Saturday, August 31, 2013

പത്മിനിയെ ഞാന്‍ വെറുക്കുന്നത്.......


വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഈജിപ്തിലെ പിരമിഡുകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള വിശാലയമായ  കോന്‍ക്രീറ്റ് കൂനയുടെ താഴെ എത്തിചേരുമ്പോള്‍ ആ വരവ് ചില നിമിത്തങ്ങള്‍ക്ക് കാരണമാവുമെന്ന്  ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല....

അബുദാബിയില്‍ വന്നപ്പോള്‍ മുതല്‍ കൂടെ ജോലി ചെയ്യുന്ന സുഹൃത്തു ശ്രീകാന്ത് പറയുമായിരുന്നു... എടാ  നമുക്ക് ആ കാര്‍ മ്യുസിയം ഒന്ന് കാണാന്‍ പോകാം. ആയിരത്തില്‍ പരം വ്യത്യസ്ഥ കാറുകള്‍ അതും ലോകത്തെ ഒരുവിധം എല്ലാ കാര്‍ കമ്പനികളുടെയും കാറുകള്‍ ഒരെയിടത്തില്‍ നിരത്തി വച്ചിരിക്കുന്ന സ്ഥലം.പിന്നീട് ഒരു പക്ഷെ കാണുവാന്‍ കഴിയുമെന്നു തോന്നുന്നില്ല.....

പതിനെട്ടാം നൂറ്റാണ്ട് മുതല്‍ കഴിഞ്ഞ വര്ഷം വരെ ഇറങ്ങിയ പുതിയ കാറുകളെ ശ്രേണികള്‍.ഓരോ കാറിനു ചുറ്റുമിരുന്നു ഫോട്ടോ എടുത്തും  തൊട്ടും തലോടിയും ഞങ്ങള്‍ നടന്നു നീങ്ങി.അമേരിക്കയുടെയും ജെര്‍മനിയുടെയും ജപ്പാന്റെയും സൂപ്പര്‍ മോഡലുകള്‍ മുതല്‍ പതിനെട്ടാം നൂറ്റാണ്ടുകളില്‍ അറബി രാജാക്കന്മാര്‍ മരുഭൂമിയിലൂടെ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തിയിരുന്ന ബെഡ് റൂമും ഡൈനിംഗ് ഹാളും ചേര്‍ന്ന് മൂന്നു നില കെട്ടിടത്തെക്കാള്‍ വലുപ്പമുള്ള കാരവാന്‍ വരെ സന്ദര്‍ശകരെ ആകര്‍ഷിച്ചു കൊണ്ടിരുന്നു....

പിന്നീട് ഞങ്ങള്‍ നടന്നു നീങ്ങിയത് ഇന്ത്യന്‍ കാറുകളുടെ പവലിയനിലെക്കായിരുന്നു.
അതുവരെ സന്തോഷത്തോടെ നടന്നു നീങ്ങിയ ഞങ്ങളുടെ ആ നല്ല സായാഹ്നം  തകര്‍ക്കുവാനെന്നോണം എന്റെ മിഴികളുടക്കിയത്  ഒരു വെളുത്ത പ്രീമിയര്‍ പത്മിനിയിലായിരുന്നു. ദൂരെ നിന്നും ആ കൊച്ചു കാര്‍ കണ്ടപ്പോള്‍ മുതല്‍  മനസ്സില്‍ നുരഞ്ഞു പൊന്തിയ ദേഷ്യം കാലുകളില്‍ ആവാഹിച്ചു കാലു മടക്കി ഞാന്‍ ആഞ്ഞു ചവിട്ടി.പിന്നെ  അവിടെമാകെ  മുഴങ്ങി കേട്ടത് വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ അടക്കി വച്ചിരുന്ന വീര്‍പ്പുമുട്ടലിന്റെ പ്രതിഫലനമായിരുന്നു.സന്ദര്‍ശകര്‍  ആശ്ച്ചര്യതോടെ ചുറ്റിനും കൂടുമ്പോള്‍ അതൊന്നുമറിയാതെ ഞാന്‍ ആ കാറിനെ പിന്നേയും ചവിട്ടികൊണ്ടിരുന്നു....

