Wednesday, September 4, 2013

നീല ഷട്ടറിട്ട കട....





നീല ഷട്ടറിട്ട ആ കടക്കു മുന്നിലൂടെയാണ്‌ ഞാന്‍ എല്ലാ ദിവസവും സ്കൂളില്‍ പോയി വന്നുകൊണ്ടിരുന്നത്‌. നാട്ടിലെ ഏക സിനിമ കൊട്ടകയായിരുന്ന ശക്തി തിയേറ്ററില്‍ നിന്നും ഇരുന്നൂറു മിറ്റര്‍ അകലെയായി കവലയുടെ ഒരു കോണിലായി തിരക്കൊഴിഞ്ഞ സ്ഥലത്തായിരുന്നു ആ കടയുടെ സ്ഥാനം. രാവിലെ ഒന്‍പതു മണിയ്ക്കും  വൈകുന്നേരം അഞ്ചുമണിക്ക് ശേഷവും മാത്രം  തുറക്കുന്ന ആ കട എന്‍റെ കഥക്ക് പ്രാധാന്യം നല്‍കുവാനുള്ള കാരണം അതിന്‍റെ ഉടമസ്ഥനും പ്രോപ്രൈറ്ററുംആയ വ്യക്തി എന്നെയും എന്നെപ്പോലെ മൂടു കീറിയ നിക്കറിട്ടു, വീതിയുള്ള റബര്‍ ബാന്റുനിള്ളില്‍ പുസ്തകകെട്ടുകള്‍ കെട്ടിമുറുക്കി  സ്കൂളില്‍ പോകുന്ന അനേകം കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനും ആയിരുന്നുവന്നതാണ്...

വെളുത്ത മുണ്ടും വെളുത്ത ഷര്‍ട്ടും മാത്രം ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് ചെറിയ കൊമ്പന്‍ മീശയും ഉടുമുണ്ടിന്റെ തുമ്പ്  കൈകൊണ്ട്‌ അല്പം ഉയര്‍ത്തിപിടിച്ചു വടിപോലെ  നിവര്‍ന്നു മാത്രമേ നടക്കുമായിരുന്നുള്ളൂ. സ്കൂള്‍ കോമ്പൌണ്ടില്‍ പ്രവേശിച്ചാല്‍ അധികമായിട്ടുള്ളത് ഒരു ചൂരല്‍ വടിയുമായിരുന്നു...അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഞങ്ങളെ ഇങ്ഗ്ലിഷിനൊപ്പം കണക്കും പഠിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു..അദേഹത്തിനു കണക്ക് പടിപ്പിക്കുന്നതിനോട് ഒരു പ്രത്യേകം കഴിവും താല്പര്യമുണ്ടായിരുന്നു എന്നത്  വിസ്മരിക്കാനാവില്ല. അതിനൊരു കാരണവുമുണ്ടായിരുന്നു. അക്കാലത്ത് നാട്ടില്‍ പേര്കേള്‍ക്കപ്പെട്ട  പലിശക്കു കാശ് കടം കൊടുക്കുന്ന പഞ്ചായത്തിലെ മുഖ്യ ബ്ലേഡ്കാരനുമായിരുന്നു അദ്ദേഹം..

പലിശക്ക് പണം കടം കൊടുത്താല്‍ അത് കൃത്യ സമയത്തിനുള്ളില്‍ തിരിച്ചുകൊടുത്തില്ലെങ്കില്‍ ഗുണ്ടായിസ്സവും ക്വട്ടെഷന്‍ സംഘവും ഇല്ലാതെ തന്നെ നല്ല  പുളിച്ച പച്ച തെറികൊണ്ട് മാത്രം അത് തിരിച്ചു വാങ്ങുവാന്‍ മാഷിനുള്ള കഴിവ് അപാരമായിരുന്നു...

തലേ ദിവസം തന്നിരുന്ന ഹോം വര്‍ക്ക് ചെയ്തു കൊണ്ട് വരാത്തത്തിന്റെ പേരില് ക്ലാസ് മുറിയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് എന്‍റെ ചന്തിക്കിട്ട് അടിക്കുവാന്‍ ഒരുങ്ങുമ്പോഴാണ്‌ അയാള്‍ (കറുത്ത സത്യം എന്ന് എഴുത്തുകാരൊക്കെ പറയുന്നതുപോലെ) പിന്‍ വശം കീറിയ നിക്കറിനുള്ളിലൂടെ  എന്റെ ഇരുണ്ട കുണ്ടി കണ്ടത് .എന്നാല്‍ എന്നെ അടിക്കാതെ വീട്ടിലെ സാമ്പത്തിക സ്ഥിതിയെ ക്കുറിച്ചും മറ്റും വിശദമായി അന്വേഷിച്ചത് എന്നെപ്പോലെ ക്ലാസ്സിലെ മറ്റു കുട്ടികളെയും അത്ഭുതപ്പെടുത്തിയിരുന്നു...
അടുത്ത ദിവസം അദ്ദേഹം ക്ലാസ്സില്‍ പ്രത്യക്ഷപ്പെട്ടത് അഞ്ചു ജോടി ഷര്‍ട്ടും നിക്കറിന്റെയും തുണിയുമായിട്ടായിരുന്നു..എന്ന് വെച്ചാല്‍ എന്നെ കൂടാതെ കുണ്ടി കീറിയ വേറെയും നാല് പേരുകൂടി ഉണ്ടായിരുന്നു എന്നര്‍ത്ഥം.
അഞ്ചാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞു വേനലവിധിക്ക് എല്ലാവരും വേര്‍പിരിയുന്ന അവസാന ദിവസം അദ്ദേഹം ക്ലാസില്‍ ഒരു അറിയിപ്പ് നടത്തിയിരുന്നു..നാളെ എല്ലാവരും ശക്തി തിയേറ്ററിന്റെ അടുത്തുള്ള തന്റെ നീല ഷട്ടറിട്ട കടയില്‍ ഉച്ചകഴിഞ്ഞ് രണ്ടര മണി ആകുമ്പോള്‍ എത്തിച്ചേരണം.നമുക്കെല്ലാവര്‍ക്കും തിയേറ്ററില്‍ പോയി ഒരു സിനിമ കണ്ടു മടങ്ങാം.ക്ലാസ്സില്‍ നിന്ന് പിരിയുമ്പോള്‍ എല്ലാ കുട്ടികളുടെയും കയ്യില്‍ ഓരോ മടക്കിയ പേപ്പര്‍ കഷണം കൊടുത്തിരുന്നു.അത് മറ്റൊന്നുമായിരുന്നില്ല. സിനിമ കാണുവാന്‍ കുട്ടികളെ അയക്കേണ്ടിയതിനു വീട്ടിലെ കാരണവന്‍മാര്‍ക്കുള്ള ലെറ്റര്‍ ആയിരുന്നു.
മാഷ്‌ പറഞ്ഞതുപോലെ തന്നെ  ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും പറഞ്ഞ സമയത്തുതന്നെ ആ നീല ഷട്ടറിട്ട കടയില്‍ എത്തിച്ചേര്‍ന്നു.ഞങ്ങള്‍ക്കുവേണ്ടി അദ്ദേഹം അടുത്തുള്ള ചായക്കടയില്‍ നിന്നും വരുത്തിച്ച ഏത്തക്കബോളിയും ചായയും കഴിക്കുമ്പോള്‍ പുറത്ത് തിയേറ്ററില്‍ നിന്നും റിക്കാര്‍ഡ് മുഴങ്ങി കേള്‍ക്കാമായിരുന്നു......
.......പ്രപഞ്ചം നയിക്കുന്ന ചൈതന്യമേ ...എന്ന് തുടങ്ങുന്ന ഒരു ഭക്തി ഗാനമായിരുന്നു ആ സിനിമാ കൊട്ടകയില്‍ നിന്നും ആദ്യം ഉയര്‍ന്നു കേട്ടിരുന്ന റിക്കാര്‍ഡ് പാട്ട്. ആ പാട്ട് കേട്ടു തുടങ്ങുമ്പോഴായിരുന്നു സമീപ വാസികള്‍ എല്ലാവരും സിനിമ കാണുവാന്‍ വീട്ടില്‍ നിന്നും ഇറങ്ങിതിരിച്ചിരുന്നത്....
പിന്നീടു സിനിമ കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും വീണ്ടും   കടയില്‍ തിരികെയെത്തി..കടക്കുള്ളില്‍ അവിടിവടങ്ങളായി കൂട്ടിയിട്ടിരുന്ന ചുക്ക്, കുരുമുളക് റബര്‍ ഷീറ്റ് എന്നിവയുടെ മുകളിലായി എല്ലാവരും കുത്തിയിരുന്നു. കുട്ടികളുടെ ജീവിതത്തെക്കുറിച്ചും
മാതാപിതാക്കളെ അനുസരിക്കെണ്ടാതിന്റെ ആവശ്യകതെയെ കുറിച്ചും അയാള്‍ വാചാലനായി.

ഒരു ക്ലാസ്സ് ടീച്ചര്‍ എന്നതിനേക്കാള്‍ ഉപരി അദ്ദേഹം സ്നേഹവും വാല്‍സല്യവുമുള്ള നല്ല ഒരു പിതാവായി ഞങ്ങള്‍ക്കനുഭവപ്പെട്ടു..അടുത്ത വര്ഷം നിങ്ങള്‍ മറ്റ് ക്ലാസ്സുകളില്‍ പോയി പഠിക്കേണ്ടി വന്നാലും സാമ്പത്തികമായി എന്തെങ്കിലും പ്രയാസം ഉള്ളവര്‍ മടിക്കാതെ എന്‍റെ അടുത്ത്‌ വരണമെന്ന് പറഞ്ഞു എല്ലാവരുടെയും നെറുകയില്‍ ചുംബിച്ചു അദ്ദേഹം ഞങ്ങളെ യാത്രയാക്കിയിരുന്നു. ക്ലാസ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും അദ്ദേഹം എപ്പോഴോ ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു....

