Saturday, February 7, 2015

ലക്ഷ്മിയേടത്തി..

മുല്ലശ്ശേരി തറവാടിന്റെ മുറ്റം കടന്നു ജാതിയും കമുകും ഇടത്തൂര്‍ന്നു നില്‍ക്കുന്ന പറമ്പിലെ നടപ്പാതയിലൂടെ, കരിഞ്ഞ ഊത്തപ്പം കണക്കേ  നിലത്തു  വീണുകിടന്ന ചാണകച്ചാര്‍ത്തിന്‍റെ  മുകളിലൂടെ ചാടിക്കടന്നു പോകുമ്പോഴായിരുന്നു താഴേതൊട്ടിയിലെ ,ചുറ്റുമതില്‍ കെട്ടാത്ത കിണറിന്റെ ഓരത്ത് മേല്‍മുണ്ട്‌ മാറോളം പൊക്കി കെട്ടി നീരാട്ട് നടത്തുന്ന ലക്ഷ്മി ചേച്ചീയെ കാണാറുള്ളത്‌.
ഉഴവൂര്‍ ശക്തി തിയേറ്ററിനു മുന്നിലുള്ള കടത്തനാട്ടുമാക്കം എന്ന സിനിമാ പോസ്റ്ററിലെ  ഉണ്ണിമേരിയെ അനുസ്മരിക്കുമാര് ലക്ഷ്മിയേടത്തി നീരാട്ടു നടത്തുമ്പോള്‍ അയല്‍ വീടുകളിലെ അപ്പച്ചന്‍മാര്‍ പഴുത്തു തുടുത്ത അടക്കാ പെറുക്കാനെന്ന വ്യാജേന അടക്കാമരത്തിനു ചുവട്ടില്‍ വട്ടം തിരിയുന്നതും ചെറുപ്പക്കാര്‍ മാങ്ങ കുലുക്കി താഴെ വീഴ്ത്താനുള്ള വ്യാജേന അല്പം അകലെയുള്ള   മാവിന്‍റെ മുകളിലേക്ക് ശരവേഗത്തില്‍ ഓടി കയറുന്നതെന്തിനെന്നും ചിന്തിച്ചു, കയ്യിലെ പ്ലാസ്റ്റിക് സഞ്ചിയുമായി  അവധി ദിവസങ്ങളില്‍ ഞാന്‍ നടന്നു നീങ്ങിയത് മുല്ലശ്ശേരി തറവാടിന്റെ അതിരില്‍ താമസിച്ചിരുന്ന എന്‍റെ അമ്മൂമ്മയുടെ വീട്ടിലേക്കായിരുന്നു.
വട്ടത്തില്‍ കനം കുറച്ചരിഞ്ഞ് തേങ്ങയും പച്ചമുളകും ചേര്‍ത്തരചുണ്ടാക്കിയ പച്ച കപ്പയുടെ പുഴുക്കില്‍ നിന്നും  വെന്ത കറിവേപ്പില അടര്‍ത്തി മാറ്റി മെല്ലെ ഞാനത് കഴിക്കുമ്പോള്‍ ലക്ഷ്മിയമ്മയുടെ മുഖത്ത് വിരിയുന്ന ഭാവം, മുറ്റത്തെ നാട്ടുമുല്ല പടര്‍ന്നുകയറിയ ചാമ്പമരത്തിന്റെ അരുകില്‍ നിന്നിരുന്ന, ചുവന്ന റോസാപൂക്കളെക്കാളും(അവരെ കാണാതെ ഞാന്‍ പറിച്ചു കൊണ്ട് പോയിരുന്ന) മനോഹരമായിരുന്നു.
അമ്മൂമ്മയുടെ വീട്ടിലേക്കു നേരിട്ട് വഴിയുണ്ടായിരുന്നിട്ടുകൂടി മുല്ലശ്ശേരി തറവാടിന്റെ ഓരം ചേര്‍ന്ന് ഞാന്‍  നടന്നത് , കിഴക്കേകോണിലുള്ള പാണ്ടിപ്പേരയില്‍ നിന്നും അവര്‍ പറിച്ചു തരുന്ന തുടുത്ത പേരക്കാപ്പഴം തിന്നുന്നതിലുപരി പുറത്തെ ചുറ്റുവരാന്തയുടെ കോണില്‍ എന്നെ ആകര്‍ഷിക്കുവാനായി അവര്‍ കൂട്ടി വച്ചിരുന്ന ആ പഴയ ചിത്രക്കഥകളുടെ ശേഖരം തേടിയായിരുന്നു.
കൂട്ടിവായിക്കുന്ന അക്ഷരങ്ങളിലെ പിശക് തിരുത്തുവാനായി അവര്‍ എന്നോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഇടതൂര്‍ന്ന മുടിനാരില്‍ നിന്നുമുതിര്‍ന്ന മണമാണ് സ്ത്രീകളുടെ ഗന്ധമെന്നു ഞാനന്ന്‍ ഒരുവേള മനസ്സിലുറപ്പിച്ചിരുന്നു.
ആകെയുള്ള മക്കളൊന്നിനെ ദൂരെ പഠിക്കാനയച്ചു ഒറ്റപ്പെട്ടത്തിന്‍റെ വേദനയിലാവാം, നീ മുതിര്‍ന്നു കല്യാണമൊക്കെ കഴിക്കുമ്പോള്‍ മുറ്റത്ത് ഓടിക്കളിക്കുവാനും പ്രായമാകുമ്പോള്‍  ഒറ്റപ്പെടലിന്‍റെ വേദനയകറ്റാന്‍ ഒന്നിലേറെ കുട്ടികള്‍ വേണമെന്നു പഴയ പുസ്തക ചാക്ക് തുറന്നു എന്‍റെ മുന്നിലേക്ക്‌ നിരത്തിയിട്ട് പറയുമ്പോള്‍ ,ഏകാന്തതയുടെ വേദന തിരിച്ചറിയുവാനുള്ള പ്രായമാകാത്തതിനാലാവാം കയ്യിലിരുന്ന അമര്‍ ചിത്രകഥയിലെ വേതാള കഥകള്‍ വായിച്ചു ഞാന്‍ രസിക്കുകയായിരുന്നു.

മരിച്ചുപോയ മകനു വേണ്ടി മണ്ണ്കൊണ്ട് അവന് ഏറ്റവും ഇഷ്ടപ്പെട്ട പതിനായിരത്തിലധികം പ്രതിമകളുണ്ടാക്കി ജീവിതം അവസാനിപ്പിച്ച ഒരമ്മയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോഴായിരുന്നു, മുറ്റം നിറയെ ചുവന്ന റോസാചെടികള്‍ നട്ടു വളര്‍ത്തിയ ലക്ഷിമിയെടത്തിയെക്കുറിച്ച് എനിക്ക് ഓര്‍മ്മ വന്നത്.... 

No comments:

Post a Comment