Saturday, October 19, 2013

ഭ്രാന്തി....

ശരീരം മറയ്ക്കുവാനെന്നപോലെ അഴുക്കുപുരണ്ട സാരി ഉടലൊന്നാകെ വാരി വലിച്ചു ചുറ്റി ആ സ്ത്രീ ദിവസവും രാവിലെ റോഡിലൂടെ അതി വേഗത്തില്‍ നടന്നു പോകാറുണ്ടായിരുന്നു.തുന്നല്‍ അഴിഞ്ഞ അവളുടെ പഴകിയ ബ്ലൌസിന്നിടയിലൂടെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന മാംസ ഭാഗങ്ങള്‍ വീണ്ടും തിരിഞ്ഞു നോക്കി വീര്‍പ്പടക്കി നടന്നകലുന്ന നല്ലവരായ ചില വഴി യാത്രക്കാരും അവള്‍ കടന്നുപോകുമ്പോള്‍ രണ്ടടി ദൂരം മാറി വഴിവക്കില്‍ വളര്‍ന്നു നില്‍ക്കുന്ന കാട്ടുചേമ്പിനെ ചവിട്ടി മെതിച്ചു നടന്നകലുന്ന ചില സ്ത്രീകളും സ്കൂള്‍ വിദ്യാര്‍ഥിനികളും രാവിലെ എട്ടരയോടു കൂടി ഞാന്‍ പതിവായി കാണുന്ന കാഴ്ചകളില്‍ ചിലതായിരുന്നു..

രാവിലെ കുളിച്ചൊരുങ്ങി സ്കൂളില്‍ പോകുവാനായി കൂട്ടുകാര്‍ വരുന്നത് വരെ വീടിന്‍റെ മുറ്റത്തോട് ചേര്‍ന്നുള്ള കയ്യാലയുടെ വക്കില്‍ വഴിയിലൂടെ പോകുന്ന യാത്രക്കാരെയും വാഹനങ്ങളെയും നോക്കി ഞാന്‍ നില്‍ക്കാറുണ്ട്.

അനുസരണക്കേട്‌ കാട്ടുന്ന കുഞ്ഞുങ്ങളെ അമ്മമാര്‍ മര്യാദ പഠിപ്പിക്കുന്നത്‌ ഈ സ്ത്രീയുടെ കയ്യിലുള്ള ഭാണ്ടകെട്ടിനുള്ളില്‍ ശ്വാസം മുട്ടി കിടപ്പുണ്ടെന്ന് പറയപ്പെടുന്ന ഇല്ലാത്ത കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞു ഭയപ്പെടുത്തിയായിരുന്നു.ആരോ തന്നെ കാത്തു നില്‍ക്കുന്നെവെന്ന രീതിയില്‍ അതിവേഗം നടന്നകലുന്ന ആ സ്ത്രീ പലപ്പോഴും ഉയര്‍ന്ന ശബ്ദത്തോടെ ശകാര വാക്കുകള്‍ വര്‍ഷിക്കുന്നത് ഒരു പക്ഷെ തന്റെ ജീവതത്തില്‍ അനുവാദമില്ലാതെ കടന്നു വന്നരോടുള്ള അമര്‍ഷം കൊണ്ടാവാം.......

