ്യതയില്ല....
വേരുകളച്ഛനും,
തണ്ട് അമ്മയുമാണ്,
ഇലയും പൂവും സഹോദരരും..

വേരറുത്താല്‍
അച്ഛന്റെ മരണമാണ്.....
അമ്മത്തണ്ട് ഉണങ്ങുന്നു,
ഇലപ്പൂമക്കള്‍ കരിയുന്നു..

പൂക്കള്‍ മക്കളാണ്,
വീടിനൈശ്വര്യം പോലെ,
ചെടികള്‍ക്കും.....

പൂക്കളടര്‍ത്തിയാല്‍ -
പിന്നെന്തു ഭംഗി ചെടികള്‍ക്ക്..?
മക്കളില്ലാത്ത ഗൃഹം പോലെ,
തനിയെ ...നിശബ്ദമായി.....

Tuesday, July 1, 2014

പിച്ചാത്തി കഥകള്‍..


തിമിര്‍ത്തു പെയ്യുന്ന മഴയുള്ള ഒരു രാത്രിയിലായിരുന്നു എന്നെ എളിയിലിരുത്തി രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ഡോക്ടറുടെ വീട്ടിലേക്ക് അമ്മ ഒരിക്കല്‍ ഓടിയത് . വൈകുന്നവരെ പറമ്പില്‍ പണിയെടുത്തതിന്റെ ക്ഷീണത്താല്‍ അവരല്പം മയങ്ങിപ്പോയത് കൊണ്ടാവാം , എന്റെ നെറ്റി തടത്തില്‍ അടിഞ്ഞു കൂടിയ തീകനല്‍ ചൂട് അവരുടെ മാറിനെ പൊള്ളിച്ചപ്പോഴാണ് ഒരു കീറ തുവര്‍ത്ത്‌ മാറില്‍ വിരിച്ചിട്ടു എന്നെ എളിയിളിരുത്തി അമ്മ ആ രാത്രിയിലോടിയത്.
പനയോലകീറുകള്‍ ചേര്‍ത്ത് വചുണ്ടാക്കിയ വാതില്‍ ചാരിയിട്ട് വെളിയിലിറങ്ങുമ്പോള്‍ അകത്ത് അരികുകീറിയ തഴപ്പായില്‍ കിടന്നുറങ്ങിയ ചേച്ചിയെ കൂട്ടിനേല്‍ല്‍പ്പിച്ചത് മേല്‍ക്കൂരയിലൂടെ അരിച്ചിറങ്ങിയ മഴനൂലുകളെയായിരുന്നു.
നടുവ് തളര്‍ന്ന ശീലക്കുടയുമായി ഇരുട്ടിലൂടെ വേഗത്തില്‍ നടന്നകലുമ്പോള്‍ ഒടിഞ്ഞു തൂങ്ങിയ കുടക്കമ്പിയിലൊന്നിലൂടെ ഇറ്റുവീണ മഴ നീരുകള്‍ എന്‍റെ പുറവും താണ്ടി അമ്മയുടെ ഇടത്തെ കാലിലൂടെ അരിച്ചിറങ്ങി ഭൂമിയില്‍ എത്തിയിരുന്നു..
ഡോക്ടര്‍ തന്ന ഗുളികയും കുറിപ്പടയുമായി തിരികെ കവലയില്‍ എത്തുമ്പോള്‍ , ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്ന രാത്രി സഞ്ചാരികളില്‍ ഒരാളോട് , അരയിലിരുന്ന അടക്കാ മുറിക്കുന്ന പിച്ചാത്തി നീട്ടി അമ്മ പറഞ്ഞതോര്‍ക്കുന്നു......:
“പുലയാടിമോനെ അടുത്തുവന്നാല്‍ നിന്റെ സാമാനം അരിഞ്ഞു നിലത്തിടും ഞാന്‍”
പനി മാറി മൂന്നാം നാള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ അന്ന് പാതിരാവില്‍ കണ്ട രാത്രി സഞ്ചാരിയെ , വെള്ള മുണ്ടും,ജൂബയും സ്വര്‍ണ്ണത്തിന്‍റെ കുരിശുമാലയും ധരിച്ച് പള്ളി നട ഇറങ്ങി വരുന്നത് ഞാന്‍ കണ്ടിരുന്നു..
അതിനുശേഷമാവാം , മുറുക്കി ചുവപ്പിച്ച്‌ റോഡിലൂടെ നടന്നകലുന്ന പണിക്കാരി പെണ്ണുങ്ങളെ കാണുമ്പോള്‍ ആരാധനയോടെ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു... അവരുടെ അരയില്‍ തിരുകിയ അടക്ക മുറിക്കുന്ന പിച്ചാത്തികള്‍ക്കുമുണ്ടാവുമല്ലോ പറയാന്‍ ഒരുപാട് കഥകള്‍ എന്നോര്‍ത്തിട്ട്....