Tuesday, June 25, 2013

തെമ്മാടിക്കുഴിയിലെ സുവിശേഷങ്ങള്‍ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു അമ്മയുടെ കുഴിമാടത്തില്‍ ചെന്ന് അതാതു ആഴ്ചകളിലെ സംഭവവികാസങ്ങള്‍ അപ് ഡേറ്റ് ചെയ്യാറുണ്ട് . സിമന്റു കുഴിക്കുള്ളില്‍ മാര്‍ബിള്‍ പുതച്ചുകിടക്കുന്ന അമ്മക്ക് കേള്‍ക്കുവാന്‍ ഞാന്‍ പഴയതുപോലെ വിളിച്ചുകൂവേണ്ടതില്ല..ഒന്ന് ചുണ്ടനക്കിയാല്‍ മതി .പുള്ളിക്കാരിക്ക് കാര്യം മനസ്സിലാവും. ഭൌതിക ശാസ്ത്രം പറയുന്നതുപോലെ ശബ്ദ വികിരണങ്ങള്‍ വളഞ്ഞുപുളഞ്ഞു മാര്‍ബിളിനിടയില്‍ക്കൂടി കടന്നു കുഴിമാടത്തിന്റെ അടിത്തട്ടില്‍ എത്തുന്നുണ്ടാവാം.
കല്ലറക്കുമുകളില്‍ ചിതറിക്കിടന്ന പഴയ പൂക്കളൊക്കെ തുടച്ചുമാറ്റിയിട്ടു പുത്തിയതായി കൊണ്ടുവന്ന റോസയും സൂര്യകാന്തിയും മഞ്ഞകോളാമ്പി പൂവും ഞാന്‍ നിരത്തിവച്ചു.എന്നും ചെയ്യാറുള്ളതുപോലെ മൂന്നു റോസാപൂക്കള്‍ മൂന്നു ദിക്കിലേക്ക് ദര്‍ശനം കിട്ടുന്നമാതിരി ഒന്നായി ചേര്‍ത്തുവച്ചു ഏകദേശം ഹൃദയ ഭാഗത്തായിത്തന്നെ.
കൊച്ചുവര്ത്തമാനങ്ങളൊക്കെ കഴിഞ്ഞു ഞാന്‍ ചുറ്റിനും കണ്ണോടിച്ചു..പുതിയ അയല്‍ക്കാര്‍ ആരെങ്കിലും വന്നിട്ടുണ്ടോയെന്നറിയാന്‍..ഉണ്ടെങ്കില്‍ തീര്‍ച്ചയായും കത്തിത്തീര്‍ന്ന മെഴുകുതിരിയുടെ അവശിഷ്ടങ്ങളും മുകുളങ്ങള്‍ പൊട്ടിവിടര്‍ന്ന പുതിയ പൂക്കളും പിന്നെ കൂട്ടംകൂടി നിന്ന് കരഞ്ഞുതീര്ത്ത കുറെ കാല്പാടുകളും അവശേഷിച്ചിരിക്കും...

