Tuesday, July 1, 2014

പിച്ചാത്തി കഥകള്‍..


തിമിര്‍ത്തു പെയ്യുന്ന മഴയുള്ള ഒരു രാത്രിയിലായിരുന്നു എന്നെ എളിയിലിരുത്തി രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ഡോക്ടറുടെ വീട്ടിലേക്ക് അമ്മ ഒരിക്കല്‍ ഓടിയത് . വൈകുന്നവരെ പറമ്പില്‍ പണിയെടുത്തതിന്റെ ക്ഷീണത്താല്‍ അവരല്പം മയങ്ങിപ്പോയത് കൊണ്ടാവാം , എന്റെ നെറ്റി തടത്തില്‍ അടിഞ്ഞു കൂടിയ തീകനല്‍ ചൂട് അവരുടെ മാറിനെ പൊള്ളിച്ചപ്പോഴാണ് ഒരു കീറ തുവര്‍ത്ത്‌ മാറില്‍ വിരിച്ചിട്ടു എന്നെ എളിയിളിരുത്തി അമ്മ ആ രാത്രിയിലോടിയത്.
പനയോലകീറുകള്‍ ചേര്‍ത്ത് വചുണ്ടാക്കിയ വാതില്‍ ചാരിയിട്ട് വെളിയിലിറങ്ങുമ്പോള്‍ അകത്ത് അരികുകീറിയ തഴപ്പായില്‍ കിടന്നുറങ്ങിയ ചേച്ചിയെ കൂട്ടിനേല്‍ല്‍പ്പിച്ചത് മേല്‍ക്കൂരയിലൂടെ അരിച്ചിറങ്ങിയ മഴനൂലുകളെയായിരുന്നു.
നടുവ് തളര്‍ന്ന ശീലക്കുടയുമായി ഇരുട്ടിലൂടെ വേഗത്തില്‍ നടന്നകലുമ്പോള്‍ ഒടിഞ്ഞു തൂങ്ങിയ കുടക്കമ്പിയിലൊന്നിലൂടെ ഇറ്റുവീണ മഴ നീരുകള്‍ എന്‍റെ പുറവും താണ്ടി അമ്മയുടെ ഇടത്തെ കാലിലൂടെ അരിച്ചിറങ്ങി ഭൂമിയില്‍ എത്തിയിരുന്നു..
ഡോക്ടര്‍ തന്ന ഗുളികയും കുറിപ്പടയുമായി തിരികെ കവലയില്‍ എത്തുമ്പോള്‍ , ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്ന രാത്രി സഞ്ചാരികളില്‍ ഒരാളോട് , അരയിലിരുന്ന അടക്കാ മുറിക്കുന്ന പിച്ചാത്തി നീട്ടി അമ്മ പറഞ്ഞതോര്‍ക്കുന്നു......:
“പുലയാടിമോനെ അടുത്തുവന്നാല്‍ നിന്റെ സാമാനം അരിഞ്ഞു നിലത്തിടും ഞാന്‍”
പനി മാറി മൂന്നാം നാള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ അന്ന് പാതിരാവില്‍ കണ്ട രാത്രി സഞ്ചാരിയെ , വെള്ള മുണ്ടും,ജൂബയും സ്വര്‍ണ്ണത്തിന്‍റെ കുരിശുമാലയും ധരിച്ച് പള്ളി നട ഇറങ്ങി വരുന്നത് ഞാന്‍ കണ്ടിരുന്നു..
അതിനുശേഷമാവാം , മുറുക്കി ചുവപ്പിച്ച്‌ റോഡിലൂടെ നടന്നകലുന്ന പണിക്കാരി പെണ്ണുങ്ങളെ കാണുമ്പോള്‍ ആരാധനയോടെ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു... അവരുടെ അരയില്‍ തിരുകിയ അടക്ക മുറിക്കുന്ന പിച്ചാത്തികള്‍ക്കുമുണ്ടാവുമല്ലോ പറയാന്‍ ഒരുപാട് കഥകള്‍ എന്നോര്‍ത്തിട്ട്....

1 comment:

  1. രാവും പകലും വലിയ വ്യത്യാസമാണ്.
    മനുഷ്യര്‍ രൂപം മാറും
    ധര്‍മ്മര്‍ അധര്‍മ്മരാകും
    അബലര്‍ ബലവാന്മാരാകും
    വെളുപ്പ് കറുപ്പാകും

    ReplyDelete