കാലങ്ങള്‍ കഴിഞ്ഞു .ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഒരുനാള്‍ അദേഹത്തെ കാണുവാന്‍ പോയിരുന്നു..അനേകം ശിഷ്യഗണങ്ങളുടെ ഹൃദയത്തില്‍ ഇടം തേടിയ സാറിന്റെ ചില സ്വകാര്യ ദുഖത്തെ കുറിച്ച് അയാള്‍ അപ്പോള്‍ മനസ്സു തുറന്നു.കഞ്ചാവിനു അടിമപ്പെട്ട തന്‍റെ മകനെക്കുറിച്ചും അപ്പനേക്കാള്‍ കൂടുതല്‍ തന്റെ സമ്പാദ്യത്തെ സ്നേഹിക്കുന്ന മക്കളെയും മരുമക്കളെയും കുറിച്ച് വേദനയോടെ പറയുമ്പോള്‍ എല്ലു ഉന്തിയ ആ കൈകളില്‍ ഒന്ന് ചേര്‍ത്ത് പിടിച്ചു താങ്കളെ സ്നേഹിക്കുന്ന ശിഷ്യരായ അനേകം മക്കള്‍ ഉണ്ടെന്നു പറഞ്ഞു ഞാന്‍ആശ്വസിപ്പിച്ചു..
വിദേശത്ത് ജോലികിട്ടി അവധിക്ക് നാട്ടില്‍ പോയ ഒരുനാള്‍ കൂടി എനിക്ക് ആ നീല ഷട്ടറിട്ട കടയില്‍ പോകേണ്ടി വന്നിരുന്നു ..കടക്കു മുന്നില്‍ തടിച്ചു കൂടിയ ജനക്കൂട്ടതിനോപ്പം ഞാനും കടയ്ക്കുള്ളിലേക്ക് എത്തി  നോക്കുമ്പോള്‍ പാതി പൊങ്ങിയ ഷട്ടറിന്റെ അടിയിലൂടെ തൂങ്ങിയാടുന്ന അദ്ധേഹത്തിന്റെ കാലുകള്‍ മാത്രമേ കാണുവാന്‍ സാധിച്ചിരുന്നുള്ളൂ.....
പിന്നീടു നാട്ടുകാരില്‍ നിന്നും അറിയാന്‍ സാധിച്ചത് വീട്ടില്‍ നിന്നും മക്കള്‍ ആട്ടിയിറക്കിയ   അദ്ദേഹം കുറച്ചുനാളായി ആ നീല ഷട്ടറിനുള്ളില്‍ ഏകനായിരുന്നുവന്നതായിരുന്നു...



Tuesday, September 3, 2013

ഓഫ്‌ ഷോര്‍ - കടല്‍പ്പരപ്പിലെ ഏറുമാടം..


അടുത്ത വീട്ടിലെ കേടായ പമ്പ് സെറ്റ് നന്നാക്കികൊണ്ടിരിക്കുമ്പോഴാണ് വീട്ടില്‍ നിന്നും അമ്മ വിളിച്ചു കൂവുന്നത്.എടാ കോച്ചേ ഇങ്ങോട്ട് വന്നേടാ..ഫോണില്‍ ആരോ വിളിക്കുന്നുണ്ട്...എന്തോ മറുഭാഷയാ പറയുന്നേ .....മലയാളം മാത്രം സംസാരിക്കുന്ന അമ്മക്ക് മറ്റ് ഭാഷകളെല്ലാം മറുഭാഷകളാണ്.....

കോളേജിലെ പഠിത്തം കഴിഞ്ഞു നേരെ വണ്ടികയറിയത് ഗുജറാത്തിലെ ഓയില്‍ കമ്പനിയിലേക്കാണ്.അവിടെത്തു പണിയൊക്കെ കഴിഞ്ഞു ഗള്‍ഫിലേക്ക് ഊളിയിടാനുള്ള മോഹവുമായി പാസ്പോര്‍ട്ട്‌ ഒരു ബോംബെ എജെന്‍സിയെ എല്‍പ്പിച്ചിട്ടാണ് നാട്ടിലേക്ക് വണ്ടികയറിയത്.
അയല്‍വക്കത്തെ വീടുകളിലെ കേടായ ബള്‍ബുകള്‍ മാറിയിടുക, പമ്പ് സെറ്റ് നന്നാക്കുക, തേപ്പ് പെട്ടിയുടെ കോയില്‍ മാറ്റിയിടുക ഈ വക ലൊട്ടുലൊടുക്ക് വേലകള്‍ അവര്‍ കടയില്‍ കൊടുത്തു ചെയ്യിക്കാറില്ല. ഒരു ഗ്ലാസ്‌ ചായയും രണ്ടു കഷണം ബിസ്കറ്റും തന്നു എന്നെകൊണ്ട്‌ ചെയ്യിക്കുന്നത് എന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടല്ല പോക്കറ്റില്‍ നിന്നും കാശ് ഇറക്കാനുള്ള മടികൊണ്ടാണ്...
ഓടി ചെന്ന് ഫോണ്‍ അറ്റെണ്ട്‌ ചെയ്യുമ്പോള്‍ അങ്ങേ തലക്കല്‍ നിന്നും ഹിന്ദിക്കാരി പറയുന്നുണ്ടായിരുന്നു വിസ റെഡിയായി . നാല് ദിവസത്തിനുള്ളില്‍ യാത്ര തിരിക്കണം. ആഫ്രിക്കയിലുള്ള അങ്കോളയിലെക്കാണ് പോകേണ്ടത്‌. ജോലി കരയിലല്ല ഓഫ്‌ഷോറിലാണ് എന്നുപറഞ്ഞു അവര്‍ ഫോണ്‍ കട്ട് ചെയ്തു...

ഓഫ്‌ ഷോര്‍ ജോലി ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല കടലിനു മുകളില്‍ ഏറുമാടം കെട്ടി അതിലുള്ള ജോലിയും ജീവിതവും എന്നെ സമ്പത്തിച്ചു പുതുമ നിറഞ്ഞതാണ്‌. നല്ല ഒഴുക്കുള്ള ഒരു തോട്ടില്‍ പോലും ഇറങ്ങാന്‍ ധൈര്യമില്ലാത്ത, നീന്തല്‍ അറിയാന്‍ പാടില്ലാത്ത ഞാന്‍ എങ്ങിനെ കടലിനു മുകളില്‍ പോയി ജോലി ചെയ്യും എന്ന് വിചാരിച്ചു ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
നേരം വെളുത്തു കണ്ണുതിരുമ്മി എണീറ്റ്‌ വരുമ്പോള്‍ കയ്യില്‍ നീണ്ട ഒരു ലിസ്റ്റുമായി അമ്മ രാവിലത്തെ ഭക്ഷണം റെഡിയാക്കി എന്നെ കാത്തിരിക്കുന്നു. സാധാരണ ശനിയാഴ്ചകളില്‍ ചന്തക്ക് പോകുമ്പോള്‍ മാത്രമാണ് ഇങ്ങനെ ഒരു ലിസ്റ്റ് പുള്ളിക്കാരി തയ്യാറാക്കാറുള്ളല്ലോ എന്ന് ചിന്തിച്ചുകൊണ്ട് അത് വാങ്ങി ഓടിച്ചോന്നു നോക്കി..
കോട്ടയം ജില്ലയിലെ ഒരുവിധം പള്ളികളുടെ ലിസ്ടാണ്. വിസ അടിച്ചുകിട്ടുവാന്‍ പുള്ളിക്കാരത്തി നേര്‍ച്ച നേര്‍ന്ന ആരാധനാലയങ്ങളുടെ ലിസ്റ്റ്.
ഭാഗ്യം ഇന്ന് വിസ വന്നതുകൊണ്ട് പതിനഞ്ചു പള്ളികളെയുള്ളൂ ഇനിയും താമസിച്ചിരുന്നെങ്കില്‍ ലിസ്റ്റിന്റെ നീളം കൂടിയേനെ എന്ന് മനസ്സില്‍ വിചാരിച്ചു പേപ്പര്‍ മടക്കി പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ യാത്ര തിരിച്ചു.....
അങ്ങനെ നാലാം ദിവസം എത്തി. എല്ലാവരോടും യാത്രപറഞ്ഞു ഫ്ലൈറ്റില്‍ കയറി. ആദ്യം ബോംബെ.അവിടെന്നു അടുത്ത വിമാനത്തില്‍ എത്യോപ്യ.അവിടെയിറങ്ങി അടുത്ത വണ്ടി പിടിച്ചു അങ്കോളയുടെ തലസ്ഥാനമായ ലുവണ്ടയിലേക്ക്. അവിടെ നിന്നും വീണ്ടും ഇരുപത്തിയാറുപേര്‍ക്ക് മാത്രം ഇരിക്കാവുന്ന ചെറു വിമാനത്തില്‍ സോയോ എന്ന ഒരു കൊച്ചു ദ്വീപിലേക്ക്.അങ്ങനെ കരയില്‍ നിന്നും കരയിലേക്കുള്ള യാത്ര അവസാനിച്ചു . ഇനിയുള്ളത് ഞങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഓഫ് ഷോറിലെക്കുള്ള യാത്രയാണ്. അതിനു രണ്ടു രീതികളാണ് ഉപയോഗിക്കുന്നത്. ചോപ്പര്‍ എന്ന് ചെല്ലപ്പേരില്‍ വിളിക്കുന്ന ഹെലി കോപ്ടര്‍ അല്ലെങ്കില്‍ സര്‍ഫര്‍ എന്ന് അറിയപ്പെടുന്ന ചെറു യാത്രാ ബോട്ട്.

ആദ്യ യാത്രയില്‍ എന്നെ കാത്തിരുന്നത് സര്‍ഫര്‍ വഴി കടലിന്റെ വിരിമാറിലൂടെ തിരമാലകള്‍ക്കൊപ്പം നൃത്തം ചെയ്ത് ദൈവത്തിന്റെ മറ്റൊരു സൃഷ്ടിയായ ജല ജീവികളോടു സംവദിച്ചുള്ള യാത്രയായിരുന്നു. പിന്നുടുള്ള പല യാത്രകളിലും ഡോള്ഫിനും തിമിങ്ങലവും വരെ നടുക്കടലില്‍ ഞങ്ങളെ അകമ്പടി സേവിക്കാറുണ്ടായിരുന്നു. മുങ്ങാക്കുഴിയിട്ടു ചാടി ചാടി പോകുന്ന ഡോളഫിനുകളെക്കാള്‍ യാത്രക്കാരുടെ ശ്രദ്ധ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് തലയുടെ മുകള്‍ഭാഗം അല്പവും പിന്നെ കുറച്ചു ദൂരം മാറി വാലിന്‍റെ അറ്റവും മാത്രം കാണിച്ചു ഒരു മായാ ജാലക്കാരന്റെ കരവിരുതുപോലെ വേഗത്തില്‍ അപ്രത്യക്ഷമാവുന്ന തിമിഗലം തന്നെയാണ്.


