Saturday, July 6, 2013

സെലീന - പെയ്തൊഴിയാത്ത മഴമേഘങ്ങള്‍.....

പഴയ ഓട്ടോഗ്രാഫ് തപ്പിയെടുത്ത് സെബിയെ ഫോണില്‍ വിളിക്കുമ്പോള്‍ അങ്ങേ തലക്കല്‍ നിന്നും കേട്ടത് ഒരു സ്ത്രീ ശബ്ദമായിരുന്നു.
സെബിയെന്ന സെബാസ്ത്യന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു ആത്മമിത്രമാണ്. ഹോസ്റ്റലിലെ ആവര്‍ത്തന വിരസമായ ഭക്ഷണത്തിനൊരു മാറ്റം എന്നാ നിലക്കാണ് തൊട്ടടുത്ത്‌ വീടുള്ള സെബിയുടെ തീന്മേശയിലെ ഒത്തുചേരല്‍ .അവന്റെ അമ്മയുണ്ടാക്കിത്തരുന്ന കുത്തരി ചോറും,അവിയലും പുളിശ്ശേരിയും കൂട്ടിയിളക്കിയുള്ള ആ ഊണിന്റെ രുചി വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും നാവില്‍ തന്നെയുണ്ട്‌..
ഇടറിയ ശബ്ദത്തില്‍ ഫോണിന്‍റെ അങ്ങേ തലക്കല്‍ നിന്നും അവര്‍ ചോദിക്കുന്നുണ്ടായിരുന്നു ആരാ മനസ്സിലായില്ല..?
അമ്മേ..ഇത് ഞാനാണ് ചാക്കോ .സെബിയുടെ കൂടെ പഠിച്ചിരുന്ന സൈമന്‍ ചാക്കോ.. പഴയ ഊണിന്റെ രുചി വീണ്ടും നാവില്‍ നുണഞ്ഞുകൊണ്ട് ഞാന്‍ മറുപടി കൊടുത്തു...

അടുപ്പവും സ്നേഹവും കൂടുതല്‍ ഉള്ളവര്‍ അങ്ങിനെയാണ് ... എന്റെ പേര് ലോപിച്ച് അപ്പന്റെ പേരായ ചാക്കോ എന്ന് മാത്രമേ വിളിക്കാറുള്ളൂ. അപ്പന്റെ , ഔട്ട്‌ ഓഫ് ഫാഷന്‍ ആയാ ആ പേരില്‍ അറിയപ്പെടുന്നത് ഒരു ദുരവസ്ഥയായി ചെറുപ്പകാലത്തെ അപകര്‍ഷതാബോധം എന്നെ  വേട്ടയാടിയിരുന്നുവെങ്കിലും , ഒരു ജോലി കിട്ടി കുടുംബത്തെ ഒറ്റയ്ക്ക് നയിക്കെണ്ടിവന്നപ്പോഴാണ് അപ്പനെന്ന നായകന്‍റെ വില ശരിക്കും ഞാന്‍ മനസ്സിലാക്കുന്നത്.
വിദേശത്തുള്ള ജോലിയും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്ന ശമ്പളവും അതാത് മാസത്തെ വരവ് ചിലവുകളായി ബാലന്‍സ് ഷീറ്റില്‍ നിറക്കുമ്പോള്‍ വളരെ തുച്ഛമായ ശമ്പളത്തില്‍ ക്യാന്‍സര്‍ രോഗികളായ കാരാണവന്മാര്‍ ഉള്‍പ്പെട്ട ആ വലിയ കുടുംബത്തെ ബാലന്‍സ് തെറ്റാതെ അപ്പന്‍ ഇതുവരെ എത്തിച്ചുവെന്ന വസ്തുത ഒരത്ഭുതത്തോടെ ഓര്‍ക്കുമ്പോഴാണ്  ഞാന്‍ തിരിച്ചറിയുന്നത്‌ ... അപ്പന്‍തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോയെന്ന്..അതുകൊണ്ടുതന്നെയാണ് അപ്പന്റെ പേരില്‍ അറിയപ്പെടുന്നത് ഒരു സ്വകാര്യ അഹങ്കാരമായി ഇന്നും ഞാന്‍ കൊണ്ടുനടക്കുന്നത്......

ഫോണിന്‍റെ അങ്ങേ തലക്കല്‍ നിന്നും സെബിയുടെ അമ്മ വിശേഷങ്ങള്‍ ഓരോന്നായി ചോദിച്ചുകൊണ്ടേയിരുന്നു....ചാക്കോ നമ്മള്‍ തമ്മില്‍ സംസാരിച്ചിട്ടു ഏകദേശം ഏഴു വര്ഷം  കഴിഞ്ഞില്ലേ? ...നിനക്കവിടെ സുഖം തന്നയല്ലേ.?.അപ്പനും അമ്മയും നാട്ടില്‍ സുഖമായിരിക്കുന്നോ?..നീയിപ്പോള്‍ തടി വച്ചോ?..എന്നാണ് നാട്ടിലേക്ക് വരുന്നത്...?

എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായിതന്നെ മറുപടി കൊടുത്തുകൊണ്ടിരുന്നു..അന്നും അവര്‍ അങ്ങനെ തന്നെ യായിരുന്നു..ഊണ് വിളമ്പി വച്ചിട്ട് കഴിച്ചു തീരുന്നതുവരെ മിണ്ടിപറഞ്ഞുകൊന്ടെയിരിക്കും..
ഭര്‍ത്താവ് മരിച്ചുപോയതിന്റെ ദുഖം അറിയിക്കാതെ മകനെയും മൂന്നു പെണ്‍കുട്ടികളെയും വളര്‍ത്തുത്തുകയെന്നത് ചെറിയ ഒരു കാര്യമാല്ലയെന്നത് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അച്ഛനില്ലാത്ത വീട് ഒരു നരകമായിത്തീരുന്നത് പെണ്‍കുട്ടികള്‍ പ്രായപൂര്ത്തിയാകുമ്പോഴാണ്. പെണ്ണുകാണല്‍ ചടങ്ങില്‍ ഇന്നും ഒരു വലിയ ചോദ്യ ചിഹ്നമായി അച്ഛന്‍മാര്‍ അവശേഷിക്കുമ്പോള്‍..തിരശ്ശീലക്കുമറവില്‍ അടര്‍ന്നു വീഴുന്ന മിഴിനീര്‍ കണങ്ങള്‍ പെയ്തൊഴിയാത്ത മഴക്കാറായ്‌ എന്നും അവശേഷിക്കുന്നു....
സെബിയെ കാണുവാന്‍ അന്ന് ഞാന്‍ പോയിയിരുന്ന ഓരോ പോക്കിലും ആ അമ്മക്ക് എന്നോട് പറയുവാനുള്ളത് അവനെക്കുറിച്ചായിരുന്നില്ല...പകരം സെലീനയെന്ന ഇളയ മകളെക്കുറിച്ചായിരുന്നു..പഠിച്ചു കൊണ്ടിരുന്ന മകളെ നിര്‍ബന്ധിച്ചു എന്നെ മുന്നില്‍ ഇരുത്തിയിട്ട് ചായ എടുക്കാന്‍ അടുക്കളയില്‍ പോകുമ്പോഴും ആ അമ്മയുടെ മനസ്സു നിറയെ തുഴയില്ലാതെ കായലിന്‍റെ നടുവില്‍ ഒറ്റപ്പെട്ട വള്ളക്കാരനെ പോലെയായിരുന്നിരിക്കണം. എല്ലാം നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും  പ്രതീക്ഷയുടെ നേരിയ പ്രകാശ കിരണങ്ങള്‍  തേടിയുള്ള തുഴയില്ലാ യാത്ര.
  
ഇടവേളകളിലുള്ള അവധി ദിനങ്ങളില്‍ ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ സെബിയെ വിളിക്കാറുണ്ടായിരുന്നു.നാട്ടിലെ  വിശേഷങ്ങള്‍ അറിയിക്കുവാന്‍. അപ്പോഴും ആ അമ്മ ഫോണ്‍ കൈമാറുന്നത് സെലീനക്കായിരിക്കും. നിര്‍ബന്ധിച്ചു  വിശേഷങ്ങള്‍ പറയിക്കുമ്പോള്‍  അടുത്ത്‌ ചേര്‍ന്ന് നില്‍ക്കുന്ന അവരുടെ ദീര്‍ഘനിശ്വാസങ്ങള്‍ എന്‍റെ ചെവികള്‍ക്ക്  ഒരു ശീലമായിത്തീര്‍ന്നിരുന്നു....
  
ഫോണിലൂടെയുള്ള കുശലാന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നു...ചാക്കോ നിന്റെ കല്യാണം കഴിഞ്ഞോയെന്നു അമ്മ തിടുക്കപ്പെട്ടു ചോദിക്കുമ്പോള്‍ മറുപടിയായി ഞാന്‍ പറഞ്ഞു....കല്യാണം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി..ഭാര്യ ഇപ്പോള്‍ ഗര്‍ഭണിയാണ്...

പെട്ടെന്ന് ദീര്ഘ ശ്വാസത്തോടെ അവര്‍ ഫോണ്‍ താഴെ വെക്കുമ്പോള്‍ പെയ്തൊഴിയാത്ത മിഴിനീര്‍ മഴക്കാറുകള്‍ ആകാശത്ത് വട്ടം കൂടുന്നത് ജനലിലൂടെ എനിക്ക് കാണാമായിരുന്നു.

സെലീന എനിക്കെന്നും കൂടെപിറക്കാതെപോയ കുഞ്ഞുപെങ്ങളാണെന്ന് പെയ്തൊഴിയാത്ത മഴമേഘങ്ങളെ നോക്കി ഇന്നും ഞാന്‍ പറയാറുണ്ട്‌...

1 comment: