ഒതുക്കമുള്ള ചുരുദാറിനുള്ളില്‍ അതിനെക്കാള്‍ ഒതുക്കി അവള്‍ ഒളിപ്പിച്ചിരുന്ന
മനസ്സും ശരീരവും ആദ്യ ദൃഷ്ടിയില്‍ തന്നെ
ഇഷ്ടപ്പെട്ടത് കൊണ്ടാവാം , ആദ്യരാത്രിയില്‍
മാറത്തെ സാരിത്തുമ്പ് മെല്ലെ അടര്‍ത്തി മാറ്റുമ്പോള്‍ ആദ്യമായി കണ്ട
നഗ്നശരീരത്തിനു മുന്നില്‍ ഞാന്‍ എന്‍റെ മനസ്സും വിശ്വാസവും അവള്‍ക്ക് തീറെഴുതിയത്.
ആദ്യം നുണഞ്ഞ മുലപ്പാലിലെ തേന്‍ മധുരം മരണകിടക്കിയിലെ അവസാന ദാഹനീരുവരെ മധുരിക്കുമെന്നപോലെ , ചേലക്കടിയില്‍ ഒളിപ്പിച്ച
അവളുടെ ശരീരം ഈയൊരു ജന്മത്തിനായി എന്നെ ആകര്‍ഷിച്ചത് അച്ചടക്കത്തോടെ അത് ഒതുക്കി
നിര്‍ത്തിയ തയ്യല്‍ കാരിയുടെ കരവിരുത്
ഒന്നുകൊണ്ട് തന്നെയായിരുന്നു..
അതിന്നടുത്ത ദിവസം ഭാര്യവീട്ടുകാരോടോത്ത് ഉച്ചയൂണിനു ഇരിക്കുംനേരം ,മൂന്നാമത്തെ പിടി
ചോറിനായി മീന്‍ കറികൂട്ടി ഇളക്കുമ്പോള്‍ ,പുതിയോരതിഥികൂടി ഞങ്ങള്‍ക്കൊപ്പം
ഇരിപ്പുറപ്പിച്ചിരുന്നു.രണ്ട് കാലുകളും തളര്‍ന്ന ആ സ്ത്രീയെ കസേരയിലേക്ക്
എടുത്തിരുമ്പോള്‍ ,അവരുടെ മുഖത്ത് പടര്‍ന്ന തിളക്കം തെല്ലൊന്നുമല്ലയെന്നെ
അത്ഭുതപ്പെടുത്തിയത്.
ഗീതമ്മയെന്നപേരുള്ള അവരെ എന്‍റെ ഭാര്യപിതാവ് പരിചയപ്പെടുത്തുമ്പോള്‍
,തലേരാത്രി ഞാന്‍ കണ്ട ശരീര ഭാഗങ്ങള്‍
അത്രമേല്‍ ഭംഗിയായി രൂപകല്പന ചെയ്തത് ഇരുകാലുകളും തളര്‍ന്ന ഈ സ്ത്രീയുടെ കൈകളാല്‍
മെനെഞ്ഞെടുത്ത വസ്ത്രങ്ങള്‍ കൊണ്ടാണല്ലോയെന്നു വിശ്വസിക്കാന്‍ എനിക്കല്പനേരം വേണ്ടിവന്നിരുന്നു..
പെണ്ണുകാണല്‍ ചടങ്ങുകളും ആദ്യരാത്രികളും
ഒരുപക്ഷെ മനോഹരനിമിഷ മാകുന്നതിനു പിന്നില്‍
വധുവരന്മാര്‍ അണിയുന്ന വസ്ത്രങ്ങള്‍ക്കും ചെറുതല്ലാത്ത ഒരു പങ്കുണ്ടെന്ന് ഞാന്‍
തിരിച്ചറിഞത് ആ ദിനങ്ങളിലായിരുന്നു..
ഇരു കാലുകളുമുള്ള തന്‍റെ കുടുംബങ്ങളെ പുലര്‍ത്താന്‍ ആ സ്ത്രീ നടത്തുന്ന ഗീതമ്മ ടൈലേഴ്സ് എന്ന സ്ഥാപനം
ഇതിനോടകം ആ നാട്ടിലെ എത്രയോ സ്ത്രീ
പുരുഷന്മാരുടെ വിവാഹ വസ്ത്രങ്ങള്‍ തുന്നി അവരുടെ ജീവിതത്തിനു മറക്കാനാവാത്ത
നിമിഷങ്ങള്‍ സമ്മാനിച്ചത് ,തളര്‍ന്ന കാലുകളുമായി അവിവാഹിതയായി
ജീവിച്ചുകൊന്ടാണെന്നറിഞ്ഞപ്പോഴാണ് ഈ ഭൂമിയിലെ വിരോധാഭാസങ്ങളെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയത്.
ഇന്നും ആ തയ്യല്‍ക്കടയുടെ മുന്നിലൂടെ പോകുമ്പോള്‍ ,അല്പം ആദരവോടെ ആ കടയിലേക്ക്
നോക്കാറുണ്ട്. കാരണം നഗ്നരായി ജനിക്കുന്ന മനുഷ്യര്‍ക്ക് മൂടുപടം തുന്നുന്ന തയ്യല്‍ക്കാര്‍
ദൈവത്തിന്‍റെ പണിപ്പുരയിലെ ആയുധങ്ങളെത്രെ..