Monday, July 8, 2013

പാപനാശിനി

കണ്ണ് തുറക്കുമ്പോള്‍ ശരീരമാശകലം വേദനയായിരുന്നു..പോകുമ്പോള്‍ അഴിച്ചിട്ട
സാരിത്തലപ്പു എന്റെ മാറിലേക്ക്‌ അയാള്‍ വലിച്ചിട്ടിരുന്നു.കൈമുട്ട് കുത്തി
കട്ടിലില്‍ നിന്നും എണീക്കുമ്പോള്‍ , കാലുകള്‍ ഇളകിയ പഴയ മരക്കസേരയില്‍
വച്ചിരുന്ന മടക്കിയ ഒറ്റ നോട്ടു പതിവുപോലെ അവിടെ തന്നെയുണ്ടായിരുന്നു. നോട്ടിന്റെ മടക്കു
നിവര്‍ത്തുമ്പോള്‍ ഗാന്ധിയുടെ കണ്ണട നിലത്തു വീണുടഞ്ഞത് ഒരു പക്ഷെ അരുതാത്ത കാഴ്ചകള്‍
കണ്ടു മടുത്തിട്ടാവണം.

അയാള്‍ അന്നും അങ്ങനെത്തന്നെയായിരുന്നു..രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പേ
ആദ്യമായി കാണുമ്പോഴും, രാത്രിയില്‍ ആവശ്യപ്പെട്ടത് നഗ്നമായ എന്റെ
മേനിയഴക് രണ്ടുവാര ദൂരത്തിലിരുന്നു ആസ്വദിക്കണമെന്ന തന്റെ ആഗ്രഹമായിരുന്നു...

കട്ടിലില്‍ ഇരുന്നുകൊണ്ട് മദ്യം പകര്‍ന്ന ഗ്ലാസ് ചുണ്ടോടടുപ്പിച്ചു സാവധാനം
നുണഞ്ഞിറക്കുമ്പോള്‍ , അടച്ചിട്ട ജനല്‍പാളികളില്‍ പിടിച്ചുകൊണ്ടു ഞാന്‍
ചാരിനില്‍ക്കുകയാണ് പതിവ്. നഗ്നതയുടെ പൂര്‍ണത ആസ്വദിക്കുക ഒരു
കഴിവുതന്നെയാണ് എന്നത് അയാളുടെ ചുവന്നു തുടുത്ത മിഴികളുടെ ചലനം എന്നെ
ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു.

അരുവിയിലെക്ക് ധാരയായി ഒഴുകുന്ന വേനല്‍ മഴയുടെ പ്രവാഹംപോലെ നിമിഷനേരംകൊണ്ട്‌
അവസാനിപ്പിക്കാനല്ലല്ലോ ഭൂമിയില്‍ മനുഷ്യ ജന്മങ്ങള്‍ക്ക് രതിയെന്ന അത്ഭുത
പ്രതിഭാസം വരമായി കൊടുത്തിരിക്കുന്നത്..

മെയ്യ്‌ മേയ്യോടും മനസ്സ് മനസ്സോടും ഇഴുകിച്ചേര്‍ന്ന് വിയര്‍പ്പുകണങ്ങള്‍
ഒന്നാകുമ്പോഴാണ് നിര്‍വൃതിക്ക് പൂര്‍ണത കൈവരിക്കുന്നത്. ഭൂമിയില്‍ മറ്റു
ജീവജാലങ്ങളില്‍ നിന്നും മനുഷ്യജന്മത്തെ വേര്‍തിരിക്കുന്നതും വിയര്‍പ്പ് എന്ന
ഈ പ്രതിഭാസം തന്നെയല്ലേ..

മദ്യത്തിന്റെ ലഹരിയില്‍ അയാളുടെ കണ്ണുകള്‍ ആദ്യം ഉടക്കിയത് എന്റെ മിഴികളില്‍
ആയിരുന്നു. ലജ്ജയില്‍ കണ്ണുകള്‍ അടയാതിരിക്കുവാന്‍ ഏറെ ഞാന്‍
പരിശ്രമിച്ചു. പിന്നീട് ആ നോട്ടം തറച്ചത് എന്റെ മാറിലെക്കായിരുന്നു.

മന്ദഹസിക്കുന്നത് എന്തിനെന്ന ചോദ്യത്ത്തിനു അയാള്‍ മറുപടി പറഞ്ഞത് താന്‍
ജനിച്ചുവീണപ്പോള്‍ ആദ്യമായി തിരഞ്ഞതും ഇതേപോലെ മറ്റൊരു
മാറിടത്തിനുവേണ്ടിയായിരുന്നത്രേ..നിന്നെപ്പോലെ ഞാനും അന്ന്
നഗ്നനായിരുന്നുവെന്നു അയാള്‍ പുലമ്പുമ്പോള്‍ എന്റെ മനസ്സ് പറഞ്ഞത് നഗ്നതയുടെ
ആവരണവും അനാവരണവും പുരുഷ വര്‍ഗ്ഗത്തിന്റെ നിരവൃതിക്ക് വേണ്ടി
മാത്രമല്ലെയെന്നാണ്.

ഞാന്‍ അയാളുമായി ഇഴുകി ചേരുമ്പോള്‍ രാവ് ഏറെ വൈകിയിരുന്നു. അയാളുടെ ശരീരം
തിരമാലകളെപ്പോലെ ആരത്തുല്ലസിക്കുമ്പോള്‍ സംഹാര താണ്ടവത്തിന്റെ വെളിപാടായി
ഞങ്ങള്‍ക്കിടയില്‍ ഉപ്പിന്റെ കണങ്ങള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു..പിന്നീട് ആ രാത്രിയിലെ
പ്രളയത്തിനു വിരാമമായി തിരുശേഷിപ്പ് വെളിയില്‍ വരുമ്പോള്‍ അയാള്‍
പറയുന്നുണ്ടായിരുന്നു...വീട്ടില്‍ ഭാര്യയും കുട്ടിയും
കാത്തിരിക്കുന്നു..പെട്ടെന്ന് പോകണം.

തിരകളോഴിഞ്ഞ കടല്‍ പോലെ ഞാന്‍ ശാന്തമായി കിടന്നിരുന്നു.ഉറക്കത്തിന്റെ
ആലസ്യത്തില്‍ എന്റെ കണ്‍പോളകള്‍ വിറക്കുമ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു ഈ
ജീവിതവും ഉപ്പുകണങ്ങള്‍ നിറഞ്ഞ ഒരു കടല്‍ പോലെയെന്ന്..

ഒരുജന്മത്തിന്റെ പാപക്കറകള്‍ ഭസ്മമായി മണ്‍കുടങ്ങളില്‍ നിറച്ചു ബലികാക്കകളുടെ
ആരവത്തോടെ കടലിലേക്ക്‌ ഒഴുകുമ്പോള്‍... പാപ നിര്‍മാര്‍ജ്ജനം നടത്തി
ആത്മാക്കള്‍ക്ക് മോക്ഷം കൊടുക്കുന്ന പാപനാശിനിയാകുന്നു കടല്‍ ...രാത്രികളിലെ
പ്രളയത്തിനോടുവില്‍ നിശ്ചലമാകുന്ന തിരമാലകള്‍ പോലെ അയാള്‍ നിര്‍വൃതിയിലൂടെ
മോക്ഷം തേടുമ്പോള്‍ ഞാനും ഒഴുകട്ടെ മറ്റൊരു പാപനാശിനിയായി....

1 comment: