Saturday, February 7, 2015

തയ്യല്‍കാരി...


ഒതുക്കമുള്ള ചുരുദാറിനുള്ളില്‍ അതിനെക്കാള്‍ ഒതുക്കി അവള്‍ ഒളിപ്പിച്ചിരുന്ന മനസ്സും ശരീരവും  ആദ്യ ദൃഷ്ടിയില്‍ തന്നെ ഇഷ്ടപ്പെട്ടത് കൊണ്ടാവാം , ആദ്യരാത്രിയില്‍  മാറത്തെ സാരിത്തുമ്പ് മെല്ലെ അടര്‍ത്തി മാറ്റുമ്പോള്‍ ആദ്യമായി കണ്ട നഗ്നശരീരത്തിനു മുന്നില്‍ ഞാന്‍ എന്‍റെ മനസ്സും വിശ്വാസവും അവള്‍ക്ക് തീറെഴുതിയത്.
ആദ്യം നുണഞ്ഞ മുലപ്പാലിലെ തേന്‍ മധുരം മരണകിടക്കിയിലെ   അവസാന   ദാഹനീരുവരെ  മധുരിക്കുമെന്നപോലെ , ചേലക്കടിയില്‍ ഒളിപ്പിച്ച അവളുടെ ശരീരം ഈയൊരു ജന്മത്തിനായി എന്നെ ആകര്‍ഷിച്ചത് അച്ചടക്കത്തോടെ അത് ഒതുക്കി നിര്‍ത്തിയ  തയ്യല്‍ കാരിയുടെ കരവിരുത് ഒന്നുകൊണ്ട് തന്നെയായിരുന്നു..
അതിന്നടുത്ത ദിവസം ഭാര്യവീട്ടുകാരോടോത്ത്  ഉച്ചയൂണിനു ഇരിക്കുംനേരം ,മൂന്നാമത്തെ പിടി ചോറിനായി മീന്‍ കറികൂട്ടി ഇളക്കുമ്പോള്‍ ,പുതിയോരതിഥികൂടി ഞങ്ങള്‍ക്കൊപ്പം ഇരിപ്പുറപ്പിച്ചിരുന്നു.രണ്ട് കാലുകളും തളര്‍ന്ന ആ സ്ത്രീയെ കസേരയിലേക്ക് എടുത്തിരുമ്പോള്‍ ,അവരുടെ മുഖത്ത് പടര്‍ന്ന തിളക്കം തെല്ലൊന്നുമല്ലയെന്നെ അത്ഭുതപ്പെടുത്തിയത്.
ഗീതമ്മയെന്നപേരുള്ള അവരെ എന്‍റെ ഭാര്യപിതാവ് പരിചയപ്പെടുത്തുമ്പോള്‍ ,തലേരാത്രി  ഞാന്‍ കണ്ട ശരീര ഭാഗങ്ങള്‍ അത്രമേല്‍ ഭംഗിയായി രൂപകല്പന ചെയ്തത് ഇരുകാലുകളും തളര്‍ന്ന ഈ സ്ത്രീയുടെ കൈകളാല്‍ മെനെഞ്ഞെടുത്ത വസ്ത്രങ്ങള്‍ കൊണ്ടാണല്ലോയെന്നു വിശ്വസിക്കാന്‍ എനിക്കല്പനേരം  വേണ്ടിവന്നിരുന്നു..
പെണ്ണുകാണല്‍ ചടങ്ങുകളും  ആദ്യരാത്രികളും  ഒരുപക്ഷെ മനോഹരനിമിഷ മാകുന്നതിനു പിന്നില്‍ വധുവരന്മാര്‍ അണിയുന്ന വസ്ത്രങ്ങള്‍ക്കും ചെറുതല്ലാത്ത ഒരു പങ്കുണ്ടെന്ന് ഞാന്‍ തിരിച്ചറിഞത് ആ ദിനങ്ങളിലായിരുന്നു..
ഇരു കാലുകളുമുള്ള തന്‍റെ കുടുംബങ്ങളെ പുലര്‍ത്താന്‍ ആ സ്ത്രീ  നടത്തുന്ന ഗീതമ്മ ടൈലേഴ്സ് എന്ന സ്ഥാപനം ഇതിനോടകം ആ നാട്ടിലെ  എത്രയോ സ്ത്രീ പുരുഷന്മാരുടെ വിവാഹ വസ്ത്രങ്ങള്‍ തുന്നി അവരുടെ ജീവിതത്തിനു മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചത് ,തളര്‍ന്ന കാലുകളുമായി അവിവാഹിതയായി ജീവിച്ചുകൊന്ടാണെന്നറിഞ്ഞപ്പോഴാണ് ഈ ഭൂമിയിലെ  വിരോധാഭാസങ്ങളെക്കുറിച്ച് ഞാന്‍  മനസ്സിലാക്കിയത്.

