Wednesday, September 4, 2013

നീല ഷട്ടറിട്ട കട....





നീല ഷട്ടറിട്ട ആ കടക്കു മുന്നിലൂടെയാണ്‌ ഞാന്‍ എല്ലാ ദിവസവും സ്കൂളില്‍ പോയി വന്നുകൊണ്ടിരുന്നത്‌. നാട്ടിലെ ഏക സിനിമ കൊട്ടകയായിരുന്ന ശക്തി തിയേറ്ററില്‍ നിന്നും ഇരുന്നൂറു മിറ്റര്‍ അകലെയായി കവലയുടെ ഒരു കോണിലായി തിരക്കൊഴിഞ്ഞ സ്ഥലത്തായിരുന്നു ആ കടയുടെ സ്ഥാനം. രാവിലെ ഒന്‍പതു മണിയ്ക്കും  വൈകുന്നേരം അഞ്ചുമണിക്ക് ശേഷവും മാത്രം  തുറക്കുന്ന ആ കട എന്‍റെ കഥക്ക് പ്രാധാന്യം നല്‍കുവാനുള്ള കാരണം അതിന്‍റെ ഉടമസ്ഥനും പ്രോപ്രൈറ്ററുംആയ വ്യക്തി എന്നെയും എന്നെപ്പോലെ മൂടു കീറിയ നിക്കറിട്ടു, വീതിയുള്ള റബര്‍ ബാന്റുനിള്ളില്‍ പുസ്തകകെട്ടുകള്‍ കെട്ടിമുറുക്കി  സ്കൂളില്‍ പോകുന്ന അനേകം കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനും ആയിരുന്നുവന്നതാണ്...

വെളുത്ത മുണ്ടും വെളുത്ത ഷര്‍ട്ടും മാത്രം ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് ചെറിയ കൊമ്പന്‍ മീശയും ഉടുമുണ്ടിന്റെ തുമ്പ്  കൈകൊണ്ട്‌ അല്പം ഉയര്‍ത്തിപിടിച്ചു വടിപോലെ  നിവര്‍ന്നു മാത്രമേ നടക്കുമായിരുന്നുള്ളൂ. സ്കൂള്‍ കോമ്പൌണ്ടില്‍ പ്രവേശിച്ചാല്‍ അധികമായിട്ടുള്ളത് ഒരു ചൂരല്‍ വടിയുമായിരുന്നു...അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഞങ്ങളെ ഇങ്ഗ്ലിഷിനൊപ്പം കണക്കും പഠിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു..അദേഹത്തിനു കണക്ക് പടിപ്പിക്കുന്നതിനോട് ഒരു പ്രത്യേകം കഴിവും താല്പര്യമുണ്ടായിരുന്നു എന്നത്  വിസ്മരിക്കാനാവില്ല. അതിനൊരു കാരണവുമുണ്ടായിരുന്നു. അക്കാലത്ത് നാട്ടില്‍ പേര്കേള്‍ക്കപ്പെട്ട  പലിശക്കു കാശ് കടം കൊടുക്കുന്ന പഞ്ചായത്തിലെ മുഖ്യ ബ്ലേഡ്കാരനുമായിരുന്നു അദ്ദേഹം..

പലിശക്ക് പണം കടം കൊടുത്താല്‍ അത് കൃത്യ സമയത്തിനുള്ളില്‍ തിരിച്ചുകൊടുത്തില്ലെങ്കില്‍ ഗുണ്ടായിസ്സവും ക്വട്ടെഷന്‍ സംഘവും ഇല്ലാതെ തന്നെ നല്ല  പുളിച്ച പച്ച തെറികൊണ്ട് മാത്രം അത് തിരിച്ചു വാങ്ങുവാന്‍ മാഷിനുള്ള കഴിവ് അപാരമായിരുന്നു...

