Tuesday, September 3, 2013

ഓഫ്‌ ഷോര്‍ - കടല്‍പ്പരപ്പിലെ ഏറുമാടം..


അടുത്ത വീട്ടിലെ കേടായ പമ്പ് സെറ്റ് നന്നാക്കികൊണ്ടിരിക്കുമ്പോഴാണ് വീട്ടില്‍ നിന്നും അമ്മ വിളിച്ചു കൂവുന്നത്.എടാ കോച്ചേ ഇങ്ങോട്ട് വന്നേടാ..ഫോണില്‍ ആരോ വിളിക്കുന്നുണ്ട്...എന്തോ മറുഭാഷയാ പറയുന്നേ .....മലയാളം മാത്രം സംസാരിക്കുന്ന അമ്മക്ക് മറ്റ് ഭാഷകളെല്ലാം മറുഭാഷകളാണ്.....

കോളേജിലെ പഠിത്തം കഴിഞ്ഞു നേരെ വണ്ടികയറിയത് ഗുജറാത്തിലെ ഓയില്‍ കമ്പനിയിലേക്കാണ്.അവിടെത്തു പണിയൊക്കെ കഴിഞ്ഞു ഗള്‍ഫിലേക്ക് ഊളിയിടാനുള്ള മോഹവുമായി പാസ്പോര്‍ട്ട്‌ ഒരു ബോംബെ എജെന്‍സിയെ എല്‍പ്പിച്ചിട്ടാണ് നാട്ടിലേക്ക് വണ്ടികയറിയത്.
അയല്‍വക്കത്തെ വീടുകളിലെ കേടായ ബള്‍ബുകള്‍ മാറിയിടുക, പമ്പ് സെറ്റ് നന്നാക്കുക, തേപ്പ് പെട്ടിയുടെ കോയില്‍ മാറ്റിയിടുക ഈ വക ലൊട്ടുലൊടുക്ക് വേലകള്‍ അവര്‍ കടയില്‍ കൊടുത്തു ചെയ്യിക്കാറില്ല. ഒരു ഗ്ലാസ്‌ ചായയും രണ്ടു കഷണം ബിസ്കറ്റും തന്നു എന്നെകൊണ്ട്‌ ചെയ്യിക്കുന്നത് എന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടല്ല പോക്കറ്റില്‍ നിന്നും കാശ് ഇറക്കാനുള്ള മടികൊണ്ടാണ്...
ഓടി ചെന്ന് ഫോണ്‍ അറ്റെണ്ട്‌ ചെയ്യുമ്പോള്‍ അങ്ങേ തലക്കല്‍ നിന്നും ഹിന്ദിക്കാരി പറയുന്നുണ്ടായിരുന്നു വിസ റെഡിയായി . നാല് ദിവസത്തിനുള്ളില്‍ യാത്ര തിരിക്കണം. ആഫ്രിക്കയിലുള്ള അങ്കോളയിലെക്കാണ് പോകേണ്ടത്‌. ജോലി കരയിലല്ല ഓഫ്‌ഷോറിലാണ് എന്നുപറഞ്ഞു അവര്‍ ഫോണ്‍ കട്ട് ചെയ്തു...

ഓഫ്‌ ഷോര്‍ ജോലി ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല കടലിനു മുകളില്‍ ഏറുമാടം കെട്ടി അതിലുള്ള ജോലിയും ജീവിതവും എന്നെ സമ്പത്തിച്ചു പുതുമ നിറഞ്ഞതാണ്‌. നല്ല ഒഴുക്കുള്ള ഒരു തോട്ടില്‍ പോലും ഇറങ്ങാന്‍ ധൈര്യമില്ലാത്ത, നീന്തല്‍ അറിയാന്‍ പാടില്ലാത്ത ഞാന്‍ എങ്ങിനെ കടലിനു മുകളില്‍ പോയി ജോലി ചെയ്യും എന്ന് വിചാരിച്ചു ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
നേരം വെളുത്തു കണ്ണുതിരുമ്മി എണീറ്റ്‌ വരുമ്പോള്‍ കയ്യില്‍ നീണ്ട ഒരു ലിസ്റ്റുമായി അമ്മ രാവിലത്തെ ഭക്ഷണം റെഡിയാക്കി എന്നെ കാത്തിരിക്കുന്നു. സാധാരണ ശനിയാഴ്ചകളില്‍ ചന്തക്ക് പോകുമ്പോള്‍ മാത്രമാണ് ഇങ്ങനെ ഒരു ലിസ്റ്റ് പുള്ളിക്കാരി തയ്യാറാക്കാറുള്ളല്ലോ എന്ന് ചിന്തിച്ചുകൊണ്ട് അത് വാങ്ങി ഓടിച്ചോന്നു നോക്കി..
കോട്ടയം ജില്ലയിലെ ഒരുവിധം പള്ളികളുടെ ലിസ്ടാണ്. വിസ അടിച്ചുകിട്ടുവാന്‍ പുള്ളിക്കാരത്തി നേര്‍ച്ച നേര്‍ന്ന ആരാധനാലയങ്ങളുടെ ലിസ്റ്റ്.
ഭാഗ്യം ഇന്ന് വിസ വന്നതുകൊണ്ട് പതിനഞ്ചു പള്ളികളെയുള്ളൂ ഇനിയും താമസിച്ചിരുന്നെങ്കില്‍ ലിസ്റ്റിന്റെ നീളം കൂടിയേനെ എന്ന് മനസ്സില്‍ വിചാരിച്ചു പേപ്പര്‍ മടക്കി പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ യാത്ര തിരിച്ചു.....
അങ്ങനെ നാലാം ദിവസം എത്തി. എല്ലാവരോടും യാത്രപറഞ്ഞു ഫ്ലൈറ്റില്‍ കയറി. ആദ്യം ബോംബെ.അവിടെന്നു അടുത്ത വിമാനത്തില്‍ എത്യോപ്യ.അവിടെയിറങ്ങി അടുത്ത വണ്ടി പിടിച്ചു അങ്കോളയുടെ തലസ്ഥാനമായ ലുവണ്ടയിലേക്ക്. അവിടെ നിന്നും വീണ്ടും ഇരുപത്തിയാറുപേര്‍ക്ക് മാത്രം ഇരിക്കാവുന്ന ചെറു വിമാനത്തില്‍ സോയോ എന്ന ഒരു കൊച്ചു ദ്വീപിലേക്ക്.അങ്ങനെ കരയില്‍ നിന്നും കരയിലേക്കുള്ള യാത്ര അവസാനിച്ചു . ഇനിയുള്ളത് ഞങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഓഫ് ഷോറിലെക്കുള്ള യാത്രയാണ്. അതിനു രണ്ടു രീതികളാണ് ഉപയോഗിക്കുന്നത്. ചോപ്പര്‍ എന്ന് ചെല്ലപ്പേരില്‍ വിളിക്കുന്ന ഹെലി കോപ്ടര്‍ അല്ലെങ്കില്‍ സര്‍ഫര്‍ എന്ന് അറിയപ്പെടുന്ന ചെറു യാത്രാ ബോട്ട്.

ആദ്യ യാത്രയില്‍ എന്നെ കാത്തിരുന്നത് സര്‍ഫര്‍ വഴി കടലിന്റെ വിരിമാറിലൂടെ തിരമാലകള്‍ക്കൊപ്പം നൃത്തം ചെയ്ത് ദൈവത്തിന്റെ മറ്റൊരു സൃഷ്ടിയായ ജല ജീവികളോടു സംവദിച്ചുള്ള യാത്രയായിരുന്നു. പിന്നുടുള്ള പല യാത്രകളിലും ഡോള്ഫിനും തിമിങ്ങലവും വരെ നടുക്കടലില്‍ ഞങ്ങളെ അകമ്പടി സേവിക്കാറുണ്ടായിരുന്നു. മുങ്ങാക്കുഴിയിട്ടു ചാടി ചാടി പോകുന്ന ഡോളഫിനുകളെക്കാള്‍ യാത്രക്കാരുടെ ശ്രദ്ധ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് തലയുടെ മുകള്‍ഭാഗം അല്പവും പിന്നെ കുറച്ചു ദൂരം മാറി വാലിന്‍റെ അറ്റവും മാത്രം കാണിച്ചു ഒരു മായാ ജാലക്കാരന്റെ കരവിരുതുപോലെ വേഗത്തില്‍ അപ്രത്യക്ഷമാവുന്ന തിമിഗലം തന്നെയാണ്.