ഇന്നും ആ തയ്യല്‍ക്കടയുടെ മുന്നിലൂടെ പോകുമ്പോള്‍ ,അല്പം ആദരവോടെ ആ കടയിലേക്ക് നോക്കാറുണ്ട്. കാരണം നഗ്നരായി ജനിക്കുന്ന മനുഷ്യര്‍ക്ക്‌ മൂടുപടം തുന്നുന്ന തയ്യല്‍ക്കാര്‍ ദൈവത്തിന്‍റെ പണിപ്പുരയിലെ ആയുധങ്ങളെത്രെ..    

ഒരു സെന്റിലെ മരണം..


ഭര്‍ത്താവിന്റെ ചിതയൊരുക്കുമ്പോള്‍ അവള്‍ മുകളിലേക്ക് നോക്കിയത് ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ മഴയായി പതിക്കും മുന്നേ മൂലയില്‍ വിശന്നു തളര്‍ന്നുകിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അത്താഴമൊരുക്കാന്‍ കഴിയുമോയെന്ന വേദനയിലായിരുന്നു...


അടുക്കളയിലെ  മണ്ണ്  തുരന്നു ചിതയോരുക്കിയത്  വീടിനു മുറ്റം ഇല്ലാതിരുന്നത് കൊണ്ട് മാത്രമായിരുന്നില്ല ,മരണത്തിലും അവന്‍ തന്‍റെ ഓരം ചേര്‍ന്ന് ഉറങ്ങേണം എന്നതുകൊണ്ടായിരുന്നു..

പെണ്‍കുട്ടി...