അങ്ങനെ കടലിലൂടെയുള്ള നാല് മണിക്കൂര്‍ യാത്രക്കു ശേഷം ഓയിലും ഗ്യാസും ഒഴുകുന്ന കാനാന്‍ ദേശത്ത് ഞാനെത്തി ചേര്‍ന്നു. കടലിന്റെ ഒത്ത നടുക്കായി നാല് കാലുകളില്‍ ഉയര്‍ത്തി നില്‍കുന്ന അഞ്ചു നിലയുള്ള ഒരു ഏറു മാടം. പണ്ട് ഇടുക്കിയിലേക്കും മൂന്നാറിനും ടൂര്‍ പോയപ്പോഴായിരുന്നു ആദ്യമായി ഏറുമാടം കണ്ടിരുന്നത്‌.അതും ശാഖകള്‍ നിറഞ്ഞ മരത്തിന്റെ മുകളില്‍. എന്നാല്‍ ഇത് നീല ജലാശയത്തിനു മുകളില്‍ കടലിന്റെ അടിത്തട്ടില്‍ നന്നും അറുപതു മീറ്റര്‍ ഉയരത്തിലായി ഇരുമ്പ് തൂണില്‍ തീര്‍ത്ത കൂറ്റന്‍ കെട്ടിടം.

ഇതും ഒരു ലോകമാണ് .കടലിനും കരക്കുമിടയില്‍ മനുഷ്യനാല്‍ തീര്‍ത്ത മറ്റൊരു ലോകം. നാടും വീടും ഉപേക്ഷിച്ചു ഒരുമിച്ചു ജോലി ചെയ്യുവാന്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരത്തിലധികം വരുന്ന മനുഷ്യര്‍.അവര്‍ക്ക് നിറഭേദമില്ല , ജാതിഭേദമില്ല, ഭാഷാഭേദമില്ല. അപ്പനെയും അമ്മയയൂം സഹോദരങ്ങളെയും വിട്ടിട്ടു വന്നവര്‍, ഭാര്യയെയും, മക്കളെയും വീട്ടിലാക്കി വന്നവര്‍ ..എല്ലാവര്ക്കും ഒരേ ലക്ഷ്യമേയുള്ളൂ..ജോലി ചെയ്യുക, വീട്ടിലുള്ളവരെ സുരക്ഷിതരായി പോറ്റുക....

എന്നെ സംബന്ധിച്ച് ഇതൊരു മൂന്നാം ലോകമായിരുന്നു.അഞ്ചു സെന്റ്‌ സമചതുരം .അതിന്റെ അതിരുകളില്‍ അരയോളം ഉയരത്തില്‍ കൈവരി വച്ചു ചുറ്റപ്പെട്ടിരിക്കുന്നു.മൂന്നുമാസം തള്ളി നീക്കെണ്ടിയത് ഈ അഞ്ചു സെന്ടിനുള്ളിലാണ്. അതിനപ്പുറം..തിരമാലകളും കടലിലെക്കിറങ്ങി തിരകളെ മുത്തം വയ്ക്കുന്ന ആകാശവും. സന്തോഷം വരുമ്പോള്‍ ചിരിക്കേണ്ടതും സങ്കടം വരുമ്പോള്‍ കരയെണ്ടതും ഈ കൈവരികളില്‍ പിടിച്ചു താഴെയുള്ള തിരമാലകളെ നോക്കിയാണ്. ഞങ്ങള്‍ ചിരിക്കുമ്പോള്‍ ഓരോ തിരകളും സന്തോഷത്തില്‍ പങ്കുചര്‍ന്ന് ആര്‍ത്തട്ടഹസിക്കാറുണ്ട് ...ഞങ്ങളുടെ സങ്കടങ്ങളില്‍ ചിലപ്പോള്‍ അതേ തിരകള്‍ ശാന്തരായി ഒഴുകാറുമുണ്ട് , മിഴികളില്‍ നിന്നും അടര്‍ന്നു വീണ തുള്ളികള്മായി ദൂരേക്ക്...

ഒരിക്കല്‍ രാവിലെ ഞാന്‍ ഏറ്റവും താഴെയുള്ള പ്ലാറ്റ്ഫോമില്‍ വിശ്രമിക്കുമ്പോഴാണ് വീട്ടില്‍ നിന്നും സന്തോഷ വാര്‍ത്തയുമായ് ഫോണ്‍കോള്‍ വന്നത് .ഭാര്യ പ്രസവിച്ചു ..പെണ്കുട്ടിയാണത്രേ.ആ സന്തോഷം ഞാന്‍ പങ്കു വച്ചത് കൈവരിയില്‍ പിടിച്ചു തൊട്ടു താഴെ ശാന്തമായി ഒഴുകിയിരുന്ന കടലിനോടായിരുന്നു. അല്പം സമയത്തിനുള്ളില്‍ തിരകലുയര്‍ന്നു വന്നു അടിയിലുള്ള ബംബറില്‍ തട്ടിതെറിപ്പിച്ചു എന്റെ ശരീരമാകെ നനച്ചിട്ട് അവള്‍ ഒഴുകിയൊഴുകി പോയ്‌ കൊണ്ടേയിരുന്നു..പിന്നീടൊരിക്കല്‍ കൂടെ ജോലി ചെയ്ത ഒരു അമേരിക്കകാരനും മറ്റൊരു കോങ്ഗോ സ്വദേശിയും ജോലിക്കിടയില്‍ അപകടപ്പെട്ടു മരിച്ചു വീണപ്പോഴും ഞങ്ങള്‍ നിറകണ്ണുകളോടെ യാത്രയാക്കിയതും അതേ കൈവരിയില്‍ പിടിച്ചുനിന്ന് കൊണ്ടായിരുന്നു....
എന്റെ സുഹൃത്തും ഒരേ മുറിയില്‍ താമസിച്ചിരുന്ന മറാഠിയുമായ മഹേഷിന്റെ രണ്ടരമാസമുള്ള മോന്‍ മരിച്ചുവെന്നറിയിച്ചു ഫോണ്‍ വരുമ്പോള്‍ ഞങ്ങള്‍ ഡ്യുട്ടിയിലായിരുന്നു.അവന്‍ ജോലിക്ക് പോന്നതിനു ശേഷം ജനിച്ച ആ കുഞ്ഞിനെ ജീവനോടെ കാണുവാന്‍ കഴിയാതിരുന്ന ആ സുഹൃത്തിന് പിന്നീടു അഞ്ചു ദിവസം കാത്തിരിക്കേണ്ടി വന്നു ഫ്രീസറില്‍ മരവിച്ചിരുന്ന തന്‍റെ ശ്വാസമറ്റ കുഞ്ഞിനെ ഒന്ന് ചുംബിക്കുവാന്‍.......

സമ്പത്തിനും സന്തോഷത്തിനുമൊപ്പം ഈ കടലിലെ ആടുന്ന ജീവിതം നല്‍കുന്നത് നിനച്ചിരിക്കാത്ത ചില സങ്കടങ്ങളുമാണ്...
വെക്കേഷനുവേണ്ടി കയ്യില്‍ തൂക്കിയ ബാഗുമായ്‌ ഹെലിക്പ്ടറില്‍ കയറുമ്പോള്‍ കറങ്ങുന്ന ബ്ലേഡുകള്‍ക്കൊപ്പം ചങ്ക് ഒന്ന് പിടക്കാറുണ്ട് . പിന്നെ കൈകള്‍ നെഞ്ചെത് വച്ചു പ്രാര്‍ഥിക്കും...മനസ്സില്‍ നിറയെ അപ്പോഴും പടിക്കലെത്തുമ്പോള്‍ ഓടിയെത്തുന്ന മക്കളും പിന്നെ വാതിലിന്റെ പടിയില്‍ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു നില്‍ക്കുന്ന അപ്പനും അമ്മയും... ഭാര്യയും......

Saturday, August 31, 2013

പത്മിനിയെ ഞാന്‍ വെറുക്കുന്നത്.......


വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഈജിപ്തിലെ പിരമിഡുകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള വിശാലയമായ  കോന്‍ക്രീറ്റ് കൂനയുടെ താഴെ എത്തിചേരുമ്പോള്‍ ആ വരവ് ചില നിമിത്തങ്ങള്‍ക്ക് കാരണമാവുമെന്ന്  ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല....

അബുദാബിയില്‍ വന്നപ്പോള്‍ മുതല്‍ കൂടെ ജോലി ചെയ്യുന്ന സുഹൃത്തു ശ്രീകാന്ത് പറയുമായിരുന്നു... എടാ  നമുക്ക് ആ കാര്‍ മ്യുസിയം ഒന്ന് കാണാന്‍ പോകാം. ആയിരത്തില്‍ പരം വ്യത്യസ്ഥ കാറുകള്‍ അതും ലോകത്തെ ഒരുവിധം എല്ലാ കാര്‍ കമ്പനികളുടെയും കാറുകള്‍ ഒരെയിടത്തില്‍ നിരത്തി വച്ചിരിക്കുന്ന സ്ഥലം.പിന്നീട് ഒരു പക്ഷെ കാണുവാന്‍ കഴിയുമെന്നു തോന്നുന്നില്ല.....

പതിനെട്ടാം നൂറ്റാണ്ട് മുതല്‍ കഴിഞ്ഞ വര്ഷം വരെ ഇറങ്ങിയ പുതിയ കാറുകളെ ശ്രേണികള്‍.ഓരോ കാറിനു ചുറ്റുമിരുന്നു ഫോട്ടോ എടുത്തും  തൊട്ടും തലോടിയും ഞങ്ങള്‍ നടന്നു നീങ്ങി.അമേരിക്കയുടെയും ജെര്‍മനിയുടെയും ജപ്പാന്റെയും സൂപ്പര്‍ മോഡലുകള്‍ മുതല്‍ പതിനെട്ടാം നൂറ്റാണ്ടുകളില്‍ അറബി രാജാക്കന്മാര്‍ മരുഭൂമിയിലൂടെ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തിയിരുന്ന ബെഡ് റൂമും ഡൈനിംഗ് ഹാളും ചേര്‍ന്ന് മൂന്നു നില കെട്ടിടത്തെക്കാള്‍ വലുപ്പമുള്ള കാരവാന്‍ വരെ സന്ദര്‍ശകരെ ആകര്‍ഷിച്ചു കൊണ്ടിരുന്നു....

പിന്നീട് ഞങ്ങള്‍ നടന്നു നീങ്ങിയത് ഇന്ത്യന്‍ കാറുകളുടെ പവലിയനിലെക്കായിരുന്നു.
അതുവരെ സന്തോഷത്തോടെ നടന്നു നീങ്ങിയ ഞങ്ങളുടെ ആ നല്ല സായാഹ്നം  തകര്‍ക്കുവാനെന്നോണം എന്റെ മിഴികളുടക്കിയത്  ഒരു വെളുത്ത പ്രീമിയര്‍ പത്മിനിയിലായിരുന്നു. ദൂരെ നിന്നും ആ കൊച്ചു കാര്‍ കണ്ടപ്പോള്‍ മുതല്‍  മനസ്സില്‍ നുരഞ്ഞു പൊന്തിയ ദേഷ്യം കാലുകളില്‍ ആവാഹിച്ചു കാലു മടക്കി ഞാന്‍ ആഞ്ഞു ചവിട്ടി.പിന്നെ  അവിടെമാകെ  മുഴങ്ങി കേട്ടത് വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ അടക്കി വച്ചിരുന്ന വീര്‍പ്പുമുട്ടലിന്റെ പ്രതിഫലനമായിരുന്നു.സന്ദര്‍ശകര്‍  ആശ്ച്ചര്യതോടെ ചുറ്റിനും കൂടുമ്പോള്‍ അതൊന്നുമറിയാതെ ഞാന്‍ ആ കാറിനെ പിന്നേയും ചവിട്ടികൊണ്ടിരുന്നു....

സെക്യുരിറ്റി വന്ന് ഞങ്ങളെ തള്ളി വെളിയിലാക്കുമ്പോള്‍ ഒന്നും മനസ്സിലാവാതെ  ശ്രീകാന്ത് ചോദിക്കുന്നുണ്ടായിരുന്നു.......... ‘’എന്തായിരുന്നു നിന്റെ ആ ഭ്രാന്തന്‍ പ്രകടനത്തിന്  കാരണം’’.

അടുത്തുള്ള ബക്കാലയില്‍ കയറി ഓരോ തണുത്ത ജ്യുസ് വാങ്ങി ഞങ്ങള്‍ വണ്ടിയുമെടുത്ത് റൂമിലേക്ക്‌ തിരിച്ചു. ഓടുന്ന വണ്ടിക്കൊപ്പം  ആ കഥ ഞാന്‍ അവനോടായി പറഞ്ഞുകൊണ്ടിരുന്നു..........
....................................................................................................................................................
പതിവുപോലെ അന്നും ഞാന്‍ കുറച്ചു നേരത്തെ തന്നെ കോളേജില്‍ എത്തിയിരുന്നു. നീല പെയിന്റടിച്ച കൂറ്റന്‍ വാതില്‍ തള്ളി തുറന്നു ക്ലാസ്സിലേക്ക് കയറുമ്പോള്‍ തല പിന്നിലേക്ക്‌ വെട്ടിച്ചു രണ്ടു സൈഡിലെക്കു നോക്കി ആരും വരുന്നില്ലയെന്നു ഉറപ്പുവരുത്തി. കയ്യിലിരുന്ന ബുക്കുകള്‍ എന്റെ ഇരിപ്പിടത്തില്‍ വച്ചിട്ട് മേശക്കടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന ബ്ലേഡിന്റെ ഒരു പാതിയുമായി മുന്നോട്ടു നീങ്ങി അവളിരിക്കാറുള്ള സീറ്റിലേക്ക് നടന്നു. നെഞ്ചിടിപ്പിന്റെ ഡെസിബെല്‍ ക്രമാനുസൃതമായി ഉയരുന്നതായി എനിക്ക് തോന്നാതിരുന്നില്ല.....
.
അവളുടെ മേശമേല്‍ തലേനാള്‍ ഞാനെഴുതിപ്പിടിപ്പിച്ച ശ്ലോകത്തിനു താഴെ അവള്‍ എഴുതി ചേര്‍ത്ത നാലുവരി കവിത ഇടിക്കുന്ന ഹൃദയത്തിന്റെ താളത്തിനൊപ്പം ഞാന്‍ വായിച്ചെടുത്തു. ഇത്തവണ അവള്‍ എഴുതിയത് സോളമന്റെ ഉത്തമ ഗീതത്തില്‍  നിന്നായിരുന്നു...........

       ഞാന്‍ നിന്നെ എന്റെ അമ്മയുടെ ഭവനത്തിലേക്ക്‌.....
       എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്ക് കൂട്ടികൊണ്ട്  പോകും.......
       അവിടെ വച്ച് സുരഭിലമായ വീഞ്ഞും
       എന്റെ മാതള നാരങ്ങയുടെ രസവും.ഞാന്‍ നിനക്കായ് പങ്കു വയ്ക്കും............

ആ നാലുവരി പ്രണയത്തിനു താഴെ അവശേഷിച്ചിരുന്ന മേശയുടെ ഇരുണ്ട പ്രതലം കയ്യിലിരുന്ന ബ്ലേഡിന്‍റെ കഷണം കൊണ്ട് ഞാന്‍ ചുരണ്ടിയെടുത്തു.. അഴുക്കുപുരണ്ട കറുത്ത പൊടിയായ് അവിടെമാകെ നിറഞ്ഞുനിന്നത് ശക്തിയായി ഊതി നിലത്തേക്കിട്ടു...ഒരു പക്ഷെ ഞങ്ങള്‍ക്കും മുന്‍പേ പ്രണയിച്ചവരുടെ മനസ്സും പരീക്ഷണങ്ങള്‍ക്ക്‌ വിധേയരായ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പരീക്ഷ തുണ്ടുകളും ആയിരുന്നിരിക്കണമത്......
പിന്നീട് അവളുടെ കാവ്യത്തിനു മറുപടിയായി ഞാന്‍ ഇപ്രകാരം എഴുതിചേര്‍ത്തു......
        .....നിന്റെ ഹൃദയത്തിന്‍ മുദ്രയായും......
        .....നിന്റെ കരത്തിന്‍ അടയാളമായും എന്നെ പതിക്കുക.......
        ....പ്രേമം മരണത്തെപ്പോലെ ശക്തവും,........
        ....അസൂയ ശവക്കുഴിപോലെ ക്രൂരവുമാണ്‌........
       .......അതിന്റെ ജ്വാലകള്‍ അതി ശക്തമായ തീ ജ്ജ്വാലപോലെയാണ്.......
        ......അത്തിമരം കായ്ച്ചു തുടങ്ങി..മുന്തിരി വള്ളികള്‍ പൂത്തുലഞ്ഞു.....
       .....പ്രിയേ ഇറങ്ങി വരുക...എന്റെ പ്രണയത്തിന്റെ പതാക ഹൃദയത്തിലേന്തുക......

വെളിയില്‍ വരാന്തയിലൂടെ കുട്ടികള്‍ കൂട്ടമായി എത്തിതുടങ്ങിയത് ഉയര്‍ന്നുവന്ന മെതിയടി ശബ്ദത്തിന്റെ അകമ്പടിയാല്‍ ഞാന്‍ തിരിച്ചറിഞ്ഞു. പെട്ടെന്ന് തന്നെ എന്റെ പുസ്തകങ്ങളുമായി രണ്ടാമത്തെ വാതിലൂടെ ഞാന്‍ വെളിയിലിറങ്ങി. അരമണിക്കൂറിനുശേഷം ആദ്യ വാതിലിലൂടെ തന്നെ ക്ലാസ്സില്‍ കയറി  ഇരിപ്പിടത്തില്‍ പ്രതിഷ്ടനാകുമ്പോള്‍ ക്ലാസ്മുറി കുട്ടികളെ കൊണ്ട് നിറഞ്ഞിരുന്നു...
തല അല്പം ചരിച്ച് അവളെ ഞാന്‍ ഒന്ന് പാളി നോക്കി..
എന്റെ കരങ്ങളാല്‍ എഴുതിചേര്‍ത്ത സോളമന്റെ ഗീതാ ശകലങ്ങള്‍ അവള്‍ കൂട്ടുകാരികള്‍ കാണാതെ വായിക്കുന്നുണ്ടായിരുന്നു..അപ്പോള്‍ അവളുടെ മുഖത്തു പ്രതിഫലിച്ച നാണവും പ്രണയത്തിന്റെ തുടിപ്പും ഒരു വേള എനിക്ക് നല്‍കിയിരുന്നത് വര്‍ഷങ്ങള്‍ക്കുശേഷം ഒര്‍മിച്ചെടുക്കാനുള്ള ആദ്യ പ്രണയത്തിന്‍റെ മുളക്കാത്ത വിത്തുകളായിരുന്നു....
ദിവസങ്ങള്‍ കടന്നുപോയി. ഞങ്ങള്‍ എഴുതിചേര്‍ത്ത കവിതകള്‍ക്കൊണ്ട് അവളുടെ മേശ നിറഞ്ഞിരുന്നു.

അടുത്ത ദിവസം ഞാന്‍ പ്രത്യക്ഷപ്പെട്ടത് അപ്പന്‍ ഷേവ് ചെയ്യാന്‍ വാങ്ങി വച്ചിരുന്ന സൂപ്പര്‍ മാക്സിന്റെ പുതിയ ബ്ലേഡുമായായിരുന്നു. അതുവരെ എഴുതിചേര്‍ത്തവയോക്കെയും ചുരണ്ടിമാറ്റി ഒരു വ്യത്യസ്ഥതക്കുവേണ്ടി അറിയാവുന്ന ഹിന്ദിയില്‍ ഒരു താങ്ങ് താങ്ങി....അന്യഭാഷയിലുളളഎന്റെ കഴിവില്‍ സ്വയം പുളകിതനായി അടുത്ത ദിവസം രാവിലെ നേരത്തെതന്നെ ഞാന്‍ അവളുടെ മേശയുടെ അടുക്കലെത്തി...അവളുടെ മറുപടി വായിക്കുമ്പോള്‍ എനിക്കനുഭവപ്പെട്ട ജാള്യത ഒരു പക്ഷെ തലേ ദിവസം പിശുക്കനും കണിശക്കാരനുമായ  അപ്പന്‍ ബ്ലേഡ് മോഷ്ടിച്ചതിന് എനിക്ക് നല്‍കിയ പീഡനത്തിനെക്കാള്‍ ഉപരിയായിരുന്നു....

വടിവൊത്ത കയ്യക്ഷരത്തില്‍ അവള്‍ ഹിന്ദിയില്‍ ഇങ്ങനെ എഴുതിയിരുന്നു......
…….“ ഹിന്ദി ഭാഷാ പഠനസഹായി വാങ്ങി വാക്കുകളും വാചകങ്ങളും നന്നായി എഴുതുവാന്‍ പഠിക്കുക.അക്ഷരങ്ങള്‍ക്ക് മുന്നില്‍ തളരാത്ത നിന്‍റെ പ്രേമത്തിനായി ഞാന്‍ കാതോര്‍ത്തിരിക്കുന്നു..
 നേര്‍രേഖയില്‍ തൂങ്ങി കിടന്ന അവളുടെ ഹിന്ദി അക്ഷരങ്ങള്‍ പോലെ വീടിന്റെ ഉത്തരത്തില്‍ ഒരു മുഴം കയറില്‍ തൂങ്ങി കിടക്കുവാന്‍ മനസ്സു പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
പട്ടാളക്കാരനായ അപ്പന്റെ ജനുസ്സിന്റെ ശക്തിയാവാം അടുക്കളയിലെ മസാല പാത്രങ്ങള്‍ക്കിടയില്‍ അമ്മ ഒളിപ്പിച്ചുവച്ച നാണയതുട്ടുകളില്‍ നിന്നും അഞ്ചു രൂപ ഞാന്‍ അടിച്ചുമാറ്റിയതും അടുത്തുള്ള ബുക്ക് സ്ടാളില്‍ നിന്നും ഹിന്ദി പഠനസഹായി വാങ്ങിയതും.....
പിന്നീടങ്ങോട്ടത്രയും അവള്‍ എനിക്കായ് എഴുതിയത് മുഴുവന്‍ ഹിന്ദിയില്‍ തന്നെയായിരുന്നു. പ്രണയത്തിന് വ്യത്യസ്ഥയുടെ മാനം നല്‍കാന്‍ തോന്നിയ ആ ദുര്‍ബല നിമിഷത്തെ ഞാന്‍ കൈവിട്ടു ശപിച്ചുകൊണ്ടിരുന്നു..

മാതൃഭാഷയെക്കളും ഹിന്ദി വഴക്കുന്ന അവളുടെ കവിതാശകലങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുകയെന്നത് എന്നെ സംബന്ധിച്ചു തീര്‍ത്തും ഒരു വെല്ലുവിളി തന്നെയായിരുന്നു. പിന്നീടു പതിവായി ക്ലാസ്സില്‍ വരുന്നതിലും അരമണിക്കൂര്‍ നേരെത്തെ ഞാന്‍ അവിടെ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കാരണം മറ്റൊന്നുമായിരുന്നില്ല. അവള്‍ എഴുതുന്നത്‌ ഒരു വെള്ള പേപ്പറിലേക്ക്‌ പകര്‍ത്തുകയെന്ന അധിക ജോലിയും കൂടി എനിക്ക് നിര്‍വഹിക്കേണ്ടിയതായും വന്നിരുന്നു.

എന്നിട്ട് ഓരോ വാചകങ്ങളും മുറിച്ചു വേര്‍പെടുത്തി പല വാക്കുകളായി ഞാന്‍ പല ഹിന്ദി വിദ്വാന്‍മാര്‍ക്കും തര്‍ജ്ജമക്കായി സമര്‍പ്പിച്ചു.ഒരുത്തന്റെ കയ്യില്‍ കൊടുത്താല്‍ അവന്‍ എന്റെ പ്രണയം കണ്ടുപിടിക്കുകയും പിന്നീട് കോളെജിനുള്ളില്‍ അത് വിളംബരം ചെയ്യുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു ...

പിന്നീട് അവയെല്ലാം കളക്റ്റ്‌ ചെയ്തു എന്റെ കൊച്ചു തലക്കുള്ളില്‍ ഒതുങ്ങുന്ന മലയാള കവിതയായ് ഞാന്‍ മൊഴിമാറ്റം ചെയ്തു.എനിക്ക് നല്ലയൊരു എഡിറ്റര്‍ ആകാന്‍ കഴിയുമെന്ന് പിന്നീടു അവള്‍ തന്ന ഓരോ മറുപടിയിലും ഞാന്‍ മനസ്സിലാക്കി...

മാസങ്ങള്‍ക്കൊപ്പം പ്രണയത്തിന്റെ ഋതുക്കളും മാറിമറിഞ്ഞുകൊണ്ടിരുന്നു.അന്നത്തെ ഡിസംബറിലെ ഏതോ ഒരു രാത്രിയില്‍ കമ്പിളി പുതപ്പിനടിയില്‍ വളഞ്ഞുപുളഞ്ഞു കിടക്കുമ്പോഴാണ് അവളുടെ വീട് കാണണമെന്ന  പൂതി എന്റെ മനസ്സില് ഉണര്‍ന്നത്‌...
എന്നാല്‍ സദാചാരം കൊടികുത്തി വാണിരുന്ന എണ്‍പതുകള്‍ ഇന്നത്തെപോലെ ഇണയോട് ഒന്ന് ചാറ്റ് ചെയ്യുവാനോ അവളുടെ വീട്ടില്‍ ഓടിക്കയറി പപ്പയും മമ്മിയും വരുന്നതിനു മുന്‍പേ ഒറ്റ മിനുട്ടിന്റെ നൂഡില്‍സ് കഴിക്കുവാണോ എന്നെപ്പോലെയുള്ള സൈലന്റ് കാമുകന്മാരെ അനുവദിച്ചിരുന്നില്ല....

എന്നിട്ടും  നാടിനെ നയിക്കാനുള്ള മിശിഹപുത്രന്‍ ഏതോ കാലിതൊഴുത്തില്‍ ജനിച്ചിട്ടും മീറയും കുന്തിരിക്കവുമായി അവനെ കാണുവാന്‍ പുറപ്പെട്ട മൂന്നു രാജാക്കന്മാരേ വഴി തെറ്റിക്കാതെ നയിച്ച ഏതോ ഒരു നക്ഷത്രത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു..എന്നെയും വഴികാട്ടുവാന്‍ മറ്റൊരു നക്ഷത്രം ഉണ്ടാവും എന്നാ പ്രതീക്ഷയില്‍ ഞാന്‍ രാവിലെയുണര്‍ന്നു.....

കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരനെപ്പോലെ ഞാന്‍ റോഡിന്‍റെ ഓരം ചേര്‍ന്ന് നടക്കുമ്പോഴാണ് എന്റെ ഉറ്റ സ്നേഹിതന്‍ സോമന്‍ അതുവഴി നടന്നു വന്നത്... സോമന്‍  ഒരു സുഹൃത്ത്തിനെക്കാളുപരി കണ്ടു പടിക്കേണ്ടതും പകലന്തിയോളം വേല ചെയ്തു കുടുംബത്തെ സംരക്ഷിക്കുന്ന ഒരു  വ്യക്തിത്വത്തിനുടമയുമാനെന്നു പഞ്ചായത്തില്‍ ഒരു നാട്ടു ഭാഷ്യമുണ്ട്...
കഥാനായകന്‍റെ സുഹൃത്ത് എന്ന നിലയില്‍ സോമനെ കുറിച്ച് അല്പം പറയേണ്ടതുണ്ട്.
സാമാന്യം തരക്കേടില്ലാത്ത കുടുംബത്തില്‍ പിറന്ന സോമന്റെ അപ്പനും അമ്മയും നല്ല അദ്ധ്വാനികളാണ്. അവര്‍ കഷ്ടപ്പെട്ടു ഉണ്ടാക്കിയെടുക്കുന്ന ഞുറുക്ക് വളരെ തുച്ഛമായ തുക കൊടുത്തു വാങ്ങി അത് ഉത്സവ പറമ്പുകളില്‍ വില്‍ക്കുകയാണ് എന്റെ സുഹൃത്തിന്റെ പ്രധാന ഹോബിയും തൊഴിലും. അവന്റെ ഓരോ ചലനങ്ങളിലും  ആ തൊഴിലിനു വേണ്ടി മാത്രം താന്‍ ജനിച്ചാതാകാമെന്ന് അയാള്‍ വിശ്വസിച്ചിരുന്നു എന്നു നമുക്ക് തോന്നിയാല്‍ അതില്‍ തെറ്റ് പറയാനാകില്ല......

നൂറു രൂപയുമായി അമ്പല മുറ്റത്ത് പ്രവേശിച്ചാല്‍ അഞ്ചു രൂപ മാത്രം ഭണ്ടാരകുറ്റിയില്‍ നിക്ഷേപിച്ചു ബാക്കി തൊണ്ണൂറ്റി അഞ്ചു രൂപക്ക് ഭസ്മം, കുങ്കുമം, മാല ഇത്യാദി ഭക്ത സാന്ദ്രമായ വസ്തുക്കള്‍ വാങ്ങി കൂട്ടുന്ന സോമന്‍ തീര്‍ച്ചയായും എന്റെ സുഹൃത്ത് ഗണങ്ങളില്‍ ഒരു മുതല്‍ കൂട്ടായിരുന്നു..

ചരിത്രത്തിന്റെ ഭാഗമായ ഏതു പ്രണയ കഥകളകളിലും ഒരു ഹംസവും ദൂതും ഉള്ളതുപോലെ  ഒരുപക്ഷെ എന്റെ വഴികാട്ടിയാകേണ്ട ആ നക്ഷത്രം ഇവന്‍ തന്നെയാകാം എന്ന് കരുതി അവളുടെ വീട് തേടി പിടിക്കേണ്ട ചുമതല സോമനെ  ഏല്‍പ്പിച്ചു. ഇനി അടുത്തതായി വരാനുള്ള ഉത്സവം അവളുടെ വീടിന്‍റെ അടുത്തുള്ള ക്ഷേത്രത്തില്‍ ആയതിനാല്‍  മനസ്സില്ലാമനസ്സോടെയാണെങ്കിലും ആ ചുമതല അവന്‍ ഏറ്റെടുത്തു.