സെക്യുരിറ്റി വന്ന് ഞങ്ങളെ തള്ളി വെളിയിലാക്കുമ്പോള്‍ ഒന്നും മനസ്സിലാവാതെ  ശ്രീകാന്ത് ചോദിക്കുന്നുണ്ടായിരുന്നു.......... ‘’എന്തായിരുന്നു നിന്റെ ആ ഭ്രാന്തന്‍ പ്രകടനത്തിന്  കാരണം’’.

അടുത്തുള്ള ബക്കാലയില്‍ കയറി ഓരോ തണുത്ത ജ്യുസ് വാങ്ങി ഞങ്ങള്‍ വണ്ടിയുമെടുത്ത് റൂമിലേക്ക്‌ തിരിച്ചു. ഓടുന്ന വണ്ടിക്കൊപ്പം  ആ കഥ ഞാന്‍ അവനോടായി പറഞ്ഞുകൊണ്ടിരുന്നു..........
....................................................................................................................................................
പതിവുപോലെ അന്നും ഞാന്‍ കുറച്ചു നേരത്തെ തന്നെ കോളേജില്‍ എത്തിയിരുന്നു. നീല പെയിന്റടിച്ച കൂറ്റന്‍ വാതില്‍ തള്ളി തുറന്നു ക്ലാസ്സിലേക്ക് കയറുമ്പോള്‍ തല പിന്നിലേക്ക്‌ വെട്ടിച്ചു രണ്ടു സൈഡിലെക്കു നോക്കി ആരും വരുന്നില്ലയെന്നു ഉറപ്പുവരുത്തി. കയ്യിലിരുന്ന ബുക്കുകള്‍ എന്റെ ഇരിപ്പിടത്തില്‍ വച്ചിട്ട് മേശക്കടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന ബ്ലേഡിന്റെ ഒരു പാതിയുമായി മുന്നോട്ടു നീങ്ങി അവളിരിക്കാറുള്ള സീറ്റിലേക്ക് നടന്നു. നെഞ്ചിടിപ്പിന്റെ ഡെസിബെല്‍ ക്രമാനുസൃതമായി ഉയരുന്നതായി എനിക്ക് തോന്നാതിരുന്നില്ല.....
.
അവളുടെ മേശമേല്‍ തലേനാള്‍ ഞാനെഴുതിപ്പിടിപ്പിച്ച ശ്ലോകത്തിനു താഴെ അവള്‍ എഴുതി ചേര്‍ത്ത നാലുവരി കവിത ഇടിക്കുന്ന ഹൃദയത്തിന്റെ താളത്തിനൊപ്പം ഞാന്‍ വായിച്ചെടുത്തു. ഇത്തവണ അവള്‍ എഴുതിയത് സോളമന്റെ ഉത്തമ ഗീതത്തില്‍  നിന്നായിരുന്നു...........

       ഞാന്‍ നിന്നെ എന്റെ അമ്മയുടെ ഭവനത്തിലേക്ക്‌.....
       എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്ക് കൂട്ടികൊണ്ട്  പോകും.......
       അവിടെ വച്ച് സുരഭിലമായ വീഞ്ഞും
       എന്റെ മാതള നാരങ്ങയുടെ രസവും.ഞാന്‍ നിനക്കായ് പങ്കു വയ്ക്കും............