ഖത്തറിലെ റാസ് ലഫാനില്‍ നിന്നും അല്‍-ഖോറിലേക്കുള്ള നാല്‍പ്പത് മിനിട്ട് ദൂരത്തിനിടയിലുള്ള യാത്രയിലാണ് ഈ കഥയിലെ നായികയുടെ അച്ചനാകുവാനായി  നരച്ച ദീക്ഷ നീട്ടിവളര്‍ത്തിയ അയാളുടെ അരികിലേക്ക്  ഞാന്‍ കയറി ചെന്നത്.  .
ജോലി കഴിഞ്ഞ് സ്ഥിരമായി പോകാറുള്ള കമ്പനി ബസ് , വൈകി വന്നയെന്നെ ഉപേക്ഷിച്ചുപോയ ഒരു വൈകുന്നേരത്തിലാണ് റോഡിലൂടെ ശരവേഗത്തില്‍ വരുന്ന ഓരോ വാഹനത്തിനും കൈകാണിച്ചു എപ്പോഴെങ്കിലും ലഭിച്ചെക്കാവുന്ന ഒരു ലിഫ്റ്റ് പ്രതീക്ഷിച്ച്     റോഡിന്നരുകിലൂടെ ഞാന്‍ മുന്നോട്ട് നടന്നത്.
സ്വന്തം നാട്ടിലെ  മുഖച്ഛായയുള്ള അനേകം പേരുടെ വാഹനങ്ങള്‍ നിര്‍ത്താതെ പോയെങ്കിലും വേണമെന്ന് ദൃഡമായി മനസ്സില്‍ ഉറപ്പിച്ചാല്‍ പ്രകൃതി അത് നമുക്കായി നടത്തി തരുമെന്ന് ആരോ പറഞ്ഞതുപോലെ എനിക്കായി നിര്‍ത്തിയ ആ വണ്ടി , ഓയില്‍ കമ്പനിയിലേക്ക് ലോഡുമായി പോയ, നരച്ച താടിയുള്ള പാക്കിസ്ഥാനിയുടെ  ഒരു പഴയ ട്രക്ക് മാത്രമായിരുന്നു.
സാധാരണ വണ്ടിയുടെ മുന്‍വശത്തായി ദൈവങ്ങളെ പ്രതിഷ്ടിക്കുന്നയിടത്ത് പകരമായി ഞാന്‍ കണ്ടത് ദുപ്പട്ടയാല്‍ മുഖത്തിന്റെ ഏറിയ പങ്കും മറചു വച്ച് നിഷ്കളങ്കമായി നോക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ആയിരുന്നു.
കാതടിപ്പിക്കുന്ന വെടിയൊച്ചകള്‍ക്കൊപ്പം   അടര്‍ന്നു വീണ പ്രൈമറി സ്കൂളിന്‍റെ മേല്‍ക്കൂരയുടെ ഇടയില്‍ നിന്നും അവളെ രക്ഷപ്പെടുത്തിയെങ്കിലും,  ഇന്നും ഭയത്തിന്‍റെ ഭ്രാന്തമായ അവസ്ഥയില്‍ ചലനമില്ലാതെ കിടക്കുന്ന തന്‍റെ  മകളുടെ കഥ  അയാള്‍ യാത്രയിലുട നീളം പറഞ്ഞുകൊണ്ടിരുന്നത് ,തുടര്‍ച്ചയായി പല തവണ ഞാന്‍ ഫോട്ടോയില്‍ ശ്രദ്ധിച്ചത് അയാള്‍ കണ്ടത് കൊണ്ട് മാത്രമായിരുന്നു.
. ശരവേഗത്തില്‍ പായുന്ന അനേകം വാഹങ്ങനങ്ങള്‍ക്കിയിലൂടെ തന്‍റെ കയ്യിലിരിക്കുന്ന ആ വളയം വളരെ സുരക്ഷിതമായി ഈ പ്രായത്തിലും  നിയന്ത്രിക്കുന്നത് ആ പെണ്‍കുട്ടിയെ  എഴുന്നേല്‍പ്പിച്ചു  നടത്തിച്ചു അവള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടി മാത്രമാണെന്ന് അയാള്‍ അത്രമേല്‍ നിശ്ചയദാര്‍ഢ്യത്തോട് എന്നോട് പറയുമ്പോള്‍ ആണ്‍ തുണയില്ലാത്ത വൃദ്ധരായ പിതാക്കന്‍മാരെക്കുറിച്ച് ഞാന്‍ ഒരുവേള ചിന്തിച്ചിരുന്നു.
ഗള്‍ഫിലെ ആശുപത്രികളിലും ബാങ്കുകളിലും ജോലിയെടുക്കുന്ന ഇന്ത്യാകാരായ അനേകം പെണ്‍കുട്ടികളെ അത്രത്തോളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനേകം ഗ്രാമീണര്‍ അവരുടെ നാട്ടില്‍  ഉണ്ടെങ്കിലും ഭീകരവാദികളുടെ ആക്രമണങ്ങളെ ഭയന്ന് വിദ്യാഭ്യാസം  കൊടുക്കാനാവാതെ സ്വന്തം പെണ്മക്കളെ വീടിനുള്ളില്‍ അടച്ചിടെണ്ടിവരുന്നവരുടെ  അവസ്ഥ ആ വൃദ്ധനായ ഡ്രൈവറില്‍ നിന്നും തെല്ലൊരു വേദനയോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്...
എനിക്കിറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ടാക്സി ചാര്‍ജ്ജായി കുറച്ചു റിയാലുകള്‍  ഞാന്‍ അയാള്‍ക്ക് കൊടുത്തുവെങ്കിലും ,നാട്ടില്‍ ചെല്ലുമ്പോള്‍  നിന്‍റെ പെണ് മക്കള്‍ക്ക് എഴുതി പഠിക്കുവാനായി കുറച്ചു ബുക്കും പേനയും വാങ്ങി  ഈ വൃദ്ധന്‍റെ  സമ്മാനമായി കൊടുക്കണമെന്ന് പറഞ്ഞു അയാള്‍ എനിക്കത് തിരികെ നല്‍കി....

