Saturday, November 2, 2013

ചുവന്ന പട്ടുസാരി.......

കുളിമുറിയുടെ വാതില്‍ തുറന്ന് അവള്‍ ഇറങ്ങി വരുന്നത് നോക്കി വൈകുന്നേരങ്ങളില്‍ 
വീടിനു മുന്നിലുള്ള പൂക്കള്‍ക്കിടയില്‍ ഞാന്‍ നിlല്‍ക്കാറുണ്ട്,ചെടികള്‍ക്ക് 
വെള്ളം ഒഴിക്കുന്നുവെന്നപോലെ .അയാളുടെ കൈപിടിച്ച് റോഡിനപ്പുറമുള്ള ആ 
കൊച്ചു വീട്ടിലേക്കു ആദ്യമായി കടന്നു വരുമ്പോള്‍ , അവള്‍ ഉടുത്തിരുന്നത് 
സ്വര്‍ണ്ണ നൂലിന്റെ ബോര്‍ഡറുള്ള ഒരു ചുവന്ന പട്ട് സാരിയായിരുന്നു.മുപ്പത്തഞ്ചു 
വര്‍ഷങ്ങള്‍ കടന്നു പോയെങ്കിലും ആ വീടിന്റെ ഇറയത്തോടു ചേര്‍ന്നുള്ള
അടര്‍ന്നു വീഴാറായ കുളിമുറിയില്‍ നിന്നും അവള്‍ ഇറങ്ങി വരുമ്പോള്‍ ഈറനണിഞ്ഞ
നരച്ച മുടിയിഴകളും വെളുത്ത ബ്ലൌസിനുള്ളില്‍ ചുരുങ്ങിയമര്‍ന്ന മാറിടവും ആ
ചുവന്ന പട്ടുസാരിക്കാരിയെന്നപോലെ ഇന്നും ഞാന്‍ ആസ്വദിക്കാറുണ്ട്.

ചെറിയ വീടിനോട് ചേര്‍ന്നുള്ള ഒരു തുണ്ട് മണ്ണിലാണ് അവള്‍ക്കും മുന്നേ
നടന്നകന്ന ഭര്‍ത്താവും മകനും അന്തിയുറങ്ങുന്നത്.ഏകയായ് ഈ വാര്‍ദ്ധക്യത്തിലും
വിറകടുപ്പിലെ പുകയൂതി മടുക്കുമ്പോള്‍ അടുക്കളയുടെ തിണ്ണയില്‍ വന്നിരുന്നു
അവള്‍ പലപ്പോഴും ആവലാതി പറയുന്നത്‌ കാണാറുണ്ട്‌, ആറടിക്കപ്പുറം
കാവലിരിക്കുന്ന തന്‍റെ പ്രിയതമനോടും മകനോടും.ഒരു പക്ഷെ ഇന്നലെയവള്‍
പറഞ്ഞിരുന്നത് തന്‍റെ കുടിലിന്റെ അതിര്‍ത്തിയില്‍ വളര്‍ന്നു വരുന്ന
കൊണ്ക്രീറ്റു കൂനകളെക്കുറിച്ചും നാളെ ജെ സി ബിയുമായി വന്നു തന്റെ
പ്രിയപ്പെട്ടവരുടെ അസ്ഥിമാടം നെടുകെക്കീറി കൈവശപ്പെടുത്താനിറങ്ങിയിരിക്കുന്ന
അയല്‍വാസികളായ ഭൂമാഫിയകളെക്കുറിച്ചുമായിരുന്നിരിക്കണം.

ഇന്നു രാവിലെ കൂട്ടം കൂടി നിന്ന ആളുകള്‍ക്കിടയിലൂടെ ആ വൃദ്ധയുടെ ജീവനറ്റ ശരീരം
മുന്‍സിപ്പാലിറ്റിയുടെ ആമ്പുലന്സിലേക്ക് എടുത്തു വയ്ക്കുമ്പോള്‍ അവളെ
പുതപ്പിച്ചിരുന്നത് ആ ചുവന്ന പട്ടുസാരിതന്നെയായിരുന്നു.റോഡിനിപ്പറമുള്ള വീടിന്റെ
തിണ്ണയില്‍ പ്രായം പാതി തളര്‍ത്തിയ ശരീരവുമായി ഞാനിരിക്കുമ്പോള്‍
തിരിച്ചറിയുന്നു അവള്‍ ഒരു ജന്മാന്തരം ഒറ്റക്ക് നെഞ്ചിലേറ്റിയ വേദന..മുറ്റത്തെ
പൂച്ചെടികള്‍ക്കിടയില്‍ നിന്നും ആ പട്ടുസാരിയോടുള്ള പ്രണയാര്ദ്രമായിമായി ഞാന്‍ നട്ടു
വളര്‍ത്തിയ ചുവന്ന റോസാ ചെടിയും അപ്പോള്‍ വാടികൊഴിഞ്ഞിരുന്നു...

1 comment:

  1. വികസനത്തിനും ഇരകളുണ്ട്

    ReplyDelete