Sunday, November 17, 2013

ത്രേസ്സ്യാമ്മ ചേടത്തിയുടെ മുലകള്‍...

ത്രേസ്യാമ്മചേടത്തിയുടെ മുലകള്‍ക്കിടയില്‍ ചുരുണ്ട് കിടന്നിരുന്ന കൊന്തയിലെ ചെറിയ ഇരുമ്പു കുരിശു എന്‍റെ കവിളില്‍ ചെറു വേദനയോടെ കുത്തി നോവിച്ചപ്പോഴായിരുന്നു വെളുപ്പാന്‍ കാലത്തെപ്പോഴോ ഉറക്കത്തിനിടയില്‍ ഞാന്‍ കണ്ണ് തുറന്നത്. തൊട്ടാല്‍ അമരുന്ന പഞ്ഞി കിടക്കമേല്‍ ചട്ടയും മുണ്ടും ധരിച്ച ത്രേസ്യാമ്മ ചേടത്തിയെ കെട്ടിപ്പിടിച്ചു കിടന്ന ഞാന്‍ ഞെട്ടി ഉണരൂമ്പോള്‍ ; തലേരാത്രി ഉറങ്ങാന്‍ കിടന്നത് കൊട്ടന്‍ ചുക്കാതി കുഴമ്പിന്റെ മണമുള്ള വല്യമ്മച്ചിയോടൊപ്പം ചാണകം മെഴുകിയ തറയില്‍ തഴപ്പായ വിരിച്ചായിരുന്നല്ലോയെന്നു മനസ്സില്‍ വിചാരിച്ചിരുന്നു . കിടക്കയില്‍ കൈ കുത്തി എഴുന്നേല്‍ക്കാനൊരുങ്ങിയപ്പോള്‍ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നുറങ്ങിയ ചേടത്തി നേരം വെളുത്തില്ലടായെന്നു പിറുപിറുത്തുകൊണ്ട് വീണ്ടുമെന്നെ തന്‍റെ മാറോട് ചേര്‍ത്തു കിടത്തിയിരുന്നു..

മുറ്റത്ത് നിന്ന വരിക്ക പ്ലാവിന്‍റെ ശിഖരത്തിലൊന്ന് കോരിച്ചോരിയുന്ന മഴയത്ത് ഇടിമിന്നലിനൊടോപ്പം ഓലപ്പുരയുടെ നെറുകയിലേക്ക് വീണപ്പോള്‍ , പാതിരാത്രിയില്‍ ഉറങ്ങിക്കിടന്നിരുന്ന എന്നെയും പെങ്ങളെയും മടിയിലിരുത്തി അമ്മയും വല്യമ്മച്ചിയും മുറ്റത്തെ കോണിലുള്ള പശുതൊഴുത്തിന്റെ ഇറയത്ത്‌ നേരം വെളുക്കുന്നതും നോക്കി കുത്തിയിരിക്കുകയായിയിരുന്നു. ഒടിഞ്ഞു വീണ ശിഖരത്തിന്നടിയില്‍ പനയോലയില്‍ നെയ്തെടുത്ത ഞങ്ങളുടെ കൊട്ടാരം തകര്‍ന്നടിഞ്ഞ ശബ്ദം അയല്‍വാസികളുടെ കാതില്‍ പതിഞ്ഞപ്പോള്‍ ഇരുട്ടിലൂടെ ആദ്യം ഓടിയെത്തിയ ത്രെസ്സ്യാമ്മ ചേടത്തിതന്നെയായിരുന്നു ആ രാത്രിയില്‍ തന്‍റെ കിടക്ക പങ്കിടുവാന്‍ ഞങ്ങളെയും കൂടെ കൂട്ടിയത്.....

അക്കാലത്ത് ലോറിയും ജീപ്പും സ്വന്തമായുണ്ടായിരുന്ന വളരെ ചുരുക്കം ചില മുതലാളിമാരില്‍ ഒരാളായിരുന്ന ചേടത്തിയുടെ ഭര്‍ത്താവ് വൈകുന്നേരങ്ങളില്‍ കള്ളുകുടിച്ചു അവരുടെ അടിവയറിന് ചവിട്ടുമ്പോള്‍ , അടുക്കള വശത്തെ കയ്യാലയിലേക്ക് ചാരിവച്ച മരക്കുരിശു കണക്കെ തെറിച്ചു വീഴുന്നത് ...... അക്കരെയുള്ള പൊളിഞ്ഞു വീണ കാട്ടുകല്ലിന്റെ വേലിക്കു മുകളില്‍ കയറി നിന്നു ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. അപ്പോളും പേടിച്ചു നിലവിളിച്ചു കരയുന്ന സണ്ണികുട്ടിയേയും അവനു താഴെയുള്ള മറ്റ് നാല് മക്കളെയും വേദന കടിച്ചമര്‍ത്തി ചെറു പുഞ്ചിരിയോട്‌ കൂടി ചേടത്തി ആശ്വസിപ്പിച്ചിരുന്നത് എങ്ങിനെയെന്ന് , അവരോടൊപ്പമിരുത്തി കഴുകിയ തേക്കിലയില്‍ ചക്കപ്പുഴുക്ക്‌ വിളമ്പിതരുമ്പോള്‍ തെല്ലൊരു അത്ഭുതത്തോടെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്....