റോഡിലൂടെ ട്രക്കുമായി പോകുന്ന നരച്ച ദീക്ഷനീട്ടിയ വൃദ്ധരായ  പാക്കിസ്ഥാനി ഡ്രൈവര്‍മാരെ  കാണുമ്പോള്‍ ഇന്നും എന്റെ മനസ്സൊന്നു പിടയാറുണ്ട്, കാരണം എനിക്കുമുണ്ട് അയാളെപ്പോലെ ഞാന്‍ അത്രമേല്‍ സ്നേഹിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍.... 

ലക്ഷ്മിയേടത്തി..

മുല്ലശ്ശേരി തറവാടിന്റെ മുറ്റം കടന്നു ജാതിയും കമുകും ഇടത്തൂര്‍ന്നു നില്‍ക്കുന്ന പറമ്പിലെ നടപ്പാതയിലൂടെ, കരിഞ്ഞ ഊത്തപ്പം കണക്കേ  നിലത്തു  വീണുകിടന്ന ചാണകച്ചാര്‍ത്തിന്‍റെ  മുകളിലൂടെ ചാടിക്കടന്നു പോകുമ്പോഴായിരുന്നു താഴേതൊട്ടിയിലെ ,ചുറ്റുമതില്‍ കെട്ടാത്ത കിണറിന്റെ ഓരത്ത് മേല്‍മുണ്ട്‌ മാറോളം പൊക്കി കെട്ടി നീരാട്ട് നടത്തുന്ന ലക്ഷ്മി ചേച്ചീയെ കാണാറുള്ളത്‌.
ഉഴവൂര്‍ ശക്തി തിയേറ്ററിനു മുന്നിലുള്ള കടത്തനാട്ടുമാക്കം എന്ന സിനിമാ പോസ്റ്ററിലെ  ഉണ്ണിമേരിയെ അനുസ്മരിക്കുമാര് ലക്ഷ്മിയേടത്തി നീരാട്ടു നടത്തുമ്പോള്‍ അയല്‍ വീടുകളിലെ അപ്പച്ചന്‍മാര്‍ പഴുത്തു തുടുത്ത അടക്കാ പെറുക്കാനെന്ന വ്യാജേന അടക്കാമരത്തിനു ചുവട്ടില്‍ വട്ടം തിരിയുന്നതും ചെറുപ്പക്കാര്‍ മാങ്ങ കുലുക്കി താഴെ വീഴ്ത്താനുള്ള വ്യാജേന അല്പം അകലെയുള്ള   മാവിന്‍റെ മുകളിലേക്ക് ശരവേഗത്തില്‍ ഓടി കയറുന്നതെന്തിനെന്നും ചിന്തിച്ചു, കയ്യിലെ പ്ലാസ്റ്റിക് സഞ്ചിയുമായി  അവധി ദിവസങ്ങളില്‍ ഞാന്‍ നടന്നു നീങ്ങിയത് മുല്ലശ്ശേരി തറവാടിന്റെ അതിരില്‍ താമസിച്ചിരുന്ന എന്‍റെ അമ്മൂമ്മയുടെ വീട്ടിലേക്കായിരുന്നു.
വട്ടത്തില്‍ കനം കുറച്ചരിഞ്ഞ് തേങ്ങയും പച്ചമുളകും ചേര്‍ത്തരചുണ്ടാക്കിയ പച്ച കപ്പയുടെ പുഴുക്കില്‍ നിന്നും  വെന്ത കറിവേപ്പില അടര്‍ത്തി മാറ്റി മെല്ലെ ഞാനത് കഴിക്കുമ്പോള്‍ ലക്ഷ്മിയമ്മയുടെ മുഖത്ത് വിരിയുന്ന ഭാവം, മുറ്റത്തെ നാട്ടുമുല്ല പടര്‍ന്നുകയറിയ ചാമ്പമരത്തിന്റെ അരുകില്‍ നിന്നിരുന്ന, ചുവന്ന റോസാപൂക്കളെക്കാളും(അവരെ കാണാതെ ഞാന്‍ പറിച്ചു കൊണ്ട് പോയിരുന്ന) മനോഹരമായിരുന്നു.
