Wednesday, June 5, 2013

ഈന്തപ്പഴങ്ങള്‍......

കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ പൊടിപാറിയ അന്തരീഷത്തില്‍ നിന്നുള്ള ഒരു മോചനം, പിന്നെ എഴുതപ്പെട്ടിരിക്കുന്നതുപോലെ സംഭവിക്കേണ്ടിയതിനു ഘടികാരത്തിലെ സൂചിപോലെ ഒരേ താളത്തില്‍ ഒഴുകിയകലുന്ന ജീവിതം....ഇതില്‍ നിന്നുമൊക്കെ ഒരു മോചനമെന്ന നിലക്കാന് സതീശന്‍ വന്നു വിളിച്ചപ്പോള്‍ വെള്ളിയാഴ്ച ആയിരുന്നിട്ടുകൂടി മറ്റൊന്നും ചിന്തിക്കാതെ ഇറങ്ങിത്തിരിച്ചത് ....

രാവിലെ അഞ്ചു മണിയ്ക്ക് അലാറം മുഴങ്ങുമ്പോള്‍  തുടങ്ങുന്ന ദിനചര്യ . ക്ലോസറ്റില്‍ ഇരുന്നു തന്നെ പല്ല് തേപ്പും ഷേവിങ്ങും കഴിയുമ്പോള്‍ ലാഭിക്കുന്നത് അധികമായി ഉറങ്ങാന്‍ കഴിഞ്ഞ പത്തു മിനിട്ടാണ്....ഒരു പ്രവാസിയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം...അവിടെ നിന്നും ക്യാന്റീനിലെക്കും പിന്നെ സൈറ്റിലേക്കുമുള്ള നെട്ടോട്ടത്തിനടയില്‍ വീട്ടിലേക്കൊരു ഫോണ്‍വിളി......... വൈകുന്നേരം  ട്രെയിനിന്‍റെ ബോഗിപോലുള്ള പോര്ടബില്‍ കാബിനില്‍ തിരികെഎത്തുമ്പോള്‍  സൂര്യന്‍ അസ്തമിചിട്ടുണ്ടാവും. ലാപ്ടോപ് ഓണ്‍ ചെയ്ത് വച്ചിട്ട്  ടോയിലെറ്റില്‍ പോയി തിരകെയെത്തുംപോള്‍ അവിടെയും ലാഭിക്കുന്നത് സ്കൈപ്പ് സെറ്റ് അപ്പ്‌ ആകാനുള്ള വിലപ്പെട്ട മറ്റൊരു അഞ്ചു മിനിട്ട്...ഭാര്യയും കുട്ടികളുമായി ഒരു മണിക്കൂര്‍ ചാറ്റ് ചെയ്യുമ്പോള്‍ നിറവേട്ടുന്നത്  ഭര്‍ത്താവിന്റെ സ്നേഹവും അച്ഛന്റെ ലാളനയുമാണ്..
ജെന്മദിനത്തിനു മകള്‍ കേക്ക് മുറിക്കുമ്പോള്‍ ഒരു നുള്ള് മധുരം അവളുടെ നാവില്‍ വച്ചുകൊടുത്തു ആ നെറുകയില്‍ ചുബിക്കനാവുന്നതും സ്കൈപ്പിലൂടെ കാണേണ്ടിവരുന്ന ഒരു പ്രവാസിയുടെ നിരവേറ്റപ്പെടാത്ത സ്വപ്നങ്ങളില്‍ ഒന്നുമാത്രമാണ്....

ക്യാമ്പിന്റെ ഗേറ്റ് കടന്നു ടാര്‍ റോഡിലൂടെ വണ്ടി നീങ്ങുമ്പോള്‍ റോടിനിരുവശത്തായി നടന്നു നീങ്ങുന്ന പല രാജ്യക്കാരെയും കാണാം...ബെങ്കാളിയും നേപ്പാളിയും,പാക്കിസ്ഥാനിയും ഇന്ത്യനും.ഫിലിപ്പിനിയും ഇവിടെ  ഒരു രാജ്യത്തിലെ പ്രജകളെപ്പോലെ  വാഴുന്നു..ഇരുവശവുമുള്ള മണല്‍ കൂമ്പാരത്തിനടയിലൂടെ കാര്‍ മുന്നോട്ടു നീങ്ങുപ്പോള്‍ ഒട്ടകത്തിനെയും ചെമ്മരിയടിനെയും കൊണ്ട് വരിയായി പോകുന്ന പദുക്കളെ കാണാം..നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ കാട്ടറബി.മരുഭൂമിയുടെ ആദി ദ്രാവിഡ വംശം..പെര്‍ഷ്യയുടെ യഥാര്‍ത്ഥ അവകാശി....അവരെ കണ്ടപ്പോള്‍ അട്ടപ്പടിയിലെയും അരിപ്പ യിലെയും കുടിയിറക്കപ്പെട്ട ആദിവാസി സമൂഹത്തെയാനെനിക്ക് ഓര്‍മവന്നത്...
കയറിയിറങ്ങിയ മണല്‍ കൂമ്പാരത്തിനു മുകളില്‍ പ്രകൃതി രചിച്ച രേഖാ ചിത്രങ്ങള്‍ മൊഞ്ചത്തി മണവാട്ടിയുടെ കയ്യിലെ മൈലാഞ്ചിയെക്കാള്‍ മനോഹരമായിരുന്നു...കൊടും ചൂടിനുള്ളിലും മണല്ക്കൂനയുടെ താഴ്വാരങ്ങളില്‍ ചിതറിക്കിടക്കുന്ന ഇളം പച്ച പുല്‍ നാമ്പുകള്‍ അതിശയത്തേക്കാളുപരി  ചെറുത്തുനില്‍പ്പിന്റെ പ്രകാശ കിരണങ്ങളെയാണ് ധ്വനിപ്പിക്കുന്നത് ...

രണ്ടു മണിക്കൂറത്തെ യാത്രക്കുശേഷം ഞങ്ങള്‍ എത്തിപ്പെട്ടത് മരുഭൂമിക്കു നടുവിലുള്ള ഈന്തപ്പനത്തോട്ടങ്ങള്‍ക്ക് നടുവിലാണ് ഈന്തപ്പനകളുടെ മക്ക എന്നറിയപ്പെടുന്ന ലിവ എന്നാ കൊച്ചു ഗ്രാമം.സിറ്റിയില്‍ താമസിക്കുന്ന പണക്കാരായ അറബികളുടെ ഈന്തപ്പന ഫാം. ഇവിടെ നിന്നാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കയറ്റി അയക്കുന്ന പല രുചിയിലും നിറത്തിലുമുള്ള ഈന്തപ്പഴങ്ങള്‍ ശേഖരിക്കപ്പെടുന്നത്‌ ...ഓരോ ഫാമിനെയും വേര്തിരിക്കുന്നതിനായി പനയുടെ ഓലകൊണ്ട് വേലികെട്ടിയിരിക്കുന്നു..നാട്ടില്‍ പണ്ട് നാളികേരത്തിന്റെ ഓലമെടഞ്ഞു വേലി കെട്ടിയിരുന്നതുപോലെ...അവയ്ക്കുള്ളില്‍ തലയുയര്‍ത്തി നിറയെ ഈന്തകായ്കള്‍ നിറച്ചു സുന്ദരികളായി നില്‍ക്കുന്ന ഈന്തപ്പനകള്‍..
വണ്ടി ....ഉണങ്ങിയ പനയോലകൊണ്ടുള്ള മതിലിനു മുന്നില്‍ പാര്‍ക്ക് ചെയ്തിട്ടു അകത്തേക്ക് കയറി..ഉള്ളിലായി ഫാമിന് ഇടതുവശത്തായി ഒരു കൊച്ചുകുടില്‍ .അതിനു സമീപത്തായി നീളത്തില്‍ കെട്ടിയിട്ടിരിക്കുന്ന  ഓല ഷെഡ്‌..കൊച്ചു കുടിനുള്ളിലേക്ക് തലയിട്ടുകൊണ്ടു സതീശന്‍ ഉറക്കെ ചോദിച്ചു...അരെ ഭായ്.......
ഉള്ളില്‍ നിന്നും നരച്ചു പടര്‍ന്നു കിടക്കുന്ന മുടി  കൈകള്‍കൊണ്ട് ഒതുക്കി ഒരു ബംഗാളി ഇറങ്ങി വന്നു.. അയാള്‍ക്കും മുന്‍പേഎത്തിയ മൂക്കടപ്പിക്കുന്ന ദുര്‍ഗന്ധം പിണ്ടമിട്ടുപോകുന്ന ആനയെയാണ് ഓര്‍മിപ്പിച്ചത്..
ഭായ് ഞങ്ങള്‍ക്ക് ഈ ഫാം ഒന്ന് കാണണം .ഇവിടെ അടിത്തുള്ള ഒരു ഓയില്‍ കമ്പനിയുടെ ക്യാമ്പില്‍ നിന്നും വരുകയാണ്.വളരെ സന്തോഷത്തോടു കൂടി അവന്‍ ഞങ്ങളെയും കൊണ്ട് ഫാമിലൂടെ നടന്നു..കൃഷിയോടുള്ള താല്പര്യം കൊണ്ട്..പന നടുന്ന രീതികള്‍., ഇലകള്‍ സമയാസമയങ്ങളില്‍ കോമ്പിയോതുക്കുന്നത്..വളം ചേര്‍ക്കേണ്ട രീതികള്‍...എല്ലാം ചോദിച്ചു മനസ്സിലക്കികൊണ്ടിരുന്നു....നടക്കുന്നതിനടയില്‍ അടുത്തുണ്ടായിരുന്ന ചെറിയ പനയുടെ ഓല എന്റെ ഷര്‍ട്ടിലുടക്കി അല്പം കീറിയെങ്കിലും ഇലയുടെ മുള്ള് കയ്യില്‍ കൊള്ളാതെ പതുക്കെ വിടുവിച്ചു ഇടയിലൂടെ വെള്ളം ഒഴുകാനുള്ള ഓവ് ചാലിന്റെ ഒരത്തുകൂടി നടന്നു.കയ്യില്‍ കരുതിയിരുന്ന കുറച്ചു കൂള്‍ ഡ്രിങ്ക്സ് ബെങ്കാളിയുടെ കയ്യില്‍ കൊടുത്തിട്ടു ഞാന്‍ ചോദിച്ചു ..താങ്കള്‍ എങ്ങിനെയാണ് ഇവിടെ എത്തിപ്പെട്ടത്...?

