Saturday, July 6, 2013

സ്കൂട്ടര്‍.




ഇന്റര്‍വ്യുവിനു പോകാനുള്ള തിരക്കായിരുന്നു രാവിലെ മുഴുവന്‍. സര്ട്ടിഫിക്കറ്റുകളെല്ലാം ഒരു ഫൈലില്‍ ആക്കി തിരക്കിട്ടിറങ്ങുമ്പോള്‍ അപ്പന്‍ പറഞ്ഞു....ലേറ്റായില്ലേടാ..നീ സ്കൂട്ടറിലോട്ടു കയര് ഞാന്‍ കവലയില്‍ കൊണ്ടാക്കാം ..അല്ലെങ്കില്‍ ബസ് പോകും..
എങ്കില്‍ ശരിയെന്നു പറഞ്ഞു അപ്പന്റെ പിന്നിലായ് സ്കൂട്ടറില്‍ കയറുമ്പോള്‍ ഞാന്‍ മനസ്സില്‍ ചിന്തിച്ചു..അല്ലെങ്കിലും ഈ ഇന്റര്‍വ്യു എന്ന് പറയുമ്പോള്‍ നമ്മളെക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ കാരണവന്മാര്‍ക്കാണല്ലോ.
മകന്‍ പണിയെടുത്തു കാശ് ഉണ്ടാക്കിയിട്ട് വേണം അപ്പനും അമ്മയ്ക്കും കഷ്ടപ്പാടൊക്കെ അവസാനിപ്പിച്ചു വീട്ടിലിരുന്നു വിശ്രമിക്കാന്‍ എന്ന ക്ലീഷേ ഡയലോഗ് പലവുരു കേട്ട് മടുത്തിട്ടാവാം എനിക്ക് തോന്നാറുണ്ട് .....ഈ അപ്പന്മാരോക്കെ ഇത്തിരി സ്വാര്‍ത്ഥന്‍മാരല്ലെയെന്നു...
പൂരപ്പറമ്പില്‍ ആനപ്പുറത്ത് ഇരിക്കുന്ന പാപ്പാന്‍റെ പിന്നില്‍ കുട പൊങ്ങി നില്‍ക്കുന്നതുപോലെ സ്കൂട്ടറോടിക്കുന്ന അപ്പന്റെ പുറകില്‍ എന്റെ തല ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ടാകാം റോഡിലൂടെപോകുന്ന ചില തൈകിളവന്‍മാരും അതുവരെ മൈന്റു ചെയ്യാത്ത ചില തരുണികളും ഞങ്ങളെ ചെറു മന്ദഹാസത്തോടെ നോക്കി ചിരിച്ചിട്ടുപോകുന്നത്..
ആകുന്ന വേഗത്തില്‍  സ്കൂട്ടര്‍ ഓടിച്ചു കവലയില്‍ കൊച്ചിക്കുള്ള ബസ്‌ നിര്‍ത്തുന്ന സ്റ്റോപ്പില്‍ അപ്പന്‍ ബ്രേക്കിട്ടു .വണ്ടി നിര്‍ത്തിയത് എന്നെ പണ്ട് കോളേജില്‍ പഠിപ്പിച്ച ഒരധ്യാപകന്റെ മുന്നിലാണ്. അദേഹത്തിന്റെ തൊട്ടടുത്തായി ഇരുപതിനോടടുത്ത ഒരു സുന്ദരിയുമുണ്ടായിരുന്നു.. ആദ്യമായി അപ്പനോട് ബഹുമാനം തോന്നിയ ഒരു നിമിഷമായിരുന്നുവത്. സാധാരണ പെണ്‍കുട്ടികളെ കാണുമ്പോള്‍ എന്നെ അങ്ങോട്ട്‌ അടുപ്പിക്കാറില്ല. എന്റെ പുരുഷത്വം അവളുമാര് മോഷ്ടിക്കും എന്ന് കരുതിയിട്ടാവും..