അമ്മൂമ്മയുടെ വീട്ടിലേക്കു നേരിട്ട് വഴിയുണ്ടായിരുന്നിട്ടുകൂടി മുല്ലശ്ശേരി തറവാടിന്റെ ഓരം ചേര്‍ന്ന് ഞാന്‍  നടന്നത് , കിഴക്കേകോണിലുള്ള പാണ്ടിപ്പേരയില്‍ നിന്നും അവര്‍ പറിച്ചു തരുന്ന തുടുത്ത പേരക്കാപ്പഴം തിന്നുന്നതിലുപരി പുറത്തെ ചുറ്റുവരാന്തയുടെ കോണില്‍ എന്നെ ആകര്‍ഷിക്കുവാനായി അവര്‍ കൂട്ടി വച്ചിരുന്ന ആ പഴയ ചിത്രക്കഥകളുടെ ശേഖരം തേടിയായിരുന്നു.
കൂട്ടിവായിക്കുന്ന അക്ഷരങ്ങളിലെ പിശക് തിരുത്തുവാനായി അവര്‍ എന്നോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഇടതൂര്‍ന്ന മുടിനാരില്‍ നിന്നുമുതിര്‍ന്ന മണമാണ് സ്ത്രീകളുടെ ഗന്ധമെന്നു ഞാനന്ന്‍ ഒരുവേള മനസ്സിലുറപ്പിച്ചിരുന്നു.
ആകെയുള്ള മക്കളൊന്നിനെ ദൂരെ പഠിക്കാനയച്ചു ഒറ്റപ്പെട്ടത്തിന്‍റെ വേദനയിലാവാം, നീ മുതിര്‍ന്നു കല്യാണമൊക്കെ കഴിക്കുമ്പോള്‍ മുറ്റത്ത് ഓടിക്കളിക്കുവാനും പ്രായമാകുമ്പോള്‍  ഒറ്റപ്പെടലിന്‍റെ വേദനയകറ്റാന്‍ ഒന്നിലേറെ കുട്ടികള്‍ വേണമെന്നു പഴയ പുസ്തക ചാക്ക് തുറന്നു എന്‍റെ മുന്നിലേക്ക്‌ നിരത്തിയിട്ട് പറയുമ്പോള്‍ ,ഏകാന്തതയുടെ വേദന തിരിച്ചറിയുവാനുള്ള പ്രായമാകാത്തതിനാലാവാം കയ്യിലിരുന്ന അമര്‍ ചിത്രകഥയിലെ വേതാള കഥകള്‍ വായിച്ചു ഞാന്‍ രസിക്കുകയായിരുന്നു.

മരിച്ചുപോയ മകനു വേണ്ടി മണ്ണ്കൊണ്ട് അവന് ഏറ്റവും ഇഷ്ടപ്പെട്ട പതിനായിരത്തിലധികം പ്രതിമകളുണ്ടാക്കി ജീവിതം അവസാനിപ്പിച്ച ഒരമ്മയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോഴായിരുന്നു, മുറ്റം നിറയെ ചുവന്ന റോസാചെടികള്‍ നട്ടു വളര്‍ത്തിയ ലക്ഷിമിയെടത്തിയെക്കുറിച്ച് എനിക്ക് ഓര്‍മ്മ വന്നത്....