Friday, July 18, 2014

അച്ഛനാവുക.....


പ്രസവ ശുശ്രൂഷക്ക് സഹായിക്കാന്‍ വന്ന ചേടത്തി അടിയന്തരമായി തിരികെപ്പോയപ്പോള്‍ ,പിറന്നിട്ടു പത്തു നാള്‍ മാത്രമായ എന്റെ മാലാഖ കുഞ്ഞിനേയും സിസേറിയന്‍ കഴിഞ്ഞ ഭാര്യയെയും ഒറ്റക്ക് എങ്ങിനെ പരിചരിക്കുമെന്ന് ചിന്തിച്ച് ഒരുവേള ഞാന്‍ അമ്പരക്കാതിരുന്നില്ല.

ഒരു ഹോം നേഴ്സിനെ കൊണ്ടുവന്നു ആ പ്രശ്നം പരിഹരിക്കാമായീരുന്നിട്ടുകൂടി അത് വേണ്ടായെന്നു ചിന്തിച്ചത് പരിപൂര്‍ണ്ണമായ ഒരച്ഛനാവുകയെന്ന എന്‍റെ ആഗ്രഹം കൊണ്ടുമാത്രമാണ്..
പ്ലാസ്റ്റിക് ഷീറ്റില്‍ കിടത്തി എണ്ണ തേച്ച്‌ കുളിപ്പിക്കുമ്പോള്‍ അവള്‍ കുഞ്ഞ് മിഴികള്‍ കൊണ്ട് ഇമ ചിമ്മാതെ നോക്കിയും ഇടക്കിടക്ക് വെള്ളത്തിന്റെ തണുപ്പേറുമ്പോള്‍ ചെഞ്ചുണ്ട് കൂട്ടിച്ചേര്‍ത്ത് കരയാന്‍ ശ്രമിച്ചും അവളെന്നെ അനുസരണയുള്ള ഒരച്ഛനാക്കാന്‍ ശ്രമിക്കുകയായിരുന്നു.
മത്സ്യം കണക്കെ പിടക്കുന്ന കുഞ്ഞിനെ മുത്തശ്ശിമാര്‍ അനായാസം ചെയ്യുന്നതുപോലെ ഇടതു കയ്യില്‍ ബാലന്‍സ് ചെയ്തു കുളിപ്പിക്കുകയെന്നത് ചെറിയൊരു കാര്യമല്ലയെന്നു മനസ്സിലായത്‌ ആ ദിവസങ്ങളില്‍ മാത്രമായിരുന്നു..

കണ്ണെഴുതി പൊട്ട് തൊട്ട്, നെറുകയില്‍ മുത്തം നല്‍കിയും വെള്ളത്തുണി കോണോട് കോണ്‍ മടക്കി അവളുടെ കുഞ്ഞരയില്‍ കെട്ടി കൈത്തണ്ടയിലെടുത്ത് ഇല്ലാത്ത പാട്ടുകള്‍ പാടിയുറക്കിയും ഒരച്ഛനാവുകയെന്ന ബാലപാഠം ആ ദിവസങ്ങളില്‍ ഞാന്‍ മെല്ലെ പഠിക്കുകയായിരുന്നു.

മഞ്ഞപ്പാലൊഴുക്കിയ മൂത്ര തുണികള്‍ കഴുകിയുണക്കിയപ്പോള്‍ ഓര്‍മ്മ വന്നത് വിവാഹത്തിനു മുന്‍പ് വരെ അടുത്ത വീടുകളില്‍ കുട്ടികളുടെ അപ്പിതുണികള്‍ കഴുകി ഉണങ്ങാനിടുമ്പോള്‍ അത് കണ്ടു ഒരറപ്പോടുകൂടി അല്പം മാറി നടന്നുപോയ ദിവസങ്ങലെക്കുറിച്ചാണ്.

കരയുന്ന കുഞ്ഞിനെ കൈമാറ്റം ചെയ്തും, "എടിയേ കുഞ്ഞ് അപ്പിയിട്ടു" എന്നുറക്കെ വിളിച്ചുകൂവി അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് തടി തപ്പിയും, ഫ്ലാസ്കില്‍ ചായയുമേന്തി ആശുപത്രിയിലെ ബില്ലുകളടച്ചും നടക്കുന്ന ഒരു സാധാ അച്ഛനാവാതെ അവളുടെ ഓരോ ശ്വാസങ്ങളിലെ ഉള്‍തുടിപ്പുകളറിയുന്ന ഒരച്ഛനാവുകയെന്ന ആഗ്രഹങ്ങളായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍ നിറവേറ്റിയത്..

എഴുപതു ദിവസത്തെ പരിചരണങ്ങള്‍ പൂര്‍ത്തിയാക്കി ഈ മരുഭൂമിയിലേക്ക് ഞാന്‍തിരികെയെത്തിയപ്പോള്‍ മനസ്സില്‍ നിറഞ്ഞ് നിന്നത് അവളെന്നെ ഒരച്ഛനാക്കിയ മായാത്ത ഓര്‍മ്മകളായിരുന്നു. ആറുവയസ്സുകാരികളുടെ പീഡനകഥകള്‍ പത്ര താളുകളില്‍ വായിക്കുമ്പോള്‍ കണ്ണ് നിറയുന്നതും അതുകൊണ്ട് തന്നെയാവണം...

2 comments:

  1. ആറുവയസ്സുകാരികളുടെ പീഡനകഥകള്‍ പത്ര താളുകളില്‍ വായിക്കുമ്പോള്‍ കണ്ണ് നിറയുന്നതും അതുകൊണ്ട് തന്നെയാവണം...

    ആവണം!

    ReplyDelete