ആ നാലുവരി പ്രണയത്തിനു താഴെ അവശേഷിച്ചിരുന്ന മേശയുടെ ഇരുണ്ട പ്രതലം കയ്യിലിരുന്ന ബ്ലേഡിന്‍റെ കഷണം കൊണ്ട് ഞാന്‍ ചുരണ്ടിയെടുത്തു.. അഴുക്കുപുരണ്ട കറുത്ത പൊടിയായ് അവിടെമാകെ നിറഞ്ഞുനിന്നത് ശക്തിയായി ഊതി നിലത്തേക്കിട്ടു...ഒരു പക്ഷെ ഞങ്ങള്‍ക്കും മുന്‍പേ പ്രണയിച്ചവരുടെ മനസ്സും പരീക്ഷണങ്ങള്‍ക്ക്‌ വിധേയരായ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പരീക്ഷ തുണ്ടുകളും ആയിരുന്നിരിക്കണമത്......
പിന്നീട് അവളുടെ കാവ്യത്തിനു മറുപടിയായി ഞാന്‍ ഇപ്രകാരം എഴുതിചേര്‍ത്തു......
        .....നിന്റെ ഹൃദയത്തിന്‍ മുദ്രയായും......
        .....നിന്റെ കരത്തിന്‍ അടയാളമായും എന്നെ പതിക്കുക.......
        ....പ്രേമം മരണത്തെപ്പോലെ ശക്തവും,........
        ....അസൂയ ശവക്കുഴിപോലെ ക്രൂരവുമാണ്‌........
       .......അതിന്റെ ജ്വാലകള്‍ അതി ശക്തമായ തീ ജ്ജ്വാലപോലെയാണ്.......
        ......അത്തിമരം കായ്ച്ചു തുടങ്ങി..മുന്തിരി വള്ളികള്‍ പൂത്തുലഞ്ഞു.....
       .....പ്രിയേ ഇറങ്ങി വരുക...എന്റെ പ്രണയത്തിന്റെ പതാക ഹൃദയത്തിലേന്തുക......

വെളിയില്‍ വരാന്തയിലൂടെ കുട്ടികള്‍ കൂട്ടമായി എത്തിതുടങ്ങിയത് ഉയര്‍ന്നുവന്ന മെതിയടി ശബ്ദത്തിന്റെ അകമ്പടിയാല്‍ ഞാന്‍ തിരിച്ചറിഞ്ഞു. പെട്ടെന്ന് തന്നെ എന്റെ പുസ്തകങ്ങളുമായി രണ്ടാമത്തെ വാതിലൂടെ ഞാന്‍ വെളിയിലിറങ്ങി. അരമണിക്കൂറിനുശേഷം ആദ്യ വാതിലിലൂടെ തന്നെ ക്ലാസ്സില്‍ കയറി  ഇരിപ്പിടത്തില്‍ പ്രതിഷ്ടനാകുമ്പോള്‍ ക്ലാസ്മുറി കുട്ടികളെ കൊണ്ട് നിറഞ്ഞിരുന്നു...
തല അല്പം ചരിച്ച് അവളെ ഞാന്‍ ഒന്ന് പാളി നോക്കി..
എന്റെ കരങ്ങളാല്‍ എഴുതിചേര്‍ത്ത സോളമന്റെ ഗീതാ ശകലങ്ങള്‍ അവള്‍ കൂട്ടുകാരികള്‍ കാണാതെ വായിക്കുന്നുണ്ടായിരുന്നു..അപ്പോള്‍ അവളുടെ മുഖത്തു പ്രതിഫലിച്ച നാണവും പ്രണയത്തിന്റെ തുടിപ്പും ഒരു വേള എനിക്ക് നല്‍കിയിരുന്നത് വര്‍ഷങ്ങള്‍ക്കുശേഷം ഒര്‍മിച്ചെടുക്കാനുള്ള ആദ്യ പ്രണയത്തിന്‍റെ മുളക്കാത്ത വിത്തുകളായിരുന്നു....
ദിവസങ്ങള്‍ കടന്നുപോയി. ഞങ്ങള്‍ എഴുതിചേര്‍ത്ത കവിതകള്‍ക്കൊണ്ട് അവളുടെ മേശ നിറഞ്ഞിരുന്നു.

അടുത്ത ദിവസം ഞാന്‍ പ്രത്യക്ഷപ്പെട്ടത് അപ്പന്‍ ഷേവ് ചെയ്യാന്‍ വാങ്ങി വച്ചിരുന്ന സൂപ്പര്‍ മാക്സിന്റെ പുതിയ ബ്ലേഡുമായായിരുന്നു. അതുവരെ എഴുതിചേര്‍ത്തവയോക്കെയും ചുരണ്ടിമാറ്റി ഒരു വ്യത്യസ്ഥതക്കുവേണ്ടി അറിയാവുന്ന ഹിന്ദിയില്‍ ഒരു താങ്ങ് താങ്ങി....അന്യഭാഷയിലുളളഎന്റെ കഴിവില്‍ സ്വയം പുളകിതനായി അടുത്ത ദിവസം രാവിലെ നേരത്തെതന്നെ ഞാന്‍ അവളുടെ മേശയുടെ അടുക്കലെത്തി...അവളുടെ മറുപടി വായിക്കുമ്പോള്‍ എനിക്കനുഭവപ്പെട്ട ജാള്യത ഒരു പക്ഷെ തലേ ദിവസം പിശുക്കനും കണിശക്കാരനുമായ  അപ്പന്‍ ബ്ലേഡ് മോഷ്ടിച്ചതിന് എനിക്ക് നല്‍കിയ പീഡനത്തിനെക്കാള്‍ ഉപരിയായിരുന്നു....

വടിവൊത്ത കയ്യക്ഷരത്തില്‍ അവള്‍ ഹിന്ദിയില്‍ ഇങ്ങനെ എഴുതിയിരുന്നു......
…….“ ഹിന്ദി ഭാഷാ പഠനസഹായി വാങ്ങി വാക്കുകളും വാചകങ്ങളും നന്നായി എഴുതുവാന്‍ പഠിക്കുക.അക്ഷരങ്ങള്‍ക്ക് മുന്നില്‍ തളരാത്ത നിന്‍റെ പ്രേമത്തിനായി ഞാന്‍ കാതോര്‍ത്തിരിക്കുന്നു..
 നേര്‍രേഖയില്‍ തൂങ്ങി കിടന്ന അവളുടെ ഹിന്ദി അക്ഷരങ്ങള്‍ പോലെ വീടിന്റെ ഉത്തരത്തില്‍ ഒരു മുഴം കയറില്‍ തൂങ്ങി കിടക്കുവാന്‍ മനസ്സു പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
പട്ടാളക്കാരനായ അപ്പന്റെ ജനുസ്സിന്റെ ശക്തിയാവാം അടുക്കളയിലെ മസാല പാത്രങ്ങള്‍ക്കിടയില്‍ അമ്മ ഒളിപ്പിച്ചുവച്ച നാണയതുട്ടുകളില്‍ നിന്നും അഞ്ചു രൂപ ഞാന്‍ അടിച്ചുമാറ്റിയതും അടുത്തുള്ള ബുക്ക് സ്ടാളില്‍ നിന്നും ഹിന്ദി പഠനസഹായി വാങ്ങിയതും.....
പിന്നീടങ്ങോട്ടത്രയും അവള്‍ എനിക്കായ് എഴുതിയത് മുഴുവന്‍ ഹിന്ദിയില്‍ തന്നെയായിരുന്നു. പ്രണയത്തിന് വ്യത്യസ്ഥയുടെ മാനം നല്‍കാന്‍ തോന്നിയ ആ ദുര്‍ബല നിമിഷത്തെ ഞാന്‍ കൈവിട്ടു ശപിച്ചുകൊണ്ടിരുന്നു..

മാതൃഭാഷയെക്കളും ഹിന്ദി വഴക്കുന്ന അവളുടെ കവിതാശകലങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുകയെന്നത് എന്നെ സംബന്ധിച്ചു തീര്‍ത്തും ഒരു വെല്ലുവിളി തന്നെയായിരുന്നു. പിന്നീടു പതിവായി ക്ലാസ്സില്‍ വരുന്നതിലും അരമണിക്കൂര്‍ നേരെത്തെ ഞാന്‍ അവിടെ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കാരണം മറ്റൊന്നുമായിരുന്നില്ല. അവള്‍ എഴുതുന്നത്‌ ഒരു വെള്ള പേപ്പറിലേക്ക്‌ പകര്‍ത്തുകയെന്ന അധിക ജോലിയും കൂടി എനിക്ക് നിര്‍വഹിക്കേണ്ടിയതായും വന്നിരുന്നു.

എന്നിട്ട് ഓരോ വാചകങ്ങളും മുറിച്ചു വേര്‍പെടുത്തി പല വാക്കുകളായി ഞാന്‍ പല ഹിന്ദി വിദ്വാന്‍മാര്‍ക്കും തര്‍ജ്ജമക്കായി സമര്‍പ്പിച്ചു.ഒരുത്തന്റെ കയ്യില്‍ കൊടുത്താല്‍ അവന്‍ എന്റെ പ്രണയം കണ്ടുപിടിക്കുകയും പിന്നീട് കോളെജിനുള്ളില്‍ അത് വിളംബരം ചെയ്യുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു ...

പിന്നീട് അവയെല്ലാം കളക്റ്റ്‌ ചെയ്തു എന്റെ കൊച്ചു തലക്കുള്ളില്‍ ഒതുങ്ങുന്ന മലയാള കവിതയായ് ഞാന്‍ മൊഴിമാറ്റം ചെയ്തു.എനിക്ക് നല്ലയൊരു എഡിറ്റര്‍ ആകാന്‍ കഴിയുമെന്ന് പിന്നീടു അവള്‍ തന്ന ഓരോ മറുപടിയിലും ഞാന്‍ മനസ്സിലാക്കി...

മാസങ്ങള്‍ക്കൊപ്പം പ്രണയത്തിന്റെ ഋതുക്കളും മാറിമറിഞ്ഞുകൊണ്ടിരുന്നു.അന്നത്തെ ഡിസംബറിലെ ഏതോ ഒരു രാത്രിയില്‍ കമ്പിളി പുതപ്പിനടിയില്‍ വളഞ്ഞുപുളഞ്ഞു കിടക്കുമ്പോഴാണ് അവളുടെ വീട് കാണണമെന്ന  പൂതി എന്റെ മനസ്സില് ഉണര്‍ന്നത്‌...
എന്നാല്‍ സദാചാരം കൊടികുത്തി വാണിരുന്ന എണ്‍പതുകള്‍ ഇന്നത്തെപോലെ ഇണയോട് ഒന്ന് ചാറ്റ് ചെയ്യുവാനോ അവളുടെ വീട്ടില്‍ ഓടിക്കയറി പപ്പയും മമ്മിയും വരുന്നതിനു മുന്‍പേ ഒറ്റ മിനുട്ടിന്റെ നൂഡില്‍സ് കഴിക്കുവാണോ എന്നെപ്പോലെയുള്ള സൈലന്റ് കാമുകന്മാരെ അനുവദിച്ചിരുന്നില്ല....

എന്നിട്ടും  നാടിനെ നയിക്കാനുള്ള മിശിഹപുത്രന്‍ ഏതോ കാലിതൊഴുത്തില്‍ ജനിച്ചിട്ടും മീറയും കുന്തിരിക്കവുമായി അവനെ കാണുവാന്‍ പുറപ്പെട്ട മൂന്നു രാജാക്കന്മാരേ വഴി തെറ്റിക്കാതെ നയിച്ച ഏതോ ഒരു നക്ഷത്രത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു..എന്നെയും വഴികാട്ടുവാന്‍ മറ്റൊരു നക്ഷത്രം ഉണ്ടാവും എന്നാ പ്രതീക്ഷയില്‍ ഞാന്‍ രാവിലെയുണര്‍ന്നു.....

കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരനെപ്പോലെ ഞാന്‍ റോഡിന്‍റെ ഓരം ചേര്‍ന്ന് നടക്കുമ്പോഴാണ് എന്റെ ഉറ്റ സ്നേഹിതന്‍ സോമന്‍ അതുവഴി നടന്നു വന്നത്... സോമന്‍  ഒരു സുഹൃത്ത്തിനെക്കാളുപരി കണ്ടു പടിക്കേണ്ടതും പകലന്തിയോളം വേല ചെയ്തു കുടുംബത്തെ സംരക്ഷിക്കുന്ന ഒരു  വ്യക്തിത്വത്തിനുടമയുമാനെന്നു പഞ്ചായത്തില്‍ ഒരു നാട്ടു ഭാഷ്യമുണ്ട്...
കഥാനായകന്‍റെ സുഹൃത്ത് എന്ന നിലയില്‍ സോമനെ കുറിച്ച് അല്പം പറയേണ്ടതുണ്ട്.
സാമാന്യം തരക്കേടില്ലാത്ത കുടുംബത്തില്‍ പിറന്ന സോമന്റെ അപ്പനും അമ്മയും നല്ല അദ്ധ്വാനികളാണ്. അവര്‍ കഷ്ടപ്പെട്ടു ഉണ്ടാക്കിയെടുക്കുന്ന ഞുറുക്ക് വളരെ തുച്ഛമായ തുക കൊടുത്തു വാങ്ങി അത് ഉത്സവ പറമ്പുകളില്‍ വില്‍ക്കുകയാണ് എന്റെ സുഹൃത്തിന്റെ പ്രധാന ഹോബിയും തൊഴിലും. അവന്റെ ഓരോ ചലനങ്ങളിലും  ആ തൊഴിലിനു വേണ്ടി മാത്രം താന്‍ ജനിച്ചാതാകാമെന്ന് അയാള്‍ വിശ്വസിച്ചിരുന്നു എന്നു നമുക്ക് തോന്നിയാല്‍ അതില്‍ തെറ്റ് പറയാനാകില്ല......

നൂറു രൂപയുമായി അമ്പല മുറ്റത്ത് പ്രവേശിച്ചാല്‍ അഞ്ചു രൂപ മാത്രം ഭണ്ടാരകുറ്റിയില്‍ നിക്ഷേപിച്ചു ബാക്കി തൊണ്ണൂറ്റി അഞ്ചു രൂപക്ക് ഭസ്മം, കുങ്കുമം, മാല ഇത്യാദി ഭക്ത സാന്ദ്രമായ വസ്തുക്കള്‍ വാങ്ങി കൂട്ടുന്ന സോമന്‍ തീര്‍ച്ചയായും എന്റെ സുഹൃത്ത് ഗണങ്ങളില്‍ ഒരു മുതല്‍ കൂട്ടായിരുന്നു..

ചരിത്രത്തിന്റെ ഭാഗമായ ഏതു പ്രണയ കഥകളകളിലും ഒരു ഹംസവും ദൂതും ഉള്ളതുപോലെ  ഒരുപക്ഷെ എന്റെ വഴികാട്ടിയാകേണ്ട ആ നക്ഷത്രം ഇവന്‍ തന്നെയാകാം എന്ന് കരുതി അവളുടെ വീട് തേടി പിടിക്കേണ്ട ചുമതല സോമനെ  ഏല്‍പ്പിച്ചു. ഇനി അടുത്തതായി വരാനുള്ള ഉത്സവം അവളുടെ വീടിന്‍റെ അടുത്തുള്ള ക്ഷേത്രത്തില്‍ ആയതിനാല്‍  മനസ്സില്ലാമനസ്സോടെയാണെങ്കിലും ആ ചുമതല അവന്‍ ഏറ്റെടുത്തു.

