Sunday, October 13, 2013

സ്വയംവരത്തെ പ്രണയിക്കുന്നവള്‍.....

തലയില്‍ വെള്ളമോഴിക്കുമ്പോള്‍ നിര്ജീവ്വമായ മനസും ശരീരവും അല്പം പ്രസരിപ്പോടെ ഉണര്ന്നെണീറ്റതായി തോന്നാതിരുന്നില്ല...മുടിയിഴകള്‍ നെറുകയില്‍ ചുറ്റി കെട്ടി ഉടയാത്ത മാറിലൂടെ ഉടലാകെ സോപ്പ് തേക്കുമ്പോള്‍ കഴിഞ്ഞ ഒന്പതു തവണയും ദൃഷ്ടികൊണ്ട് മലിനമായ ശരീരം ഒന്ന് ശുദ്ധമാകട്ടെയെന്നു മനസ്സില്‍ വിചാരിച്ചു.കാരണം പുരുഷന്മാര്‍ ഏറെ ഇഷ്ടപ്പെടുന്നത് സ്ത്രീയുടെ അശുദ്ധമാകാത്ത മനസ്സിനെക്കാളുപരി ലഹരിയുണര്ത്തുന്ന പുറം തൊലി മാത്രമാണല്ലോ....

“ ഒന്ന് പെട്ടെന്നിറങ്ങി വാടീ .. അവര്‍ എത്താന്‍ സമയമായി...” അമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറയുമ്പോള്‍ എന്റെ മനസ്സത്രയും വഴിവക്കില്‍ പഴവര്ഗ്ഗങ്ങള്‍ വില്ക്കു ന്ന വാണിഭകാരിയുടെ അവസ്ഥയിലായിരുന്നു. നേരമ്പോക്കിനു വെറുതെ വിലപേശി നടന്നകലുന്ന യാത്രക്കാരെ പുഞ്ചിരിയോടെ നേരിടുന്ന വാണിഭക്കാരിയെപോലെ..

ഇന്നു പത്താം തവണയാണ് അണിഞ്ഞൊരുങ്ങി നില്‍ക്കേണ്ടി വരുന്നത്‌..ആദ്യമൊക്കെ കാഴ്ചക്കാരായി വരുന്നവര്ക്ക് മുന്പില്‍ ഉടുത്തൊരുങ്ങി നില്ക്കുമ്പോള്‍ മനസ്സില്‍ അവരേന്നെ ഇഷ്ടപ്പെടുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു.അതുകൊണ്ട് തന്നെ നടത്തത്തിലും സംസാരത്തിലും ഞാന്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു .വാര്ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്ഥികളെപ്പോലെ...കാരണം ഞാനൊരു ഉല്പ‍ന്നവും അവര്‍ ഉപഭോക്താവുമാണല്ലോ. പിന്നെ രണ്ടു നാള്‍ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു ,ഒരു പക്ഷെ ഇണയെ കണ്ടുകിട്ടൂമല്ലോയെന്ന പ്രതീക്ഷയാവണം......

യാഥാര്ത്ഥ്യം തിരിച്ചറിയുമ്പോള്‍ അടുത്ത തയ്യാറെടുപ്പാണ്....ഓരോ തവണയും സ്വപങ്ങളിലെ നായകന്റെ മുഖം മാറികൊണ്ടെയിരുന്നു..ഒന്പാതു തവണയും പ്രതീക്ഷകള്‍ എന്നെയും മറികടന്നു നടന്നകലുന്നത് കണ്ടു നില്ക്കുമ്പോഴാണ് മനസ്സില്‍ ആദ്യമായി അപകര്ഷ്താബോധം ഉടലെടുത്തത്..ഒരു പുരുഷന്റെയും മനസ്സില്‍ ഇടം ലഭിക്കാന്‍ യോഗ്യമല്ലാത്തവളെന്ന തോന്നല്‍ എന്നെ മനസിനെ വലിഞ്ഞു മുറുക്കിയത്....

മോളെയെന്നു സ്നേഹപൂര്‍വം വിളിച്ചിരുന്ന അപ്പനും അമ്മയും പോലും ഇപ്പോള്‍ എന്നെ വെറുക്കന്‍ തുടങ്ങിയിരിക്കുന്നു..നോട്ടത്തിലും വാക്കുകളില്‍ പോലും അകല്ച്ചെ വ്യെക്തമാണ്..ഒരു പക്ഷെ തോന്നലുകള്‍ മാത്രമായിരിക്കാം..എനിക്ക് ജന്മം നല്കാന്‍ വേണ്ടിമാത്രമായിരുന്നോ അവര്‍ വിവാഹം കഴിച്ചതും ആ രാത്രിയില്‍ ഒത്തു ചേര്ന്നതും ? .എന്ന് മുതലാണ്‌ അവരേന്നെ സ്നേഹിച്ചു തുടങ്ങിയത്.. ഞാനൊരു ഭ്രൂണമായി അമ്മയുടെ വയറ്റില്‍ മുളയിട്ടത് മുതല്‍ക്കോ അതോ എന്റെ കരച്ചിലുകള്‍ അന്തരീക്ഷത്തില്‍ ഉയര്ന്ന നിമിഷം മുതല്മാ‌ത്രമോ...?.

എത്രയോ ഭ്രൂണങ്ങള്‍ ഈ ലോകത്ത് ഓരോ നിമിഷവും രൂപപ്പെടുന്നു..അതില്‍ എന്നെപ്പോലെയുള്ളവര്‍ ഒരു പെണ്ണായി പിറന്നത് എന്റെയും അവരുടെയും കുറ്റമല്ലല്ലോ..

വീണ്ടുമൊരു ഞായറാഴ്ച വന്നെത്തിയിരിക്കുന്നു.ഞായറാഴ്ചകളെ എനിക്ക് ഭയമാണ്.അതിലേറെ വെറുപ്പും.. കാഴ്ചക്കാര്‍ കൂടുതല്‍ വന്നുപോകുന്നതും ഇന്നേ ദിവസമാണല്ലോ..

വാടക കാറുകളിലെത്തുന്ന ഗള്ഫുകാര്‍ അവശേഷിപ്പിച്ചു പോകുന്ന അത്തറിന്റെ നറുമണവും പൊങ്ങച്ചവും യൂറോപ്പിലെ കുളിര്കാറ്റടിച്ച പുതുപ്പണക്കാരന്റെ ജാഡ കലര്‍ന്ന ഇന്ഗ്ലിഷും ഇപ്പോഴെന്നില്‍ മനം പുരട്ടല്‍ ഉളവാക്കുന്നു..പിന്നെയോരല്പം ആശ്വാസമായിരുന്നത് കിണറ്റിലെ തവളയെപ്പോലെ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാതെ ലോക കാര്യങ്ങളില്‍ വീമ്പിളക്കുന്ന സര്ക്കാ്ര്‍ ജീവനക്കാരായിരുന്നു.

പാതിചാരിയ വാതില്‍പ്പഴുതില്‍ പ്രതീക്ഷകളുടെ വീര്പ്പുരമുട്ടലുമായി നിക്കുന്ന അമ്മയുടെ മുഖഭാവവും കുടുംബ പാരമ്പര്യവും സാമ്പത്തിക പശ്ചാത്തലവും ആവര്ത്തന വിരസതയോടുകൂടി ആവര്ത്തിച്ചു ചൊല്ലുന്ന അച്ഛന്റെ ദൈന്യതയും കാണുമ്പോള്‍ എന്റെ കണ്ണുകളില്‍ നനവും ഇരുട്ടും മാത്രമാണ്..ഇപ്പോള്‍ എന്നെ കാണുവാന്‍ വരുന്നവരുടെ മുഖമെല്ലാം ഒരുപോലെയിരിക്കുന്നതായി തോന്നുന്നു.. മുന്നിലിരിക്കുന്നവരുടെ മുഖം എനിക്ക് വ്യക്തമല്ല..നേരിയ മൂടല്‍ മാത്രം....

ഇനി ഞാന്‍ അണിഞ്ഞോരുങ്ങട്ടെ.ഒരു പക്ഷെ ഈ ഞായറാഴ്ച അവസാനത്തെതാവാം .കാഴ്ചക്കാര്ക്കുവേണ്ടി എന്റെ ശരീരം ദൃശ്യവിരുന്നൊരുക്കാന്‍ സമയമായി.മനസ്സില്‍ ഒരു ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ..സ്വയം വരത്തിന്റെ നാളുകള്‍ വീണ്ടും വന്നണയുമോ...ഒരിക്കലെങ്കിലും..എനിക്കുവേണ്ടി.....

1 comment:

  1. പലതവണ അണിഞ്ഞൊരുങ്ങി നില്‍ക്കേണ്ടിവരുന്ന പെണ്ണിന്റെ മനസ്സ് എന്തെല്ലാം വേദനകളിലൂടെയായിരിയ്ക്കാം കടന്നുപോകുന്നത് അല്ലേ?

    ReplyDelete