പണ്ട് അമ്മയെ കാണാന്‍ ആദ്യം കുഴിമാടത്തില്‍ വന്നപ്പോള്‍ പുള്ളിക്കാരി പറഞ്ഞതോര്‍മ്മയുണ്ട്‌....എന്നെ നിങ്ങളോക്കെകൂടി ഈ കുഴിയില്‍ അടിച്ചിട്ട് പോയ ആദ്യത്തെ രാത്രിയില്‍ ഒന്നു മയങ്ങാന്‍ ഞാന്‍ കുറെ കഷ്ടപ്പെട്ടു.ജീവിതത്തില്‍ നിന്നും മരണമെന്ന നിത്യതയിലേക്ക് ദ്രുതഗതിയിലുള്ള ചുവടുമാറ്റമല്ലേ..ഒന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ കുറച്ചു സമയമെടുത്തത്രേ.ഗര്‍ഭപാത്രത്തില്‍ നിന്നും ആദ്യമായി വെളിച്ചത്തേക്കും പിന്നെ സ്വന്തം വീട്ടില്‍ നിന്നു ഭര്‍ത്താവിന്റെ വീട്ടിലേക്കു മുറിച്ചുമാറ്റപ്പെട്ടപ്പോഴും ഇതേപോലെ അഡ്ജസ്റ്റ് ചെയ്യുവാന്‍ കുറച്ചു സമയമെടുത്തിരുന്നു.അപ്പോളും എനിക്ക് ആശ്വാസമായിരുന്നത് നിങ്ങള്‍ ഈ കുഴിമാടത്തിനു ചുറ്റും അവശേഷിപ്പിച്ചുപോയ കാല്‍പാടുകളായിരുന്നു.പിന്നീടു നിങ്ങളുടെ വരവിന്റെ ദൈര്‍ഘ്യം കുറയുന്തോറും കാല്‍പാടുകള്‍ മാഞ്ഞുതുടങ്ങുകയും എന്റെ ഏകാന്തതയുടെ ദൈര്‍ഘ്യം കൂടിക്കൊണ്ടുമിരുന്നു....
ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത കുഴിമാടങ്ങളില്‍ നിന്ന് ചെറിയ ശബ്ദങ്ങളെനിക്കു കേള്‍ക്കാം.അയല്‍വാസികളാണ്. പുതിയ വിശേഷങ്ങള്‍ അറിയാന്‍ അവര്‍ക്കും ആഗ്രഹങ്ങളുണ്ടാകുമല്ലോ. അമ്മയുടെ തൊട്ടടുത്ത്‌ കിടക്കുന്നത് ഏതോ ഒരു ചാക്കോ അബ്രഹാമാണ്.മക്കളെല്ലാം വിദേശങ്ങളിലായതുകൊണ്ടാകാം പുള്ളിക്കാരന്റെ മാര്‍ബിള്‍ പുതപ്പ് അവിടെ ചെളിയും പൂപ്പലും പിടിച്ചു ആകെ വൃത്തിഹീനമാണ്.അദേഹത്തിന്റെ ജീവിതത്തിന്റെ അവസാന കാലങ്ങളും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് അങ്ങിനെ തന്നെ ആയിരുന്നത്രെ.

തെക്കുവശത്ത് കുറച്ചു മാറിയാണ് തെമ്മാടിക്കുഴി,ഏതോ പുതിയ താമസക്കാര് അവിടെ എത്തിയുണ്ട്. പള്ളിപ്രമാണത്തിനു എതിരേനടന്ന തെമ്മാടികളും ആത്മഹത്യ ചെയ്ത ഭീരുക്കളുമാണ് അവിടെ തങ്ങാറ്.
അമ്മയോട് പറഞ്ഞിട്ട് ആ പുതുമുഖത്തെ പരിചയപ്പെടാന്‍ ഞാന്‍ തിങ്ങി നിറഞ്ഞ മാര്‍ബിള്‍ തട്ടുകള്‍ടയിലൂടെ മറിഞ്ഞു വീഴാതെ തെക്കോട്ട്‌ നടന്നു. മാര്‍ബിളിനു മുകളിലൂടെ നടക്കാന്‍ പാടില്ലാഞ്ഞിട്ടല്ല ....താഴെ വിശ്രമിന്നവര്‍ മുകളിലേക്ക് ദര്‍ശനമായി കിടക്കുമ്പോള്‍ അതിനു മുകളിലൂടെ നടക്കുന്നത്തിനുള്ള ഔചിത്യമില്ലായ്മകൊണ്ടാണ്...
ഇളകിക്കിടന്ന പച്ചമണ്ണിനുമുകളില്‍ ഒരു റോസാപ്പൂ ഒഴികെ മറ്റൊന്നും ഞാന്‍ കണ്ടില്ല..സാധാരണ പുതിയ താമസക്കാര്‍ വരുമ്പോള്‍ പച്ചമണ്ണ് കാണുവാന്‍ കഴിയാത്തവിധം പൂക്കളും അലങ്കാരങ്ങളുംകൊണ്ട്‌ മൂടിയിട്ടുണ്ടാവും. ഒരു ദളം മാത്രം അടര്‍ന്നു വീണ ആ റോസാപുഷ്പത്തെ ഞാന്‍ തുറിച്ചു നോക്കുമ്പോള്‍ സെമിത്തേരിയുടെ ചുറ്റ്മതിനുവെളിയില്‍ വൈകുന്നേരത്തെ കുര്ബാനക്കുള്ള മണി മുഴങ്ങുന്നുണ്ടായിരുന്നു. അല്‍പസമയത്തിനുള്ളില്‍ തന്നെ റോസ ദളം ചെറുതായിഅനങ്ങുന്നതും മേല്‍മണ്ണ് അല്‍പാല്‍പമായി മാറി കുഴിമാടത്തിനുള്ളില്‍ നിന്നും പെട്ടിയുടെ മൂടി തുറന്നു അമ്പതിനോടടുത്ത് പ്രായം വരുന്ന ആ സ്ത്രീ എന്നെ നോക്കി ചിരിക്കുന്നത് , കഞ്ചാവിന്റെ ലഹരിയിലമര്‍ന്ന ചെറുപ്പക്കാരന്റെ മായിക ഭ്രംസം എന്നപോലെ ഞാനറിയുന്നുണ്ടായിരുന്നു...