തലേ ദിവസം തന്നിരുന്ന ഹോം വര്‍ക്ക് ചെയ്തു കൊണ്ട് വരാത്തത്തിന്റെ പേരില് ക്ലാസ് മുറിയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് എന്‍റെ ചന്തിക്കിട്ട് അടിക്കുവാന്‍ ഒരുങ്ങുമ്പോഴാണ്‌ അയാള്‍ (കറുത്ത സത്യം എന്ന് എഴുത്തുകാരൊക്കെ പറയുന്നതുപോലെ) പിന്‍ വശം കീറിയ നിക്കറിനുള്ളിലൂടെ  എന്റെ ഇരുണ്ട കുണ്ടി കണ്ടത് .എന്നാല്‍ എന്നെ അടിക്കാതെ വീട്ടിലെ സാമ്പത്തിക സ്ഥിതിയെ ക്കുറിച്ചും മറ്റും വിശദമായി അന്വേഷിച്ചത് എന്നെപ്പോലെ ക്ലാസ്സിലെ മറ്റു കുട്ടികളെയും അത്ഭുതപ്പെടുത്തിയിരുന്നു...
അടുത്ത ദിവസം അദ്ദേഹം ക്ലാസ്സില്‍ പ്രത്യക്ഷപ്പെട്ടത് അഞ്ചു ജോടി ഷര്‍ട്ടും നിക്കറിന്റെയും തുണിയുമായിട്ടായിരുന്നു..എന്ന് വെച്ചാല്‍ എന്നെ കൂടാതെ കുണ്ടി കീറിയ വേറെയും നാല് പേരുകൂടി ഉണ്ടായിരുന്നു എന്നര്‍ത്ഥം.
അഞ്ചാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞു വേനലവിധിക്ക് എല്ലാവരും വേര്‍പിരിയുന്ന അവസാന ദിവസം അദ്ദേഹം ക്ലാസില്‍ ഒരു അറിയിപ്പ് നടത്തിയിരുന്നു..നാളെ എല്ലാവരും ശക്തി തിയേറ്ററിന്റെ അടുത്തുള്ള തന്റെ നീല ഷട്ടറിട്ട കടയില്‍ ഉച്ചകഴിഞ്ഞ് രണ്ടര മണി ആകുമ്പോള്‍ എത്തിച്ചേരണം.നമുക്കെല്ലാവര്‍ക്കും തിയേറ്ററില്‍ പോയി ഒരു സിനിമ കണ്ടു മടങ്ങാം.ക്ലാസ്സില്‍ നിന്ന് പിരിയുമ്പോള്‍ എല്ലാ കുട്ടികളുടെയും കയ്യില്‍ ഓരോ മടക്കിയ പേപ്പര്‍ കഷണം കൊടുത്തിരുന്നു.അത് മറ്റൊന്നുമായിരുന്നില്ല. സിനിമ കാണുവാന്‍ കുട്ടികളെ അയക്കേണ്ടിയതിനു വീട്ടിലെ കാരണവന്‍മാര്‍ക്കുള്ള ലെറ്റര്‍ ആയിരുന്നു.
മാഷ്‌ പറഞ്ഞതുപോലെ തന്നെ  ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും പറഞ്ഞ സമയത്തുതന്നെ ആ നീല ഷട്ടറിട്ട കടയില്‍ എത്തിച്ചേര്‍ന്നു.ഞങ്ങള്‍ക്കുവേണ്ടി അദ്ദേഹം അടുത്തുള്ള ചായക്കടയില്‍ നിന്നും വരുത്തിച്ച ഏത്തക്കബോളിയും ചായയും കഴിക്കുമ്പോള്‍ പുറത്ത് തിയേറ്ററില്‍ നിന്നും റിക്കാര്‍ഡ് മുഴങ്ങി കേള്‍ക്കാമായിരുന്നു......
.......പ്രപഞ്ചം നയിക്കുന്ന ചൈതന്യമേ ...എന്ന് തുടങ്ങുന്ന ഒരു ഭക്തി ഗാനമായിരുന്നു ആ സിനിമാ കൊട്ടകയില്‍ നിന്നും ആദ്യം ഉയര്‍ന്നു കേട്ടിരുന്ന റിക്കാര്‍ഡ് പാട്ട്. ആ പാട്ട് കേട്ടു തുടങ്ങുമ്പോഴായിരുന്നു സമീപ വാസികള്‍ എല്ലാവരും സിനിമ കാണുവാന്‍ വീട്ടില്‍ നിന്നും ഇറങ്ങിതിരിച്ചിരുന്നത്....
പിന്നീടു സിനിമ കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും വീണ്ടും   കടയില്‍ തിരികെയെത്തി..കടക്കുള്ളില്‍ അവിടിവടങ്ങളായി കൂട്ടിയിട്ടിരുന്ന ചുക്ക്, കുരുമുളക് റബര്‍ ഷീറ്റ് എന്നിവയുടെ മുകളിലായി എല്ലാവരും കുത്തിയിരുന്നു. കുട്ടികളുടെ ജീവിതത്തെക്കുറിച്ചും
മാതാപിതാക്കളെ അനുസരിക്കെണ്ടാതിന്റെ ആവശ്യകതെയെ കുറിച്ചും അയാള്‍ വാചാലനായി.

