Thursday, June 13, 2013

പണയപണ്ടം.............

കുത്തനെ തലയിലടിക്കുന്ന വെയിലിന്റെ ചൂട് അതിഭയങ്കരമായിരുന്നു . പുതിയതായി പണിയുന്ന ഗ്യാസ് പ്ലാന്റിന്റെ അവസാന മിനുക്കുപണികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഭൂമിക്കടിയില്‍ നിന്നും അതി മര്‍ദ്ദത്തില്‍ കുഴിച്ചെടുക്കുന്ന ഓയിലും ഗ്യാസും കൂടിയ മിശ്രിതം സംസ്കരിച്ചു വേര്‍തിരിക്കുമ്പോള്‍ , ചവച്ചു തുപ്പുന്ന വിഷപ്പുക പോകേണ്ട വലിയ കുഴലിന്റെ ചുവട്ടിലാണ് ഞാന്‍ നില്‍ക്കുന്നത്.
അതി കഠിനമായ വെയിലാനെങ്കിലും എനിക്കെന്‍റെ ഇന്‍സ്പെക്ഷന്‍ ജോലി ചെയ്തേ മതിയാവൂ.
നാട്ടിലാണെങ്കില്‍ നോക്ക് കൂലി വാങ്ങി കയ്യുംകെട്ടി നില്ക്കാമെന്കീലും ഇവിടെ അറബിയുടെ നാട്ടില്‍ മെയ്യനങ്ങി പണിയെടുത്തെപറ്റൂ..
കാറിന്റെ തവണകുടിശിക, പുതുതായി വാങ്ങിയ സ്ഥലത്തിന്റെ ബാക്കി തുക, കുട്ടികളുടെ പഠന ഫീസ്‌ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് മരുഭൂമിയിലെ പൊരിക്കുന്ന ചൂടും മണല്‍ക്കാറ്റും മൂന്നാറിലെ കോടമഞ്ഞുപോലെ കുളിരുകോരുന്ന ഒരനുഭൂതിയാണ്...
ആകാശത്തോളം ഉയര്‍ന്നു നിലക്കുന്ന ക്രയിനുകള്‍ ഭൂമിയെ ചവിട്ടിമെതിച്ച്‌ നിരങ്ങി നീങ്ങുമ്പോള്‍ എന്റെ കാലിന്നടിയിലെ മണല്‍തരികള്‍ വേദനകൊണ്ട് പുളയുന്നത് ഞാനറിയുന്നുണ്ട്..
ഇരയെകാത്തുകിടക്കുന്ന പെരുപാമ്പിനെപ്പോലെ തലക്കുമുകളിലൂള്ള റാക്കില്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്ന പൈപ്പുകളാണ് ഈ ഗ്യാസ് പ്ലാന്റിനെ പരസ്പരം ബന്ധിക്കുന്ന ജീവനാഡികളും പിന്നെ എന്നെപോലെ വെയിലത്ത് കഷ്ടപെടുന്നവര്‍ക്ക് കുറച്ചുനേരം വിശ്രമിക്കാനുള്ള തണല്‍മരവും...