ആളെ തിരിച്ചറിയാനായി പൊന്നുപോലെ കാത്തു വച്ചിരുന്ന ഒരു ഫോട്ടോ അവന്റെ കയ്യില്‍ ഞാന്‍ ഏല്‍പ്പിച്ചു. ഒന്നാം വര്ഷം ടൂറിനു പോയപ്പോള്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും വിദഗ്ധമായി വെട്ടിമാറ്റിയ അവളുടെ തല തൂവെള്ള തെര്‍മോകോള്‍ പേപ്പറാല്‍ ചതുരത്തില്‍ ഒരു ചട്ടക്കൂട് ഉണ്ടാക്കി അതിന്റെ ഒത്ത നടുക്കായി പ്രതിഷ്ടിച്ചിരുന്നതാണ്. പിന്നീടു അതിനുള്ളില്‍ ഒരു ചെറിയ കളര്‍ ബള്‍ബു ഫിറ്റ് ചെയ്തു അതിന്റെ അങ്ങേതലക്കലായി ഒരു സ്വിച്ചും പിടിപ്പിച്ചിരുന്നു.ഏകാന്ത നിറഞ്ഞ എന്റെ എത്രെയെത്ര രാവുകളാണ് അവളുടെ ഫോട്ടോയില്‍ നോക്കി ഞാന്‍ ചിലവഴിച്ചിരുന്നത്‌. തലയണക്ക് സമീപത്തായി തൂക്കിയിട്ടിരുന്ന ആ സ്വിച്ച് ഓണ്‍ ചെയ്തും ഓഫ്‌ ചെയ്തും ഞാനും അവളുടെ തലമാത്രമുള്ള ഫോട്ടോയും തമ്മില്‍ എത്ര തവണയാണ് പ്രണയം കൈമാറിയത്.....

പിന്നീടു  ഉത്സവ പറമ്പിലേക്ക് യാത്രയാക്കുവാന്‍ ഞാനും ബസ് സ്ടാന്ട് വരെ അവനെ അനുഗമിച്ചു. കഷത്തില്‍ കറുത്ത ലതര്‍ ബാഗുമായി ബസിന്റെ പടിയില്‍ നിന്നിരുന്ന കണ്ടക്ടര്‍ അപ്രതീക്ഷിതമായ് ഒരു വില്ലന്റെ അരങ്ങേറ്റം നടത്തിയത് എന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്..സോമനെക്കാള്‍ നീളമുള്ള  ഞുറുക്ക് ചാക്ക് ആ വണ്ടിയില്‍ കയറ്റാന്‍ അയാള്‍ അനുവദിക്കുകയില്ലത്രേ. ആറ്റുനോറ്റ് കിട്ടിയ കാമുകിയുടെ വീട്ടിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ മുടക്കം വരുത്തിയ ആ കണ്ടക്ടര്‍ ചേട്ടനെ അനുനയത്തില്‍ കൂട്ടികൊണ്ട് അടുത്തുള്ള പെട്ടികടയില്‍ ചെന്ന് ഒരു ചായയും പരിപ്പുവടയും വാങ്ങി കൊടുത്തു..പ്രണയത്തിനായി ഞാന്‍ ആദ്യമായി കൊടുക്കുന്ന കൈക്കൂലിയായിരുന്നു അത്....

അങ്ങനെ ഒരു രാത്രിമുഴുവന്‍ ഉറക്കമളച്ചു അവന്‍ തിരിച്ചുവരുന്നതും നോക്കി ഞാനിരുന്നു..പത്താംക്ലാസ് പരീക്ഷക്ക് പോലും രാത്രി പത്തുമണിക്ക് മുന്‍പേ ഉറങ്ങിയിരുന്ന എനിക്ക് ആ രാത്രി ഒരു നിമിഷം പോലും ഉറങ്ങാന്‍ സാധിച്ചിരുന്നില്ല..
അതി രാവിലെ പല്ല് തേക്കുവാന്‍ ഉമിക്കരിയും നെടുകെ പിളര്‍ന്ന ഈര്‍ക്കിളിയുമായി മുറ്റത്തുള്ള കൊന്ന തെങ്ങിന് ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് സോമന്‍  അത് വഴി നടന്നു വരുന്നത്..അവളുടെ വീടിന്നടുത്തുള്ള ദേവി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ച് വൈകിട്ടത്തെ  ബാലെ നാടകവും കണ്ടു അമ്പല പറമ്പില്‍ കിടന്നുറങ്ങിയിട്ടുള്ള വരവായിരുന്നത്രേയത്....
തെങ്ങിന്‍റെ ചുവട്ടില്‍ കിടന്ന ഉണക്ക മടക്കളയെടുത്ത് അവന്റെ തലയില്‍ അടിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും തലേ രാത്രി ഉറക്കമളച്ചതിന്റെ ക്ഷീണവും അവനെ നേരിടുവാനുള്ള ചങ്കൂറ്റം ഇല്ലായിരുന്നെങ്കില്‍ പോലും ഒരു തല്ലുകൊള്ളിയെ പെണ്കുട്ടികള്‍ പ്രേമിക്കില്ലായെന്ന തിരിച്ചറിവും എന്നെ ആ കടുംകയ്യില്‍ നിന്നും മോചിപ്പിച്ചു.......

പരസ്പരം ഒന്നും  ഉരിയാടാതെ ... കണ്‍കളില്‍ പോലും  നോക്കാതെ..... മേശമേല്‍ എഴുതിചേര്‍ത്ത കവിതകളില്‍ മാത്രം ഇഴചേര്‍ന്ന് ഞങ്ങളുടെ പ്രണയം ഒഴുകി തുടങ്ങുമ്പോഴാണ് നീണ്ട വേനലവധിക്ക് തുടക്കമിട്ടത്. പ്രണയത്തിന്‍റെ തീവ്രത ഞാന്‍ തിരച്ചറിഞ്ഞതും അവളെ  കാണുവാന്‍ പറ്റാതിരുന്ന ആ രണ്ടുമാസ കാലഘട്ടത്തിലാണ്..പിന്നീട് അവധി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ എന്നെ എതിരേറ്റത്‌ സാധാരണ പൈങ്കിളി കഥയിലെ പ്രണയ നായകനെ കാത്തിരിക്കാറുള്ള അതെ ക്ലീഷേ വാര്‍ത്ത തന്നെയായിരുന്നു..അവളുടെ കല്യാണം കഴിഞ്ഞിരുന്നു.

ആ സൈലന്റ് പ്രണയത്തിന്‍റെ അന്ത്യം അവസാനിക്കുന്നത് വര്‍ഷാവസാന പരീക്ഷ എഴുതാനാവാതെ നായകന്‍ ഉത്തരക്കടലാസ് വലിച്ചുകീറി പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങിവരുമ്പോഴായിരുന്നു.. അപ്പോള്‍ ടി.സി. വാങ്ങാനായി നായിക നാട്ടിലെ പൌരപ്രമുഖനായ തന്റെ ഭര്‍ത്താവിനൊപ്പം വെളുത്ത പ്രീമിയര്‍ പത്മിനി കാറില്‍ നായകന്‍റെ മുന്നില്‍ വന്നിറങ്ങുന്നു......
അന്ന് മുതലാണ്‌ ഈ  പത്മിനി കാര്‍ കാണുമ്പോള്‍ ഞാന്‍ ദേഷ്യത്താല്‍ കാലു മടക്കി തൊഴിക്കുന്നതും പിന്നെ  ആദ്യ പ്രണയത്തിന്‍റെ മുളക്കാത്ത വിത്ത് നെഞ്ചിന്റെ നെരിപ്പോടില്‍ എരിഞ്ഞമരുന്നതും.....

Sunday, August 18, 2013

രക്ത ബന്ധം

രാവിലെ ചോരഉണ്ണി വന്നു കതകില്‍ തട്ടുമ്പോള്‍ കാല്‍ച്ചുവട്ടില്‍ കിടന്ന പുതപ്പു തലവരെ വലിച്ചിട്ടു ഒന്നുകൂടി ചുരുണ്ടുകൂടി ഞാന്‍ കിടന്നു....
എടാ ഒന്നെണീക്ക്‌ ....ഒരു ക്ലയന്ടു വന്നിട്ടുണ്ട് ..ഒന്ന് ഡീല് ചെയ്യണം... അവന്‍ ഉറക്കെ പറയുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞാന്‍ എണീറ്റുവന്നു....
ചോര ഉണ്ണി എന്റെ സുഹൃത്തും സീനിയര്‍ വിദ്യാര്‍ത്ഥിയുമാണ്‌...

മെലിഞ്ഞുണങ്ങിയ നേര്‍ത്ത ശരീരത്തിനു താങ്ങാനാവുന്നതിലും വലിയ ആ വട്ട കണ്ണട തീര്‍ച്ചയായും അവന്റെ കുഴിഞ്ഞ കണ്ണുകള്‍ക്ക്‌ ഒരു അലങ്കാരണ്. കാരമോവ് സഹോദരങ്ങളെ അതിരില്ലാതെ സ്നേഹിക്കുന്ന ഉണ്ണി കൃഷ്ണന്‍ എന്ന ചോരയുണ്ണിക്ക് ആ പേര് കൈവന്നത് സ്വന്തം പ്രവൃത്തി കൊണ്ട് തന്നെയാണ്. രക്തദാന ക്ലബിന്‍റെ സെക്രട്ടറികൂടിയായ അവന്‍ രക്തം ചോദിക്കുന്നവനെയും അത് ദാനം ചെയ്യുന്നവരെയും ഒരു പോലെ സ്നേഹിച്ചിരുന്നു....തിരിച്ചും അങ്ങനതന്നെ....
രക്തദാനം കോളേജിലും ഹോസ്ടലുകളിലും ആയിടക്ക് ഇത്രയതികം വേരോടുവാന്‍ പ്രധാന കാരണം മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്നതിനേക്കാളുപരി അത് സ്വീകരിക്കുന്നവുരുടെ ബന്ധുക്കള്‍ വാങ്ങി കൊടുക്കുന്ന ഒരു നേരത്തെ ചിക്കന്‍ ബിരിയാണിയോ ഫ്രൂട്സ് സലാടോ അല്ലെങ്കില്‍ പൊറോട്ടയും ബീഫ് കറിയുമൊക്കെയായിരുന്നു.....