ഒരു ക്ലാസ്സ് ടീച്ചര്‍ എന്നതിനേക്കാള്‍ ഉപരി അദ്ദേഹം സ്നേഹവും വാല്‍സല്യവുമുള്ള നല്ല ഒരു പിതാവായി ഞങ്ങള്‍ക്കനുഭവപ്പെട്ടു..അടുത്ത വര്ഷം നിങ്ങള്‍ മറ്റ് ക്ലാസ്സുകളില്‍ പോയി പഠിക്കേണ്ടി വന്നാലും സാമ്പത്തികമായി എന്തെങ്കിലും പ്രയാസം ഉള്ളവര്‍ മടിക്കാതെ എന്‍റെ അടുത്ത്‌ വരണമെന്ന് പറഞ്ഞു എല്ലാവരുടെയും നെറുകയില്‍ ചുംബിച്ചു അദ്ദേഹം ഞങ്ങളെ യാത്രയാക്കിയിരുന്നു. ക്ലാസ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും അദ്ദേഹം എപ്പോഴോ ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു....

കാലങ്ങള്‍ കഴിഞ്ഞു .ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഒരുനാള്‍ അദേഹത്തെ കാണുവാന്‍ പോയിരുന്നു..അനേകം ശിഷ്യഗണങ്ങളുടെ ഹൃദയത്തില്‍ ഇടം തേടിയ സാറിന്റെ ചില സ്വകാര്യ ദുഖത്തെ കുറിച്ച് അയാള്‍ അപ്പോള്‍ മനസ്സു തുറന്നു.കഞ്ചാവിനു അടിമപ്പെട്ട തന്‍റെ മകനെക്കുറിച്ചും അപ്പനേക്കാള്‍ കൂടുതല്‍ തന്റെ സമ്പാദ്യത്തെ സ്നേഹിക്കുന്ന മക്കളെയും മരുമക്കളെയും കുറിച്ച് വേദനയോടെ പറയുമ്പോള്‍ എല്ലു ഉന്തിയ ആ കൈകളില്‍ ഒന്ന് ചേര്‍ത്ത് പിടിച്ചു താങ്കളെ സ്നേഹിക്കുന്ന ശിഷ്യരായ അനേകം മക്കള്‍ ഉണ്ടെന്നു പറഞ്ഞു ഞാന്‍ആശ്വസിപ്പിച്ചു..
വിദേശത്ത് ജോലികിട്ടി അവധിക്ക് നാട്ടില്‍ പോയ ഒരുനാള്‍ കൂടി എനിക്ക് ആ നീല ഷട്ടറിട്ട കടയില്‍ പോകേണ്ടി വന്നിരുന്നു ..കടക്കു മുന്നില്‍ തടിച്ചു കൂടിയ ജനക്കൂട്ടതിനോപ്പം ഞാനും കടയ്ക്കുള്ളിലേക്ക് എത്തി  നോക്കുമ്പോള്‍ പാതി പൊങ്ങിയ ഷട്ടറിന്റെ അടിയിലൂടെ തൂങ്ങിയാടുന്ന അദ്ധേഹത്തിന്റെ കാലുകള്‍ മാത്രമേ കാണുവാന്‍ സാധിച്ചിരുന്നുള്ളൂ.....
പിന്നീടു നാട്ടുകാരില്‍ നിന്നും അറിയാന്‍ സാധിച്ചത് വീട്ടില്‍ നിന്നും മക്കള്‍ ആട്ടിയിറക്കിയ   അദ്ദേഹം കുറച്ചുനാളായി ആ നീല ഷട്ടറിനുള്ളില്‍ ഏകനായിരുന്നുവന്നതായിരുന്നു...



2 comments:

  1. പാവം!
    വേറെന്ത് പറയേണ്ടു

    ReplyDelete
  2. താങ്ക്സ് അജിത്തെട്ടാ..

    ReplyDelete