ആ അദ്ധ്യാപകന്‍ അപ്പന്റെ സുഹൃത്തായതിനാല്‍ സുന്ദരിയായ മകളെ പരിച്ചയെപ്പെടുത്തി. ഇന്റര്‍വ്യുവിനു പോകാനുള്ള എന്നെ സംബത്തിച്ചിടത്തോളം അതൊരു ആത്മവിശ്വാസമായിരുന്നു. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടിയുടെ ഒരു പുഞ്ചിരി ,ഒരു ഹലോ അതും രാവിലെ തന്നെ കിട്ടുമ്പോള്‍ ഇന്റര്‍വ്യു ഇല്ലാതെ തന്നെ ജൊലികിട്ടുന്ന സന്തോഷമായിരുന്നു.
പോത്തുപോലെ വളര്‍ന്ന നിനക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ മേലേടാ..അപ്പനെകൊണ്ട് ഓടിപ്പിക്കാതെ ...അദ്ധ്യാപകന്‍റെ ആ ചോദ്യം അസ്ഥാനത്തായില്ല.
ഉടനെ അപ്പന്റെ വക മറുപടി.....ഓ. അതിനു ഇവന് സ്കൂട്ടര് പോയിട്ട് ഒരു സൈക്കിള്‍ പോലും ചവിട്ടാനറിയത്തില്ല...
ആ പെണ്‍കുട്ടിയുടെ പുച്ഛത്തോടെയുള്ള നോട്ടത്തിനു മുന്‍പില്‍ അപ്പന്‍ തല്ലികെടുത്തിയത് എന്റെ ആത്മവിശ്വാസം മാത്രമല്ല കഷ്ടിച്ചു നേരെ നില്‍ക്കുന്ന എന്റെ നട്ടെല്ലുകൂടിയായിരുന്നു. ഒരു കത്തികിട്ടിയിരുന്നെങ്കില്‍ കുത്തിമലത്താനുള്ള ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും അപ്പനാണല്ലോയെന്നുള്ള ദയദാക്ഷിന്യത്തില്‍  ഞാന്‍ സ്വയം സമാധാനിച്ചു.
ഇന്റര്‍വ്യുവിനു ഞാന്‍ തോറ്റ് മടങ്ങുമ്പോള്‍ മനസ്സില്‍ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു......

രാവിലെ മൂന്നു മണിക്ക് അലാറം അടിക്കുമ്പോള്‍  ലൈറ്റ് ഇടാതെ ഞാന്‍ പതുക്കെ വെളിയിലിറങ്ങി. തലേ രാത്രിയില്‍ വീടിന്റെ പടിക്കല്‍ വച്ചിരുന്ന , തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ  പത്തുവയസ്സുകാരന്‍ മകന്‍റെ സൈക്കിള്‍ തള്ളി ഞാന്‍ റോഡിലേക്ക് ഇറങ്ങി..എങ്ങിനെയെങ്കിലും സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചിട്ടുവേണം ആ സ്കൂട്ടര്‍ ഒന്നോടിച്ചു അപ്പനെ മുന്നിലൂടെ തല ഉയര്ത്തിനടക്കുവാന്‍......

നാളുകള്‍ക്കു ശേഷം ഒരിക്കല്‍ ...എതിരെ വന്ന ലോറിയില്‍ തട്ടാതെ  വെട്ടിച്ചുമാറ്റിയ സ്കൂട്ടറില്‍  നിന്നും റോഡിലേക്ക് വീണ ഞാനും ഭാര്യയും പൊടി തട്ടി എണീറ്റപ്പോള്‍ അവള്‍ ചോദിച്ചു ..അച്ചായനെ ആരാ ഈ കുന്തം ഓടിക്കാന്‍ പഠിപ്പിച്ചത് .മറുപടി ഒരു ചിരിയില്‍ ഒതുക്കി  സ്കൂട്ടര്‍ നിവര്‍ത്തി വെക്കുമ്പോള്‍ അടുത്ത ബസ്‌ സ്റ്റോപ്പില്‍ നിന്ന ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...

3 comments:

  1. അടുത്തതില്‍ ശ്രമിക്കാം....

    ReplyDelete
  2. തരക്കേടില്ല
    എന്തായാലും സ്കൂട്ടറോടിയ്ക്കാന്‍ പഠിച്ചല്ലോ!!!

    ReplyDelete