നെറ്റിയിലൂടെ ഒലിച്ചിരിറങ്ങിയ പിയര്‍പ്പുകണം തുടച്ചു നീക്കിയിട്ട്‌ അവന്‍ തുടര്‍ന്നു.....ഭയ്യാ..ഞാന്‍ ഇവിടെയെത്തിയിട്ട് പത്തു വര്ഷം കഴിഞ്ഞു. ബെന്കാളിലെ ഒരു ഗ്രാമത്തില്‍ ജെനിച്ചു വളര്‍ന്നു..തലമുറകളായി ഞങ്ങള്‍ കൃഷിയെടുത്തു ജീവിച്ച മണ്ണും വീടും തട്ടിയെടുത്ത അവിടത്തെ പ്രമാണിമാര്‍ എന്നെപ്പോലെ ആയിരക്കണക്കിന് കുടുംബങ്ങളെ നാട്ടില്‍ നിന്നും ആട്ടിപ്പായിച്ചു...ജെനിച്ച മണ്ണിന്റെ അവകാശം നഷ്ടപ്പെട്ടപ്പോള്‍ ഞങ്ങള്‍ കാടുകളില്‍ അഭയം പ്രാപിച്ചു..ഒരു തലമുറയെ വളര്‍ത്തുന്നതിനായി ഇന്നും അവകാശങ്ങള്‍ക്കായി പോരാടുന്നു...മതം പഠിപ്പിക്കാനെത്തിയ ഒരു പാതിരിയുടെ സഹായാത്താല്‍ ഞങ്ങള്‍ കുറച്ചാളുകള്‍ ഇവിടെത്തിയതാണ്....യാത്ര രേഖകള്‍ കൈക്കലാക്കിയ അറബി ,ഞങ്ങളെ ഈ കുടിലിലെത്തിച്ചു..അച്ഛനെയും അമ്മയെയും ഭാര്യയെയും കുട്ടികളെയും വിട്ടിട്ടു ഇപ്പോള്‍ പത്തു വര്ഷം കഴിയുന്നു...അറബി തരുന്ന നാനൂറു ദിര്‍ഹം (നാട്ടിലെ ആറായിരം രൂപ) മാസാമാസം വീട്ടിലെക്കയക്കുന്നു...അച്ഛനുമമ്മയും മരിച്ചപ്പോള്‍ കാണുവാന്‍ പറ്റാതിരുന്നതിനെക്കാള്‍ സങ്കടമായിരുന്നു ആദ്യത്തെ മകന്‍ പട്ടിണിയാല്‍ മരണപ്പെട്ടപ്പോള്‍ ..ഒരാഴ്ച കഴിഞ്ഞു  മരുഭൂമിയില്‍ ആ വിവരം അറിയുമ്പോള്‍  പ്രിയപ്പെട്ടവന്റെ ആത്മാവും ഭൂമിയില്‍ നിന്നുംഅകലങ്ങളിലേക്ക് പോയിട്ടുണ്ടായിരുന്നു.ആഴ്ചയില്‍ ഒരിക്കല്‍ അറബി കൊണ്ടുവരുന്ന ഭക്ഷണവും വെള്ളവും അളന്നു വയ്ക്കുമ്പോള്‍ ദിവസങ്ങള്‍ പിന്നെയും ബാക്കിയാവുന്നു..