വൈകുന്നേരങ്ങളില്‍ സ്കൂള്‍ കഴിഞ്ഞു വീടിന്റെ മുറ്റത്തുള്ള കയ്യാലയില്‍ വഴിയിലെ കാഴ്ചകള്‍ കണ്ടിരിക്കുമ്പോള്‍ ആ സ്ത്രീ അങ്ങോട്ടേയ്ക്ക് പോയ അതേ വേഗതയില്‍ , അതേ ശകാര വാക്കുകള്‍ പുലമ്പി തിരിച്ചു വരുന്നത് അന്തിമയങ്ങുന്നതിനുമുന്നുള്ള എന്റെ വഴിയോര കാഴ്ചകളിലൊന്നായിരുന്നു..തിരിച്ചു വരുമ്പോള്‍ അവര്‍ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റിക് പൂക്കളോ വക്കും മൂലയും പൊട്ടിയ പ്ലാസ്ടിക് കളിപ്പാട്ടങ്ങളോ നടപ്പിന്റെ വേഗത ഒട്ടും കുറയാതെ തന്നെ ഞാനിരിക്കുന്ന കയ്യാലയിലേക്ക് എറിഞ്ഞു തന്നിട്ടു ഒരു ചെറുപുഞ്ചിരിയോട്‌ കൂടി അവര്‍ നടന്നകലുന്നത് ഭ്രാന്തമായ ആവേശത്തോട്‌ കൂടി ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു..വഴിവക്കില്‍ ആരൊക്കെയോ ഉപേഷിച്ച ആ പ്ലാസ്ടിക് വേസ്റ്റുകള്‍ കളിപ്പാട്ടങ്ങളായി അവര്‍ എനിക്കായി സമ്മാനിച്ചപ്പോള്‍ , എന്നെ സംബന്ധിച്ച് അത് എനിക്കേറ്റവും വിലയേറിയ കളിപ്പാട്ടങ്ങള്‍ തന്നെയായിരുന്നു..

നാളുകള്‍ക്ക് ശേഷം ആ സ്ത്രീയുടെ നടപ്പിന്റെ വേഗത കുറഞ്ഞുവരുന്നതും അവരുടെ വയറിന്റെ വലുപ്പം കൂടി വന്നതും എന്നെപ്പോലെ തന്നെ നാട്ടിലെ മറ്റുള്ളവര്‍ക്കും അത്ഭുതകരമായ ഒരു കാഴ്ചയും പ്രധാന സംസാര വിഷയവുമായിത്തീര്‍ന്നു.എന്‍റെ കണ്‍മുന്നിലൂടെ നടന്നകലുന്ന ആ സ്ത്രീ ആറോ ഏഴോ കിലോമീറ്റര്‍ ദൂരത്തിനപ്പുറമുള്ള ഒരു പഞ്ചായത്ത് വെയിറ്റിംഗ് ഷെഡിലാണ് അന്തിയുറങ്ങുന്നതെന്നും രാത്രിയില്‍ വിശന്നു വലഞ്ഞ മാന്യനായ അതെ നാട്ടുകാരന്‍ തന്നെ അനുവാദം ചോദിക്കാതെ അവളുടെ ഭാണ്ടക്കെട്ട് തുറന്നു വിശപ്പ്‌ മാറ്റിയെന്നും നാട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത്‌ ഞാന്‍ കേട്ടിരുന്നു.. ...

പിന്നീടുള്ള ദിവസങ്ങളില്‍ ഉന്തിയ വയറുമായി അവര്‍ റോഡിലൂടെ നടന്നകലുന്നത് അവരെപ്പോലെ തന്നെ വേദനയോടെ മുറ്റത്തെ കയ്യാലപ്പുരത്തിരുന്നു ഞാനും നോക്കി നില്‍ക്കാറുണ്ടായിരുന്നു. നിറഞ്ഞ വയറുമായി വഴി വക്കില്‍ കുനിഞ്ഞു നിന്നു പ്ലാസ്റിക് വേസ്റ്റുകള്‍ പെറുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാവണം പിന്നീടുള്ള രണ്ടു മൂന്നു മാസങ്ങളില്‍ സ്ഥിരമായി ഞാനിരിക്കുന്ന കയ്യാലയിലേക്ക് എറിഞ്ഞിടാറുള്ള കളിപ്പാട്ടങ്ങളുടെ എണ്ണം കുറഞ്ഞു വന്നതും മെല്ലെയത് തീര്‍ത്തും ഇല്ലാതായതും..

കുറച്ചു നാളുകള്‍ക്ക് ശേഷം അവരെ അത് വഴി കാണാതായപ്പോള്‍ എന്റെ കുഞ്ഞു മനസ്സില്‍ വേദനപോലെയെന്തോ തോന്നിയിരുന്നു..പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുന്നതുപോലെ..എങ്കിലും പതിവായി ഞാന്‍ സ്കൂള്‍ യുണിഫോം ധരിച്ചു അതെ സമയങ്ങളില്‍ വഴിയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നു. അകലെനിന്നും അവരുടെ ശകാരശബ്ദം കേള്‍ക്കുവാന്‍ കാത് കൂര്‍പ്പിച്ചു കാത്തിരുന്നു..