വിഭവ സമൃദ്ധമായ ഒരു ഉച്ചയൂണ് മനസ്സില്‍ വിചാരിച്ച്‌ ഞാന്‍ മുറിക്കു വെളിയില്‍ വരുമ്പോള്‍ അമ്പതു വയസ്സ് തോന്നിക്കുന്നതും അവനെക്കാള്‍ മെലിഞ്ഞുണങ്ങിയതുമായ ഒരു അപ്പച്ചനോടൊപ്പം അവന്‍ നില്‍ക്കുന്നതാണ് കാണുന്നത്. നിറം മങ്ങിയ പഴയൊരു കൈലിമുണ്ടിനോപ്പം പാടത്തെ ചേറിന്റെ കറപുരണ്ട തുവര്‍ത്ത്‌ തോളത്തിട്ടിരുന്ന അദേഹത്തിന്റെ ദയനീയമായ മുഖത്തേക്കും എന്നെയും മാറി മാറി നോക്കി കൊണ്ട് ഉണ്ണി പറഞ്ഞു....ഈ അപ്പച്ചന്റെ ഭാര്യയെ ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണ്..കുറച്ചു രക്തം കൊടുക്കണം...ലിസ്റ്റില്‍ നോക്കിയപ്പോള്‍ നിന്റെ ബ്ലഡ് മാച്ച് ചെയ്യുന്നുണ്ട്........
പാലക്കാട്‌ ജില്ലാ ആശുപത്രിയുടെ രക്തബാങ്കില്‍ നിന്നിറങ്ങി വരുമ്പോള്‍ ആ തടിച്ച നേഴ്സ് ഉറക്കെപ്പറയുന്നുണ്ടായിരുന്നു..അപ്പച്ചാ ആ പയ്യന് കുടിക്കാന്‍ എന്തെങ്കിലും മേടിച്ചുകൊടുക്കണേ...
തലയാട്ടികൊണ്ട്‌ അയാള്‍ എന്നെയുമായി ആശുപത്രിയുടെ മുറ്റത്തുള്ള മില്‍മാ ബൂത്തിലേക്ക് നടന്നു. രക്തംദാനം ചെയ്ത എനിക്ക് ഒരുഗ്ലാസ് പാലും തനിക്കു ഒരു കട്ടന്‍ ചായയും അയാള്‍ തന്നെ ഓര്‍ഡര്‍ ചെയ്തു......ഒരുപക്ഷെ ഇത് കഴിഞ്ഞു ചിക്കന്‍ ബിരിയാണി വാങ്ങി തരാനായിരിക്കും എന്ന് മനസ്സില്‍ വിചാരിച്ചു ഒറ്റ വലിക്കു തന്നെ ഒരു ഗ്ലാസ് പാല്‍ ഞാന്‍ അകത്താക്കി.........

പിന്നീട് കടക്കാരനു കാശ് കൊടുക്കാനായി അയാള്‍ ഉടുത്തിരുന്ന കൈലിയുടെ മടിക്കുത്ത് അഴിച്ചു ചുക്കിച്ചുളിഞ്ഞ പ്ലാസ്ടിക് പേപ്പറിന്റെ കഷണം തുറന്നു. അതിലുണ്ടായിരുന്നു പുകയില കഷണം വിരലുകൊണ്ട് തള്ളിമാറ്റി ഉണ്ടായിരുന്ന ചില്ലറകളെല്ലാം പെറുക്കിയെടുത്തു. എണ്ണിനോക്കി തൃപ്തി വരാണ്ട് ഉടുത്തിരുന്ന കൈലിയുടെ ഒരറ്റം ഉയര്‍ത്തി അടിയില്‍ ധരിച്ചിരുന്ന അല്പം മുഷിഞ്ഞ അണ്ടര്‍ വെയറിന്റെ കീശയില്‍ അദ്ദേഹം കയ്യിട്ടു. കയ്യില്‍ ഒന്നും തടയാതിരുന്ന അപ്പച്ചന്‍ നിരാശനായി എന്നെ നോക്കി ഉണ്ടായിരുന്ന ചില്ലറ മുന്നിലിരുന്ന മിട്ടായി ഭരണിയുടെ മുകളില്‍ വച്ചു.കുറവുണ്ടായിരുന്ന രൂപ എന്‍റെ പോക്കറ്റില്‍ നിന്നിട്ട് ഞങ്ങള്‍ ആശൂപത്രിയുടെ അകത്തേക്ക് നടന്നു......

കട്ടിലില്‍ കിടന്ന അയാളുടെ ഭാര്യയുടെ വയറില്‍ കെട്ടിയിരുന്ന തുണിയില്‍ അപ്പോളും രക്തം ഉണങ്ങാതെ അവശേഷിച്ചിരുന്നു. എന്നെ വിഷമിപ്പിച്ചതത്രയും ഉണങ്ങാത്ത കണ്ണീരുമായി അവരുടെ കട്ടിലിനു സമീപത്തായി നിന്നിരുന്ന സ്കൂള്‍ യൂണിഫോറം ധരിച്ച രണ്ടു പെണ് കുരുന്നുകളായിരുന്നു. നരച്ചതും തയ്യല്‍ വിട്ടിരുന്ന ഉടുപ്പും ധരിച്ചആ കുട്ടികള്‍ പറയാതെ തന്നെ ആ കുടുംബത്തിന്‍റെ അവസ്ഥ എന്നെ മനസ്സിലാക്കിതന്നു....
നിനക്ക് രക്തം തരാന്‍ വന്ന കുട്ടിയാണ് ...എന്‍റെ കയ്യില്‍ പിടിച്ചുകൊണ്ടു അദ്ദേഹം തന്റെ ഭാര്യയോടായി പറഞ്ഞു...മറുപടിയായി അവരെന്നെ നോക്കി പുഞ്ചിരിച്ചു...അതില്‍ എന്നോടുള്ള നന്ദിയും കടപ്പാടും വ്യക്തമായിരുന്നു....

അവരോടു യാത്ര പറഞ്ഞ് ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവിടെ നിന്നിരുന്ന ഏകദേശം ആറു വയസ്സ് വരുന്ന ആ ഇളയ പെണ്‍കുട്ടി എന്റെ പിറകെ ഓടിവന്നു.......
തന്‍റെ കുഞ്ഞു ചോറ് പാത്രം തുറന്നു അതില്‍ കിടന്നിരുന്ന ഒരേയൊരു മിഠായി എടുത്ത് എന്‍റെ നേരെ നീട്ടി....വേണ്ടായെന്നു പറഞ്ഞു ഞാന്‍ അവളുടെ നെറുകയില്‍ തലോടുമ്പോള്‍ ബലമായി ആ കുഞ്ഞി കൈകള്‍ കൊണ്ട് അതെന്‍റെ പാന്റ്സിന്റെ പോക്കറ്റില്‍ തിരുകി വച്ചിട്ട് അവള്‍ തിരികെ ഓടിപ്പോയി.....

തിരിച്ചു ബസ്സില്‍ കയറി ഞാന്‍ റൂമില്‍ എത്തുന്നതുവരെ ആ കൊച്ചു കുടുംബം അദൃശ്യമായി എന്നെ പിന്തുടരുന്നതായി തോന്നി.........
ഇന്ന് കഴിച്ച സ്റ്റാര്‍ വിഭവത്തെ ക്കുറിച്ച് മുറിയിലുള്ള സുഹൃത്തുക്കള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെടുമ്പോള്‍ ആ മിടുക്കി തന്ന മിട്ടായിയുടെ തേന്‍ മധുരം പണ്ട് ദേവന്മാര്‍ക്ക് ലഭിച്ച അമൃതിനെക്കാള്‍ എത്രയോ പതിന്‍മടങ്ങായി എനിക്ക് അനുഭവപ്പെട്ടു ....

അങ്ങനെ ആഴ്ചകള്‍ കടന്നുപോയി. ഏകദേശം ഒന്നര മാസത്തിനു ശേഷമാവണം ഞാന്‍ രാവിലെ എണീറ്റ്‌ മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ അതേ അപ്പച്ചന്‍ കയ്യില്‍ ഒരു വലിയ തുണി സഞ്ചിയുമായി മുന്നില്‍ നില്‍ക്കുന്നു...
സഞ്ചി എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് അദ്ദേഹം പറഞ്ഞു.....ഞാന്‍ വന്നിട്ട് അല്പം നേരമായി ..മോന്‍ എണീക്കട്ടെ എന്ന് കരുതി ഇവിടെ നില്‍ക്കുകയായിരുന്നു....അവള്‍ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ നിന്നും പോന്നത്....ഇപ്പോള്‍ സുഖമായിരിക്കുന്നു..മോന് തരാന്‍ വേണ്ടിയിട്ട് ഇന്നലെ രാത്രി ഉറക്കമിളച്ചിരുന്ന് അവള്‍ ഉണ്ടാക്കിയ കുറച്ചു പലഹാരമാണിത്......എനിക്ക് രാവിലെ പണിക്കു പോകാനുള്ളതുകൊണ്ട് പെട്ടെന്ന് പോകുന്നു.......ഇനിയും കാണാന്‍ വരാമെന്നു പറഞ്ഞു കൊണ്ട്‌ ആ അപ്പച്ചന്‍ തിരികെ നടന്നകുന്നു.......

മുറിയില്‍ കയറി ഞാനും സുഹൃത്തുക്കളുംകൂടി തുണിസഞ്ചി തുറന്നു...അതുനിറയെ കുത്തരിയുടെ അവല്‍ ഇടിച്ചത് , ഏത്തക വറുത്തത് മുതലായ കുറെ പലഹാരങ്ങളുടെ കിഴികളായിരുന്നു..
രക്തം ദാനം ചെയ്യുന്നത് തിരികെ ഒന്നും പ്രതീഷിച്ചിട്ടല്ലായെങ്കില്‍ കൂടിയും.....വിലകൂടിയ കാറില്‍ കൂട്ടികൊണ്ടുപോയി നല്ല ആഹാരം വാങ്ങി തന്നവര്‍ ഒരുപക്ഷെ അത് ദഹിക്കുന്നതിനു മുന്‍പേ തന്നെ ഞങ്ങളെ മറന്നു പോകുമായിരുന്നു......... എന്നാല്‍ കൂലിപ്പണിക്കാരായ ആ കുടുംബം ഒന്നര മാസങ്ങള്‍ക്ക് ശേഷം എന്നെ തേടി വന്നപ്പോള്‍ പാലക്കാട്ടെ ....പ്രായിരി സ്വദേശിയായ ആ കുടുംബത്തിന്റെ നിസ്വാര്‍ത്ഥമായ സ്നേഹത്തിനു മുന്നില്‍ ഇന്നും ഞാന്‍ തലകുനിക്കുന്നു......