അവര്‍ക്ക് എന്നോട് പറയാനുള്ളതെന്തെന്നു ഞാന്‍ കാതോര്ത്തു......
ഞാന്‍ റോസിലി,പേരുകേട്ട തറവാട്ടിലെ ഏകമകള്‍..സമ്പത്തിന്റെ മടിത്തട്ടില്‍ നിന്നും ഒരുനാള്‍ ഞാന്‍ ഇറങ്ങിനടന്നു...ഉണ്മയുടെ ജീവിതം തേടി,കല്ലും മുള്ളും നിറഞ്ഞ പാതകള്‍ താണ്ടി..സുഖ ശീതിളമയില്‍ ജീവിച്ചതല്ല യഥാര്‍ത്ഥ ജീവിതമെന്ന ഉള്‍വിളിയില്‍ നിന്നുമുള്ള ഒരു യാത്ര..പച്ചയായ ജീവിതം തേടി..കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ഥ രാജകുമാരനെപ്പോലെ.

ഭൌതിക സുഖങ്ങള്‍ വെടിഞ്ഞു ജീവിതത്തിന്റെ യാഥാര്‍ഥ്യം ഞാന്‍ തേടിയത്‌ സന്യാസത്തിന്റെ പാതയിലായിരുന്നു.ശരീരവും ശിരസ്സും ശിരോവസ്ത്രങ്ങളില്‍ ഒളിപ്പിച്ച്‌ ഞാന്‍ പാലും തേനും ഒഴുകുന്ന കാനാദേശത്തിനു വേണ്ടി മുട്ടിന്‍മേല്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ മനസ്സു അത്രയും പുറത്ത് ഒരു നേരം ഭഷണമില്ലാതെ അലയുന്ന യാചകര്‍ക്കൊപ്പമായിരുന്നു.പ്രാര്‍ത്ഥനാ ശീലുകള്‍ക്കപ്പുറത്തുനിന്നും ഇരുട്ടിന്റെ മറവില്‍ ശീല്‍ക്കാര ശബ്ദങ്ങള്‍ ഉയര്ന്നുതുടങ്ങുമ്പോള്‍ കഴുത്തില്‍ തൂങ്ങിയ കൊന്തയിലെ കുരിശില്‍നിന്നും രക്തകണങ്ങള്‍ ഇറ്റ് വീണുകൊണ്ടിരുന്നു..
ഭാണ്ടാരകുറ്റികളില്‍ കുമിഞ്ഞുകൂടിയ സ്വര്‍ണനാണയത്തുട്ടുകള്‍ക്ക് പുറത്ത് ആരാധനാലയങ്ങള്‍ ദൈവത്തെക്കാള്‍ വലുതായി പുതുക്കി പണിയുമ്പോള്‍ ദൈവം നിശബ്ദനായി യാചകര്‍ക്കൊപ്പം ഇറങ്ങിപ്പോയിരുന്നു.
ശിരോവസ്ത്രം ഊരിയെറിഞ്ഞു ഞാന്‍ നടകളിറങ്ങുമ്പോള്‍ ഉണ്മതേടിയുള്ള യാത്രയുടെ രണ്ടാം ഘട്ടമായിരുന്നു...
ലൌകിക ജീവിതത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍ മണവാട്ടിയുടെ വേഷമണിഞ്ഞത്..രാത്രികളില്‍ ഉയര്‍ന്നുപൊങ്ങുന്ന താളലീലകള്ക്കു ശേഷം അയാള്‍ ഇരുട്ടിനോട്‌ ചെര്ന്നലിയുമ്പോള്‍ ഞാന്‍ ഏകയായി കണ്ണുകളടച്ചു കിടക്കുമായിരുന്നു.തുടച്ചുമാറ്റിയ വിയര്‍പ്പുകണങ്ങള്‍ക്കൊപ്പം വികാരത്തിന്‍റെ വേലിയേറ്റം ഒലിച്ചുപോകുമ്പോള്‍ എനിക്ക് നഷ്ടമായത് എന്റെ സ്വത്വത്തെയാണ്‌....