ആളെ തിരിച്ചറിയാനായി പൊന്നുപോലെ കാത്തു വച്ചിരുന്ന ഒരു ഫോട്ടോ അവന്റെ കയ്യില്‍ ഞാന്‍ ഏല്‍പ്പിച്ചു. ഒന്നാം വര്ഷം ടൂറിനു പോയപ്പോള്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും വിദഗ്ധമായി വെട്ടിമാറ്റിയ അവളുടെ തല തൂവെള്ള തെര്‍മോകോള്‍ പേപ്പറാല്‍ ചതുരത്തില്‍ ഒരു ചട്ടക്കൂട് ഉണ്ടാക്കി അതിന്റെ ഒത്ത നടുക്കായി പ്രതിഷ്ടിച്ചിരുന്നതാണ്. പിന്നീടു അതിനുള്ളില്‍ ഒരു ചെറിയ കളര്‍ ബള്‍ബു ഫിറ്റ് ചെയ്തു അതിന്റെ അങ്ങേതലക്കലായി ഒരു സ്വിച്ചും പിടിപ്പിച്ചിരുന്നു.ഏകാന്ത നിറഞ്ഞ എന്റെ എത്രെയെത്ര രാവുകളാണ് അവളുടെ ഫോട്ടോയില്‍ നോക്കി ഞാന്‍ ചിലവഴിച്ചിരുന്നത്‌. തലയണക്ക് സമീപത്തായി തൂക്കിയിട്ടിരുന്ന ആ സ്വിച്ച് ഓണ്‍ ചെയ്തും ഓഫ്‌ ചെയ്തും ഞാനും അവളുടെ തലമാത്രമുള്ള ഫോട്ടോയും തമ്മില്‍ എത്ര തവണയാണ് പ്രണയം കൈമാറിയത്.....

പിന്നീടു  ഉത്സവ പറമ്പിലേക്ക് യാത്രയാക്കുവാന്‍ ഞാനും ബസ് സ്ടാന്ട് വരെ അവനെ അനുഗമിച്ചു. കഷത്തില്‍ കറുത്ത ലതര്‍ ബാഗുമായി ബസിന്റെ പടിയില്‍ നിന്നിരുന്ന കണ്ടക്ടര്‍ അപ്രതീക്ഷിതമായ് ഒരു വില്ലന്റെ അരങ്ങേറ്റം നടത്തിയത് എന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്..സോമനെക്കാള്‍ നീളമുള്ള  ഞുറുക്ക് ചാക്ക് ആ വണ്ടിയില്‍ കയറ്റാന്‍ അയാള്‍ അനുവദിക്കുകയില്ലത്രേ. ആറ്റുനോറ്റ് കിട്ടിയ കാമുകിയുടെ വീട്ടിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ മുടക്കം വരുത്തിയ ആ കണ്ടക്ടര്‍ ചേട്ടനെ അനുനയത്തില്‍ കൂട്ടികൊണ്ട് അടുത്തുള്ള പെട്ടികടയില്‍ ചെന്ന് ഒരു ചായയും പരിപ്പുവടയും വാങ്ങി കൊടുത്തു..പ്രണയത്തിനായി ഞാന്‍ ആദ്യമായി കൊടുക്കുന്ന കൈക്കൂലിയായിരുന്നു അത്....

അങ്ങനെ ഒരു രാത്രിമുഴുവന്‍ ഉറക്കമളച്ചു അവന്‍ തിരിച്ചുവരുന്നതും നോക്കി ഞാനിരുന്നു..പത്താംക്ലാസ് പരീക്ഷക്ക് പോലും രാത്രി പത്തുമണിക്ക് മുന്‍പേ ഉറങ്ങിയിരുന്ന എനിക്ക് ആ രാത്രി ഒരു നിമിഷം പോലും ഉറങ്ങാന്‍ സാധിച്ചിരുന്നില്ല..
അതി രാവിലെ പല്ല് തേക്കുവാന്‍ ഉമിക്കരിയും നെടുകെ പിളര്‍ന്ന ഈര്‍ക്കിളിയുമായി മുറ്റത്തുള്ള കൊന്ന തെങ്ങിന് ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് സോമന്‍  അത് വഴി നടന്നു വരുന്നത്..അവളുടെ വീടിന്നടുത്തുള്ള ദേവി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ച് വൈകിട്ടത്തെ  ബാലെ നാടകവും കണ്ടു അമ്പല പറമ്പില്‍ കിടന്നുറങ്ങിയിട്ടുള്ള വരവായിരുന്നത്രേയത്....
തെങ്ങിന്‍റെ ചുവട്ടില്‍ കിടന്ന ഉണക്ക മടക്കളയെടുത്ത് അവന്റെ തലയില്‍ അടിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും തലേ രാത്രി ഉറക്കമളച്ചതിന്റെ ക്ഷീണവും അവനെ നേരിടുവാനുള്ള ചങ്കൂറ്റം ഇല്ലായിരുന്നെങ്കില്‍ പോലും ഒരു തല്ലുകൊള്ളിയെ പെണ്കുട്ടികള്‍ പ്രേമിക്കില്ലായെന്ന തിരിച്ചറിവും എന്നെ ആ കടുംകയ്യില്‍ നിന്നും മോചിപ്പിച്ചു.......

