Saturday, July 5, 2014

ബ്രേസ്സിയര്‍ പഠിപ്പിച്ചത്..



കുളിമുറിയുടെ വാതിലില്‍ തൂക്കിയിട്ടിരുന്ന അഴുക്കു പുരണ്ട വെളുത്ത ബ്രേസ്സിയറുമായി ഞാന്‍ നേരെ ഓടിയത് രണ്ടാം നിലയിലുള്ള  പതിനെട്ടാം നമ്പര്‍ മുറിയിലേക്കായിരുന്നു.

വെള്ള പേപ്പറില്‍ പെങ്ങളുടെ നഗ്ന ചിത്രം വരച്ചു ശരീര ഭാഗങ്ങള്‍ അടയാളപ്പെടുത്താന്‍ ആവശ്യപ്പെട്ട സീനിയര്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ കരഞ്ഞുകൊണ്ട്‌ നിന്നപ്പോള്‍ , അതിനു പകരമായി അവര്‍ എനിക്ക് തന്ന ശിക്ഷയായിരുന്നു ,കോളേജു കാന്റീനില്‍ അരി വയ്ക്കുന്ന ഗീതമ്മ ചേച്ചിയുടെ ബ്രേസ്സിയര്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അവര്‍ക്ക് മുന്നില്‍ സബ്മിറ്റ് ചെയ്യുകയെന്നത്..

കോളേജു ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ കൌമാര രതി വൈകൃതങ്ങള്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ അനുഭവിച്ചവരാകാം കാന്റീനിലെ അരി വപ്പുകാരിയായ ഗീതമ്മ ചേച്ചിയും അവരുടെ ഭര്‍ത്താവും ഹോസ്റ്റല്‍ സെക്യുരിറ്റിയുമായ രാമചന്ദ്രന്‍ ചേട്ടനും.

ഒതുങ്ങിയ അരക്കെട്ടും ആരെയും ആകര്‍ഷിക്കുന്ന നിറഞ്ഞു തുളുമ്പിയ മാറിടവുമുള്ള ചേച്ചിയെ ആരെയും ഭയപ്പെടാതെ അവിടെ ജോലി ചെയ്യാന്‍ സഹായിച്ചത് , കീറിമുറിഞ്ഞ മേല്ച്ചുണ്ടിലൂടെ തന്‍റെ മൂക്കിന്‍റെ അഗ്രത്തോട് സ്വകാര്യം പറയുന്ന രണ്ട് കൊമ്പന്‍ പല്ലുകളായിരുന്നു..

അടച്ചിട്ട കുളിമുറിക്കുള്ളില്‍ നിന്നും വൈകുന്നേരങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയെന്നപോലെ സ്ഥിരം കേള്‍ക്കാറുള്ള പരനാറി കീര്‍ത്തനം , കുളിസീന്‍ ഒളിഞ്ഞ് നോക്കുവാന്‍ വരുന്ന കുട്ടികളെ ആട്ടിയോടിക്കുന്നത്തിന്റെ ഭാഗമായിരുന്നെന്ന് ആ ഹോസ്റ്റലില്‍ ചേര്‍ന്നതിന്റെ രണ്ടാം ദിവസം മുതല്‍ ഞാന്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു..

ഒളിച്ചു നോട്ടത്തെക്കാള്‍ കൂടുതല്‍ അവരെ വിഷമിപ്പിച്ചത് , കിട്ടുന്ന ശമ്പളത്തിന്‍റെ പാതിയും ചിലവഴിക്കേണ്ടി വരുന്നത് ബ്രേസ്സിയര്‍ വാങ്ങുവാന്‍ മാത്രമായിരുന്നുവെന്നതാണ്‌.
അവസാന വര്‍ഷ പരീക്ഷ സമയത്ത് ഹോസ്റ്റല്‍ കാന്‍റീനിന് അവധി ആയിരുന്നിട്ടുകൂടി , രണ്ടാഴച്ച കാലം ശമ്പളമില്ലാതെ ഞങ്ങള്‍ക്ക് വച്ചു വിളമ്പി തന്നപ്പോഴായിരുന്നു, ആ ദമ്പതികളെ കൂടുതല്‍ അടുത്തറിയുവാന്‍ കഴിഞ്ഞിരുന്നത്..

അടിച്ചു മാറ്റിയ ബ്രെസ്സിയറിനുള്ളിലെ ആന്തരികാവയവങ്ങള്‍ക്കുമതീതമാണ് അവരുടെ മാതൃത്വമെന്ന് രണ്ടാഴ്ചകള്‍കൊണ്ട് ആ ദമ്പതികള്‍ ഞങ്ങളെ പഠിപ്പിച്ചു തന്നിരുന്നു. ഹോസ്റ്റലിലെ നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികള്‍ കാട്ടികൂട്ടിയ കൌമാര വിക്രിയകള്‍ സ്വന്തം മക്കളുടെ അനുസരണകേടായി കണ്ട്‌ പൊറുക്കുവാന്‍ തയ്യാറായ ആ ദമ്പതികള്‍ തന്നെയാണ് ഇന്നും എന്‍റെ മുന്നിലെ മാതൃകാ ദമ്പതികള്‍...


2 comments:

  1. കൌമാരവികൃതികള്‍ ഒരളവ് വരെ ക്ഷമാര്‍ഹമാണ്.

    ReplyDelete
  2. ശരിയാണ് അജിത്തെട്ടാ...

    ReplyDelete