Saturday, February 7, 2015

പെണ്‍കുട്ടി...


ഖത്തറിലെ റാസ് ലഫാനില്‍ നിന്നും അല്‍-ഖോറിലേക്കുള്ള നാല്‍പ്പത് മിനിട്ട് ദൂരത്തിനിടയിലുള്ള യാത്രയിലാണ് ഈ കഥയിലെ നായികയുടെ അച്ചനാകുവാനായി  നരച്ച ദീക്ഷ നീട്ടിവളര്‍ത്തിയ അയാളുടെ അരികിലേക്ക്  ഞാന്‍ കയറി ചെന്നത്.  .
ജോലി കഴിഞ്ഞ് സ്ഥിരമായി പോകാറുള്ള കമ്പനി ബസ് , വൈകി വന്നയെന്നെ ഉപേക്ഷിച്ചുപോയ ഒരു വൈകുന്നേരത്തിലാണ് റോഡിലൂടെ ശരവേഗത്തില്‍ വരുന്ന ഓരോ വാഹനത്തിനും കൈകാണിച്ചു എപ്പോഴെങ്കിലും ലഭിച്ചെക്കാവുന്ന ഒരു ലിഫ്റ്റ് പ്രതീക്ഷിച്ച്     റോഡിന്നരുകിലൂടെ ഞാന്‍ മുന്നോട്ട് നടന്നത്.
സ്വന്തം നാട്ടിലെ  മുഖച്ഛായയുള്ള അനേകം പേരുടെ വാഹനങ്ങള്‍ നിര്‍ത്താതെ പോയെങ്കിലും വേണമെന്ന് ദൃഡമായി മനസ്സില്‍ ഉറപ്പിച്ചാല്‍ പ്രകൃതി അത് നമുക്കായി നടത്തി തരുമെന്ന് ആരോ പറഞ്ഞതുപോലെ എനിക്കായി നിര്‍ത്തിയ ആ വണ്ടി , ഓയില്‍ കമ്പനിയിലേക്ക് ലോഡുമായി പോയ, നരച്ച താടിയുള്ള പാക്കിസ്ഥാനിയുടെ  ഒരു പഴയ ട്രക്ക് മാത്രമായിരുന്നു.
സാധാരണ വണ്ടിയുടെ മുന്‍വശത്തായി ദൈവങ്ങളെ പ്രതിഷ്ടിക്കുന്നയിടത്ത് പകരമായി ഞാന്‍ കണ്ടത് ദുപ്പട്ടയാല്‍ മുഖത്തിന്റെ ഏറിയ പങ്കും മറചു വച്ച് നിഷ്കളങ്കമായി നോക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ആയിരുന്നു.
കാതടിപ്പിക്കുന്ന വെടിയൊച്ചകള്‍ക്കൊപ്പം   അടര്‍ന്നു വീണ പ്രൈമറി സ്കൂളിന്‍റെ മേല്‍ക്കൂരയുടെ ഇടയില്‍ നിന്നും അവളെ രക്ഷപ്പെടുത്തിയെങ്കിലും,  ഇന്നും ഭയത്തിന്‍റെ ഭ്രാന്തമായ അവസ്ഥയില്‍ ചലനമില്ലാതെ കിടക്കുന്ന തന്‍റെ  മകളുടെ കഥ  അയാള്‍ യാത്രയിലുട നീളം പറഞ്ഞുകൊണ്ടിരുന്നത് ,തുടര്‍ച്ചയായി പല തവണ ഞാന്‍ ഫോട്ടോയില്‍ ശ്രദ്ധിച്ചത് അയാള്‍ കണ്ടത് കൊണ്ട് മാത്രമായിരുന്നു.
. ശരവേഗത്തില്‍ പായുന്ന അനേകം വാഹങ്ങനങ്ങള്‍ക്കിയിലൂടെ തന്‍റെ കയ്യിലിരിക്കുന്ന ആ വളയം വളരെ സുരക്ഷിതമായി ഈ പ്രായത്തിലും  നിയന്ത്രിക്കുന്നത് ആ പെണ്‍കുട്ടിയെ  എഴുന്നേല്‍പ്പിച്ചു  നടത്തിച്ചു അവള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടി മാത്രമാണെന്ന് അയാള്‍ അത്രമേല്‍ നിശ്ചയദാര്‍ഢ്യത്തോട് എന്നോട് പറയുമ്പോള്‍ ആണ്‍ തുണയില്ലാത്ത വൃദ്ധരായ പിതാക്കന്‍മാരെക്കുറിച്ച് ഞാന്‍ ഒരുവേള ചിന്തിച്ചിരുന്നു.
ഗള്‍ഫിലെ ആശുപത്രികളിലും ബാങ്കുകളിലും ജോലിയെടുക്കുന്ന ഇന്ത്യാകാരായ അനേകം പെണ്‍കുട്ടികളെ അത്രത്തോളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനേകം ഗ്രാമീണര്‍ അവരുടെ നാട്ടില്‍  ഉണ്ടെങ്കിലും ഭീകരവാദികളുടെ ആക്രമണങ്ങളെ ഭയന്ന് വിദ്യാഭ്യാസം  കൊടുക്കാനാവാതെ സ്വന്തം പെണ്മക്കളെ വീടിനുള്ളില്‍ അടച്ചിടെണ്ടിവരുന്നവരുടെ  അവസ്ഥ ആ വൃദ്ധനായ ഡ്രൈവറില്‍ നിന്നും തെല്ലൊരു വേദനയോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്...
എനിക്കിറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ടാക്സി ചാര്‍ജ്ജായി കുറച്ചു റിയാലുകള്‍  ഞാന്‍ അയാള്‍ക്ക് കൊടുത്തുവെങ്കിലും ,നാട്ടില്‍ ചെല്ലുമ്പോള്‍  നിന്‍റെ പെണ് മക്കള്‍ക്ക് എഴുതി പഠിക്കുവാനായി കുറച്ചു ബുക്കും പേനയും വാങ്ങി  ഈ വൃദ്ധന്‍റെ  സമ്മാനമായി കൊടുക്കണമെന്ന് പറഞ്ഞു അയാള്‍ എനിക്കത് തിരികെ നല്‍കി....

റോഡിലൂടെ ട്രക്കുമായി പോകുന്ന നരച്ച ദീക്ഷനീട്ടിയ വൃദ്ധരായ  പാക്കിസ്ഥാനി ഡ്രൈവര്‍മാരെ  കാണുമ്പോള്‍ ഇന്നും എന്റെ മനസ്സൊന്നു പിടയാറുണ്ട്, കാരണം എനിക്കുമുണ്ട് അയാളെപ്പോലെ ഞാന്‍ അത്രമേല്‍ സ്നേഹിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍.... 

No comments:

Post a Comment