അങ്ങിനെ നില്‍ക്കുമ്പോള്‍ യാദ്രിശ്ചികമാവാം എന്റെ പഴയൊരു സുഹൃത്ത് ശ്രീകാന്ത് അതുവഴി വന്നത്..കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചു പഠിച്ചതാണ്..വളരെ നാളുകള്‍ക്കുശേഷം വീണ്ടും ഇതാ ഈ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വച്ചു....
ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.. ശ്രീ..നീയെങ്ങിനെ ഇവിടെയെത്തി ?.....
ഇന്നലെ രാവിലെയാണ് ഞാന്‍ ജോയിന്‍ ചെയ്തതു...പത്തുമുപ്പതിനായിരം പേര്‍ ജോലിചെയ്യുന്ന ഈ സൈറ്റില്‍  പരിചയക്കാരില്ലാതെ ഒറ്റപ്പെടുമോയെന്നൊരു തോന്നലുണ്ടായിരുന്നു..പക്ഷെ നിന്നെ ഇവിടെ കണ്ടപ്പോള്‍ എനിക്ക് സമാധാനാമായി..ഒന്നുമല്ലെങ്കിലും ഒരേ ഫ്രീക്വന്‍സിയുള്ള ഒരാളെയെങ്കിലും കിട്ടിയല്ലോ...മുഖത്ത് വിരിഞ്ഞ സന്തോഷം മറച്ചുവെക്കാതെ അവന്‍ പറഞ്ഞു...
പിന്നീടുള്ള കുറനിമിഷങ്ങള്‍ എന്നെ സംബത്തിചിടത്തോളം ഭൂതകാലത്തെക്കുള്ള ഒരു യാത്രയായിരുന്നു...അവന്റെ കൂടെ കോളേജില്‍ ചിലവഴിച്ചിരുന്ന നിമിഷങ്ങള്‍....കോളേജ് യുണിയന്‍ പ്രവര്‍ത്തനങ്ങള്‍...വൈകുന്നേരങ്ങളില്‍ ഹോസ്റ്റലിന്റെ വൃത്തിഹീനമായ ചുമരില്‍ ഒട്ടിച്ചു വച്ച നഗ്നരായ നായികമാരുടെ തുടകളിലും പോക്കിള്‍കുഴിയിലും നോക്കി നിന്ന് ദിനേശ് ബീഡിയുടെ പുകച്ചുരുകളില്‍ കണ്ടെത്തിയിരുന്ന ആനന്ദ ലഹരി...പിന്നെ പിരിവെടുത്ത പണംകൊണ്ട് വാങ്ങിയ, മദ്യക്കടയിലെ ഏറ്റവും വിലക്കുറഞ്ഞ മദ്യം നുണഞ്ഞുകൊണ്ട് സമകാലീന രാഷ്ട്രീയവും എഴുത്തുകാരുടെ ഏറ്റവും പുതിയ സൃഷ്ടികളെക്കുറിച്ച് നടത്താറുണ്ടായിരുന്ന അവലോകനവും..


എം.മുകുന്ദന്‍, ചേതന്‍ ഭഗത്, സി.രാധാകൃഷ്ണന്‍ ഇവരുടെയൊക്കെ കൃതികളേകുറിച്ച് അവന്‍ വാചാലനായപ്പോള്‍ ഹെര്‍മന്‍ ഹെസ്സെയും,മാര്‍ക്കേസും,പൌലോ കൊയലോയും,മാക്സിംഗോര്‍ക്കിയും ദസ്തയോവിസ്കിയുമൊക്കെ എന്റെ കൂട്ടിനായി അണിനിരന്നു...
പെട്ടെന്നായിരുന്നു  മറ്റൊരു ചോദ്യം അവന്റെ മുന്നിലേക്ക്‌ ഞാന്‍ ഇട്ടുകൊടുത്തത്....
ശ്രീ,,, നിന്റെ ആ പഴയ സുഹൃത്ത് ഗായത്രി ഇപ്പോള്‍ എവിടെയാണ്.?
പിന്നീടുള്ള ആ നിശബ്ധത എന്റെ ചോദ്യം അനാവശ്യ സമയത്താണോ എന്നൊരു തോന്നല്‍ ഉളവാക്കി.


ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയ ജെ.സി.ബിയുടെയും ട്രക്കിന്റെയും പിറകെ പറന്നുയര്‍ന്ന പൊടി മുഖത്തു തട്ടാതിരിക്കാന്‍ അവന്‍ പിന്‍ തിരിഞ്ഞു നിന്നുകൊണ്ട് തുടര്‍ന്നു..

എടാ.. എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടി ഞാന്‍ ആ കോളേജില്‍ നിന്നും പോരുമ്പോള്‍ അവള്‍ ബി എ ലിറ്ററെച്ചറിനു ചേര്‍ന്നിരുന്നു.യൂണിയന്‍ ഇലക്ഷന് എനിക്ക് വോട്ടു തരണമെന്ന് അഭ്യര്തിക്കുവാനാണു  ഞാന്‍ ആദ്യമായ് അവളുടെ ക്ലാസ്സില്‍ കയറിയത്...പിന്നീടു അവളുടെ വോട്ടുകള്‍ പ്രണയമായി മാറുമ്പോള്‍ എന്നോട് പറയുവാനുള്ള എന്തോ എന്ന് അവള്‍ മറച്ചുവച്ചതായി എനിക്ക് തോന്നിയിരുന്നു. ആരോടും അധികം മിണ്ടാതെ ക്ലസ്സ്മുറിയുടെ പിന്നിലെ കോണില്‍ ഒറ്റപ്പെട്ടിരിക്കുമ്പോഴും എന്റെ സാന്നിദ്ധ്യം അവള്‍ക്കു വല്ലാത്തൊരാശ്വാസം ആയിരുന്നു. ഒരു കാമുകനെക്കാളുപരി ഒരു ജ്യെഷ്ടന്റെയോ ഒരു ഭര്‍ത്താവിന്റെയോ സുരക്ഷിതത്വമാണവള്‍ ആഗ്രഹിച്ചതെന്നരിയുവാനുള്ള തിരിച്ചറിവ് അന്നത്തെ എന്റെ കൌമാരത്തിനുണ്ടായിരുന്നില്ല...
ആദ്യ വേനലവധിക്ക്  നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവളെ കാണുവാനുള്ള മോഹം കൊണ്ട് ഞാന്‍ അവളുടെ വീടിന്റെ പരിസരത്ത് എത്തിയിരുന്നു. ഒറ്റപ്പെട്ട വീടിനുള്ളില്‍ ആരെയും കാണാത്തതുകൊണ്ട് കളകയറി മൂടിക്കിടന്ന, മുന്‍വശത്തെ വയലിനക്കെരെയുള്ള വീട്ടില്‍ അവളെക്കുറിച്ച് തിരക്കി..

ഉണ്ടായിരുന്ന ഭൂസ്വത്തുക്കളെല്ലാം മദ്യപിച്ചു നശിപ്പിച്ച അവളുടെ അച്ഛനെക്കുറിച്ച്  പറയുമ്പോള്‍ മുഖത്തുണ്ടായിരുന്ന പുച്ഛം ഒന്നു കാര്‍ക്കിച്ചുതുപ്പി അവര്‍ വെളിയിലെക്കിട്ടു.
അവസാനം ഒരു കുപ്പി മദ്യത്തിനു വേണ്ടി ഭാര്യയെ മറ്റുള്ളവര്‍ക്ക് പണയം വയ്ക്കുമ്പോള്‍ ഒരു ഭിത്തിക്കപ്പുറം കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ്  അച്ഛനെന്ന ആ നീചന്‍ അറിഞ്ഞിരുന്നില്ല. പെണ്ണിന് മാത്രമായി ദൈവം അനുഗ്രഹിച്ചു നല്‍കിയ മകളുടെ മാംസള ഭാഗങ്ങള്‍  അമ്മയോളം വളര്‍ന്നപ്പോള്‍ അമ്മയെന്ന പണയപണ്ടത്തിനു മാറ്റ് കുറഞ്ഞു. പിന്നെ അവള്‍ തന്നെ സ്വന്തം ജീവിതം മുറ്റത്തുനിന്ന മാവില്‍ പണയം വച്ചു തൂങ്ങിയാടുമ്പോള്‍  കിഴക്ക് സൂര്യന്‍ ഉദിക്കുന്നതെയുണ്ടായിരുന്നുള്ളൂ........

5 comments:

 1. വിഷയവും അവതരണവും ഒരു പുതുമ തരുന്നില്ല.
  ആശംസകള്‍

  ReplyDelete
 2. എഴുതുക ഇനിയും
  ആശംസകള്‍

  (ഈ വേര്‍ഡ് വെരിഫികേഷന്‍ ഡിസേബിള്‍ ചെയ്തില്ലെങ്കില്‍ എന്തെങ്കിലും അഭിപ്രായം എഴുതണമെന്നുള്ളവരും ഒന്ന് മടിയ്ക്കും കേട്ടോ)

  ReplyDelete
 3. "ആകാശത്തോളം ഉയര്‍ന്നു നിലക്കുന്ന ക്രയിനുകള്‍ ഭൂമിയെ ചവിട്ടിമെതിച്ച്‌ നിരങ്ങി നീങ്ങുമ്പോള്‍ എന്റെ കാലിന്നടിയിലെ മണല്‍തരികള്‍ വേദനകൊണ്ട് പുളയുന്നത് ഞാനറിയുന്നുണ്ട്". കവിത ഒളിച്ചിരിക്കുന്ന വരികൾ... എനിക്ക് ഇഷ്ടപ്പെട്ടു.

  ReplyDelete
 4. നന്ദി രൂപേഷ,അജിത്തെട്ടാ,ബിന്ദു ചേച്ചി..

  ReplyDelete
 5. നന്ദി രൂപേഷ,അജിത്തെട്ടാ,ബിന്ദു ചേച്ചി..

  ReplyDelete