പരസ്പരം ഒന്നും  ഉരിയാടാതെ ... കണ്‍കളില്‍ പോലും  നോക്കാതെ..... മേശമേല്‍ എഴുതിചേര്‍ത്ത കവിതകളില്‍ മാത്രം ഇഴചേര്‍ന്ന് ഞങ്ങളുടെ പ്രണയം ഒഴുകി തുടങ്ങുമ്പോഴാണ് നീണ്ട വേനലവധിക്ക് തുടക്കമിട്ടത്. പ്രണയത്തിന്‍റെ തീവ്രത ഞാന്‍ തിരച്ചറിഞ്ഞതും അവളെ  കാണുവാന്‍ പറ്റാതിരുന്ന ആ രണ്ടുമാസ കാലഘട്ടത്തിലാണ്..പിന്നീട് അവധി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ എന്നെ എതിരേറ്റത്‌ സാധാരണ പൈങ്കിളി കഥയിലെ പ്രണയ നായകനെ കാത്തിരിക്കാറുള്ള അതെ ക്ലീഷേ വാര്‍ത്ത തന്നെയായിരുന്നു..അവളുടെ കല്യാണം കഴിഞ്ഞിരുന്നു.

ആ സൈലന്റ് പ്രണയത്തിന്‍റെ അന്ത്യം അവസാനിക്കുന്നത് വര്‍ഷാവസാന പരീക്ഷ എഴുതാനാവാതെ നായകന്‍ ഉത്തരക്കടലാസ് വലിച്ചുകീറി പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങിവരുമ്പോഴായിരുന്നു.. അപ്പോള്‍ ടി.സി. വാങ്ങാനായി നായിക നാട്ടിലെ പൌരപ്രമുഖനായ തന്റെ ഭര്‍ത്താവിനൊപ്പം വെളുത്ത പ്രീമിയര്‍ പത്മിനി കാറില്‍ നായകന്‍റെ മുന്നില്‍ വന്നിറങ്ങുന്നു......
അന്ന് മുതലാണ്‌ ഈ  പത്മിനി കാര്‍ കാണുമ്പോള്‍ ഞാന്‍ ദേഷ്യത്താല്‍ കാലു മടക്കി തൊഴിക്കുന്നതും പിന്നെ  ആദ്യ പ്രണയത്തിന്‍റെ മുളക്കാത്ത വിത്ത് നെഞ്ചിന്റെ നെരിപ്പോടില്‍ എരിഞ്ഞമരുന്നതും.....

5 comments:

 1. ഹഹഹ
  നല്ല കഥ
  പദ്മിനിയെ ആരായാലും വെറുത്തുപോകും!!

  ReplyDelete
 2. അജിത്തെട്ടാ..നന്ദിയും കടപ്പാടും...

  ReplyDelete
 3. oru kalalaya pranaya bakkipathram............

  ReplyDelete
 4. നന്ദി ശ്രീയേട്ടാ..വന്നതിനും അഭിപ്രായമ രേഖപ്പെടുത്തിയതിനും...വീണ്ടും വരിക...

  ReplyDelete