Sunday, June 30, 2013

ക്ലാസ്സ്മേറ്റ്സ്
കാവിയുടുത്ത്‌  ദീക്ഷ നീട്ടിവളര്‍ത്തി അയാള്‍ വാതില്‍ കടന്നു അകത്തേക്ക് പ്രവേശിച്ചപ്പോള്‍ ഞാന്‍ മാത്രമല്ല ക്ലാസ്സില്‍ ഇരുന്ന മറ്റു പലരും ആ അപരിചിതനെ തുറിച്ചു നോക്കി . ഒറ്റ കൊളുത്തില്‍ തൂങ്ങി നിന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ നേര്‍ത്ത വെളിച്ചത്തില്‍ അയാളുടെ മുഖത്തെ ദയനീയ ഭാവം വ്യക്തമായിരുന്നു.
പത്താം തരത്തിലെ പഠനം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം എല്ലാവരും ഒരു കൂട്ടയ്മയെക്കുറിച്ചു ചിന്തിച്ചതിനു പിന്നില്‍ ക്ലാസ്സ്മേറ്റ്സ് എന്ന ഹിറ്റ്‌  സിനിമയുടെ പ്രേരണയായിരുന്നു .
ബോര്‍ഡു പരീഷക്ക് തൊട്ടുമുന്നേയായിരുന്നു അപ്പനും അമ്മയും സ്കൂളില്‍ നിന്ന് അവനെ കൂട്ടികൊണ്ട് പോയത്. മന്ത്രവാദമെന്ന ദുരാചാരങ്ങളില്‍ ഉറച്ചു വിശ്വസിച്ച് ജീവിതം ഹോമിച്ചിരുന്ന ആ കുടുംബത്തിനു നഷ്ടപ്പെട്ടത് പഠിത്തത്തിലും കലാ രംഗങ്ങളിലും ഉയര്ന്നുവരേണ്ടിയിരുന്ന നല്ലയൊരു മകനെയായിരുന്നു..
കല്യാണം കഴിഞ്ഞോയെന്ന എന്‍റെ ചോദ്യത്തിന് നിഷെധാത്മകമായി അയാള്‍ ശിരസ്സ്‌ ചലിപ്പിച്ചപ്പോള്‍ കാവി വസ്ത്രത്തിനും നീട്ടിയ ദീക്ഷക്കും ഇടയില്‍ സന്യാസ ജീവിതത്തെ  ഒളിപ്പിച്ച ആ സത്വികനേ ഞാന്‍ ഒരുവേള ആദരിച്ചു.
കൂട്ടായ്മ കഴിഞ്ഞു പണി തീരാത്ത വീടിനെക്കുറിച്ചു അയാള്‍ വാചാലനായപ്പോള്‍ പഴയ ആ സഹപാഠിയുടെ കാല്‍പാടുകളെ ഞാനും അനുഗമിച്ചു...പണി തീരാത്ത വീട് ഒരു നോക്ക് കാണുവാന്‍..
അടര്‍ന്നു വീണ ഇഷ്ടിക കഷണങ്ങള്‍ക്ക് മുകളിലൂടെ ഒരു കോണിലുള്ള പടുതയിട്ടു മറച്ച ഒറ്റമുറിയെ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു..മൂലകല്ല് ഇളകിയ അടിത്തറയില്‍ നിന്നും മേല്‍ക്കൂരയിലെക്കുള്ള യാത്ര ആ കാവിയുടുത്ത സാത്വികന് നിറവേറനാവാത്ത ഒരു സ്വപ്നം മാത്രമാണെന്ന് ഞാനറിഞ്ഞു..
അയാള്‍ നല്‍കിയ ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ കീശയില്‍ തിരികി ഞാന്‍ തിരികെ നടക്കുമ്പോള്‍ പടുതക്ക് താഴെ ഒറ്റമുറിയില്‍ അങ്ങിങ്ങായി ചിതറി കിടന്ന ടിവിയും,ഫ്രിഡ്ജും, ഡിവിഡി പ്ലെയറും എന്നെ തെല്ലൊന്നു ആശ്ചര്യപ്പെടുത്താതിരുന്നില്ല..
അല്പം ദൂരെയായി കണ്ട പെട്ടികടയില്‍ കയറി ഒരു ഗ്ലാസ്‌ നാരങ്ങവെള്ളം കുടിക്കുമ്പോള്‍ തോളില്‍ കിടന്ന തുവര്‍ത്തുകൊണ്ട് മേശമേല്‍ വീണ വെള്ളം തുടച്ച് കടക്കാരന്‍ എന്നോട് ചോദിച്ചു.....സാറ് ഇവിടെ ആദ്യമായിട്ടാണല്ലേ. സുഹൃത്തു തന്ന ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ കളയാതെ കീശയിലുണ്ടല്ലോ അല്ലെ..?
വെള്ളം കുടിച്ച ഗ്ലാസ്‌ താഴെ വച്ചുകൊണ്ട് ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു....ചേട്ടന് എങ്ങിനെ മനസ്സിലായി..
അദ്ദേഹം ചിരിച്ചു കൊണ്ട് തുടര്‍ന്നു.....ഓ..അതിപ്പം എന്നാ മനസ്സിലാക്കാനാ. അഞ്ചു വര്‍ഷമായി ഞാന്‍ സ്ഥിരം കാണുന്നതല്ലയോ.. വിദേശത്തുള്ള ആര് വന്നാലും കൂട്ടികൊണ്ടുവന്നു പൊളിച്ചിട്ട ആ വീട് കാണിച്ചു കാശ് മേടിക്കും..വൈകുന്നേരം കള്ള് കുടിച്ചു കഞ്ചാവും വലിച്ചു ഈ കടയുടെ മുന്നിലൂടെയല്ലേ പോകുന്നത്....വീട് പണിയാന്‍ ബാങ്കില്‍ നിന്നും ലോണെടുത്ത കാശിനാണ് ടിവിയും ഫ്രിഡ്ജും വാങ്ങി വച്ചിരിക്കുന്നത്....കഞ്ചാവ് വലിച്ച ലഹരിയില്‍ ഒരു പത്തുവയസ്സുകാരിയെ തോണ്ടിയത്തിനു അയാള്‍ പോലിസ് സ്റെഷനിലായിരുന്നു..കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്..
ക്ലാസ്സ്മേറ്റ്സ്  എന്ന ഹിറ്റ്‌ സിനിമയുടെ ക്ലൈമാക്സ് സീനില്‍ ഇങ്ങനെയൊരു രംഗം ഇല്ലല്ലോയെന്നു മനസ്സില്‍ ചിന്തിച്ചു അവിടെ നിന്നും ഞാന്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ , ആ വ്യാജ സാത്വികന്‍ എന്‍റെ ഓട്ടത്തിന്റെ അര്‍ത്ഥം പിടികിട്ടാതെ പടുത്ത വിരിച്ച ഒറ്റമുറിയുടെ വാതില്‍ക്കല്‍ വിദൂരതയിലേക്ക് നോക്കി നില്പുണ്ടായിരുന്നു...

2 comments:

  1. വ്യാജന്‍ ആസാമി..ഇവിടെ വന്നതിന്റെ നന്ദി കൂടി അറിയിക്കുന്നു അജിത്തെട്ടാ..

    ReplyDelete