അവിടെ നിന്നും അഭിസാരികയിലെക്കുള്ള ദൂരം അതി വിദൂരത്തായിരുന്നില്ല. അടച്ചിട്ട ചുമരുകള്‍ക്കുള്ളില്‍ മാറിമാറി ശ്വസിച്ച വിയര്‍പ്പു ഗന്ധങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് പണക്കാരന്റെയും പാവപ്പെട്ടവന്റെയും കറുത്തവന്റെയും വെളുത്ത്തവന്റെയും തോട്ടിയുടെയും മന്ത്രികുമാരന്മാരുടെയും തോല്‍വിയുടെ കഥകളായിരുന്നു.
ഒരു തലോടലില്‍ സായുജ്യമടഞ്ഞവര്‍, ദര്‍ശന സുഖത്തില്‍ സ്വര്‍ഗ്ഗരാജ്യം ലഭിച്ചവര്‍, പിന്നെ മൃഗത്തിന്‍റെ കാടത്തത്തില്‍ ആനന്ദലബ്ധി നിറവേറ്റിയവര്‍ ...
അങ്ങനെ ഉണ്മയെ തേടിയലഞ്ഞ എനിക്ക് തുറക്കുവാന്‍ അവസാനമായി ഒരു കവാടം കൂടി അവശേഷിച്ചിരുന്നു .ജീവിതം സ്വയം ഹോമിച്ചു ഞാന്‍ ആ വാതിലും തുറന്നെത്തി നില്‍ക്കുകയാണ് ഈ തെമ്മാടിക്കുഴിയില്‍.......
ഉറക്കെയുള്ള ശബ്ദം കേട്ടുകൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ശിരോ വസ്ത്രം ധരിച്ച തപസ്വിനികളും സമൂഹത്തിലെ ഉന്നതരായ പള്ളി പ്രമാണികളും വൈകുന്നേര കുര്‍ബാന കഴിഞ്ഞു നടന്നകലുന്നു.
പറുദീസയുടെ അവകാശികളെന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍...
അമ്മയോട് യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ എന്‍റെ ചെവിയില്‍ മുഴങ്ങിയിതത്രയും തെമ്മടിക്കുഴിയിലെ സുവിശേഷങ്ങള്‍ ആയിരുന്നു...

6 comments:

 1. അപഥസഞ്ചാരത്തിന് ന്യായീകരണങ്ങളോ...??

  ReplyDelete
  Replies
  1. അജിത്തെട്ടാ,,,ന്യായീകരണമല്ല...സംത്രുപ്തിക്കുവേണ്ടിയുള്ള അലച്ചിലില്‍..അത് കിട്ടുന്നതുവരെ പോയികൊന്ടെയിരിക്കില്ലേ...

   Delete
 2. കഥയെഴുത്ത് കൊള്ളാം എന്ന് പറയാന്‍ മറന്നു

  ReplyDelete
  Replies
  1. നന്ദി.അജിത്തെട്ട...ഇവിടെ സ്ഥിരമായി വന്നു പ്രോത്സാഹിപ്പിക്കുന്ന അജിതെട്ടനോട് എന്റെ കടപ്പാട്

   Delete
 3. ഇങ്ങനെയും ജീവിതങ്ങള്‍ .....
  ഓരോ കല്ലരയ്ക്കും ഒരു കഥ പറയാനുണ്ട്‌

  ReplyDelete
  Replies
  1. നന്ദി ..സുഹൃത്തേ,,,വീണ്ടും വരണേ...

   Delete