മുറ്റത്തെ കോണിലെ മൂല കീറിയ ചണചാക്കില്‍ നിന്നും അവര്‍ തന്ന കളിപ്പാട്ടങ്ങള്‍ എടുത്തു കളിച്ചുകൊണ്ടിരുന്ന ഒരു ശനിയാഴ്ചയായിരുന്നു വീണ്ടും അവരെ ഞാന്‍ കാണുന്നത്.കയ്യില്‍ അഴുക്കു പുരണ്ട ഭാണ്ടകെട്ടിന് പകരം , നല്ല വെളുത്തു തുടുത്ത ഒരു കൈകുഞ്ഞുമായി അവര്‍ റോഡിലൂടെ നടന്നു വരുന്നു .അവരെ കാണുവാനുള്ള കൊതിയുമായി ഞാന്‍ കയ്യാലയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ മുന്നിലെത്തി കയ്യിലിരുന്ന തന്റെ കുഞ്ഞിന്‍റെ ഓമനത്തമുള്ള മുഖം എന്നെ കാണിച്ചു തന്നു. ഒരു പുഞ്ചിരിയോട്‌ കൂടി അവര്‍ നടന്നകലുന്നതും നോക്കി ഞാന്‍ നില്‍ക്കുമ്പോള്‍ നാട്ടുകാരിലെല്ലാം ആ കുഞ്ഞിന്റെ മുഖച്ഛായയുള്ള നാട്ടുകാരനെ കണ്ടു പിടിക്കുന്നതിലുള്ള വെപ്രാളത്തിലായിരുന്നു...

രണ്ടാഴ്ചകള്‍ക്ക് ശേഷമാവണം ഭ്രാന്തിയായ ആ അമ്മ ഒഴിഞ്ഞ കയ്യുമായി നഷ്ടപ്പെട്ട തന്റെ മകളെത്തേടി കരഞ്ഞുകൊണ്ട്‌ ആ റോഡിലൂടെ അലഞ്ഞു നടപ്പുണ്ടായിരുന്നു.അമ്മയും മകളും അന്തിയുറങ്ങിയ അതെ പഞ്ചായത്ത് വെയിറ്റിംഗ് ഷെഡില്‍ നിന്നും അവരുടെ അനുവാദമില്ലാതെ വിശപ്പ്‌ മാറ്റിയതുപോലുള്ള മറ്റൊരു രാത്രിയില്‍ ഏതോ ഒരു മാന്യന്‍ ആ കൈകുഞ്ഞിനെയും കൊണ്ട് കടന്നു കളഞ്ഞിരുന്നുവന്നു വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത് ഞാനും വേദനയോടെ കേട്ടിരുന്നു...
ശരിക്കുള്ള ഭ്രാന്ത് ആ സ്തീക്കായിരുന്നോ അതോ മാന്യരായ സമൂഹത്തിനായിരുന്നുവോയെന്നു
ഭ്രാന്തി സമ്മാനിച്ച കളിപ്പാട്ടങ്ങള്‍കൊണ്ട് ബാല്യം ആസ്വദിച്ച എനിക്കു പിന്നീട് പലപ്പോഴും തോന്നാതിരുന്നില്ല..പേറ്റുനോവ് ആറും മുന്നേ നഷ്ടപ്പെട്ട കുഞ്ഞിനെ വഴിവക്കില്‍ തിരിയുന്ന ഭ്രാന്തിയായ ആ അമ്മ എന്നെ പഠിപ്പിച്ചത് ഭ്രാന്ത് ഇല്ലാത്ത ജീവിതത്തിന്റെ ചില നന്മയുടെ മൂല്യങ്ങളായിരുന്നു.

1 comment:

  1. കഷ്ടം, മാനുഷര്‍ക്കില്ലാ കാരുണ്യലേശം!

    ReplyDelete