Tuesday, August 19, 2014

ഷൈനറാക് ...


വിഷം കലര്‍ത്തിയ ചോറും കറിയും വിളമ്പി വച്ച് അപ്പനും അമ്മയും ഞങ്ങളെ അത്താഴം കഴിക്കാന്‍ വിളിക്കുമ്പോള്‍, സംശയം തോന്നിയ വല്യമ്മച്ചി അത് തട്ടി തെറിപ്പിച്ച് ഞങ്ങളുടെ അവസാനത്തെ അത്താഴം മുടക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. 

വീടും പറമ്പും ബാങ്കില്‍ പണയപ്പെടുത്തി രണ്ട് അര്‍ബുദ രോഗികളെ ചികല്സിച്ചു കുടുംബത്തെ സന്തോഷകരമായി നയിച്ചപ്പോള്‍, ജപ്തി നടപടിക്കായി ബാങ്കുകാര്‍ കൊട്ടും കുരവയുമായി എത്തുന്നതിന്‍റെ രണ്ട് നാള്‍ മുന്‍പാണ് ലാസ്റ്റു സപ്പറിന്റെ നടപടി ക്രമങ്ങള്‍ അപ്പനും അമ്മയും ചേര്‍ന്ന് രൂപകല്‍പന ചെയ്തത്.

തുച്ഛമായ വിലക്ക് അയല്‍വാസിക്ക് പുരയിടം തീറെഴുതി വാടക വീട്ടിലേക്ക് താമസം മാറുമ്പോള്‍ ജപ്തി നടപടിയില്‍ നിന്നും ഒഴിവാകുക മാത്രമല്ല ഭൂമിയുടെ അവകാശിയെന്ന മേല്‍വിലാസംകൂടിയാണ് അന്ന് നഷ്ടമായത്...

സുഹൃത്തായ സുനിലിന്റെ ചിലവില്‍ അവനോടൊപ്പം എഞ്ചിനീറിംഗ് എന്‍ട്രന്സ് പരീക്ഷ എഴുതി അഡ്മിഷന് ലഭിക്കുമ്പോള്‍ അവന്റെ അമ്മ എന്‍റെ കീശയില്‍ നിക്ഷേപിച്ച പോക്കറ്റ് മണിയുമായാണ് ഞാന്‍ ആദ്യദിനം കോളേജില്‍ എത്തിചേര്‍ന്നത്‌.പിന്നീട് സഹപാഠിയായ ഷീജിത്ത് ഒരു രക്ഷകര്‍ത്താവ് എന്ന പോലെ എന്റെ സാമ്പത്തിക ചിലവുകളില്‍ സഹായി ആയതുമെല്ലാം , ഞാന്‍ പണിത സ്വപ്ന ഗൃഹത്തിന്റെ അടിത്തറയുടെ മൂലകല്ലുകളാണ്.

പഠനം പൂര്‍ത്തിയാക്കി ഗള്‍ഫിലേക്ക് വണ്ടികയറുമ്പോള്‍ മനസ്സിലാകെയുണ്ടായിരുന്നത് ഭൂമിക്കു അവകാശിയെന്നു പറയുവാന്‍ ഒരഞ്ച് സെന്റു സ്ഥലം വാങ്ങുക എന്ന സ്വപനം മാത്രമായിരുന്നു.

ആഗ്രഹവും നിറവേറ്റി പിന്നീട് ഞാന്‍ ജോലി ചെയ്യുവാന്‍ പോയത് കസാക്കിസ്ഥാന്‍ എന്ന ഹിമപാളികളാല്‍ മൂടപ്പെട്ട തണുപ്പേറിയ രാജ്യത്തേക്കാണ്.ഏറെക്കാലത്തെ എന്റെ സ്വപ്നമായ സ്വന്തമായ ഒരു വീടും അതിനേക്കാള്‍ സ്വന്തമായി ഈ ഭൂമിയില്‍ ഒരു മേല്‍വിലാസം എന്ന ആഗ്രഹവും നിറവേറ്റിയത്, കമ്പനിയുടെ ജോലിക്കാര്‍ക്കുവേണ്ടി നല്‍കിയ ഷൈനറാക് വില്ലേജ് എന്ന വീട്ടില്‍ താമസിച്ചുകൊണ്ടായിരുന്നു.

കസാക്കി ഭാഷയില്‍ ഷൈനറാക് എന്ന വാക്കിന്‍റെ അര്‍ത്ഥം തറവാട് എന്നതായിരിക്കെ, ആ വാക്ക് കടമെടുത്ത് ഞാനും സ്വന്തം നാട്ടില്‍ ഷൈനറാക് എന്ന തറവാട് പണിയുകയായിരുന്നു...

വിവിധ ഭൂഖണ്ടങ്ങളിലെ പത്തോളം രാജ്യങ്ങളില്‍ ജോലി ചെയ്തും അന്തിയുറങ്ങിയും അവരുടെ ജീവിത സംസ്ക്കാരങ്ങള്‍ ഉള്‍ക്കൊണ്ടും ഇന്നും ഞാന്‍ ജൈത്രയാത്ര തുടരുന്നത് , വിഷം കലര്‍ത്തിയ അത്താഴം തട്ടിത്തെറിപ്പിച്ച് മുന്നോട്ടു ജീവിക്കുവാന്‍ വല്യമ്മച്ചി കാണിച്ച ചങ്കൂറ്റം ഒന്നുകൊണ്ട്തന്നെയാണ്....

###വായിക്കുന്ന ഒരാള്‍ക്കെങ്കിലും തന്റെ ജീവിതം പൂജ്യത്തില്‍ നിന്നും മുന്നോട്ടു നയിക്കുവാനുള്ള ആത്മധൈര്യം ഉണ്ടാകട്ടെയെന്നുള്ള ആഗ്രഹത്താലാണ് ഈ തുറന്നെഴുത്ത്..