അങ്ങനെ കടലിലൂടെയുള്ള നാല് മണിക്കൂര്‍ യാത്രക്കു ശേഷം ഓയിലും ഗ്യാസും ഒഴുകുന്ന കാനാന്‍ ദേശത്ത് ഞാനെത്തി ചേര്‍ന്നു. കടലിന്റെ ഒത്ത നടുക്കായി നാല് കാലുകളില്‍ ഉയര്‍ത്തി നില്‍കുന്ന അഞ്ചു നിലയുള്ള ഒരു ഏറു മാടം. പണ്ട് ഇടുക്കിയിലേക്കും മൂന്നാറിനും ടൂര്‍ പോയപ്പോഴായിരുന്നു ആദ്യമായി ഏറുമാടം കണ്ടിരുന്നത്‌.അതും ശാഖകള്‍ നിറഞ്ഞ മരത്തിന്റെ മുകളില്‍. എന്നാല്‍ ഇത് നീല ജലാശയത്തിനു മുകളില്‍ കടലിന്റെ അടിത്തട്ടില്‍ നന്നും അറുപതു മീറ്റര്‍ ഉയരത്തിലായി ഇരുമ്പ് തൂണില്‍ തീര്‍ത്ത കൂറ്റന്‍ കെട്ടിടം.

ഇതും ഒരു ലോകമാണ് .കടലിനും കരക്കുമിടയില്‍ മനുഷ്യനാല്‍ തീര്‍ത്ത മറ്റൊരു ലോകം. നാടും വീടും ഉപേക്ഷിച്ചു ഒരുമിച്ചു ജോലി ചെയ്യുവാന്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരത്തിലധികം വരുന്ന മനുഷ്യര്‍.അവര്‍ക്ക് നിറഭേദമില്ല , ജാതിഭേദമില്ല, ഭാഷാഭേദമില്ല. അപ്പനെയും അമ്മയയൂം സഹോദരങ്ങളെയും വിട്ടിട്ടു വന്നവര്‍, ഭാര്യയെയും, മക്കളെയും വീട്ടിലാക്കി വന്നവര്‍ ..എല്ലാവര്ക്കും ഒരേ ലക്ഷ്യമേയുള്ളൂ..ജോലി ചെയ്യുക, വീട്ടിലുള്ളവരെ സുരക്ഷിതരായി പോറ്റുക....

എന്നെ സംബന്ധിച്ച് ഇതൊരു മൂന്നാം ലോകമായിരുന്നു.അഞ്ചു സെന്റ്‌ സമചതുരം .അതിന്റെ അതിരുകളില്‍ അരയോളം ഉയരത്തില്‍ കൈവരി വച്ചു ചുറ്റപ്പെട്ടിരിക്കുന്നു.മൂന്നുമാസം തള്ളി നീക്കെണ്ടിയത് ഈ അഞ്ചു സെന്ടിനുള്ളിലാണ്. അതിനപ്പുറം..തിരമാലകളും കടലിലെക്കിറങ്ങി തിരകളെ മുത്തം വയ്ക്കുന്ന ആകാശവും. സന്തോഷം വരുമ്പോള്‍ ചിരിക്കേണ്ടതും സങ്കടം വരുമ്പോള്‍ കരയെണ്ടതും ഈ കൈവരികളില്‍ പിടിച്ചു താഴെയുള്ള തിരമാലകളെ നോക്കിയാണ്. ഞങ്ങള്‍ ചിരിക്കുമ്പോള്‍ ഓരോ തിരകളും സന്തോഷത്തില്‍ പങ്കുചര്‍ന്ന് ആര്‍ത്തട്ടഹസിക്കാറുണ്ട് ...ഞങ്ങളുടെ സങ്കടങ്ങളില്‍ ചിലപ്പോള്‍ അതേ തിരകള്‍ ശാന്തരായി ഒഴുകാറുമുണ്ട് , മിഴികളില്‍ നിന്നും അടര്‍ന്നു വീണ തുള്ളികള്മായി ദൂരേക്ക്...