Wednesday, July 17, 2013

ഋതുഭേദങ്ങള്‍

ഇടതു കയ്യിലിരുന്ന സ്റ്റീല്ബേസനില്നിന്നും ചോറ് വിളമ്പി അവര്ക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്ഇരുവശങ്ങളില്നിന്നും എന്നെ തുറിച്ചു നോക്കിയിരുന്ന കണ്ണുകളില്അപരിചിതത്വത്തിന്റെ ഭയത്തോടൊപ്പം ആശ്രയത്തിന്റെ പ്രതീക്ഷകളുമുയരുന്നാണ്ടായിരുന്നു. ഇടതു വശത്തെ പെയിന്റിളകിയ സിമന്റു തൂണിന്റെ ചുവട്ടിലിരുന്ന പ്രായമേറിയ സ്ത്രീ എന്റെ കൈയ്യില്തടഞ്ഞു ഊണ് മതിയെന്ന് പറയുമ്പോള്അവരുടെ തലയ്ക്കു മുകളിലായി തൂങ്ങിക്കിടന്നിരുന്ന സ്നേഹാലയമെന്ന സ്റ്റീല്ബോര്ഡു ഉച്ചവെയിലിന്റെ പ്രകാശത്താല്മിന്നിതിളങ്ങിയിരുന്നു.
മതി എന്ന വാക്ക് തന്നെയാണ് പ്രപഞ്ചത്തില്മനുഷ്യരുടെ ഇടയില്കേള്ക്കുവാന്കഴിയാത്തതും നിറഞ്ഞ ഭഷണത്തിനു മാത്രം മനുഷ്യനെക്കൊണ്ട് പറയിക്കാനാവുന്നതുമെന്നു  അപ്പോള്‍   ഞാന്   മനസ്സിലോര്ത്തു.

അവര്ക്കൊപ്പം ഊണ് കഴിഞ്ഞു കൈ കഴുകുമ്പോള് സ്ത്രീ  എന്റെ അടുത്തേക്ക് മെല്ലെ നടന്നു വന്നു. മോന്പോകുന്നത്തിനു മുന്പ് ഒരു നേരത്തെ ഊണ് ഞങ്ങള്ക്കു തന്നതിനുള്ള നന്ദികൂടി അറിയിക്കാമെന്ന് കരുതി വന്നതാണ്...എണ്ണമെഴുക്കുള്ള നരച്ച മുടിക്കീറില്ചിലത് താഴേക്ക്ഊര്ന്നുവീണതിനെ കൈ തലപ്പുകൊണ്ട് മുകളിലേക്ക് ഒതുക്കി വച്ചുകൊണ്ട് അവര്പറഞ്ഞു.

ചരിഞ്ഞിറങ്ങിയ ഉച്ചവയിലിനെ പ്രതിരോധിക്കാനെന്നവണ്ണം സ്ത്രീയുടെ  കയ്യില്പിടിച്ചുകൊണ്ടു മതിലിനോട് ചേര്ന്ന പുളിമരത്തിന്റെ ചുവട്ടിലേക്ക്നീങ്ങി നിന്നു.അമ്മയുടെ മരണാന്തര ചടങ്ങുകളേയും ഊട്ടുനേര്ച്ചയുടെ മഹാത്തരങ്ങളെയും കുറിച്ച് സംസാരിക്കുന്നതോടൊപ്പം  സ്നേഹാലയത്ത്തില്എത്തിപ്പെടാനുള്ള കാരണത്തെക്കുറിച്ച് അവരോടായി ഞാന്ചോദിച്ചു..

വീട്ടുകാരുടെ നിര്ബന്ധത്തിനു വഴങ്ങി വിരൂപനായ ഭര്ത്താവിനോടൊപ്പം ജീവിതം തള്ളി നീക്കേണ്ടി വന്ന ഒരു യുവതിയുടെ കഥായാത്ര  ചുരുങ്ങിയ വാക്കുകളിലായി അവര്എന്നോട് പറഞ്ഞു.....

........പത്തുമുപ്പതു   വര്ഷത്തെ ദാമ്പത്യ ജീവിതത്തില്ഭര്ത്താവിനെ സന്തിഷിപ്പിക്കുക
എന്നതുമാത്രമായിരുന്നു എന്റെ ജോലി . കൌമാരത്തിലെ സപ്നങ്ങളില്വരച്ചെടുത്ത
നിറച്ചാര്ത്തുകള്കണ്ണ് നീരില്അലിഞ്ഞ് ഇല്ലാതെയാകുന്നതു രാത്രികളില്
പതിവായിരുന്നു. മെല്ലെയത് വിധിയെന്ന് പറഞ്ഞു ആശ്വസിക്കുമ്പോള്ബാല്യത്തിനു
ജന്മം നല്കിയ അപ്പനെയോ അമ്മയെയോ ഞാന്ശപിചിരുന്നില്ല..ചെറുപ്പകാലങ്ങളില് 
കൂട്ടിനുവന്ന പുസ്തക താളുകളിലെ കഥകള്ക്കോ കവിതകള്ക്കോ നല്കാനാവുന്നതല്ല
അനുഭവിക്കെണ്ടിയിരുന്ന ജീവിതമെന്ന് തിരിച്ചറിയുന്നത്വളരെ വൈകി മാത്രമായിരുന്നു.

കീഴ്പ്പെടലുകള്പാരമ്യത്തിലെത്തുമ്പോള്മനസ്സ് തന്നെ ചോദിക്കാറുണ്ട് മറ്റെന്തിനെയും പോലെ  നഷ്ടങ്ങള്ക്കുമില്ലേ ഒരന്ത്യമെന്ന്. ഒരുപക്ഷെ അങ്ങനെയൊരു ചോദ്യത്തിനുത്തരം
എന്നാ നിലയിലാവാം ഞാന്അവളെ പരിചയപ്പെടുന്നത്. മദ്യത്തിനടിമയായ
ഭര്ത്താവിനൊടൊപ്പം അവളെ ആദ്യമായി കാണുമ്പോള്സ്ത്രൈണതെയെക്കാള്പുരുഷ്വത്വം നിറഞ്ഞ അവളുടെ ആജ്ഞാശക്തിയും ശരീരവും എന്നെ ഒരുവേള ആശ്ച്ചര്യപ്പെടുത്തിയിരുന്നു. പിന്നീടു അവിടെ നിന്നും സൌഹൃദത്തിലെക്കുള്ള യാത്രയില്സ്വപ്നങ്ങളില്നഷ്ടപ്പെട്ട പ്രണയതീരങ്ങള്ഓരോന്നായി ഞങ്ങള്വീണ്ടെടുക്കുകയായിരുന്നു.
പിന്നീടു അങ്ങോട്ടുള്ള  യാത്രകളത്രയും കാലങ്ങളായി തേടിയിരുന്ന സംതൃപ്തിയെന്ന അനുഭൂതിക്കുവേണ്ടി മാത്രവും..
ജെന്മം നല്കിയ പൈതൃകത്തിന്റെ മതില്ക്കെട്ടിനുള്ളില്‍ , കൊളുത്തിയ നിലവിളക്കിനു മുന്നില്ഞാന്സമര്പ്പിച്ച തിങ്കളാഴ്ച വ്രതങ്ങള്എല്ലാം ഒരൊറ്റ പുരുഷന് മാത്രം ജീവിതം സമര്പ്പിക്കുവാന്വേണ്ടിയായിരുന്നു. അസ്തമന സൂര്യനെ സാക്ഷിയാക്കി കായല്ക്കരയിലിരുന്നു  അവളും ഞാനും  കൈമാറിയ  സ്വര്ണമോതിരം പുതിയൊരു ഉടമ്പടിയുടെ പ്രതീകമായാണ്. അപ്പോഴും ഉള്ളില്‍ തികട്ടി വന്ന കുറ്റബോധത്തിനെ പ്രതിരോധിക്കാന് മറ്റൊരു പുരുഷനുമുന്പില്ശരീരം അടിമപ്പെടുത്തുന്നില്ലയെന്നു ഞാന് മനസ്സിനെ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാന്  ശ്രമിച്ചിരുന്നു.

അടിച്ചിട്ട മുറിക്കുള്ളില്അവളോട്ചേര്ന്ന് കിടക്കുമ്പോള്ബലിഷ്ഠമായ പുരുഷ കരങ്ങള്ക്ക് പകരം മാംസളമായ അവളുടെ കൈകള്എന്റെ ശരീരത്തിലൂടെ ഇഴയുമ്പോള്  ആനന്ദിച്ചിരുന്നത് കാമത്തിന്റെ നിര്വൃതിയിലായിരുന്നില്ല , മറിച്ച് എന്റെ ശരീരത്തിനുമപ്പുറം കനലായെരിഞ്ഞിരുന്ന   പ്രണയത്തിന്റെ നിത്യശാന്തിക്ക് വേണ്ടി ഒരല്പം കരുതലോടുകൂടിയ സ്നേഹം  മാത്രമായിരുന്നു
പിന്നീട് കാലത്തിനൊപ്പം മാറിമറിഞ്ഞ ഋതുഭേദങ്ങള്പോലെ  അവളും യാത്രയാകുമ്പോള്ഞാന്തനിച്ചായിരുന്നു. യൌവ്വനത്തിന്റെ  ഋതുക്കള്  എന്റെ ശരീരം ഉപെക്ഷിച്ചു  ഇറങ്ങി നടന്നപ്പോള് പ്രണയവും ആശ്രയവും നഷ്ടപ്പെട്ടവര്ക്കായി ഇനിയുള്ള ജീവിതമത്രയും  പണയപ്പെടുത്താമെന്ന്  വിചാരിച്ചു. അങ്ങനെ നീണ്ട അലച്ചിലിനുശേഷം സ്നേഹാലയത്തില്എത്തിപ്പെടുമ്പോള്വാര്ധക്ക്യത്തിലെ പ്രണയം നുകരുന്ന  അനേകം അത്മാക്കലോടൊപ്പം ഞാനും ചേരുകയായിരുന്നു..
നിങ്ങള്കൊണ്ടുവരുന്ന ഓര്മ്മപെരുന്നാളും ശ്രദ്ധമൂട്ടും ചെറിയ ഉരുളയാക്കി ഞങ്ങള്വിശപ്പടക്കുമ്പോള് കൈകളിലെ വാത്സല്യത്തിന്റെ ഉരുളകള്തിന്നു വളര്ന്ന   മക്കള്എവിടെയോ  ജീവിതം  ആസ്വദിക്കുന്നുണ്ടാവണം ,യൌവ്വനത്തിന്റെ ഋതുക്കള്  ശരീരത്തില്‍ നിന്നും ഇറങ്ങി നടക്കുന്നതുവരെ.....
തിരിച്ചു വരുമെന്ന്  ചൊല്ലി യാത്രയാകുമ്പോള്‍ എന്റെ മനസ്സ്നിറയെ കാലങ്ങള്‍ അവശേഷിപ്പിച്ച  സ്നേഹാലയത്തിലെ പ്രണയ നൊമ്പരങ്ങളായിരുന്നു..