മക്കള്‍ വലുതായി ജോലിക്കാരോക്കെ ആയപ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി
ചേടത്തിയും കുടുംബവും കവലക്കടുത്തായി വലിയൊരു വീട് വച്ച് താമസം മാറ്റിയിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ചേടത്തിയുടെ പുതിയവീടിന്നടുത്തുകൂടി പോകേണ്ടി വന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ പുതുക്കുവാന്‍ ഞാന്‍ അവിടെക്കൊന്നു എത്തി നോക്കി. മാറുന്ന അയല്‍വക്ക സംസ്കാരത്തിനൊപ്പം സ്വയം മാറ്റപ്പെടാന്‍ പറ്റാത്തതുകൊണ്ടാവണം വീട്ടിലെ പുതുതലമുറയുടെ ആവശ്യപ്രകാരം ചേടത്തിയുടെ ചലനങ്ങള്‍ ആ നാല് ചുവരുകള്‍ക്കുള്ളില്‍ നിജപ്പെടുത്തിയിരുന്നു.

പണ്ട് മരംപെയ്ത സന്ധ്യയില്‍ അവരോടൊത്ത് കിടന്ന ആ രാത്രിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ചുരുണ്ടുകൂടി കിടന്ന കൊന്തയും കുരിശും അവിടെ തന്നെ ഉണ്ടോ എന്നറിയുവാന്‍ ത്രേസ്സ്യാമ്മ ചേടത്തിയുടെ മാറിലേക്ക്‌ ഞാന്‍ സൂക്ഷിച്ചുനോക്കിയിരുന്നു. ദേഹത്തു വിരിച്ചിരുന്ന ഷാള്‍ എടുത്തുമാറ്റി ചട്ടയുടെ അഗ്രം മുകളിലേക്ക് ഉയര്ത്തുമ്പോള്‍ ഉള്ളില്‍ തരിശു ഭൂമി പോലെ നിരപ്പായിരുന്നു...സ്തനാര്ബുധത്തിനു പ്രതിവിധിയെന്നോണം രണ്ട്‌ മുലകളും നീക്കം ചെയ്യുമ്പോള്‍ ചേടത്തി അറിഞ്ഞിരുന്നില്ല നഷ്ടപ്പെട്ട മുലകള്‍ക്കൊപ്പം തീറെഴുതിയത് ..... ആ പാനപാത്രത്തിനുള്ളില്‍ ഒരുക്കി വച്ചിരുന്ന ജീവാമൃതം രുചിച്ചു വളര്‍ന്ന മക്കളുടെ സ്നേഹം കൂടിയായിരുന്നെന്നു..

അടച്ചിട്ടമുറിക്കുള്ളില്‍ അല്‍പനേരംകൂടി സംസാരിച്ചിരിക്കുവാന്‍ ഇനിയും വരാമെന്ന് ഉറപ്പുകൊടുത്ത് പിരിയുമ്പോള്‍ വല്യമ്മച്ചി പലപ്പോഴും എന്നോട് പറയാറുള്ളത്‌ ഞാന്‍ ഒര്മിച്ചിരുന്നു. നിത്യചിലവിനായി അമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ വിശന്നു കരയുന്ന എന്നെ പകലത്രെയും മുലയൂട്ടിയിരുന്നത് ഇതേ ത്രേസ്സ്യാമ്മ ചേടത്തി ആയിരുന്നത്രെ. മുറിച്ചുമാറ്റിയ മുലകള്‍ക്കൊപ്പം നഷ്ടമായത് എന്‍റെ ശ്വാസം കൂടിയായിരുന്നു.....
............................................................................................................................
മുണ്ടും ചട്ടയും -- ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകളുടെ പാരമ്പര്യ വേഷം.
തേക്കില -- കപ്പയും ചക്കയും പുഴുങ്ങുമ്പോള്‍ പാത്രം കഴുകുന്നത് ഒഴിവാക്കുവാനും തേക്കുമരത്തിന്റെ ഇലയില്‍ കിഴക്കന്‍ ഗ്രാമങ്ങളില്‍ കഴിക്കുമായിരുന്നു..

3 comments:

  1. ഗ്രാമീണനന്മകളുടെയും ആധുനികലോകസ്നേഹരാഹിത്യത്തിന്റെയും വര്‍ണ്ണനം വളരെ കുറഞ്ഞ വാക്കുകളില്‍ നന്നായി എഴുതി

    ReplyDelete
  2. പഴയ ചില അമ്മിഞ്ഞ സ്മരണ കഥകള്‍ ഓര്‍മ്മയിലൂടെ...നന്മയുടെ ഒരു പാല്‍മണം .... ആശംസകള്‍

    ReplyDelete
  3. നന്മയുടെ ഒരു പാല്‍മണം ! ആശംസകള്‍

    ReplyDelete