തിരികെ ആ ചെറിയ കുടിലിലെത്തുമ്പോള്‍ വിയര്‍പ്പുകണങ്ങള്‍ ശരീരത്തോട് ഒട്ടിചെര്‍ന്നിട്ടുണ്ടായിരുന്നു..കൊടും ചൂടില്‍ ഓല മേഞ്ഞ കുടിലിനടിയില്‍ അവര്‍ ഫാമില്‍ നിന്ന് ശേഖരിച്ച ഈന്തപ്പഴങ്ങള്‍ കുലയില്‍ നിന്ന് അടര്‍ത്തിയെടുത്ത് പുറമേ പറ്റിപ്പിടിച്ച മണല്‍തരികള്‍ നീക്കം ചെയ്യാന്‍ വെള്ളത്തില്‍ കഴുകിയെടുത്തു.. മറ്റുള്ളവര്‍ അവ ഓരോന്നായി തരം തിരിച്ചു വയ്ക്കുമ്പോള്‍ ബെങ്കാളി ഭയ്യാ ഞങ്ങള്‍ക്ക് നാട്ടിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകുവാന്നായി ഏറ്റവും നല്ല പഴങ്ങള്‍ പൊതിഞെടുത്തുകൊണ്ട് വന്നു...
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഈന്തപ്പഴത്തിന്റെ വിലയായി ഞങ്ങള്‍ കൊടുത്ത ഇരുന്നൂറു  ദിര്‍ഹം  തിരികെ നല്‍കിയിട്ടു അവന്‍ പറഞ്ഞു..ഭയ്യാ എനിക്ക് രൂപയല്ല വേണ്ടത്....നിങ്ങള്‍ പ്രാര്തിക്കുമ്പോള്‍ എന്റെ കുടുംബത്തെയും കൂടി ഓര്‍ത്താല്‍ മാത്രം മതി...ഭഷണമില്ലാതെ പകര്‍ച്ചവ്യാധിയാല്‍ മരിക്കുന്ന കുഞ്ഞുങ്ങല്‍ക്കുവേണ്ടിയുംകൂടി......
തിരികെ ക്യാമ്പിലേക്ക് മടങ്ങുമ്പോള്‍ പള്ളിയിലെ പെരുന്നാളിന് അമ്മ വാങ്ങി നല്‍കിയിരുന്ന ഈന്തപ്പഴത്തിന്റെ പയ്ക്കറ്റ്കളെ ക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചതത്രെയും.....പിന്നെ രാവിലെ ടി വിയില്‍ കണ്ടവാര്‍ത്തയും....അട്ടപ്പാടിയില്‍ ഒരുമാസത്തിനടയില്‍ പട്ടിണിയാലും പകര്‍ച്ചവ്യാധിയാലും മരണമടഞ്ഞ മുപ്പത്തിരണ്ട് കുട്ടികള്‍......

2 comments:

  1. പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്കകള്‍
    വളരെ ലളിതമായും ഋജുവായും എഴുതുമ്പോള്‍ വായിയ്ക്കാന്‍ ഇഷ്ടം തോന്നി

    ReplyDelete
  2. നന്ദി അജിത്‌ ചേട്ടാ..വീണ്ടും വരണം..

    ReplyDelete