ഒരിക്കല്‍ രാവിലെ ഞാന്‍ ഏറ്റവും താഴെയുള്ള പ്ലാറ്റ്ഫോമില്‍ വിശ്രമിക്കുമ്പോഴാണ് വീട്ടില്‍ നിന്നും സന്തോഷ വാര്‍ത്തയുമായ് ഫോണ്‍കോള്‍ വന്നത് .ഭാര്യ പ്രസവിച്ചു ..പെണ്കുട്ടിയാണത്രേ.ആ സന്തോഷം ഞാന്‍ പങ്കു വച്ചത് കൈവരിയില്‍ പിടിച്ചു തൊട്ടു താഴെ ശാന്തമായി ഒഴുകിയിരുന്ന കടലിനോടായിരുന്നു. അല്പം സമയത്തിനുള്ളില്‍ തിരകലുയര്‍ന്നു വന്നു അടിയിലുള്ള ബംബറില്‍ തട്ടിതെറിപ്പിച്ചു എന്റെ ശരീരമാകെ നനച്ചിട്ട് അവള്‍ ഒഴുകിയൊഴുകി പോയ്‌ കൊണ്ടേയിരുന്നു..പിന്നീടൊരിക്കല്‍ കൂടെ ജോലി ചെയ്ത ഒരു അമേരിക്കകാരനും മറ്റൊരു കോങ്ഗോ സ്വദേശിയും ജോലിക്കിടയില്‍ അപകടപ്പെട്ടു മരിച്ചു വീണപ്പോഴും ഞങ്ങള്‍ നിറകണ്ണുകളോടെ യാത്രയാക്കിയതും അതേ കൈവരിയില്‍ പിടിച്ചുനിന്ന് കൊണ്ടായിരുന്നു....
എന്റെ സുഹൃത്തും ഒരേ മുറിയില്‍ താമസിച്ചിരുന്ന മറാഠിയുമായ മഹേഷിന്റെ രണ്ടരമാസമുള്ള മോന്‍ മരിച്ചുവെന്നറിയിച്ചു ഫോണ്‍ വരുമ്പോള്‍ ഞങ്ങള്‍ ഡ്യുട്ടിയിലായിരുന്നു.അവന്‍ ജോലിക്ക് പോന്നതിനു ശേഷം ജനിച്ച ആ കുഞ്ഞിനെ ജീവനോടെ കാണുവാന്‍ കഴിയാതിരുന്ന ആ സുഹൃത്തിന് പിന്നീടു അഞ്ചു ദിവസം കാത്തിരിക്കേണ്ടി വന്നു ഫ്രീസറില്‍ മരവിച്ചിരുന്ന തന്‍റെ ശ്വാസമറ്റ കുഞ്ഞിനെ ഒന്ന് ചുംബിക്കുവാന്‍.......

സമ്പത്തിനും സന്തോഷത്തിനുമൊപ്പം ഈ കടലിലെ ആടുന്ന ജീവിതം നല്‍കുന്നത് നിനച്ചിരിക്കാത്ത ചില സങ്കടങ്ങളുമാണ്...
വെക്കേഷനുവേണ്ടി കയ്യില്‍ തൂക്കിയ ബാഗുമായ്‌ ഹെലിക്പ്ടറില്‍ കയറുമ്പോള്‍ കറങ്ങുന്ന ബ്ലേഡുകള്‍ക്കൊപ്പം ചങ്ക് ഒന്ന് പിടക്കാറുണ്ട് . പിന്നെ കൈകള്‍ നെഞ്ചെത് വച്ചു പ്രാര്‍ഥിക്കും...മനസ്സില്‍ നിറയെ അപ്പോഴും പടിക്കലെത്തുമ്പോള്‍ ഓടിയെത്തുന്ന മക്കളും പിന്നെ വാതിലിന്റെ പടിയില്‍ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു നില്‍ക്കുന്ന അപ്പനും അമ്മയും... ഭാര്യയും......

3 comments:

  1. ആഹാ,
    ഓഫ് ഷോര്‍ പ്ലാറ്റ് ഫോമുകളിലാണ് ഔദ്യോഗികജീവിതം അല്ലേ?

    ഞങ്ങള്‍ ഇവിടെ ജാക്ക്-അപ്പ് റിഗ്ഗുകളൊക്കെ നന്നാക്കി വിടുന്ന ജോലിയിലാണ്.
    ASRY Offshore services, Bahrain

    ReplyDelete
  2. ഹാ ഹാ അജിത്തെട്ടാ..അപ്പോള്‍ നമ്മള്‍ തമ്മില്‍ വീണ്ടും ഒരു ബന്ധം കൂടി അല്ലേ..

    ReplyDelete
  3. ഹെലിക്കൊപ്ടരിന്റെ ബ്ലൈടിന്ടെ ശബ്ദമില്ലാതെ തന്നെ സത്യത്തില്‍ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സും ഒന്ന് പിടച്ചു .

    ReplyDelete